തിരുവനന്തപുരം: എസ്.സി- എസ്.ടി, പിന്നാക്ക, ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഈ വിഭാഗം വിദ്യാർഥികളുടെ സ്കോളര്‍ഷിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്. നൂറ് ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതമുള്ള ഒ.ബി.സി. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്, അന്‍പത് ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതമുള്ള ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് എന്നീ രണ്ട് കേന്ദ്രാവിഷ്കൃത പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും സംസ്ഥാന സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകള്‍ക്ക് നൽകിയിരുന്ന ആനുകൂല്യം ഒമ്പത്, 10 ക്ലാസുകളിൽ മാത്രമായി ചുരുക്കി. സംസ്ഥാന ട്രഷറി അക്കൗണ്ടിൽ നിന്ന് വിദ്യാർഥികളുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് പോയിരുന്ന തുക ഇനിമുതൽ പി.എഫ്.എം.എസ് എന്ന കേന്ദ്രസർക്കാർ പ്ലാറ്റ്ഫോം വഴി വിതരണം ചെയ്യണം. ഇത് സാങ്കേതികമായി നിരവധി പ്രശ്നങ്ങൾക്കിടയാക്കുന്നതും ആനുകൂല്യവിതരണം വൈകിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
നേരത്തെ 100 ശതമാനം കേന്ദ്രപദ്ധതിയായിരുന്ന ഒ.ബി.സി. പോസ്റ്റ്മെട്രിക് 60 ശതമാനം ആക്കിയത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ്. കഴിഞ്ഞ വർഷംവരെ വിദ്യാർഥികൾക്ക് എല്ലാവിധ നിയമാനുസൃത ഫീസുകളും അനുവദിച്ചിരുന്നുവെങ്കിൽ ഇനിമുതൽ അത് ഗ്രൂപ്പ് ഒന്ന് കോഴ്സുകൾക്ക് പരമാവധി 20,000 രൂപയായി നിജപ്പെടുത്തി.
കോഴ്സുകളിൽ ഗ്രൂപ്പ് രണ്ടിന് -13,000, മൂന്നിന് -8,000, നാലിന് -5,000 രൂപ എന്ന നിരക്കിലും മാറ്റി. ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പ്രീമെട്രിക് തലത്തിൽ ഒന്നു മുതൽ എട്ട് വരെയുള്ള വിദ്യാർഥികളുടെ തുക സംസ്ഥാന ഫണ്ടിൽ നിന്നും അനുവദിക്കുന്നത് സർക്കാര്‍ പരിശോധിച്ചുവരികയാണ്.
പട്ടികജാതി വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നതിനും കേന്ദ്ര നിബന്ധനകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. 2.50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുളള പട്ടികജാതി വിദ്യാർഥികളെ പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്നും ഒഴിവാക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന തുകയേക്കാള്‍ കുറഞ്ഞ തുകയാണ് കേന്ദ്രം നൽകുന്നത്. വരുമാന പരിധിയില്ലാതെ എല്ലാ പട്ടികജാതി വിദ്യാർഥികള്‍ക്കും ഉയര്‍ന്ന തുക സ്കോളര്‍ഷിപ്പ് നല്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി അധിക തുക കണ്ടെത്തുകയായിരുന്നു.
പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇ-ഗ്രാന്റ്സ് സംവിധാനത്തിലൂടെ, ട്രഷറി മുഖേന നേരിട്ടാണ് നൽകുന്നത്. പുതുക്കിയ കേന്ദ്ര മാനദണ്ഡപ്രകാരം തുക അനുവദിക്കണമെങ്കില്‍ നിലവിലെ ഇ-ഗ്രാന്റ്സ് സംവിധാനത്തിലെ മുഴുവന്‍ വിവരങ്ങളും പി.എഫ്.എം.എസിലേക്ക് മാറ്റമം. അത് സംസ്ഥാന നോഡൽ അക്കൗണ്ടിമായി സംയോജിപ്പിക്കണം. ഇതുകാരണവും കാലതാമസം ഉണ്ടാകുന്നു.
ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന്റെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും, എട്ട് ലക്ഷത്തോളം അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഇതിന്റെ സ്കൂള്‍ ലെവല്‍ വെരിഫിക്കേഷന്‍ നടന്നുകൊണ്ടിരിക്കെ ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുകയുളളൂ എന്ന് കേന്ദ്രം അറിയിച്ചത്. ഈ പ്രതിസന്ധികളെ മറി കടക്കുന്നതിനുള്ള മാർഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. വിദ്യാർഥികളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം. വിജിന്റെ ശ്രദ്ധക്ഷണിക്കലിന് കെ.രാധാകൃഷ്ണന്‍
മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.