തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളവരെ പ്രിൻസിപ്പൽമാരായി നിയമിക്കുന്നു. യു.ജി.സി റെഗുലേഷന് പകരം സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി പ്രിൻസിപ്പൽ നിയമനം നടത്താൻ ഇടത് അധ്യാപക സംഘടനയുടെ സമ്മർദത്തിൽ സർക്കാർ ശ്രമം നടത്തിയിരുന്നു.
ഇത് നിയമക്കുരുക്കിലേക്ക് പോകുമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് വിരുദ്ധമാകുമെന്നും കണ്ടാണ് യു.ജി.സി നിശ്ചയിച്ച യോഗ്യത പ്രകാരം നിയമനത്തിന് തീരുമാനമായത്.
യു.ജി.സി മാനദണ്ഡ പ്രകാരം നിയമനത്തിന് മുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും സമ്മർദത്തെ തുടർന്ന് നടപടി പലതവണ നിർത്തിവെച്ചു. ഇതോടെ വർഷങ്ങളായി സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽ നിയമനം മുടങ്ങി. 54 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
യു.ജി.സി മാനദണ്ഡപ്രകാരം സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിച്ച് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിന് യോഗ്യരായ സർക്കാർ കോളജ് അധ്യാപകരിൽനിന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ 15 വർഷത്തിൽ കുറയാത്ത സർവിസും യു.ജി.സി യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. പുറമെ യു.ജി.സി അംഗീകൃത ജേണലുകളിൽ പത്ത് ഗവേഷണ രചന പ്രസിദ്ധീകരിക്കുകയും 110ൽ കുറയാതെ റിസർച് സ്കോർ നേടിയിരിക്കുകയും വേണം. നേരത്തെ പിഎച്ച്.ഡിയും സീനിയോറിറ്റിയും മാത്രം നോക്കി നിയമനം നടത്താനായിരുന്നു സർക്കാർ നീക്കം.
നിലവിൽ സർക്കാർ കോളജുകളിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. എന്നാൽ യു.ജി.സി റെഗുലേഷൻ പ്രകാരം എയ്ഡഡ് കോളജുകളിലും സർവകലാശാലകളിലും സമാന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകണമെന്ന വാദവും ഉയർന്നിട്ടുണ്ട്. എയ്ഡഡ്, സർവകലാശാല സർവിസിലുള്ളവർക്ക് സർക്കാർ സർവിസിലേക്ക് കയറാനുള്ള കുറുക്കുവഴിയായി ഇത് മാറുമെന്നാണ് വിമർശനം.
പ്രിൻസിപ്പൽ നിയമനം പ്രഫസർ ഗ്രേഡിലാണ്. അഞ്ചുവർഷമാണ് കാലാവധി. തസ്തികയിലെ പ്രകടനത്തെ സർവകലാശാലതല സമിതി വിലയിരുത്തി അഞ്ചുവർഷം കൂടി തുടർച്ച നൽകാനും വ്യവസ്ഥയുണ്ട്. പ്രിൻസിപ്പൽ പദവി ഒഴിയുന്നവരെ മുൻ പഠന വകുപ്പിൽ പ്രഫസർ പദവിയിൽ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.