കുമ്പളങ്ങക്ക് വള്ളിയിട്ടാൽ കുമ്പളങ്ങിയായി. എന്നു കരുതി കുമ്പളങ്ങയെ വെള്ളരിക്കയാക്കാൻ പറ്റില്ല. കുമ്പളങ്ങിയെ വെള്ളരിക്ക പട്ടണമാക്കാനും പറ്റില്ല. അതേതായാലും ശ്യാമസുന്ദരമായ സ്വന്തം ഗ്രാമത്തെ വായനാസമ്പന്നമായ പട്ടണമാക്കാൻ അത്യധ്വാനം ചെയ്ത നേതാവാണ് കെ.വി. തോമസ് -കൃതികളുടെ കാതൽ എന്തുമാകട്ടെ. വള്ളിയിട്ട നിരവധി 'കുമ്പളങ്ങ' കഥകളുടെ കർത്താവ് മാത്രമല്ല അദ്ദേഹം. ആശാൻ ആശയഗംഭീരനായതുകൊണ്ടാണ് സാക്ഷാൽ കെ. കരുണാകരന് 'ക്ഷ' പിടിച്ചത്. അങ്ങനെ തേവര സേക്രഡ് ഹാർട്ട് കോളജിലെ രസതന്ത്ര ക്ലാസുകളിൽനിന്ന് രാഷ്ട്രീയ രസതന്ത്രങ്ങളിലേക്ക് തോമസിന്‍റെ ജീവിതം പടർന്നു പന്തലിച്ചു. ലീഡർക്കും, പിന്നാലെ കണ്ടറിഞ്ഞ പ്രഗല്ഭർക്കും തിരുതയുടെ സ്വാദ് പങ്കുവെച്ചുപോന്നതു കൊണ്ടു കൂടിയാണ് അതെന്ന് പ്രതിയോഗികളായ പാണന്മാർ പാടി നടന്നിരിക്കാം.
എന്നാൽ, രാജ്യത്തിനും പാർട്ടിക്കും വേണ്ടിയുള്ള സമർപ്പിത ജീവിതമാണ് തന്‍റേതെന്ന് ലീഡർ മുതൽ സോണിയജി വരെയുള്ളവരെ ഇതിനകം തോമസ് മാഷ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആരാധനാധിക്യത്താൽ ലീഡർ എന്നു മുഴുവൻ പറയാതെ നടന്ന കാലമുണ്ട്. വഴിതെറ്റിയ ലീഡർക്കൊപ്പം പോകാതെ കോൺഗ്രസിൽ പാറപോലെ ഉറച്ചുനിന്നിട്ടുമുണ്ട് തോമസ് മാഷ്. സോണിയജിയെ അമ്മയായും മക്കളെ സ്വന്തം കുടുംബം പോലെയും കണ്ടു. പുസ്തകം തന്നെ എഴുതി അവർക്ക് കൈമാറി. സീറ്റ് കിട്ടുമ്പോൾ കടപ്പാട് പങ്കുവെച്ചു. നിഷേധിക്കപ്പെട്ടപ്പോൾ എതിർപ്പിന്‍റെ സ്വരം ഉയർത്തുകയും ചെയ്തിട്ടുണ്ട്. എറണാകുളം സീറ്റ് ഹൈബി ഈഡൻ കൊണ്ടുപോയപ്പോൾ, കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റെങ്കിലുമാകാൻ കാത്തുകെട്ടികിടക്കേണ്ടിവന്നപ്പോൾ, രാജ്യസഭ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോഴൊക്കെ മാഷ് കലഹിച്ചു. അവസരങ്ങൾ കൈവിട്ടുപോകുമ്പോൾ ഇടയുന്നത് വാർധക്യത്തിലെ കൊതിക്കെറുവായി പലരും കണ്ടിരിക്കാം. എന്നാൽ, പാർട്ടിയെ സേവിക്കാൻ തനിക്കുള്ള അവകാശവും അർഹതയും നഷ്ടപ്പെടുത്തുന്നതിനോടാണ് യഥാർഥത്തിൽ പ്രഫസർ കലഹിക്കുന്നതെന്ന് ആരറിയുന്നു! ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവ് എന്നു പറയുന്ന കൂട്ടരാണ് രാഹുൽ ഗാന്ധി അടക്കം സകലമാന കോൺഗ്രസുകാരുമെന്ന് മാഷ് ഇന്ന് തിരിച്ചറിയുന്നു. സ്വന്തം വളർച്ചക്ക് ഉതകുന്നില്ലെങ്കിൽ ഏതു ഗ്രൂപ്, എന്തു ഗ്രൂപ്? ആ ചിന്തയോടെ ഗ്രൂപ് ഉപേക്ഷിച്ചവർക്ക് പാർട്ടിയിൽ ജീവിക്കാൻ വയ്യ എന്നും അദ്ദേഹത്തിന്‍റെ ഉപബോധ മനസ്സ് കുറെക്കാലമായി മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു.
