2024 കടക്കാൻ അയോധ്യമാത്രം പോരാ. ബി.ജെ.പിക്ക് ഉണ്ടായ വെളിപാട് അങ്ങനെയാണ്. ബി.ജെ.പി ജയിച്ചെങ്കിലും സമാജ്‍വാദി പാർട്ടി തോറ്റില്ലെന്ന വിധത്തിലുള്ള യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞ പാടേ കാശിയും മഥുരയും ഉയർന്നുവരുന്നതിന്റെ രാഷ്ട്രീയം മറ്റൊന്നല്ല. ബാബരി മസ്ജിദ് ഇടിച്ചുനിരത്തിയേടത്ത് രാമക്ഷേത്രം ഉയരുകയാണ്. ഹിന്ദു അഭിമാനമായി അതിനെ ഉയർത്തിക്കാണിക്കാം. എന്നാൽ, വോട്ടർമാരിൽ ഈ ദുരഭിമാനത്തേക്കാൾ, വെറുപ്പും വിദ്വേഷവുമാണ് തികട്ടി വരേണ്ടത്. ഭരിക്കുന്നവരിൽനിന്ന് എന്തൊക്കെ സഹിക്കേണ്ടി വന്നാലും, പക ആ അമർഷത്തെ കടത്തിവെട്ടും. മനഃസാക്ഷിയില്ലാതെ സകലതും ഇടിച്ചു നിരത്താൻ ഉപയോഗിക്കുന്ന വൃത്തികെട്ട യന്ത്രമാണ് ബുൾഡോസർ.
അതിന്റെ ബലത്തിലും പ്രവർത്തന രീതിയിലും മതിപ്പുള്ളവർ സ്വന്തം നാട്ടിലെ ഭരണാധികാരികളെ ബുൾഡോസർ ബാബയെന്ന് പേരിട്ട് വിളിക്കുക മാത്രമല്ല, ബുൾഡോസർ ബാബയായി അറിയപ്പെടാൻ ഭരണാധികാരി ആഗ്രഹിക്കുകകൂടി ചെയ്യുന്ന നാട്ടുരാജ്യമാണ് ഉത്തർപ്രദേശ്. ജനാധിപത്യ രാജ്യം മൊത്തത്തിൽ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിയോഗികളായി കാണുന്നവരെ തകർത്തു തരിപ്പണമാക്കണമെന്ന പക പുകയുന്ന പ്രാകൃത മനസ്സുകളിലേക്കാണ് വിദ്വേഷത്തിന്റെ പുതിയ തീപ്പൊരി ഇപ്പോൾ ചിതറിക്കുന്നത്. മൂന്നാമൂഴം ലക്ഷ്യം കാണുന്ന അക്കൂട്ടർക്ക് മാർഗം എന്തായാലും വിഷയമല്ല തന്നെ. നീതി നിലനിർത്താൻ സഹായകമാവുമെന്ന് പ്രതീക്ഷിക്കേണ്ട കോടതികളും അതിനുള്ള ചട്ടുകങ്ങൾ മാത്രമായി. അയോധ്യക്ക് പിന്നാലെ കാശിയിലും മഥുരയിലും അതാണ് സംഭവിക്കുന്നത്.
അയോധ്യയിൽ ബാബരി മസ്ജിദ് തകർന്നു വീഴുന്നതാണ് ജീവിച്ചിരിക്കുന്ന തലമുറയും ജീവനുള്ള ജനാധിപത്യവും നേരിട്ടു കണ്ടത്. എന്നാൽ, പള്ളി തകർന്നേടത്ത് പള്ളിയല്ല, അമ്പലം ഉയരട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്. പള്ളിയെ അക്ഷരാർഥത്തിൽ 25 കിലോമീറ്റർ അകലെയൊരു പള്ളിക്കാട്ടിലേക്ക് തള്ളി. അത് ന്യായവും നീതിയും നിയമവും നോക്കി വിധിച്ചതല്ല. ഐതിഹ്യങ്ങളോ കേട്ടുകേൾവികളോ ആയിരുന്നു വിധിക്ക് പിൻബലം. യഥാർഥത്തിൽ ഒത്തുതീർപ്പ് ഫോർമുലയാണ് കോടതി മുന്നോട്ടുവെച്ചത്. സൗഹാർദം, ഭൂരിപക്ഷ വികാരം, സന്തുലനം എന്നിങ്ങനെയെല്ലാം പരത്തിപ്പറഞ്ഞ് വിട്ടുവീഴ്ചക്ക് തയാറാകാൻ ഉപദേശിക്കുകയായിരുന്നു. സമാധാനവും സൗഹാർദവും പരിപാലിക്കേണ്ട ആദ്യ ഉത്തരവാദിത്തം എക്കാലവും ന്യൂനപക്ഷങ്ങൾക്കാണല്ലോ.
