നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് എട്ടാം വാർഡിലെ മാളൂർക്കയം അംഗൻവാടിയിലെ പിഞ്ചുകുട്ടികൾ ദുരിതത്തിൽ. ഭൂരിഭാഗവും എസ്.ടി വിഭാഗത്തിൽപ്പെടുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
അംഗൻവാടികൾ ഹൈടെക്കാക്കും എന്ന സർക്കാർ പ്രഖ്യാപനം ഉണ്ടെങ്കിലും ഇവിടെ തികഞ്ഞ അവഗണനയാണ് നേരിടുന്നത്. ഭൗതിക സാഹചര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. അതിനാൽ, പല രക്ഷിതാക്കളും കുട്ടികളെ അംഗൻവാടികളിലേക്ക് അയക്കാൻ മടിക്കുന്നു. കെട്ടിടത്തിന് അടച്ചുറപ്പുള്ള വാതിലില്ലെന്ന് മാത്രമല്ല, നല്ലൊരു ശുചിമുറിപോലുമില്ല. ജനൽചില്ലുകൾ പൊട്ടിയ അവസ്ഥയിലാണ്. കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പൂരക പോഷകാഹാരങ്ങൾ ഉൾപ്പെടെ ഇവിടെ സൂക്ഷിക്കുന്നുണ്ട് . പൊട്ടിപ്പൊളിഞ്ഞ തറയിൽ ടൈൽ പാകാൻ പോലും ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ല. മഴക്കാലത്ത് അംഗൻവാടി കെട്ടിടം ചോർന്നൊലിക്കുകയും അടുക്കളയിൽ വെള്ളം കയറുകയും ചെയ്യുന്നു. ഈ അവസരത്തിൽ കുട്ടികൾക്ക് ഭക്ഷണം പാകംചെയ്യാൻ കൂടി കഴിയാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.