പതിവില്ലാതെ മേശപ്പുറത്ത് തവിട്ടുനിറത്തിലുള്ള കവർ കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. പാകിസ്താൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ സ്റ്റാമ്പൊട്ടിച്ച കവറിനു നടുവിലായി എെൻറ അഡ്രസ് കൃത്യമായി എഴുതിയിരിക്കുന്നു. കുറെ നാളുകളായി പോസ്റ്റ് ഒാഫിസിൽകൂടി കത്തിടപാടുകളൊന്നും നടക്കാത്തതു കാരണം പോസ്റ്റുകൾ തീരെ വരാറില്ല. കുറച്ചു നേരം തിരിച്ചും മറിച്ചും നോക്കി ചെറിയ ആശങ്കയോടെ കവർ പൊട്ടിച്ചു. പച്ചയിൽ കുതിർന്ന സ്വർണാക്ഷരങ്ങളിൽ ഉർദുവിൽ അച്ചടിച്ച ഒരു കല്യാണക്കുറി. ഷെർനാസിനെ സൈഫുല്ല വിവാഹം ചെയ്യുന്നു. ഷെർനാസിെൻറ വീട്ടുകാരാണ് കാർഡ് അയച്ചിരിക്കുന്നത്. അഡ്രസിൽ പരേതനായ ഫൈസ് മൊഹമ്മദ് ഖാെൻറ മകളാണ് ഷെർനാസ് എന്ന് എെൻറ കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാനി സുഹൃത്ത് പറഞ്ഞുതന്നു. ഇങ്ങനെ പേരുള്ള ഒരു പാകിസ്താനി എെൻറ സ്ഥാപനത്തിലും പരിചയത്തിലുമില്ല. ഞാൻ ചിന്താകുലനായി. അഡ്രസ്സ് തെറ്റി വന്നതായിരിക്കുമെന്ന് ആദ്യം കരുതി. അവസാനം ജിജ്ഞാസ അതിരു ഭേദിച്ചപ്പോൾ ക്ഷണക്കത്തിൽ കണ്ട ഫോൺനമ്പറിൽ സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ചു. തീർത്തും അമ്പരപ്പിക്കുന്ന മറുപടിയുമായാണ് ആ സുഹൃത്ത് എെൻറ മുന്നിലേക്ക് വന്നത്. ഷെർനാസാണ് ഫോണെടുത്തതെന്നും അബു മരിച്ചിട്ട് ഒരു വർഷത്തോളമായെന്നും സലാലയിൽ തോട്ടംതൊഴിലാളിയായിരുന്നെന്നും അബു പറയാറുള്ളതുകൊണ്ടാണ് ഈ ഭായിക്ക് വിവാഹക്ഷണക്കത്ത് അയച്ചതെന്നും കേട്ടപ്പോൾ അനിർവചനീയമായ ഒരു തരം ആനന്ദാനുഭൂതി എന്നെ പൊതിഞ്ഞു. രണ്ടു വർഷം മുമ്പ് അവിചാരിതമായി പരിചയപ്പെട്ട ഖാൻസാബിനെ ഞാൻ മറവിയുടെ മാറാല വകഞ്ഞുമാറ്റി ഓർമകളുടെ വെളിച്ചത്തിലേക്ക് കൈപ്പിടിച്ചുകൊണ്ടുവന്നു.
