നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിഹാറിൽ ഒരുകൂട്ടം വെല്ലുവിളികളാണ് തെരഞ്ഞെടുപ്പുകമീഷനും ഭരണ, പ്രതിപക്ഷപാർട്ടികളും നേരിടുന്നത്. 'കോവിഡ് ഭരണ'കാലത്തെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ്. വൈറസ് ആക്രമണത്തിൽനിന്ന് തുടക്കം മുതൽ ഒടുക്കം വരെ തെരഞ്ഞെടുപ്പിനെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നതാണ് കമീഷൻ നേരിടുന്ന വെല്ലുവിളി. വോട്ടർമാരുടെയും വിന്യസിക്കാൻ പോകുന്ന പൊലീസുകാരുടെയും എണ്ണത്തിനു തുല്യമായ ഏഴരക്കോടി കൈയുറകൾ മുതൽ മുൻകരുതൽ സാമഗ്രികളിറക്കണം. മൈതാനപ്രസംഗം വേണം; എന്നാൽ കാണികൾ മൈതാനത്തു വരച്ച വൃത്തങ്ങളിൽനിന്ന് പ്രസംഗം കേൾക്കണം എന്നു തുടങ്ങിയ നിബന്ധനകൾ വേറെ. തെരഞ്ഞെടുപ്പായതുകൊണ്ട് സമ്പർക്കം നടക്കണം; കോവിഡായതുകൊണ്ട് സമ്പർക്കം വിലക്കുകയും വേണം. ആളകലം പാലിച്ച് തെരഞ്ഞെടുപ്പിൽ എങ്ങനെ മേൽക്കൈ നേടുമെന്ന വെല്ലുവിളിയാണ് രാഷ്ട്രീയ പാർട്ടികൾ ഓരോന്നും ഏറ്റെടുക്കേണ്ടിവരുന്നത്. അതിനേക്കാൾ വലിയ വെല്ലുവിളികളാണ് ഭരണ, പ്രതിപക്ഷസഖ്യങ്ങളുടെ കൂടാരങ്ങളിൽ. അടിപൊട്ടി, ബന്ധം പിരിഞ്ഞില്ല എന്നമട്ടിലുള്ള ആക്രോശമാണ് ഉയർന്നു കേൾക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ നേരത്തേ തന്നെ ആകെ മാറി മറിഞ്ഞു പോയിരുന്നു. പഴയ നിതീഷ് കുമാറല്ല ഇന്നത്തെ മുഖ്യമന്ത്രി. ലാലു പ്രസാദിെൻറ തോളിൽ കൈയിട്ടാണ് 2015ൽ മുഖ്യമന്ത്രിയായത്. 2017ൽ ആർ.ജെ.ഡിയും കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച്, രാജിനാടകം കളിച്ച് നിതീഷ്കുമാർ ബി.ജെ.പി പിന്തുണയോടെ അധികാരത്തിൽ തുടർന്നു. ആർ.എൽ.എസ്.പിയെ നയിച്ച് ഉപേന്ദ്ര കുശ്വാഹയും ഹിന്ദുസ്ഥാനി അവാം മോർച്ചയെ നയിച്ച് ജിതൻറാം മാഞ്ചിയും എൻ.ഡി.എ സഖ്യത്തിൽനിന്ന് എതിർപാളയത്തിലേക്ക് ചാടി സാധ്യതകളുടെ പരീക്ഷണം നടത്തിയതാണ്. അത്തരം ചില്ലറ കൂടുമാറ്റങ്ങൾക്കിടയിലും നിതീഷിെൻറ ജനതാദൾ- യുവും ബി.ജെ.പിയും രാംവിലാസ് പാസ്വാെൻറ ലോക്ജൻശക്തി പാർട്ടിയും ചേർന്ന സഖ്യം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് തൂത്തുവാരി. സോഷ്യലിസ്റ്റ് ഭൂമികയായ ബിഹാറിെൻറ മണ്ണിന് ഇന്ന് കാവിനിറമാണ്. ആ സാഹചര്യങ്ങൾ വെച്ചാണെങ്കിൽ എൻ.ഡി.എ സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിക്കും. അത്രത്തോളം ലളിതമല്ലെങ്കിലും തെരഞ്ഞെടുപ്പു ഗോദയിൽ എൻ.ഡി.എ സഖ്യത്തിനാണ് മേൽക്കൈ. അത് പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. അതു മുതലാക്കാൻ കഴിയാത്തവിധം ചിതറിയും ക്ഷീണിച്ചും നിൽക്കുകയാണ് പ്രതിപക്ഷം.
