പാലക്കാട്: മൂന്ന് വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫിസിൽ സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാർ കൈക്കൂലി നൽകാത്തതിന് മാസങ്ങളോളം നടത്തിച്ച നാട്ടുകാർ നിരവധിയാണ്. റീ സർവേ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫിസിനെ ആശ്രയിക്കാതെ വഴിയില്ല.
ഫയലുകൾ പിടിച്ചുവെക്കുന്നതുമുതൽ സേവനങ്ങൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കുന്നതടക്കം കൈക്കൂലിക്കായുള്ള സുരേഷിന്റെ സമ്മർദതന്ത്രങ്ങൾ തുറന്നുപറഞ്ഞ് നിരവധി നാട്ടുകാരാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മുമ്പ് ജോലി ചെയ്തിരുന്ന മണ്ണാർക്കാടടക്കം വില്ലേജ് ഓഫിസുകളിൽ ഇയാൾ വ്യാപകമായി ക്രമക്കേടുകൾ നടത്തിയിരുന്നെങ്കിലും വിജിലൻസിന് പരാതി ലഭിക്കുന്നത് ഇതാദ്യമാണ്. പാലക്കയത്ത് ഇയാളുടെ കൈക്കൂലി ഭ്രമത്തിൽ വലഞ്ഞ നാട്ടുകാർ അടുത്തിടെ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. എങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാള് കൈപ്പറ്റിയിരുന്നത്.
മേലുദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ വില്ലേജ് അസിസ്റ്റന്റ് മാത്രമായ സുരേഷിന് ഇത്ര വലിയ തുക സുരക്ഷിതമായി സമ്പാദിക്കാനാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓഫിസിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ട്.
ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സുരേഷിനെ സുരക്ഷിതനായി നിർത്തിയത് ഇയാളിൽ നിന്ന് പങ്കുപറ്റിയിരുന്ന മേലുദ്യോഗസ്ഥരാണെന്നും നാട്ടുകാർ പറയുന്നു.
പാലക്കാട്: മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസ സ്ഥലത്ത് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവർ ആദ്യം അമ്പരന്നു. 2500 രൂപ മാസവാടകയുള്ള ഒറ്റമുറിയിൽ അലക്ഷ്യമായി വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട നിലയിലായിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ നോട്ടുകെട്ടുകൾ. പലതും വർഷങ്ങൾ പഴക്കമുള്ളവ, ചില നോട്ടുകെട്ടുകളിൽ പൊടിയും ചിലന്തിവലയുമടക്കം പറ്റിപ്പിടിച്ചിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ല. ഏറെ നാളുകളായി ശമ്പളം അക്കൗണ്ടിൽ നിന്ന് പിൻവലിക്കാറില്ലായിരുന്നുവെന്നും മൊഴിയുണ്ട്. മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പരിസരവാസികൾ പറയുന്നു.
പാലക്കാട്: ബന്ധുത്വം സ്ഥാപിക്കാനും ആനുകൂല്യങ്ങൾ ലഭിക്കാനും കേസുകളിൽ ഹാജരാക്കാനും വില്ലേജ് ഓഫിസിൽ നിന്നു ലഭിക്കുന്ന രേഖകൾ വേണം. പലപ്പോഴും അപേക്ഷയിലെ നിസാര പിഴവുകൾ പോലും ചൂണ്ടിക്കാണിച്ച് സേവനം നിഷേധിക്കും. അടിയന്തര ആവശ്യത്തിനായി രേഖകൾ ആവശ്യപ്പെട്ട് എത്തുന്നവർ പലപ്പോഴും സമയബന്ധിതമായി അത് കിട്ടാൻ ചില വിട്ടുവീഴ്ചകൾക്ക് തയാറാവും. ഇതു മുതലാക്കിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിടിമുറുക്കുന്നത്.
കോടതി വ്യവഹാരങ്ങളും സിവിൽ- ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, പോക്കുവരവ്, കെട്ടിടങ്ങളുടെ വൺടൈം ടാക്സ്, കെട്ടിട നിർമ്മാണത്തിനുള്ള സ്കെച്ച് പ്ലാൻ, വസ്തുവിന്റെ ഇനം മാറ്റൽ, നിലം നികത്തൽ, മണൽ-പാറ ഖനനം, വ്യാപാര, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ഫീൽഡിൽ പോയി നൽകേണ്ട സേവനങ്ങൾ എന്നിവയുടെ മറവിലാണ് അഴിമതി.
പാലക്കാട്: ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട്ട് സർക്കാറിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ കൈക്കൂലിക്കേസിൽ പിടിയിലാവുന്നത്. കോടിക്ക് മേൽ അനധികൃതസമ്പാദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട് അഴിമതിവിരുദ്ധ ചർച്ചകൾ സജീവമാണ്. ഇതിനിടെ ആവർത്തിച്ച് കേൾക്കുന്ന പേരുണ്ട് ‘വില്ലേജ് അസിസ്റ്റന്റ്’, എന്തൊക്കെയാണ് വില്ലേജ് അസിസ്റ്റന്റിന്റെ കടമകൾ? പരിചയപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.