പാഠഭാഗങ്ങൾ ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടി റദ്ദാക്കണം; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽനിന്ന് പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു. ഉള്ളടക്കം യുക്തിസഹമാക്കുന്നു എന്ന പേരിൽ പാഠപുസ്തകങ്ങളിലെ പ്രധാന അധ്യായങ്ങളും ഭാഗങ്ങളും ഉപേക്ഷിക്കാനുള്ള എൻ.സി.ഇ.ആർ.ടിയുടെ തീരുമാനത്തിൽ മന്ത്രി ആശങ്ക അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം-2020, കോവിഡ്-19 മഹാമാരിക്കാലത്തുണ്ടായ സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങൾ എന്നാണ് വിശദീകരണം. എന്നാൽ, 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇകണോമിക്സ് എന്നീ പാഠപുസ്തകങ്ങളിൽനിന്ന്‌ വിദ്യാർഥികൾ പഠിക്കേണ്ട ഭാഗങ്ങളും ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്ന്

പരിണാമം എന്ന ഭാഗവും ഒഴിവാക്കാനുള്ള തീരുമാനം അക്കാദമിക കാരണങ്ങളാൽ അല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. സമാധാനം, വികസനം, ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, മറ്റ് നിർണായക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമാധാനം, വികസനം, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുകയും നമ്മുടെ ഭാവി നിർണയിക്കുകയും ചെയ്യുന്ന വിഷയങ്ങളാണ്. അവയെ പാഠ്യപദ്ധതിയിൽനിന്ന് നീക്കം ചെയ്യുന്നത് വിദ്യാർഥികളോടുള്ള അനീതിയും അവരുടെ അറിയാനുള്ളതും നല്ല പൗരന്മാരാകാനുള്ളതുമായ അവസരം നിഷേധിക്കലുമാണ്.

മുഗൾ കാലഘട്ടം സാംസ്കാരികവും കലാപരവുമായ നേട്ടങ്ങളുടെ കാലം കൂടിയായിരുന്നു. അവ ഇന്ത്യൻ ചരിത്രത്തിന്റെ ഗതി രൂപപ്പെടുത്തുകയും ചെയ്തു. ഈ കാലഘട്ടത്തെ അവഗണിക്കുന്നത് നമ്മുടെ ചരിത്രത്തെയും പൈതൃകത്തെയും കുറിച്ച് അപൂർണമായ ധാരണയിലേക്ക് നയിക്കും.

ജീവശാസ്ത്രത്തിലെ അടിസ്ഥാന ആശയമായ പരിണാമത്തിലെ ഭാഗങ്ങൾ ഒമ്പത്, പത്ത് ക്ലാസുകളിലെ സയൻസ് പാഠപുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം നിർഭാഗ്യകരമാണ്. ഈ വിഷയം സിലബസിൽനിന്ന് ഒഴിവാക്കുന്നതിലൂടെ ശാസ്ത്രത്തെയും പ്രകൃതിയെയും കുറിച്ചുള്ള അടിസ്ഥാന ധാരണകൾ അറിയാനുള്ള വിദ്യാർഥികളുടെ അവകാശം ഇല്ലാതാക്കുകയാണ്.

ഈ തീരുമാനം പുനഃപരിശോധിക്കണം. നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരും നേതാക്കളും ആവാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന സമഗ്രവും സന്തുലിതവുമായ വിദ്യാഭ്യാസം പാഠപുസ്തകങ്ങൾ വഴി നൽകുന്നുവെന്ന് ഉറപ്പാക്കാനും നടപടിയെടുക്കണം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രം കുട്ടികൾക്ക് പ്രാപ്യമാക്കാനും ഗൗരവമായ ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.

Tags:    
News Summary - The NCERT process should be cancelled; Minister Sivankutty has sent a letter to the Prime Minister and Union Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.