ചെറുപാർട്ടികളുടെ ചാഞ്ചാട്ടം, കാറ്റ് എങ്ങോട്ടാണെന്നു പറഞ്ഞുതരും. മുൻമുഖ്യമന്ത്രി ജിതൻറാം മാഞ്ചി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുേമ്പ എൻ.ഡി.എ സഖ്യത്തിൽ തിരിച്ചുകയറി. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെട്ട വിശാലസഖ്യത്തിനൊപ്പം
കൂടിയ ഉപേന്ദ്ര കുശ്വാഹ അവിടെ നിന്ന് ചാടാൻ തയാറായി നിൽക്കുന്നു. ഫലത്തിൽ വിശാലസഖ്യത്തിൽ ഇനി പ്രധാനമായും ബാക്കിയുള്ളത് ആർ.ജെ.ഡിയും കോൺഗ്രസുമാണ്. ബി.ജെ.പി പ്രധാന ശത്രു തന്നെയാണെങ്കിലും സ്വന്തം സ്വാധീനം തിരിച്ചറിയാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കാണുന്ന സി.പി.എമ്മും മറ്റ് ഇടതു പാർട്ടികളും അവരുടേതായ വഴിക്കാണ്. എല്ലാറ്റിനുമുപരി, ബിഹാറിെൻറ നാഡിമിടിപ്പ് ശരിക്കറിയുന്ന ലാലു പ്രസാദ് തെരഞ്ഞെടുപ്പു കളത്തിൽ ഇല്ല. 15 വർഷം ബിഹാർ അടക്കിവാണ ലാലു, കാലിത്തീറ്റ അഴിമതി കേസിൽ ജയിലിലാണ്. മൂത്തമകൻ തേജസ്വിയാണ് ആർ.ജെ.ഡിെയ നയിക്കുന്നത്. തേജസ്വി എല്ലാവർക്കും സ്വീകാര്യനല്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ സഖ്യത്തിൽ പൊതുസമ്മതനല്ല. ലാലുവിെൻറ കുടുംബത്തിലും അല്ല എന്നതാണ് യാഥാർഥ്യം. ലാലുവിെൻറ സാന്നിധ്യമില്ലാത്ത ലാലു കുടുംബം ഇന്ന് നാഥനില്ലാ കളരിയാണ്. ഒരർഥത്തിൽ കലഹകൂടാരമാണ്. തേജസ്വിയുടെ വളർച്ചയാണ് സഹോദരങ്ങളെയും ലാലുവിെൻറ അളിയന്മാരെയും അലോസരപ്പെടുത്തുന്നത്. ഈ സാഹചര്യങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പു വരുന്നത്.
ഒന്നര പതിറ്റാണ്ടായി മാറിയും മറിഞ്ഞും അധികാരത്തിലിരിക്കുന്ന നിതീഷ്കുമാർ വലിയ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. പ്രളയവും കോവിഡുമൊക്കെ നേരിടുന്നതിൽ സംഭവിച്ച വീഴ്ചകൾ മുതൽ വിഷയങ്ങൾ പലത്. സാമ്പത്തികമായി ബിഹാർ തകർന്നു നിൽക്കുന്നു. കോവിഡ് അടച്ചുപൂട്ടലുകൾക്കിടയിൽ ബിഹാറിൽ തിരിച്ചെത്തിയ അന്തർസംസ്ഥാന തൊഴിലാളികൾ പട്ടിണിയും തൊഴിലില്ലായ്മയുമായി നരകജീവിതം തള്ളിനീക്കുേമ്പാൾ സമാശ്വാസം നൽകാത്തത് നിതീഷ്കുമാറിനോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിക്കളഞ്ഞു. ലാലുവിനെ തള്ളി മാറ്റുന്ന ഘട്ടത്തിൽ വികസന നായകനും പാവങ്ങളുടെ സംരക്ഷകനുമെന്ന പ്രതിച്ഛായ ഊതിക്കാച്ചിയെടുക്കാൻ നിതീഷിനു കഴിഞ്ഞിരുന്നെങ്കിൽ, ഇന്ന് അതല്ല അവസ്ഥ. ബി.ജെ.പി പിന്തുണയാണ് ഇന്നത്തെ ശക്തി. ബിഹാറിെൻറ സോഷ്യലിസ്റ്റ് പാരമ്പര്യം മൂലം ഒാടിക്കയറി മുന്നിൽ നിൽക്കാൻ വയ്യാത്തതുകൊണ്ട് ബി.ജെ.പി പഴയ സോഷ്യലിസ്റ്റ് നേതാവിന് മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത് പിൻസീറ്റ് ഡ്രൈവിങ്ങിലാണ്.