ഇനി സി.പി.എമ്മിന്‍റെ കാര്യം. ആശയസമ്പന്നരെ കണ്ടുകിട്ടിയാൽ സി.പി.എമ്മിന് അടങ്ങിയിരിക്കാനാവില്ല. അത് ജന്മനാ വന്നുപെട്ട ദൗർബല്യമാണ്. പാർട്ടിക്കുള്ളിലാകട്ടെ, പുറത്താകട്ടെ, ആമാശയത്തിനപ്പുറം പ്രത്യയശാസ്ത്രത്തിനുള്ള സ്ഥാനം അന്യം നിന്നു പോയിട്ടില്ലെന്നു കാണുമ്പോഴുള്ള സന്തോഷം, അതൊന്നു വേറെ തന്നെ. പ്രത്യയശാസ്ത്രത്തിൽനിന്ന് ആമാശയത്തിലേക്ക് മടങ്ങാൻ ചെറിയാൻ ഫിലിപ്പിനെ പോലുള്ളവർക്ക് കഴിയുന്ന കാലത്ത് കെ.വി തോമസിനെപ്പോലുള്ളവർ രജതരേഖയാണ് -സിൽവർ ലൈൻ എന്ന് മലയാളം. സിൽവർ ലൈൻ എന്ന പിണറായി ലൈൻ പ്രത്യയശാസ്ത്രത്തോട് മമതയുള്ള കോൺഗ്രസുകാരുടെ ഗണത്തിലാണ് കെ.വി. തോമസും ശശി തരൂരുമെന്ന് അറിയാൻ ഇനിയാരും ബാക്കിയില്ല. അത്തരക്കാരായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് ചേർത്തുനിർത്തി പടമെടുക്കാനുള്ള ഒരവസരമാണ് പാർട്ടി കോൺഗ്രസെന്ന് പാർട്ടി ചിന്തകർ കണ്ടു. തെരഞ്ഞെടുപ്പു ഗോദയിലേക്ക് താത്വികമായി നോക്കിയാലും ഈ പടം കൊണ്ട് കുഴപ്പമില്ല. തിരുവനന്തപുരത്ത് ശശി തരൂർ അടുത്ത വട്ടം മത്സരിക്കുമ്പോഴും നേരിടുന്നത് സി.പി.എം സ്ഥാനാർഥിയാവില്ല. കെ.വി. തോമസിനാകട്ടെ, എറണാകുളത്തെന്നല്ല ഒരിടത്തും ഇനിയൊരങ്കത്തിന് ബാല്യമില്ല. നേരിട്ടൊരു ഏറ്റുമുട്ടൽ വേണ്ടാത്ത ജയ്റാം രമേശ് മുതൽ കപിൽ സിബൽ മുതൽ ഗുലാംനബി ആസാദ് വരെ കോൺഗ്രസിലെ തിരുത്തൽ വാദികളെയോ ആശയ സമ്പന്നരെയോ പാർട്ടി വേദികളിലേക്ക് ക്ഷണിക്കുന്നതിലുമില്ല തെറ്റ്. കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ അത് ഉപകരിക്കുകയും ചെയ്യും. ഇത്തരം കൗശലത്തെയാണ് പാർട്ടി ക്ലാസിൽ അടവു നയം എന്ന് പറയുന്നത്. പാർട്ടി പുതിയ അടവ് പുറത്തെടുത്താൽ പഴയ നയം ചാരമാകും. അതുകൊണ്ട് ഫ്രഞ്ച് നൗകയും ചാരക്കഥയുമൊക്കെ പഴയകാല ദുരൂഹത. 'കരിങ്കാലി' കരുണാകരന്‍റെ വിശ്വസ്തനെ നിർത്തിപ്പൊരിച്ചുപോന്നതും പഴങ്കഥ. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇന്ന് തിളക്കവും ചോരത്തിളപ്പും പ്രത്യയശാസ്ത്ര ബോധവുമുള്ള കോൺഗ്രസുകാരനാണ് കെ.