തിരുവനന്തപുരം: സർക്കാർ നോമിനിയുെട പ്രായപരിധി കഴിയുന്നത് വരെ കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ നിയമനം വൈകിപ്പിച്ച് ഗവർണർ. വി.സി പദവിയിലേക്ക് സർക്കാർ നോമിനിയായ എം.ജി സർവകലാശാലയിലെ പ്രഫ. കെ.എം. സീതിക്ക് വ്യാഴാഴ്ച 60 വയസ്സ് പൂർത്തിയാകുന്നതോടെ പദവിയിലേക്ക് അയോഗ്യനായി മാറും.
സെർച് കമ്മിറ്റി പാനലുകൾ സമർപ്പിച്ച് ഒമ്പത് ദിവസം പിന്നിട്ടിട്ടും വി.സി നിയമനത്തിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിെൻറ സമ്മർദമാണ് കാലിക്കറ്റ് വി.സി നിയമനത്തിൽ തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന.
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി.എ. ജയപ്രകാശിനെ വി.സിയായി നിയമിക്കാനാണ് ബി.ജെ.പി കേന്ദ്രങ്ങൾ കരുക്കൾ നീക്കിയത്. ഇതിന് അനുസൃതമായി സെർച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി ജെ.എൻ.യു വൈസ്ചാൻസലർ ഡോ. ജഗദീഷ് കുമാർ ഡോ. ജയപ്രകാശിന് മുൻഗണന നൽകിയുള്ള പാനലാണ് സമർപ്പിച്ചത്.
സെർച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയായ ആസൂത്രണ ബോർഡ് വൈസ്ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രനും ചീഫ് സെക്രട്ടറി ടോംജോസും സമർപ്പിച്ച പാനലിൽ സർക്കാർ നോമിനി ഡോ. കെ.എം. സീതിയുടെ േപരിനായിരുന്നു മുൻഗണന. സർക്കാർ താൽപര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഗവർണറെ നേരിൽ കണ്ട് അറിയിച്ചു. തീരുമാനം വൈകിയതോടെ മുഖ്യമന്ത്രിയും സർക്കാർ താൽപര്യം ഗവർണറെ അറിയിച്ചു.
28ന് മുമ്പ് നിയമനം നടത്തണമെന്ന സന്ദേശവും സർക്കാർ നൽകിയെങ്കിലും തീരുമാനം വൈകി. പ്രായപരിധി കഴിയുന്ന ഡോ. സീതി അയോഗ്യനാവുന്നതോടെ കാലിക്കറ്റ് വി.സി നിയമനത്തിൽ ബി.ജെ.പി താൽപര്യത്തിനൊപ്പം നിൽക്കാൻ രാജ്ഭവന് സാധിക്കുകയും ചെയ്യും.
ഇടതുസഹയാത്രികനായ ഡോ. സീതിയുടെ നിയമനത്തിന് സി.പി.എം നേതൃത്വം സമയബന്ധിതമായി ഇടപെട്ടില്ലെന്ന വിമശർനവും ഉയർന്നിട്ടുണ്ട്. നേരത്തേ പലതവണ സെർച് കമ്മിറ്റി യോഗം മാറ്റിവെച്ചതോടെയാണ് വി.സി നിയമനം നീണ്ടത്. ഒടുവിൽ വി.കെ. രാമചന്ദ്രെൻയും ചീഫ് സെക്രട്ടറിയുടെയും അസൗകര്യം പറഞ്ഞും മേയ് ആദ്യത്തിൽ നടക്കേണ്ട സെർച് കമ്മിറ്റി രണ്ട്തവണ മാറ്റിവെച്ചു.
മേയ് 18ന് സെർച് കമ്മിറ്റി യോഗം ചേർന്ന് 19ന് മിനുട്സ് സമർപ്പിച്ചതോടെ തീരുമാനം വൈകിപ്പിച്ച് ബി.ജെ.പി അജണ്ട നടപ്പാക്കാനും വഴിയൊരുക്കി. നേരത്തേ ആരോഗ്യ സർവകലാശാല വി.സി നിയമനത്തിലും ഗവർണർ സർക്കാർ നോമിനിയെ വെട്ടി ബി.ജെ.പി താൽപര്യപ്രകാരം നിയമനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.