ഉഷ്ണം പുകയുന്നൊരു പ്രഭാതത്തിൽ വഴിയോരത്തുനിന്ന് എെൻറ കാറിൽ കയറിയൊരു പുഷ്ത്തുവൃദ്ധനെ ഞാനോർത്തു. കഷണ്ടിത്തലയിലെ വട്ടത്തൊപ്പിയും നെഞ്ചോളം വളർത്തിയ വെളുത്ത താടിയും മുഷിഞ്ഞ നീളൻ കുപ്പായത്തിലെ ചാണകച്ചൂരുമായി എെൻറ കാറിൽ കയറിയ ഖാൻസാബെന്ന പാകിസ്താനി വയസ്സൻ. എട്ടര മണിയായെങ്കിലും വെയിലിെൻറ ചൂടിന് ഒരു ദാക്ഷിണ്യവും ഉണ്ടായിരുന്നില്ല. മണ്ണും പൊടിയും കലർന്ന ചുടുകാറ്റ് രാവിലെതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. മസ്കത്ത് ബാങ്കിനടുത്തുള്ള സിഗ്നലിൽനിന്ന് ഒഴുകിത്തുടങ്ങുന്ന വാഹനനിരകളിലേക്ക് ഒരാൾ പണിതുയർത്തിക്കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടനിഴലിൽ കൈ കാണിച്ചുനിൽക്കുന്നു. ആരുമാരും വണ്ടികൾ നിർത്തുന്നില്ല. വഴിയിൽനിന്ന് കൈകാണിക്കുന്നവരെ കയറ്റാൻ എല്ലാവർക്കും പേടിയാണ്. ചിലരെ കയറ്റിയാൽ പിന്നെ അവർ പറയുന്ന സ്ഥലങ്ങളിൽ ഇറക്കിക്കൊടുക്കണം. അല്ലേൽ കാറിൽനിന്നിറങ്ങുകയും ഇല്ല. എെൻറ കാറിെൻറ മുന്നിലോട്ട് ഇറങ്ങിവന്ന് കൈകളാഞ്ഞുവീശി കൈകാണിച്ചിട്ടും നിർത്താതെ ഞാൻ കാർ മുന്നോട്ടെടുത്തു. രാവിലെയുള്ള വർക്കുകളുടെ രൂപരേഖ മനസ്സിൽ തയാറാക്കി ഓഫിസിലെത്തിയപ്പോഴാണ് മേശയുടെ താക്കോലെടുക്കാൻ മറന്ന വിവരമറിഞ്ഞത്. തിരക്കിട്ട് വീണ്ടും റൂമിൽ പോയി തിരിച്ചു വരുംവഴി നടപ്പാതക്കു നടുവിലുള്ള മരച്ചുവട്ടിൽ ആ വൃദ്ധൻ ഇരിക്കുന്നു. സൈഡിൽ വണ്ടിയൊതുക്കി വലതു ഗ്ലാസ് താഴ്ത്തിയതും കൈക്കൂപ്പി വാതിൽ തുറന്ന് അയാൾ മുൻ സീറ്റിലിരുന്നു. വിയർത്തുമുഷിഞ്ഞ കമ്മിസ്സിൽനിന്ന് അളിഞ്ഞ ചാണകമണം കാറിൽ പരന്നു. വെള്ളയിൽ ചുവപ്പുവരകൾ നിറഞ്ഞൊരു പതുപതുത്തൊരു ഉറുമാൽ ഇടതുതോളിൽ അലസമായി കിടക്കുന്നു. കത്തിക്കാളുന്ന വെയിൽനാളം തട്ടി മുഖം കറുത്തു കരുവാളിച്ചിരിക്കുന്നു. കവിളിലൂടെ വിയർപ്പൊഴുകി പരക്കുന്നു. കണ്ണുകളിൽ ദൈന്യതയുടെ നിഴലുകൾ. ഉറുമാൽ കൊണ്ട് മുഖം അമർത്തി തുടച്ചുകൊണ്ട് അയാൾ അള്ളാ... അള്ളാ... എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. ആ കരുത്തുറ്റ ദേഹത്തിൽനിന്നുള്ള വിയർപ്പുചാലുകൾ അയാളുടെ മുഷിഞ്ഞ കുപ്പായത്തെ നനച്ചുകൊണ്ടിരുന്നു . കാർ മുന്നോട്ടെടുത്തപ്പോഴേക്കും ൈകയിൽ കൂട്ടിപ്പിടിച്ച കവറുമായി അയാൾ തുള്ളിവിറക്കാൻ തുടങ്ങി.
കിതർ ജാനാ ഭായ് സാബ്?
യേ... ഇതർ ത്തക്ക് മാത്യൂസ് കാ ഹോസ്പിത്തൽ.
