ഗവൺമെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവിസ് കമീഷൻ/ അഡ്വക്കറ്റ് ജനറൽ ഓഫിസ് (എറണാകുളം)/ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ട്രൈബൂണൽ/ എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് ഓഫിസ് / വകുപ്പുകളിൽ അസിസ്റ്റന്റ് / ഓഡിറ്റർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 576/ 2024) പബ്ലിക് സർവിസ് കമീഷൻ അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം 2024 ഡിസംബർ 31ലെ ഗെസറ്റിലും www.keralapsc.gov.in/notificationലും ലഭ്യമാണ്. ശമ്പളനിരക്ക് 39,300-83,000 രൂപ. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. റാങ്ക് ലിസ്റ്റിന് മൂന്നു വർഷംവരെ പ്രാബല്യമുണ്ടായിരിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം/ തത്തുല്യം. പ്രായപരിധി 18-36 വയസ്സ്. 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. മറ്റ് പിന്നാക്ക സമുദായത്തിൽപെട്ടവർക്കും (ഒ.ബി.സി) പട്ടികജാതി/ വർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാ ഫീസില്ല. ഔദ്യോഗിക വെബ് സൈറ്റിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിൽ ഓൺലൈനായി ജനുവരി 29 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട രീതി വിജ്ഞാപനത്തിലുണ്ട്. കൃത്യമായ വിവരങ്ങൾ അപേക്ഷയിൽ നൽകണം. ന്യൂനതകൾ പരിഹരിക്കുന്നതിന് പിന്നെ അവസരം ലഭിക്കില്ല. പുതുതായി രജിസ്റ്റർ ചെയ്യുന്നവർ പ്രൊഫൈലിൽ ആറു മാസത്തിനകം എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പാസ്വേഡ് രഹസ്യമായി വെക്കണം.
സെലക്ഷൻ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള പ്രിലിമിനറി (ഒറ്റപേപ്പർ), മെയിൻ (രണ്ട് പേപ്പറുകൾ) പരീക്ഷകൾ, തുടർന്നുള്ള ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ കന്നട ഭാഷകളിൽ പരീക്ഷ എഴുതാം. പരീക്ഷാ ഘടനയും സിലബസും മനസ്സിലാക്കി നല്ല തയാറെടുപ്പോടെ വേണം പരീക്ഷയെ സമീപിക്കേണ്ടത്. ഉയർന്ന റാങ്ക് നേടുന്നവർക്കാണ് നിയമന സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.