പരമോന്നത നീതിപീഠത്തിന്റെ വിധി അടിത്തറയാക്കി ആ ഭൂമിയിൽ ഉയരുന്ന അമ്പലത്തിന് തറക്കല്ലിട്ടത് മതനിരപേക്ഷ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ. മതേതരത്വത്തിന്റെ മിനാരങ്ങൾ പട്ടാപ്പകൽ ഇടിച്ചു തകർത്ത കൊടിയ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല. വിധിപറഞ്ഞ ചീഫ് ജസ്റ്റിസിനെയാകട്ടെ, വിരമിച്ച പാടേ തോളിലേറ്റി രാജ്യസഭയിൽ കൊണ്ടിരുത്തി. അങ്ങനെയെല്ലാം നീതിക്കുമേൽ പേശിബലം കൊടിനാട്ടി. ഒരു കൂട്ടരുടെ വികാരങ്ങളെ മറ്റൊരു കൂട്ടരുടെ ദുരഭിമാനം ചവിട്ടിമെതിച്ചു. ജനാധിപത്യ ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും ദുരന്തമായിരിക്കും അതെന്ന് ആഗ്രഹിക്കുകയോ പ്രാർഥിക്കുകയോ എഴുതിത്തള്ളുകയോ ചെയ്തവർക്കിടയിലേക്കാണ് കാശിയും മഥുരയും അപായ സൂചനയുടെ തീപ്പൊരി ചിതറിക്കുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ദിവസം ഇന്ത്യയിലെ എണ്ണമറ്റ ആരാധനാലയങ്ങൾ ഏതു രൂപത്തിലായിരുന്നോ, ആരുടെ പക്കലായിരുന്നോ, അത് അങ്ങനെതന്നെ നിലനിർത്തണമെന്നും തൽസ്ഥിതി മാറ്റിമറിക്കാൻ പാടില്ലെന്നുമാണ് 1991ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയ പ്രത്യേക വ്യവസ്ഥാ നിയമം. അതനുസരിച്ചാണെങ്കിൽ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നു നിൽക്കുന്ന ഗ്യാൻവാപി പള്ളിയുടെ പിൻഭാഗത്തെ ശൃംഗാർ ഗൗരീ സ്ഥലിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന അഞ്ചു സ്ത്രീകളുടെ പുതിയ ആവശ്യം തൽസ്ഥിതി മാറ്റിമറിക്കുമെന്ന് കാണാൻ പ്രയാസമില്ല. എന്നാൽ, ഈ ഹരജി പരിഗണിച്ച സീനിയർ ഡിവിഷൻ സിവിൽ കോടതി, മസ്ജിദിനുള്ളിൽ സർവേ നടത്താൻ ഉത്തരവിടുകയാണ് ചെയ്തത്. ആവശ്യങ്ങളും വാദഗതികളും എന്തുതന്നെയാണെങ്കിലും, തൽസ്ഥിതി നിലനിർത്താൻ നിയമപരമായ ബാധ്യതയുള്ളപ്പോൾ സർവേ നടത്തിയിട്ട് എന്തുകാര്യമെന്ന ലളിതമായ സംശയം പോലും ഉണ്ടായില്ല.