ഞാൻ രണ്ടു ഗ്ലാസുകളും തുറന്നിട്ട് എ.സി ഓഫാക്കി യാത്ര തുടർന്നു. വൃദ്ധെൻറ വലിവിനും വിറയലിനും വിയർപ്പിനും ഒരു കുറവുമില്ല. വണ്ടിയിലാകെ ഒരു വാടമണം നിറഞ്ഞു. കാർ ആശുപത്രിയുടെ മുന്നിലെത്തിയിട്ടും അയാൾ ഇറങ്ങാനുള്ള ഭാവമില്ല. ഇറങ്ങാൻ പറ്റാത്തവിധം അയാൾ അവശനായിരുന്നു. ഡോർ തുറന്നുകൊടുത്ത് വലതുകൈത്തണ്ടയിൽ പിടിച്ച് ഞാൻ പുറത്തിറക്കി പോകാൻ നേരം അയാളുടെ തളർന്നിടറിയ ശബ്ദം എെൻറ പിന്നാലെ വന്നുവീണു. മേരാ ബേട്ടാ... ഒന്നു കൂടെ വരാമോ? അമർത്തിയൊതുക്കിയ കിതപ്പോടെ അയാളുടെ വിളിയിലെ യാചന കേട്ടില്ലെന്ന് നടിക്കാൻ എനിക്കായില്ല. കടിച്ചുപിടിച്ച ചുണ്ടിനിടയിലൂടെ പതയും നുരയും വന്നുകൊണ്ടിരുന്നു. കൃഷ്ണമണികൾ മേൽപ്പോട്ട് മറിയുന്നതും താഴുന്നതും ഞാൻ ഭീതിയോടെ ശ്രദ്ധിച്ചു. എന്തുതന്നെയായാലും വഴിയോരത്തുനിന്ന് എെൻറ കാറിൽ അഭയംതേടിയ ആ വൃദ്ധനെ അനാഥമാക്കി തിരിച്ചുപോരാൻ മനസ്സ് വന്നില്ല... ഓഫിസിൽ വിളിച്ചു പറഞ്ഞ് അദ്ദേഹത്തിെൻറ കൂടെ ഞാനും ഡോക്ടറുടെ മുറിയിൽ കയറി. ഇരുത്തിയും കിടത്തിയും കമിഴ്ത്തിയും പരിശോധനകൾ തുടർന്നുകൊണ്ടിരുന്നു. അവസാനം ഡോക്ടർ എന്നോടായി പറഞ്ഞു: കഴിഞ്ഞയാഴ്ച ഇവിടെ വന്നപ്പോൾ ഞങ്ങൾ പറഞ്ഞതാണ്. ഇനി ഇങ്ങോട്ട് വരേണ്ടാന്ന്... ആൾക്ക് നല്ലൊരു അറ്റാക്ക് ഉണ്ടായി കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് അധികം നാളായിട്ടില്ല. ഒന്നുകിൽ നാട്ടിലേക്ക് പറഞ്ഞുവിടണം അല്ലെങ്കിൽ നല്ല വേറെ ഹോസ്പിറ്റലിലേക്ക് മാറ്റണം.
ഞാനാകെ പരിഭ്രാന്തനായി. അന്യരാജ്യക്കാരനും ഒരു മുൻപരിചയവുമില്ലാത്ത ഈ വയോധികനെ ഇനി ഞാനെന്തു ചെയ്യും?
ആരുമറിയാതെ പുറത്തിറങ്ങാമെന്നാലോചിച്ച് നിൽക്കെ എെൻറ ഇടതുകൈത്തണ്ടയിൽ അയാളുടെ പരുപരുത്ത കൈകൾ മുറുകി.
