തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.പി, യു.പി അധ്യാപക തസ്തികകളിൽ (എൽ.പി.എസ്.ടി/യു.പി.എസ്.ടി) നിയമനത്തിന് സ്കൂൾതലത്തിൽ മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച വ്യവസ്ഥകളിൽ ഇളവുവരുത്തിയ 2018 മേയ് 22ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇതോടെ എൽ.പി.എസ്.ടി/ യു.പി.എസ്.ടി തസ്തികകളിൽ നിയമനത്തിന് നിശ്ചിത യോഗ്യതക്കൊപ്പം സെക്കൻഡറി/ഹയർസെക്കൻഡറി തലത്തിൽ മലയാളം ഒരു ഭാഷയായി പഠിച്ചിരിക്കണമെന്നത് വീണ്ടും പ്രാബല്യത്തിലായി.
സ്കൂൾ തലത്തിൽ മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലെങ്കിലും ബിരുദ/ ബിരുദാനന്തര/ അധ്യാപക ട്രെയിനിങ് യോഗ്യത തലത്തിൽ ഏതെങ്കിലും ഒന്നിൽ മലയാളം ഒരു ഭാഷയായി പഠിച്ചവർക്കും എൽ.പി.എസ്.ടി/യു.പി.എസ്.ടി നിയമനത്തിന് അർഹതയുണ്ടായിരിക്കുമെന്നാണ് റദ്ദാക്കിയ 2018ലെ ഉത്തരവ്. ഉത്തരവിനെതിരെ അന്നുതന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നാലാമത്തെ റിപ്പോർട്ടിൽ ഉത്തരവ് റദ്ദാക്കി സമിതിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. മലയാളം അടിസ്ഥാനപരമായി പഠിച്ചവരെ മാത്രം പ്രൈമറിതലത്തിൽ നിയമിക്കുന്നത് പരിഗണനാർഹമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടറും സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് സ്കൂൾതലത്തിൽ മലയാളം പഠിച്ചവരെ മാത്രം എൽ.പി.എസ്.ടി/ യു.പി.എസ്.ടി നിയമനത്തിന് പരിഗണിച്ചാൽ മതിയെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. 2018നും 2023നുമിടയിൽ ഉത്തരവിന്റെ ആനുകൂല്യത്തിൽ നിയമനം നേടിയവർക്ക് മലയാളം പ്രാവീണ്യം തെളിയിക്കാൻ യോഗ്യത പരീക്ഷ നടത്തണമെന്ന നിർദേശവുമുണ്ട്. ഇതുസംബന്ധിച്ച് ശിപാർശ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.