മല്ലികാർജുൻ ഖാർഗെയെ ശശി തരൂർ അഭിനന്ദിക്കുന്നു

ഒരു തെരഞ്ഞെടുപ്പ്, ഒരുപാട് ഡെക്കറേഷൻ

വലിയ ഡെക്കറേഷനൊന്നും വേണ്ട എന്നതാണ് നേര്. കോൺഗ്രസ് പ്രസിഡന്‍റായതിൽ മല്ലികാർജുൻ ഖാർഗെ ആദ്യം നന്ദി പറയേണ്ടത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനോടാണ്. നെഹ്റു കുടുംബം ആദ്യം തെരഞ്ഞെടുത്ത ഗെഹ് ലോട്ട് കൂടുതൽ വില കണക്കാക്കിയത് മുഖ്യമന്ത്രിക്കസേരക്കാണ്. അതുകൊണ്ടാണ് ഖാർഗെക്ക് അവസരം ലഭിച്ചത്. ഗെഹ് ലോട്ട് മസിൽ പിടിച്ചുനിന്നപ്പോൾ തൊട്ടടുത്ത പരിഗണനയും ഖാർഗെക്ക് ആയിരുന്നില്ല. ഞാനില്ല എന്ന് കമൽനാഥും, പിന്മാറിയേക്കാം എന്ന് ദിഗ് വിജയ്സിങ്ങും പറഞ്ഞതിനൊടുവിൽ പതിനൊന്നാം മണിക്കൂറിൽ തിരഞ്ഞുപിടിച്ച സ്ഥാനാർഥിയാണ് ഖാർഗെ. അതുകൊണ്ട് പാർട്ടിയിൽ ഭൈമീകാമുകന്മാർ ഇല്ലെന്നോ പരമയോഗ്യനായി ഖാർഗെയെ കാണുന്നുവെന്നോ തെറ്റിദ്ധരിക്കേണ്ടതില്ല. കോൺഗ്രസുകാർ കൂട്ടത്തോടെ കാണുന്ന പരമയോഗ്യൻ രാഹുൽ ഗാന്ധി തന്നെ. അദ്ദേഹത്തിന് ഇപ്പോൾ ഉത്തരവാദിത്തം ഏൽക്കാൻ വയ്യ. വീണ്ടുമൊരിക്കൽ കൂടി നയിച്ചു തോറ്റ് എന്നത്തേക്കുമായി രാഷ്ട്രീയത്തിന് വെളിമ്പുറത്താകുന്നതിനേക്കാൾ ഭേദം, സോണിയ ഗാന്ധിക്കു ശേഷം മറ്റൊരു ഇടക്കാല പ്രസിഡന്‍റിനെ വാഴിക്കുകയാണ് എന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നു. പദവി ഉപേക്ഷിച്ചിട്ടും ഭാരത് ജോഡോ യാത്ര നയിക്കുന്നതിന്‍റെ രാഷ്ട്രീയവും അതിൽ തെളിഞ്ഞു കിടപ്പുണ്ട്. നാളെയൊരിക്കൽ അവസരം ഒത്തുവരുമ്പോൾ പ്രധാനമന്ത്രിയാകാൻ സ്വയം പാകപ്പെടുകയും കോൺഗ്രസുകാർ പാകപ്പെടുത്തുകയുമാണ് രാഹുലിനെ. 80 വയസ്സായ മല്ലികാർജുൻ ഖാർഗെ അതിനൊന്നും വെല്ലുവിളിയല്ലെന്നു മാത്രമല്ല, അപകടകാരിയുമല്ല. പിൻസീറ്റ് ഡ്രൈവിങ് തുടരുകയും നെഹ്റു കുടുംബത്തിന്‍റെ താൽപര്യങ്ങൾക്കൊത്ത് കോൺഗ്രസ് മുന്നോട്ടു പോവുകയും ചെയ്യും. നെഹ്റുകുടുംബത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു മൻമോഹൻസിങ്ങായി അദ്ദേഹം പ്രവർത്തിക്കും. നെഹ്റുകുടുംബത്തിനു മാത്രമല്ല, മൻമോഹനെപ്പോലെ എല്ലാ കോൺഗ്രസുകാർക്കും വിശ്വസിക്കാം. അതെല്ലാം വിട്ട്, ദലിത് നേതാവിനെ പ്രസിഡന്‍റായി കോൺഗ്രസ് വാഴിച്ചുവെന്നെല്ലാം പറഞ്ഞാൽ അതിന് ഗീർവാണത്തിന്‍റെ വില മാത്രം. വിശ്വസ്തനെ ദലിതനായതു കൊണ്ടു മാറ്റി നിർത്തിയില്ല എന്ന് വേണമെങ്കിൽ പറയാം. ഗെഹ് ലോട്ടിനു മുമ്പേ മല്ലികാർജുൻ ഖാർഗെയുടെ പേര് കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നെങ്കിൽ, പിന്നാക്ക വിഭാഗക്കാരനെ പ്രസിഡന്‍റായി വാഴിക്കാനുള്ള ഇച്ഛാശക്തിയെന്ന് അതിനെ വിശേഷിപ്പിക്കാമായിരുന്നു. അതല്ല നടന്നത്. തരൂരിന് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വോട്ട് കിട്ടിയതിലും അസാധു വോട്ടുകളുടെ പെരുപ്പത്തിലും ദലിതനോടുള്ള അയിത്തവും തെളിഞ്ഞു കിടപ്പുണ്ടെന്ന് കൂടി പറഞ്ഞാലേ കഥ പൂർണമാവൂ.