വി. തോമസ്. കാകദൃഷ്ടിയെക്കുറിച്ച് ഹൈകമാൻഡിനെയും തരൂരിനെയും ബോധ്യപ്പെടുത്തുന്നതിൽ സുധാകര-സതീശന്മാർ ജയിച്ചെങ്കിലും, രസതന്ത്രം പ്രഫസർക്ക് ക്ലാസെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അങ്ങനെ മാഷ് റെഡി, ചുവപ്പ് ഷാൾ റെഡി. പോകല്ലേ, പോകല്ലേ എന്ന് ആർത്തലച്ച ചെറിയാൻ വെറുതെ ചെറുതായി. പാർട്ടി എല്ലും തോലുമായി നിൽക്കുന്നതിനിടയിൽ പുറത്താക്കുമെന്ന് മസിൽ പിടിച്ച നേതാക്കളും ചെറിയാന്മാരായി. കോൺഗ്രസ് പുറത്താക്കിയാൽ അകത്താക്കാനിരിക്കുകയാണ് സി.പി.എം. പുറത്താക്കും മുമ്പേ അകത്താക്കുമോ എന്നേ കണ്ടറിയേണ്ടൂ. ആരെയും അകത്താക്കാൻ ഡിക്കിയിൽ ചുവപ്പു ഷാൾ സൂക്ഷിക്കണമെന്ന് ലോക്കൽ കമ്മിറ്റിക്ക് വരെ നിർദേശം പോയിരിക്കുന്ന കാലമാണ്.
കൗശല രാഷ്ട്രീയം മാറ്റി നിർത്തിയാൽ, പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന ഒരു സെമിനാറിൽ രണ്ടു കോൺഗ്രസ് നേതാക്കളെ ക്ഷണിക്കുന്നതിലും പോകുന്നതിലും എന്താണ് തെറ്റ്? സി.പി.എമ്മിൽ ചേരാനോ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനോ അല്ല കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചത്. ചർച്ചയിൽ സ്വന്തം അഥവാ, പാർട്ടി കാഴ്ചപ്പാട് അവതരിപ്പിക്കാനാണ്. പോകുന്നവർ പാർട്ടിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ രാഷ്ട്രീയ പ്രതിയോഗിയുടെ വേദി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പക്വതയുള്ള ഒരു നേതൃത്വം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ അതിനുള്ള അവസരം കൊട്ടിയടക്കുകയല്ല. കോൺഗ്രസിന്‍റെ വേദിയിൽ സി.പി.എമ്മുകാർ പോകട്ടെ; മറിച്ചും സംഭവിക്കട്ടെ. തുറന്ന ചർച്ചകളെയും എതിരഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നതും, അത് ഏതു വേദിയിലും തുറന്നുപറയുന്നതുമാണ് ഏതൊരു പാർട്ടിയുടെയും പക്വമാർന്ന നിലപാട്. രാഷ്ട്രീയ എതിരാളിയുടെ കെണിയിൽ വീഴാതിരിക്കണമെങ്കിൽ അവരുടെ വേദിയിൽ പോകാതിരിക്കണമെന്നില്ല. സ്വന്തം നേതാവ് സ്വീകരിച്ചേക്കാവുന്ന നിലപാടിനെക്കുറിച്ച് കോൺഗ്രസിനുള്ള ആശങ്ക, അഥവാ സ്വന്തം നേതാവിലുള്ള വിശ്വാസമില്ലായ്മയാണ് വിലക്കിൽ തെളിയുന്നത്. എതിർപാളയത്തിലെ ഭിന്നത പുറത്തുകൊണ്ടുവരാനുള്ള അവസരമായിക്കൂടി ചർച്ചാവേദിയെ മാറ്റാനുള്ള സി.പി.എം കൗശലത്തിൽ പെട്ടുപോയത് കെ.വി. തോമസ് മാത്രമല്ല, കോൺഗ്രസിന്‍റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ കൂടിയാണ്.
