ഇങ്ങനെയൊക്കെയാണ് കുന്നിൻ മുകളിലെ വിദ്യാലയങ്ങളിലെ ഡിജിറ്റൽ നിരക്ഷരത ഈ അധ്യാപകർ മറികടന്നത്

കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ട് പഠനം ഓൺലൈൻ വഴിയായതോടെ ഉൾനാടൻ ഗ്രാമങ്ങളിലെയും മലമ്പ്രദേശങ്ങളിലെയും വിദ്യാർഥികൾ അൽപം ബുദ്ധിമുട്ടി. നാഷനൽ സാംപിൾ സർവേ ഓഫിസ് ഡാറ്റയനുസരിച്ച് നാട്ടിൻപുറങ്ങളിലെ 4.4 ശതമാനം വീടുകളിൽ മാത്രമേ കമ്പ്യൂട്ടറുകൾ ഉള്ളൂ. അതിൽ തന്നെ 14 ശതമാനത്തിന് മാത്രമേ ഇന്റർനെറ്റ് കണക്ഷൻ ഉള്ളൂ. മലയോര മേഖലകളിൽ താമസിക്കുന്നവരുടെ കാര്യമെടുത്താൽ ഏതാണ്ട് ഭൂരിഭാഗത്തിനും ഇന്റർനെറ്റ് സൗകര്യമില്ല. അതു കൊണ്ട് തന്നെ കഴിഞ്ഞ രണ്ടുവർഷമായി ഇവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അനുഭവിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് ദേശീയ അധ്യാപക പുരസ്കാരം നേടിയ ഈ നാല് അധ്യാപകരുടെ കഥ പ്രസക്തമാകുന്നത്. സാ​ങ്കേതിക വിദ്യയോട് മല്ലിട്ട് അവർ എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിച്ചത് എന്നു നോക്കാം.

ചമ്പയിലെ ഹർ ഗർ പാഠശാല

2020ലാണ് ഹിമാചൽ പ്രദേശിലെ ചമ്പ എന്ന ഗ്രാമത്തിൽ ജി.ടി.എസ് മൗര്യ സ്കൂളിലെ അധ്യാപകനായ യുവധീർ ഹർ ഗർ പാഠശാല ആരംഭിക്കുന്നത്. ചമ്പയിലെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കും. എന്നാൽ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധമേയില്ല. അതിനാൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ നല്ല ബുദ്ധിമുട്ടായി. തുടർന്ന് ഇന്റർനെറ്റ് സൗകര്യമുള്ള ഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പാഠഭാഗങ്ങൾ അപ് ലോഡ് ചെയ്യാൻ വെബ്സൈറ്റ് തുടങ്ങാൻ തീരുമാനിച്ചു. ഇന്റർനെറ്റ് സൗകര്യമില്ലാത്ത വീടുകളിലെ കുട്ടികൾക്ക് അവരവരുടെ വീടുകളിൽ പഠന സാമഗ്രികൾ നേരിട്ട് എത്തിക്കുകയും ചെയ്തു.

തുറസ്സായ സ്ഥലങ്ങളിൽ ഓരോ ആഴ്ചയും ക്ലാസുകൾ നടത്തി. ആകെ 58 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇവരെ പഠിപ്പിക്കാൻ രണ്ട് അധ്യാപകരും. എല്ലാ വിഷയവും ഈ രണ്ടുപേർ തന്നെ പഠിപ്പിക്കണം. വിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാനായി യൂട്യൂബ് വഴിയുള്ള പഠനവും തുടങ്ങി. വിദ്യാർഥികൾ ഗൃഹപാഠങ്ങൾ യഥാസമയം ചെയ്യുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനകളും നടന്നു. കോവിഡ് വരുന്നതു വരെ ഓൺലൈൻ ക്ലാസുകളെ കുറിച്ച് തന്റെ വിദ്യാലയത്തിലെ ആർക്കും ധാരണയുണ്ടായിരുന്നി​ല്ലെന്ന് യുവധീർ പറഞ്ഞു.