തോറ്റ ശശി തരൂരിനെ ജയിച്ച തരൂരായി വിശേഷിപ്പിക്കുന്നതും, അദ്ദേഹം വന്നാൽ എന്തൊക്കെയോ ചെയ്തുകളഞ്ഞേനെ എന്നു വാദിക്കുന്നതും മറ്റൊരു ഡെക്കറേഷൻ. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രസിഡന്‍റ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ തക്ക അർപ്പണവും വിശ്വസ്തതയും പാകതയും സീരിയസ്നെസും തരൂരിന് കൽപിച്ചു കൊടുക്കാൻ പറ്റില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ആശയവിനിമയം നടത്തുന്ന, പാർട്ടിയിലെ എതിരാളികളുടെ ഒടിയൻ പ്രയോഗങ്ങൾക്കിടയിലും തിരുവനന്തപുരത്ത് ജനപിന്തുണയുടെ ശതമാനം കൂട്ടിക്കൊണ്ടു വരുന്ന, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന, ആടയും മോടിയുമുള്ള, പോസിറ്റിവ് എനർജിയും ചുറുചുറുക്കുമായി ചെറുപ്പക്കാർക്കും സ്വീകാര്യനായ, അറുപതുകളിലും സുന്ദരനായ നേതാവാണ് തരൂർ. ബി.ജെ.പിയുടെ ഹിന്ദുത്വത്തെ ചെറുക്കുകയും കോൺഗ്രസിന്‍റെ ആശയങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. അങ്ങനെയെല്ലാമായ ശശി തരൂർ പല പരസ്യങ്ങളിലെയും അമിതാഭ് ബച്ചൻ എന്ന പോലെ, കോൺഗ്രസിന്‍റെ ന

ല്ലൊരു അംബാസഡറാണ്.

എന്നാൽ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ ഖാർഗെയോളം വലുതല്ല. ബി.ജെ.പിയുടെ അധിനിവേശത്തിനിടയിൽ മെലിഞ്ഞൊട്ടിപ്പോയ കോൺഗ്രസിനെ കരകയറ്റാൻ പറ്റിയ മാന്ത്രിക വടിയൊന്നും ഖാർഗെയുടെ പക്കലില്ല എന്നതു നേര്. അത് തരൂരിന്‍റെ കൈയിലുമില്ല. കോൺഗ്രസിന്‍റെ പാരമ്പര്യവും ആശയങ്ങളും മുറുകെ പിടിക്കുന്ന തലയെടുപ്പും, മാറ്റം കൊണ്ടുവരാൻ പാകത്തിൽ അധ്വാനിക്കാൻ മനസ്സുമുള്ള ഒരു നേതാവാണ് പ്രസിഡന്‍റ് കസേരയിൽ വേണ്ടത്. പ്രായം ഒരു പരാധീനതയല്ലെങ്കിൽ, തരൂരിനേക്കാൾ അതിനു യോജിച്ച നേതാവ് ഖാർഗെ തന്നെ. കാരണം, ഇന്ത്യയിൽ ഇന്നു നടക്കുന്നത് രണ്ടു രാഷ്ട്രീയ ചിന്താധാരകളുടെ ഏറ്റുമുട്ടലാണ്. കോൺഗ്രസിന്‍റെ ഭാഷയിൽ പറഞ്ഞാൽ, ജനാധിപത്യ-മതനിരപേക്ഷ സങ്കൽപങ്ങളിൽ അധിഷ്ഠിതമായ രാജ്യത്തിന്‍റെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവരെയും ഉൾക്കൊള്ളാനും ബി.ജെ.പിയെക്കാൾ എന്തുകൊണ്ടും ഭേദം തങ്ങളാണെന്ന് കണ്ണഞ്ചിപ്പോയ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഒന്ന് മറ്റൊന്നിന് നേർ വിപരീതമാണെന്ന് വരുത്താനുള്ള ഈ ശ്രമത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയിലെ രാഹുൽ ഗാന്ധിയുടെ അലച്ചിൽ. ഈ ബോധ്യപ്പെടുത്തലിൽ ഖാർഗെയും തരൂരും തമ്മിൽ വ്യത്യാസമുണ്ട്. ബി.ജെ.പിയുടെ കടുംഹിന്ദുത്വ ആശയങ്ങൾക്ക് എതിരാണെങ്കിലും, അവരുടെ മധ്യവർഗ-കോർപറേറ്റ് പ്രീണന നയങ്ങളുടെ പിൻപറ്റുകാരനായ പട്ടണപുരുഷനാണ് ശശി തരൂർ. ഖദറിട്ട ഖാർഗെയും കസവുടുത്ത തരൂരും തമ്മിൽ വ്യത്യാസമുണ്ട്. അടിസ്ഥാന വർഗവും മേൽത്തട്ട് മധ്യവർഗവും പോലുള്ള അന്തരമുണ്ട് അതിന്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ തരൂർ ലൈനാണ് ഭേദമെന്ന് തോന്നിപ്പോയേക്കാം.

എല്ലാ ഖദറും ഖദറല്ല, മൃദുഹിന്ദുത്വം കോൺഗ്രസിന്‍റെ കൂടെപ്പിറപ്പാണ് തുടങ്ങിയ ക്രമപ്രശ്നങ്ങൾ ഇക്കാര്യത്തിൽ ഉയരാം. എന്നാൽ കോൺഗ്രസ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന പ്രതിഛായയിൽ നിന്ന് വ്യത്യസ്തമാണത്. മോദിയുടെയും പിണറായിയുടെയും വികസന മാതൃകകളിൽ ചില നേരങ്ങളിലെങ്കിലും ഭ്രമിച്ചു പോകുന്ന ഒരു നേതാവിനെ പ്രസിഡന്‍റ് സ്ഥാനത്തിരുത്താൻ കോൺഗ്രസിന് കഴിയില്ല തന്നെ. ഇന്ത്യയെ ആഴത്തിൽ പഠിക്കുകയും രണ്ടു ഡസൻ പുസ്തകങ്ങൾ എഴുതുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, എട്ടു വർഷം മുമ്പ് കോൺഗ്രസിലേക്ക് നെഹ്റുകുടുംബം നൂലിൽ കെട്ടിയിറക്കിയ തരൂർ ഇന്നും കോൺഗ്രസിന്‍റെ സംഘടന സംവിധാനവുമായി ഇഴുകി ചേർന്നിട്ടില്ല. തിരുവനന്തപുരവും ഡൽഹിയും വിട്ടാൽ ഉൾനാടൻ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കാര്യമായ സ്വാധീനമില്ല. ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെയല്ല, അടിമുടി ഉണർവും കൂട്ടായ്മയും പ്രതിരോധവും വളർത്തിയെടുക്കാൻ കഴിയുന്ന നേതാവിനെ, ഒരു ചിന്താധാരയുടെ പ്രതിനിധിയെയാണ് കോൺഗ്രസ് തേടുന്നത്. കോൺഗ്രസിന്‍റെ ഒരു ഘടന അനുസരിച്ച്, പാർട്ടിയുടെ പല തലങ്ങളിലൂടെ കടന്നു വന്ന കൈത്തഴക്കമുള്ള ഒരു നേതാവിന് പോലും അതു കഴിയാത്ത കാലമാണ്.