മേരാ ഭായി... ഭയപ്പെടേണ്ട... പോകാറായി എന്നറിയാം. എന്തായാലും ഈമണ്ണിൽ ഞാൻ തീരില്ല. എെൻറ ബീവിയും മക്കളും ഒടുങ്ങിയ സർബാൻ അടിവാരത്തെത്തിയേ ഞാനും കണ്ണടയൂ... തോളിലെ ഷാളെടുത്ത് തല മുഴുവൻ വാരിച്ചുറ്റി കിടക്കയിൽനിന്നെഴുന്നേറ്റ് ൈകയിൽ തൂക്കിയ കവറുമായി വിറച്ച് വിറച്ച് എെൻറ കൂടെ പുറത്തിറങ്ങി. എെൻറ റൂം വരെ ഒന്ന് എത്തിച്ച് നിങ്ങൾ പൊയ്ക്കോളൂ. ഇവിടെ അടുത്താ. പത്തു മിനിറ്റിെൻറ വഴിയേ ഉള്ളൂ... അല്ലാഹു താങ്കളെ കാത്തുകൊള്ളും... മറുത്തൊന്നും പറയാൻ കഴിയാതെ എെൻറ നാവ് തൊണ്ടക്കുഴിയിൽ ഇറങ്ങിപ്പോയി. തളർച്ചയിലും അയാളുടെ കണ്ണുകളിൽ രണ്ട് അഗ്നിഗോളം ജ്വലിച്ചിരുന്നു. തിളക്കുന്ന വെയിലിൽ കറുത്തുത്തിളങ്ങുന്ന പ്രധാനനിരത്തിൽനിന്ന് താഴെയിറങ്ങി ഇടുങ്ങിയ തെരുവുകളിലൂടെ തെങ്ങുംതോപ്പുകളും വേപ്പുമരങ്ങളും പിന്നിട്ട് ഇടതൂർന്ന വാഴക്കൂട്ടങ്ങൾക്കിടയിലെ പൊടിപാറുന്ന മൺപാതയിലൂടെ നിരങ്ങിനീങ്ങി സിമൻറ് ഇഷ്ടികയിൽ ചുവരുകൾ കെട്ടിത്തിരിച്ച ഒരു തകരഷെഡിെൻറ അരികിൽ വണ്ടി നിർത്തി. ഗൾഫിെൻറ പൊരിവെയിലിൽനിന്ന് വിഭിന്നമായി കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിനകത്തെത്തിയ പ്രതീതി. സാന്ദ്രമായ പച്ചത്തഴപ്പിൽ മുങ്ങിക്കിടക്കുന്ന കൃഷിത്തോട്ടം... വേപ്പുമരങ്ങളുടെ ഇരുണ്ട നിഴലിൽ ചലിക്കുന്ന വെളിച്ചത്തുണ്ടുകൾ. ഒരു കൂറ്റൻ വൃക്ഷത്തണലിൽ അയവിറക്കുന്ന തടിച്ചുകൊഴുത്ത പശുക്കൾ. പ്ലൈവുഡ് കെട്ടിമറച്ച ആസ്ബസ്റ്റോസ് പുരയിൽ ആട്ടിൻകൂട്ടബഹളങ്ങൾ. തെളിവെള്ളം നിറഞ്ഞുകിടക്കുന്ന സിമൻറ് ടാങ്കുകൾ. പഴയ ആക്രിസാധനങ്ങളും കാലിത്തീറ്റ ചാക്കുകളും പുല്ലുകെട്ടുകളും കുത്തിനിറച്ച മുറിയരികിലെ ഒരു ഇരുമ്പുകട്ടിലിൽ അയാളെ ഇരുത്തി ഞാൻ തിരിച്ചിറങ്ങാൻ ഭാവിക്കവേ വീണ്ടും വൃദ്ധെൻറ ക്ഷീണിച്ച സ്വരം എെൻറ കാതിൽ അലച്ചു.
ഡോട്ടർ സാർ പറഞ്ഞ കാര്യം ബാബയോടൊന്നു പറയോ ..? ചിലമ്പിച്ച ശബ്ദം വീണ്ടും പിന്നിൽനിന്നെന്നെ തടഞ്ഞു. എനിക്കു തിരിഞ്ഞുനടക്കാൻ തോന്നിയില്ല. അയാളുടെ ഫോണിൽനിന്ന് ഒരു നമ്പർ ഡൈൽ ചെയത് എെൻറ കൈയിൽ തന്നു. അറബിയോട് കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ നാളെ തന്നെ ടിക്കറ്റെടുത്ത് പാസ്പോർട്ട് കൊണ്ടുകൊടുക്കാമെന്ന് പറഞ്ഞു. മൂലക്കിരുന്ന ഒരു പഴയ പെപ്സികുപ്പിയിൽനിന്ന് വെള്ളമെടുത്ത് ഗുളിക കഴിച്ച് അയാൾ പുറത്തേക്കിറങ്ങി പുല്ലിൻകെട്ടഴിച്ച് തൊഴുത്തിലോട്ട് വിതറിക്കൊണ്ടിരുന്നു. എന്നെ കൈകാട്ടി വിളിച്ച് പറഞ്ഞു:
ദാ... നിൽക്കണ കറുത്ത മുട്ടനെ കണ്ടോ? എെൻറ ഇവിടത്തെ ഏക കൂട്ടുകാരനാ അവൻ. ഞാൻ വന്ന കാലത്ത് പ്രസവിച്ചതാ. അടുത്താഴ്ച ബാബയുടെ വീട്ടിലെ പാർട്ടിക്ക് ഇവനെയാ പറഞ്ഞുവെച്ചേക്കണ്. എെൻറ കൈകൊണ്ട് തലയറുക്കുന്നതിനുമുമ്പ് എനിക്കിവിടുന്ന് പോണം.