എന്നാൽ നിതീഷിനെ സഹിക്കാൻ എൻ.ഡി.എ സഖ്യകക്ഷിയായ ലോക്ജൻശക്തി പാർട്ടി തയാറല്ല. അവർ സ്വമേധയാ 170ൽപരം സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ ദലിത് വോട്ടുബാങ്കുള്ള ബിഹാറിൽ നിതീഷിനെ തള്ളിമാറ്റി മുഖ്യമന്ത്രി മുഖമായി ഉയർന്നുവരാൻ ആഗ്രഹിക്കുകയാണ് രാംവിലാസ് പാസ്വാെൻറ മകൻ ചിരാഗ് പാസ്വാൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് എതിരാളിയായിരുന്നുവെന്നത് അവരുടെ വാദമുഖങ്ങൾക്ക് ശക്തി കൊടുക്കുന്നു. എൽ.ജെ.പിയും ജെ.ഡി.യുവുമായുള്ള പോരിൽ മധ്യസ്ഥവേഷത്തിലാണ് ബി.ജെ.പി നിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ സീറ്റു പങ്കിടൽ വലിയ തലവേദനയായിരിക്കും. കേന്ദ്രം പാസാക്കിയ കാർഷിക, തൊഴിൽ നിയമഭേദഗതികളോടുള്ള രോഷം തിളക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ എന്നതും ബി.ജെ.പിയെ പ്രയാസത്തിലാക്കുന്നു.
അതേസമയം, ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ഭരണം നിലനിർത്തേണ്ടത് മോദിയുടെ അഭിമാനപ്രശ്നവും ബി.ജെ.പിയുടെ ഭാവിരാഷ്ട്രീയവുമാണ്. അതിന് രാമരാഷ്ട്രീയം സമർഥമായി ബിഹാറിൽ അടിച്ചുകയറ്റുന്നത് ഏതാനും ആഴ്ചകൾക്കു മുമ്പാണ് കണ്ടത്. ശ്രീരാമ ജന്മഭൂമിയാണ് യു.പിയെങ്കിൽ സീതാ ജന്മഭൂമിയാണ് ബിഹാർ. അയോധ്യയിലെ ക്ഷേത്ര നിർമാണാരംഭ ചടങ്ങിൽ 'ജയ് ശ്രീറാ'മിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചത് 'ജയ് സിയാറാം' എന്നാണ്. രാമന് ക്ഷേത്രമുയരുേമ്പാൾ സീതാജന്മഭൂമിയിൽ സമുചിത ക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ച് ബിഹാറിലെ എല്ലാ കക്ഷികളും സംസാരിക്കുന്നു. ഇതെല്ലാം ബി.ജെ.പിക്ക് കൂടുതൽ വളക്കൂറും സാധ്യതകളും നൽകുന്നുണ്ട്. യു.പിയും ബിഹാറും കൈപ്പിടിയിൽ നിലനിർത്താൻ കഴിഞ്ഞാൽ ലോക്സഭയിലെ 120 സീറ്റുകളിലെ നിർണായക മേധാവിത്തമാണ് ബി.ജെ.പിക്ക് കിട്ടുന്നത്. ലാലുപ്രഭാവം മങ്ങിപ്പോയ ബിഹാറിൽ ബി.ജെ.പിയുടെ ഭാവി രാഷ്ട്രീയത്തിെൻറ ചട്ടുകം മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന നിതീഷ്കുമാർ. നിതീഷിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ക്ഷമാപൂർവം സ്വന്തം അജണ്ട മുന്നോട്ടു നീങ്ങുകയാണ് ബി.ജെ.പി. മുഖ്യമന്ത്രിപദമല്ലാതെ മറ്റൊന്നും ഇന്ന് നിതീഷിെൻറ ലക്ഷ്യമല്ല. പ്രതിപക്ഷം ചിതറി നിൽക്കുന്നുവെങ്കിലും, ജനരോഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുേമ്പ ബിഹാറിനു വേണ്ടി പലതും വാരിക്കോരി മോദി പ്രഖ്യാപിച്ചതിനും, വെർച്വൽ റാലികൾ അടിക്കടി നടത്തുന്നതിനുമൊന്നും കാരണം മറ്റൊന്നല്ല.