ലഡാക്കിലെ വാട്സ് ആപ് ക്ലാസ് മുറി

മ​ലമ്പ്രദേശങ്ങളിലെ ആളുകൾ സാ​ങ്കേതിക വിദ്യയെ കുറിച്ച് അജ്ഞരായിരുന്നു. അതിനാൽ അവർ തങ്ങളുടെ കുട്ടികളെ സ്മാർട്ഫോണുകളിൽ നിന്ന് മാറ്റിനിർത്തി. സ്മാർട് ​ഫോണുകൾ ഉപയോഗിക്കുന്നതു വഴി കുട്ടികൾ അശ്ലീല സൈറ്റുകൾ കാണുമെന്നതായിരുന്നു രക്ഷിതാക്കളുടെ ഏറ്റവും വലിയ ​പേടി. ഡിജിറ്റൽ സാക്ഷരതയെ കുറിച്ച് രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുകയായിരുന്നു ലഡാക്കിലെ അധ്യാപകരുടെ പ്രധാന പണി. രക്ഷിതാക്കളെ പോലെ മലമ്പ്രദേശങ്ങളിലെ അധ്യാപകരും നിരക്ഷരരായിരുന്നു. വാട്സ് ആപ് വഴി ഒമ്പത് അധ്യാപകർക്ക് പരിശീലനം നൽകി.

എങ്ങനെ വെബിനാറുകൾ നടത്തണമെന്നും ഇന്റർനെറ്റ് ഉപയോഗിക്കണമെന്നും പഠിപ്പിച്ചു. ഇ-ലഘുലേഖകൾ കൂടുതലും വാട്സ് ആപ് വഴിയാണ് പ്രചരിപ്പിച്ചത്. -ലഡാക്കിലെ കാർഗിലിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന മുഹമ്മദ് ജാബിർ പറയുന്നു.

മേഘാലയയിലെ 'അധ്യാപർ നിങ്ങളുടെ വീട്ടുമുറ്റത്ത്'

​മേഘാലയയിലെ കിഴക്കൻ മേഖലകളിൽ ഇന്റർനെറ്റ് ലഭ്യത ​ഇല്ലെന്നു തന്നെ പറയാം. അതിനാൽ ഓൺലൈൻ ക്ലാസുകളും പഠനവും നടത്താൻ ബുദ്ധിമുട്ടായി. അങ്ങനെയാണ് വിദ്യാർഥികളെ അവരുടെ വീട്ടിലെത്തി പഠിപ്പിക്കുക എന്ന ആശയവുമായി ഗംചി തിംറ മറക് രംഗത്തുവരുന്നത്. പഠന സാമഗ്രികളടക്കമുള്ളവയുമായാണ് അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തിയത്. പഠനത്തിനായി വിദ്യാലയങ്ങളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളെയാണ് ആദ്യം ഇത്തരത്തിൽ പഠിപ്പിച്ചുതുടങ്ങിയതെന്നും ഗംചി പറയുന്നു.

സാ​ങ്കേതിക വിദ്യയുമായി വലിയ ബന്ധമില്ലാത്ത 50 വയസിനു മുകളിലുള്ള അധ്യാപകർക്ക് ഡിജിറ്റൽ സാക്ഷരരാക്കിയ കഥയാണ് 68 കാരനായ കൗസ്തുബ് ചന്ദ്ര ജോഷിക്ക് പറയാനുള്ളത്. നൈനിറ്റാളിലെ പ്രതാപൂർ ചകലുവയിലെ എസ്.ഡി.എസ് ജി.ഐ.സി പ്രിൻസിപ്പലാണ് അദ്ദേഹം.

Tags:    
News Summary - how these national award-winning teachers tackled digital illiteracy in hilly regions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.