സ്ത്രീകളുടെ ഹരജി പുതിയൊരു കരുനീക്കത്തിന്റെ തുടക്കമായിരുന്നുവെന്ന കാര്യമാകട്ടെ, സംശയരഹിതവുമാണ്. മുൻകൂട്ടി തയാറാക്കിയ തിരക്കഥക്കൊത്ത്, അഭിഭാഷക കമീഷണർമാർ പ്രവർത്തിച്ചു. കോടതിക്ക് റിപ്പോർട്ട് നൽകുന്നതിനു മുമ്പേ പള്ളിക്കുള്ളിൽ ശിവലിംഗമുണ്ടെന്ന് പ്രചരിപ്പിച്ചു. കിംവദന്തിയുടെ ബലത്തിൽ സ്ത്രീകൾ വീണ്ടും കോടതിയെ സമീപിക്കുന്നതും കോടതി നമസ്കാര നിയന്ത്രണം പ്രഖ്യാപിക്കുന്നതുമാണ് പിന്നീട് കണ്ടത്. ശിവലിംഗം കണ്ടതായി പറയുന്ന സ്ഥലം സീൽ ചെയ്തു. ഫലത്തിൽ തൽസ്ഥിതി മാറ്റിമറിച്ചു. സർവേ തടയണമെന്ന ആവശ്യവുമായി പള്ളി കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചതിനിടയിൽ ഇതെല്ലാം നടന്നു.
കഴിഞ്ഞ കാലത്തെ സ്ഥിതി പുനഃസ്ഥാപിക്കുകയോ സർവേ തടയുകയോ അല്ല സുപ്രീംകോടതി ചെയ്തത്. മറിച്ച് സിവിൽ കോടതി ജഡ്ജിയുടെ ഉത്തരവുകളിൽ കാര്യമായി ഇടപെട്ടില്ല. 20 പേരിൽ കൂടുതൽ ഒരു സമയം നമസ്കരിക്കരുതെന്ന സിവിൽ കോടതിയുടെ വിലക്ക് നീക്കിയെങ്കിലും ശിവലിംഗം കണ്ടതായി പറയുന്ന സ്ഥലം സീൽ ചെയ്ത ഉത്തരവ് അതേപടി നിലനിർത്തി. രമ്യവും സന്തുലിതവും പ്രായോഗികവുമായ പരിഹാരമെന്ന വിശേഷണത്തോടെയായിരുന്നു ഇത്. നീതിനിഷേധവും നിയമലംഘനവും ഉണ്ടായാൽ, അതു നടത്തിയവർക്കും പരിക്കേൽക്കാൻ പാടില്ല തന്നെ. വീണ്ടും കേസ് പരിഗണിച്ചപ്പോഴും കോടതിയുടെയോ നിയമത്തിന്റെയോ ആർജവമല്ല കണ്ടത്.
സ്ത്രീകളുടെ ആവശ്യം കോടതി പരിശോധിക്കേണ്ടതുണ്ടോ എന്ന് സുപ്രീംകോടതിയും സംശയിച്ചില്ല. ആരാധനാലയ നിയമത്തിന് വിരുദ്ധമായ സിവിൽ കോടതി നടപടി തടയുകയല്ല, കേസ് സിവിൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്. സിവിൽ കോടതി ജഡ്ജിക്ക് പിഴച്ചുവെന്ന് കോടതി പറഞ്ഞിട്ടില്ല. മറിച്ച് പരിചയസമ്പന്നനായ സീനിയർ ജഡ്ജി കേസ് കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് നിരീക്ഷിക്കുകയാണ് ചെയ്തത്. കോടതി മാറ്റുമ്പോൾ തന്നെ, സിവിൽ കോടതിയുടെ വിവാദ ഉത്തരവുകൾ നിലനിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. കോടതിക്ക് സർവേ റിപ്പോർട്ട് നൽകും മുമ്പേ കിംവദന്തി പ്രചരിപ്പിച്ച് അന്തരീക്ഷം കലുഷിതമാക്കിയവർക്കെതിരെ നടപടിയെടുക്കാൻ നിർദേശമില്ല. മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകുന്നത് അവസാനിപ്പിക്കണമെന്ന സാരോപദേശം മാത്രം.
