ന്യൂഡൽഹി: വിദ്യാർഥികളെ ചരിത്രവും സമകാലിക സംഭവങ്ങളും പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി, ബോംബെ ഐ.ഐ.ടികൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. അടുത്ത അക്കാദമിക വർഷം മുതൽ ഇത് നടപ്പാകുമെന്നാണ് കരുതുന്നത്.
2007ലാണ് ഇതിനു മുമ്പ് ഐ.ഐ.ടികളുടെ പാഠ്യപദ്ധതി പരിഷ്കരിച്ചതെന്ന് പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന് ചുക്കാൻ പിടിക്കുന്ന പ്രഫ. കിഷോർ ചാറ്റർജി പറഞ്ഞു.
ഹ്യൂമാനിറ്റീസ്, ആർട്സ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ്, എൻട്രപ്രണർഷിപ്പ് എന്നിവയാണ് പുതുതായി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് ചാറ്റർജി വ്യക്തമാക്കി. സാങ്കേതികമായ അറിവിനു പുറമെ നേതൃഗുണവുമുള്ള എൻജിനീയർമാരെയാണ് വിവിധ സ്ഥാപനങ്ങൾ തേടിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ കൂടുതൽ സുതാര്യമായ ഒരു പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ഐ.ഐ.ടി ബോംബെയിലെ വിദ്യാർഥികൾക്ക് ഇപ്പോൾ ഹാസ്‌മെഡ് വിഷയങ്ങളും സ്റ്റെം (സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ്) കോർ എൻജിനീയറിങ് കോഴ്‌സുകൾക്ക് പുറമേ അവരുടെ ഐച്ഛിക വിഷയങ്ങളായി തിരഞ്ഞെടുക്കാം.
എല്ലാ വിദ്യാർഥികളും സാങ്കേതിക ഗവേഷണ മേഖലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ചാറ്റർജി വിശദീകരിച്ചു. ചിലർ കൺസൾട്ടൻസിക്ക് പോകുന്നു. മറ്റു ചിലർ മാനേജർ റോളുകൾ വഹിക്കാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവർ സംരംഭകത്വത്തിലേക്ക് നീങ്ങുന്നു.തങ്ങളുടെ എല്ലാ വിദ്യാർഥികളും വൈവിധ്യമാർന്ന ചുമതലകളിലെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ൽ രൂപീകരിച്ച 11 അംഗ കമ്മിറ്റിയാണ് ബോംബെ ഐ.ഐ.ടി പാഠ്യപദ്ധതിക്ക് രൂപം നൽകുന്നത്. കമ്മിറ്റിയെ പ്രതിനിധീകരിക്കുന്നതും വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.