പേരിനൊരു തെരഞ്ഞെടുപ്പ് നടത്തിയതിന്‍റെ പേരിൽ ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസുകാർ നടത്തുന്ന ഘോരഘോര പ്രസംഗങ്ങളും, വെറും ഡെക്കറേഷൻ. കുടുംബാധിപത്യ പാർട്ടിയെന്ന പേരുദോഷം നീക്കിക്കിട്ടാൻ കണ്ടെത്തിയ ഉപായം ചെറിയൊരു ഉണർവായെന്നതു നേര്. എന്നാൽ ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടിൽ കോൺഗ്രസ് വഹിക്കേണ്ട പങ്കിന് ഉത്തരമല്ല. കോൺഗ്രസ് ഭരണം ഉപജാപക സംഘത്തിന്‍റെ പിടിയിൽ തന്നെയായിരിക്കും. നെഹ്റു കുടുംബത്തിനു ചുറ്റും വട്ടംകൂടി നിൽക്കുന്ന നേതൃനിരയുടെ പിടി അയയുന്നില്ല. വിശ്വസ്തർക്കിടയിലെ വിശ്വസ്തന് അവരുടെ ആഗ്രഹാഭിലാഷങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ മനഃപ്രയാസവും ഉണ്ടാവില്ല. ഒരു നീക്കുപോക്ക് സംവിധാനമെന്നതിനപ്പുറം, കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടാത്തത് അതുകൊണ്ടു തന്നെയാണ്. മറുവശത്ത്, നെഹ്റുകുടുംബം നിയന്ത്രിച്ച തെരഞ്ഞെടുപ്പിലേക്ക് വിരൽചൂണ്ടി പരിഹാസച്ചിരി പൊഴിക്കാൻ ബി.ജെ.പിക്കും മറ്റും എന്തവകാശം? ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ പ്രവർത്തന കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ചോദ്യം: ആരു നീട്ടിക്കൊടുത്തു? ബി.ജെ.പിയുടെ ഏതെങ്കിലും നേതൃയോഗം ഇതിനായി ചേർന്നു കണ്ടില്ല. രണ്ടുപേർ പാർട്ടിയും അധികാരവും നിയന്ത്രിക്കുന്ന സംവിധാനമായി മാറിപ്പോയ ബി.ജെ.പിയാണ് കോൺഗ്രസിനെ പരിഹസിക്കുന്നത്. ഉപജാപകരുടെയോ കുടുംബങ്ങളുടെയോ കൈയിൽ അകപ്പെട്ട പാർട്ടികളാണ് നിർഭാഗ്യവശാൽ ഇന്ന് ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ഇടതു പാർട്ടികളിലും കൂട്ടുകൃഷി തന്നെ. ആശയാദർശ നിലപാടുകൾ കാറ്റിൽ പറന്നു പോവുകയും, അവസരവാദ രാഷ്ട്രീയരൂപമായി മാറിപ്പോവുകയും ചെയ്ത സി.പി.എമ്മുകാർ, തോറ്റു പോയ തരൂരിനെ നോക്കി അതിനിടയിൽ സഹതപിക്കുന്നതും കൗതുകകരം. കോൺഗ്രസിലായാലും പുറത്തായാലും ഇന്നത്തെ രാഷ്ട്രീയ കാഴ്ച അവനവനിസത്തിന്‍റെ വിളവെടുപ്പ് തന്നെ. 

Tags:    
News Summary - Congress President Election Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.