സൗഹാർദം, സന്തുലനം തുടങ്ങി നിയമത്തിന് അതീതമായ വിശാല കാഴ്ചപ്പാടുകൾക്ക് മുൻതൂക്കം നൽകിയതിനൊപ്പം സുപ്രീംകോടതി മറ്റൊന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്. തൽസ്ഥിതി നിലനിർത്തണമെന്ന വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമം, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മനസ്സിലാക്കുന്നതിന് തടസ്സമല്ല. നിത്യാരാധന അനുവദിക്കണമെന്ന ഹരജിയുടെ നിലനിൽപ് മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്യുമ്പോൾ തന്നെയാണ് ഗൗരവപ്പെട്ട ഈ നിരീക്ഷണം. കേസ് ജില്ലാ കോടതി പരിഗണിക്കുമ്പോൾ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഉയർത്തിക്കാണിക്കപ്പെടാതിരിക്കുമോ, അത് കേസിനെ ബാധിക്കുമോ എന്നേ കണ്ടറിയാനുള്ളൂ.
തൽസ്ഥിതി തുടരണമെന്ന ആരാധനാലയ നിയമത്തിന്റെ അന്തഃസത്ത ഊട്ടിയുറപ്പിക്കേണ്ടതിനു പകരം, മഥുര കോടതിയും പുതിയ വ്യാഖ്യാനങ്ങളിലേക്ക് കടന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്ന ശാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു മാറ്റണമെന്ന ഹരജി ആരാധനാലയ നിയമത്തിന് നിരക്കുന്നതല്ലെന്ന് കണ്ട് നേരത്തെ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി തള്ളിയതാണ്. എന്നാൽ, ഹരജി സ്വീകരിച്ച് സിവിൽ ജഡ്ജി വാദം കേൾക്കണമെന്നാണ് ഇപ്പോൾ മഥുര ജില്ലാ കോടതിയുടെ വിധി. ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കർ ഭൂമിയിൽ ഒരു ഭാഗത്താണ് ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നും പള്ളിപൊളിച്ചു മാറ്റി ഭൂമി ട്രസ്റ്റിന് തിരിച്ചു കൊടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഇതിന്മേൽ വാദം കേൾക്കുന്നത് ആരാധനാലയ നിയമത്തിന് വിരുദ്ധമല്ലെന്നാണ് ജില്ലാ കോടതി പറഞ്ഞു വെച്ചത്.
ആരാധനാലയ നിയമത്തിന് പണ്ടേ ബി.ജെ.പി എതിരാണ്. 370ാം ഭരണഘടനാ വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ സംസ്ഥാനം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മുറിച്ചിടാൻ രായ്ക്കുരാമാനം പാർലമെന്റിൽ നിയമം കൊണ്ടുവന്ന ബി.ജെ.പിക്ക് ആരാധനാലയ നിയമം പൊളിച്ചെഴുതാൻ ഇന്നത്തെ ചുറ്റുപാടിൽ പ്രയാസമൊന്നുമില്ല. അതിലേക്കുള്ള ഒരുക്കങ്ങൾകൂടി ഇപ്പോഴത്തെ കാശി, മഥുര നീക്കങ്ങൾക്ക് പിന്നിൽ ഉണ്ടെന്നു വേണം കരുതാൻ. പള്ളി പൊളിച്ചേടത്ത് അമ്പലം പണിയാൻ ഉത്തരവിട്ട സുപ്രീംകോടതിയിൽ ജമ്മു-കശ്മീർ വിഭജനത്തിനെതിരായ ഹരജി ഇപ്പോഴും പരിഗണന കിട്ടാതെ കെട്ടിക്കിടക്കുകയാണ്. ആരാധനാലയ നിയമത്തിലെ ഏതൊരു തിരുത്തലിനുമെതിരെ കോടതി കയറാമെങ്കിലും കേസുകളുടെ ക്യൂവിൽ ജമ്മു-കശ്മീർ കേസിനും താഴെയേ ആ കേസിന് നിൽക്കാനാവൂ. കാലം ബുൾഡോസർ ബാബമാരുടേതാണെന്ന് മാത്രമല്ല, ദൈവങ്ങൾ അവരുടെ തടങ്കലിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.