യഥാർഥത്തിൽ കോവിഡ്കാല കേന്ദ്രഭരണത്തിെൻറയും വീഴ്ചകളുടെയും കൂടി ആദ്യ ഹിതപരിശോധനയാണ് ബിഹാറിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ, ബിഹാർ ജയത്തിെൻറ കാര്യത്തിൽ നിതീഷിനേക്കാൾ അസ്വസ്ഥനാണിന്ന് മോദി. ലോക്ഡൗൺ കൈകാര്യം ചെയ്തതിെൻറ കെടുതി ഏറ്റുവാങ്ങുകയാണ് ജനം. ബിഹാർ ഫലം അനുകൂലമെങ്കിൽ, കോവിഡ് പ്രതിരോധ മികവായി കൂടി ബി.ജെ.പി ആ ഫലത്തെ ഉയർത്തിക്കാണിക്കും. ബിഹാർ ഒരു നിലക്കും കൈവിട്ടു പോകാതിരിക്കേണ്ടത് മോദിയുടെയും അഭിമാന പ്രശ്നമാകുന്നത് മറ്റൊരു വിധത്തിൽ കൂടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുമ്പത്തേക്കാൾ മെച്ചപ്പെട്ട നിലയിൽ സീറ്റു പിടിച്ചുവെന്നതു ശരിയാണെങ്കിലും നിയമസഭതെരഞ്ഞെടുപ്പുകളിൽ ചിത്രം അതല്ല. രാഷ്ട്രീയ കുതിരക്കച്ചവടത്തിെൻറയും അട്ടിമറികളുടെയും കഥ എന്തായാലും ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പു നടന്ന ഡൽഹിയിൽ അടക്കം ബി.ജെ.പി ഇതര പാർട്ടികളാണ് വിജയിച്ചത്.
ഡൽഹിക്കു മുമ്പ് ഝാർഖണ്ഡിൽ ജെ.എം.എം. ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ്. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ്. തെലങ്കാന, കർണാടക, പഞ്ചാബ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നിങ്ങനെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താലും നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ആശ്വസിക്കാനാവില്ല. ആ ചരിത്രം തിരുത്തിപ്പറയാനും ബിഹാറിലെ ജയം ബി.ജെ.പിക്ക് ആവശ്യമുണ്ട്. അതു പ്രതിരോധിക്കാൻ കോൺഗ്രസിനും ആർ.ജെ.ഡിക്കും മറ്റു പ്രതിപക്ഷപാർട്ടികൾക്കും കഴിയാത്തത് ദേശീയതലത്തിൽ മോദിക്കുള്ള ജനപ്രീതിക്ക് തെളിവായി ബി.ജെ.പി ഉയർത്തിക്കാട്ടും. കോവിഡ് പ്രതിരോധത്തിലെ പരാജയം, കടുത്ത സാമ്പത്തിക തകർച്ച, അതിർത്തി സംഘർഷം, നിയമപരിഷ്കാരങ്ങളെ തുടർന്നുള്ള കർഷകരോഷം, തൊഴിലാളി പ്രതിഷേധം, കോവിഡ് കാലത്തും മുന്നോട്ടു നീക്കുന്ന സംഘ്പരിവാർ അജണ്ടകൾ, പൗരത്വ വിഷയം, പ്രതികാര രാഷ്ട്രീയം എന്നിവക്കെല്ലാമിടയിലാണ് ഇങ്ങനെ കൃത്രിമമായ പ്രതിച്ഛായാ നിർമാണത്തിന് അവസരം ഉണ്ടാകുന്നത്. അത്തരമൊരു പ്രതിപക്ഷമല്ല രാജ്യത്തെങ്കിൽ, മോദിയുടെയും ബി.ജെ.പിയുടെയും വയറ്റത്തടിച്ചേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.