ഒരു ചർച്ചാവേദിയിൽ പോകുന്ന കാര്യത്തിൽപോലും കൗശല രഹിത നയം സാധ്യമല്ലാത്ത രണ്ടു കൂട്ടരാണ് ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ ഉണ്ടാകേണ്ട കോൺഗ്രസ്-സി.പി.എം ബന്ധത്തെക്കുറിച്ച് തല വെണ്ണീറാക്കുന്നത്. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ നിരയെ സി.പി.എം സഹായിക്കുകയോ ഭാഗമാവുകയോ വേണമെന്ന് ഹൈകമാൻഡ് ആഗ്രഹിക്കുന്നുണ്ട്. സി.പി.എം ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിലുള്ള സമീപനം എന്താണെന്ന് ദേശീയ രാഷ്ട്രീയത്തിന്‍റെ കഴിഞ്ഞ പതിറ്റാണ്ടുകൾ വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പിയിതര, കോൺഗ്രസിതര സർക്കാർ എന്ന നയം കാലാനുസൃതമായി തിരുത്തി സോണിയഗാന്ധിയുടെ 10-ജൻപഥിലേക്ക് ഹർകിഷൻസിങ് സുർജിത് പലവട്ടം കടന്നുചെന്നു. ആ നയം കാരാട്ട്-യെച്ചൂരിമാർ പിന്തുടർന്നപ്പോൾ ഒന്നാം യു.പി.എക്കു പിന്നാലെ രണ്ടാം യു.പി.എ സർക്കാറും രാജ്യം ഭരിച്ചു.
കോൺഗ്രസിന്‍റെ കുടക്കീഴിൽ വിവിധ പാർട്ടികളെ ചേർത്തുനിർത്തുന്നതിൽ സി.പി.എം നിർണായക പങ്കാണ് വഹിച്ചത്. കാവിരാഷ്ട്രീയത്തിന്‍റെ തള്ളിക്കയറ്റം, നേതൃപരവും ആശയപരവുമായ ശോഷണം എന്നിവക്കിടയിൽ കോൺഗ്രസും സി.പി.എമ്മും പിന്നീട് ചുരുങ്ങിയ കാലംകൊണ്ട് മെലിഞ്ഞൊട്ടി. ബി.ജെ.പിക്കെതിരെ ദേശീയ ബദൽ രൂപപ്പെടുത്താൻ കോൺഗ്രസിനും സി.പി.എമ്മിനുമുണ്ടായിരുന്ന കരുത്ത് ചോർന്നു. രണ്ടു കൂട്ടരിലും മറ്റു പാർട്ടികൾക്കുള്ള ബഹുമാനം കുറഞ്ഞു. യഥാർഥത്തിൽ കോൺഗ്രസിനേക്കാൾ ഈ ആഘാതം കൂടുതൽ ഏറ്റുവാങ്ങുന്നത്, കേരളത്തിലേക്ക് ചുരുങ്ങിപ്പോയ സി.പി.എമ്മാണ്. അടിമുടി ഉടച്ചു വാർക്കാനോ പുതിയ മുദ്രാവാക്യം മുന്നോട്ടുവെക്കാനോ കഴിയാതെ നേതൃതലം മുതൽ ദരിദ്രമാണ് കോൺഗ്രസെങ്കിൽ, പാർട്ടിയുടെ അടിത്തറയായ വർഗ ബഹുജനങ്ങൾ അകന്നുപോകുന്ന പ്രത്യയശാസ്ത്ര ദാരിദ്ര്യം കൂടിയാണ് സി.പി.എം നേരിടുന്നത്. പാർട്ടി അംഗങ്ങളിൽ പകുതിയും കേരളത്തിലാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലുമടക്കം പാർട്ടി കൂടുതൽ ശോച്യാവസ്ഥയിലായി. പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗത്തിനും അംഗത്വത്തിനു മിനിമം യോഗ്യത പോലുമില്ല. നേതാക്കൾക്ക് പൊതുജനങ്ങളുമായുള്ള ബന്ധം പൊതുസമ്മേളനങ്ങളിലും റാലികളിലുമായി ഒതുങ്ങി.