ആട്ടിൻകൂട്ടിനരികിലുള്ള അയാളുടെ പുരയിലേക്കു പോയി ഒരു പഴയ പുസ്തകമെടുത്ത് എെൻറ പേരും മേൽവിലാസവും ഫോൺ നമ്പറും എഴുതിയെടുത്ത് അയാൾ പറഞ്ഞു. ദർവേഷ് സാബ്. എെൻറ ഷെഹന മോളുടെ നിക്കാഹിന് ഞാൻ എന്തായാലും വിളിക്കും. ജീവനോടെ ഉണ്ടായാലും ഇല്ലേലും. കിണറ്റിൽനിന്ന് വെള്ളമടിക്കുന്ന മോേട്ടാറിെൻറ ശബ്ദം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. വാഴത്തോപ്പുകളിലേക്കും പാലക്ക് കണ്ടത്തിലേക്കും വെള്ളം പതപതായി ഒഴുകി പരക്കുന്നു. പശുത്തൊഴുത്തിലേക്ക് പുല്ലിൻകെട്ടുകൾ അഴിക്കും നേരം അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി. സർബാൻ കുന്നിൻ താഴ്‌വരയിൽ ഇതുപോലെ കുറെ പശുക്കളും ആടുകളും എനിക്കുണ്ടായിരുന്നു. ലാദിനെയും കൂട്ടാളികളെയും തിരഞ്ഞുതിരഞ്ഞ് ആ മിണ്ടാപ്രാണികളെ മുഴുവൻ അവൻമാർ വകവരുത്തി... പെഷാവറിെൻറ പൂങ്കാവനമായിരുന്നു അബേട്ടാബാദ്.. ആ പൂന്തോട്ടം മുഴുവൻ അവർ തകർത്തു. പോർവിമാനങ്ങൾ പേടിപ്പിക്കുന്ന പകലുകൾ. ആകാശം പിളർന്ന് തീക്കട്ടകൾ പെയ്യുന്ന രാത്രികൾ. കെട്ടിടങ്ങൾ തകർന്നടിയുന്ന ഭയാനകമായ ശബ്ദങ്ങൾ. തകർന്നുതരിപ്പണമായ തെരുവുകൾ. ഒരു രാത്രിയിലെ തീമഴയിൽ മേൽക്കുര അമ്പേ തകർന്ന് എെൻറ ബീവിയും മൂന്ന് മക്കളും പോയി. അന്ന് ഞാനും മോളും മുസാഫറിലെ ഒരു ബന്ധുവീട്ടിലായതിനാൽ ഇപ്പഴും ജീവനോടെയിരിക്കുന്നു. അന്ന് എെൻറ ഷെഹർന്നാ മോളെയുംകൊണ്ട് ആ താഴ്‌വര കയറിയതാ ഞാൻ. അവളിപ്പം വല്ല്യ പെണ്ണായി. അവൾക്ക് വേണ്ടിയാ ഞാനിപ്പം ജീവിക്കുന്നേ... ഒരു നിശ്വാസത്തോടെ വിറച്ചുകിതച്ച് ഇടതൂർന്ന വെള്ളത്താടി ഉഴിഞ്ഞ് ശൂന്യതയിലേക്കു നോക്കിയിരുന്നു അയാൾ. അമർഷവും പകയും നിസ്സഹായതയും ഉറഞ്ഞുകൂടിയ മുഖം കൂടുതൽ കറുത്തു ചുവന്നുകൊണ്ടിരുന്നു. ഹൃദയത്തിൽനിന്ന് പൊട്ടിയൊഴുകുന്ന വേദനകളെ പണിപ്പെട്ട് തടഞ്ഞുനിർത്താൻ അയാൾ ശ്രമിക്കുന്നതുപോലെ. അയാളുടെ ചിന്തകളിൽ ദുരന്തപൂർണമായ ഇന്നലെകൾ തിളച്ചുമറിയുകയായിരുന്നു. നരച്ച കട്ടപുരികത്തിനു താഴെ ചുവന്നകണ്ണുകൾ തുളുമ്പി വെട്ടിവിറച്ചുകൊണ്ടിരുന്നു. പാകിസ്താൻ പട്ടാളത്തിെൻറയും യാങ്കിപ്പടയുടെയും മാസങ്ങൾ നീണ്ടുനിന്ന ഭീകരവേട്ടക്കിടയിൽ നൂറുകണക്കിന് ഗ്രാമീണർ മരിക്കുകയും അംഗവൈകല്യത്താൽ നരകിക്കുകയും നിരവധി ഭവനങ്ങൾ തകർന്നുപോയതുമായ വാർത്തകൾ ആരും കണ്ടില്ല. യുദ്ധക്കെടുതിയുടെ ഇരയായ ഖാൻ സാബിതാ രണ്ടു ദിവസത്തിനുള്ളിൽ അബേട്ടാബാദ് താഴ്‌വരയിലേക്ക് യാത്രയാകുകയാണ്. ബോംബുവർഷത്തിൽനിന്നു ഒരു ദിവസത്തെ ഭാഗ്യത്തിൽ രക്ഷപ്പെട്ട തെൻറ ഏകമകൾ ഷെർനഹാസിെൻറ അരികത്തേക്ക്. ഇപ്പോൾ എല്ലാം ശാന്തമായെന്നു പറയുമ്പോഴും ആ കൺകോണിൽ ഭീതിയുടെ ഒരു കനലിളക്കം ഞാൻ ശ്രദ്ധിച്ചു. തകർന്നുപോയ തെൻറ വീടിരുന്ന സ്ഥലത്ത് പുതിയൊരു കൂര പണിയണം. മകളുടെ നിക്കാഹ് നടത്തണം എന്നുള്ള വർണസ്വപ്നങ്ങളുമായാണ് രണ്ടുവർഷം മുമ്പ് ആ വൃദ്ധൻ യാത്ര പറഞ്ഞുപോയത്.
ഇന്ന് ഖാൻസാബ് ജീവിച്ചിരിപ്പില്ല. പേക്ഷ, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വേലിക്കെട്ടുകൾക്കപ്പുറത്തെ ഒരു സോദരി എന്നെ ഓർത്തെടുത്തിരിക്കുന്നു.
അതിരുകളും ആശങ്കകളും പോർവിളികളും നിറഞ്ഞ ഈ ലോകത്തു നിന്നുതന്നെയാണ് ഇൗ വിവാഹക്ഷണക്കത്ത് എനിക്ക് വന്നിരിക്കുന്നത്. അതിരുകൾക്കപ്പുറത്തുനിന്ന് അതിരറ്റ സ്നേഹത്തിെൻറ സാഹോദര്യത്തിെൻറ സൗരഭ്യം പരത്തി ആ ക്ഷണക്കത്ത് ഇന്നുമെെൻറ മേശവലിപ്പിൽ വിശ്രമിക്കുന്നു. സ്വർണാക്ഷരങ്ങളാൽ അലംകൃതമായ ആ സ്നേഹാക്ഷരങ്ങൾ ഇന്നുമെെൻറ ഓർമകളെ ഊർവരമാക്കുന്നു... ഷെഹർനാസ്... സലാലയുടെ വഴിയോരത്തുനിന്ന് ഞാനറിയാതെ ഹൃദയത്തിലേക്ക് പടർന്നുപുഷ്പ്പിച്ച പാകിസ്താൻ വൃദ്ധനായ ഖാൻസാബിെൻറ ഒരേയൊരു പുത്രി... ഞാൻ കാണാത്ത എെൻറ സോദരി... ആയിരം കാതങ്ങൾക്കപ്പുറത്തുനിന്ന് നിനക്കെെൻറ വിവാഹാശംസകൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.