ഈ സ്ഥിതിയിൽനിന്ന് പാർട്ടിയെ വീണ്ടെടുക്കുന്ന ഏതൊരു ചർച്ചയേയും സ്വാധീനിക്കുന്നത് കേരളത്തിലെ സാഹചര്യങ്ങളാണ്. കേരളത്തിലെ നിലനിൽപുമാത്രം മുൻനിർത്തിയാണ് അടവും നയവും. കേരളത്തിലെ 20 ലോക്സഭ സീറ്റിൽ കഴിവതും പിടിക്കാനുള്ള കൗശല രാഷ്ട്രീയം മാത്രമായി സി.പി.എമ്മിന്‍റെ ദേശീയ അജണ്ട ചുരുങ്ങിപ്പോയിരിക്കുന്നു. അതിനൊത്ത കിന്നരി തുന്നിച്ചേർക്കുകയാണ് പാർട്ടി കോൺഗ്രസ്. സി.പി.എമ്മും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കപ്പുറത്തെ ദേശീയ സമീപനം സ്വീകരിക്കാൻ മുമ്പുണ്ടായിരുന്ന കെൽപ് ഇന്ന് പാർട്ടി ദേശീയ നേതൃത്വത്തിനില്ല. കോൺഗ്രസുമായി സഖ്യമില്ലെന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തിന്‍റെ പല്ലവിയല്ലാതെ, ദേശീയ തലത്തിൽ സി.പി.എമ്മിന്‍റെ പ്രസക്തിയും പ്രാധാന്യവും നേതൃപരമായ പങ്കും വർധിപ്പിക്കുന്ന നടപടികളോ മുദ്രാവാക്യങ്ങളോ പാർട്ടി കോൺഗ്രസിൽനിന്ന് ഉയർന്നുവരുന്നില്ല.
ദേശീയ പ്രതിപക്ഷ നിരയെ നയിക്കാൻ കോൺഗ്രസിന് കെൽപില്ലാതായി എന്ന് പാർട്ടി കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. ദേശീയ പ്രതിപക്ഷ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിൽ മുൻകാല പങ്ക് തുടർന്നും നിർവഹിക്കാൻ സി.പി.എമ്മിന് കെൽപുണ്ടോ എന്ന ക്രമപ്രശ്നത്തിന് ഉത്തരമില്ല. കോൺഗ്രസിനും മുമ്പേ, സി.പി.എമ്മിനെ തള്ളിമാറ്റി തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമൊക്കെയാണിന്ന് കിങ് മേക്കർ റോളിൽ. കോൺഗ്രസിന്‍റെ നേതൃത്വം അംഗീകരിക്കാൻ ചില പ്രധാന പ്രതിപക്ഷ പാർട്ടികൾ വിമുഖത കാണിച്ചുതുടങ്ങിയതുപോലെ തന്നെ ശ്രദ്ധേയമാണ്, തെരഞ്ഞെടുപ്പു സഖ്യങ്ങളിൽ സി.പി.എമ്മിനെ പങ്കാളിയാക്കാൻ എത്ര പ്രാദേശിക പാർട്ടികൾ വിമുഖത കാണിക്കുന്നുവെന്ന കാര്യം. ഏറ്റവുമൊടുവിൽ യു.പിയിൽ സംഭവിച്ചതും മറ്റൊന്നല്ല. പ്രതിപക്ഷ കൂട്ടായ്മയുടെ കാര്യമെടുത്താൽ, തൃണമൂൽ ഉണ്ടെങ്കിൽ സി.പി.എം ഇല്ല എന്നതാണ് ഇപ്പോൾ തന്നെ പ്രതിപക്ഷ ഐക്യത്തിന്‍റെ സ്ഥിതി. താത്വിക വിചാരം എന്തായാലും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളെ അവഗണിച്ച് സി.പി.എം സ്വപ്നം കാണുന്നൊരു ബദലിലേക്ക് നടക്കാൻ എത്ര പ്രതിപക്ഷ പാർട്ടികളെ കിട്ടും? ഫലത്തിൽ ബി.ജെ.പിക്കെതിരായ ബദലിനെ പിന്തുണക്കുക എന്നതിനപ്പുറം, രൂപപ്പെടുത്തുക എന്ന പങ്കുവഹിക്കാൻ പാകത്തിലൊരു ഇടം ദേശീയ രാഷ്ട്രീയത്തിൽ ഇല്ലാത്ത ദുഃസ്ഥിതിയിലാണ് പാർട്ടി. സി.പി.എമ്മിന്‍റെ ഈ വിളർച്ചക്ക് ഏതാനും ചുവപ്പ് ഷാൾ ഉത്തരമാവില്ല. കുമ്പളങ്ങ വെള്ളരിക്കയാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.