നാലാണ് തൂണുകൾ. ജനാധിപത്യം താങ്ങിനിർത്തുന്നത് അവരത്രേ. നിയമനിർമാണ സഭ, നീതിപീഠം, ഭരണ നിർവാഹകർ, മാധ്യമങ്ങൾ. നാലും ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുേമ്പാൾ ഭരണഘടനയും ജനായത്തവും അർഥവത്താകും. നാലാമത്തേതിൽനിന്ന് തുടങ്ങാം. ഭരണഘടന അർഥവത്താകുന്ന വിധമാണോ സംവിധാനങ്ങളുടെ പോക്ക് എന്ന് ചികയുന്ന കൂട്ടരാണ് മാധ്യമങ്ങൾ. അങ്ങനെ ചികയാൻ മാധ്യങ്ങൾക്ക് എവിടെയും കയറിച്ചെല്ലാം; അതല്ലെങ്കിൽ കയറിച്ചെല്ലാൻ കഴിയണം. ആരുടെയും അടുക്കളയിലേക്കല്ല, ഇന്ത്യൻ പാർലമെൻറിലേക്കുതന്നെയാകട്ടെ ആദ്യം. ശീതകാല പാർലമെൻറ് സമ്മേളനം നടക്കുകയാണ്; 23ന് തീരാൻ പോവുകയാണ്. നൂറുകണക്കിന് പത്രക്കാരുണ്ട് ഡൽഹിയിൽ. അവരെ എല്ലാവരെയും പാർലമെൻറിലേക്ക് കയറ്റാൻ പറ്റില്ല. അതിനൊരു സംവിധാനമുണ്ട്. ഓരോ പത്രത്തിെൻറയും വലുപ്പച്ചെറുപ്പമനുസരിച്ച് പ്രതിനിധികളുടെ എണ്ണം പരിമിതപ്പെടുത്തും. അപ്പോൾ പോലും സക്രിയമായ മാധ്യമങ്ങളുടെ ഒരു പ്രതിനിധിക്കെങ്കിലും ഓരോ സഭയിലെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്ത് രാജ്യത്തെ അറിയിക്കാൻ അവസരം നൽകും. അവിടെ നടക്കുന്നത് എന്താണെന്നറിയാൻ ജനങ്ങൾക്കുള്ള അവകാശം ഉറപ്പാക്കുന്നത് മാധ്യമങ്ങൾക്ക് നൽകുന്ന ഈ പ്രാതിനിധ്യത്തിലൂടെയാണ്. എന്നാൽ ഇപ്പോഴെന്താണ് സ്ഥിതി? റിപ്പോർട്ടിങ്ങിലെ തഴക്കമനുസരിച്ച് നൽകിപ്പോന്ന സ്ഥിരം പാസ് മുതൽ താൽക്കാലിക പാസ് വരെയുള്ളതെല്ലാം വെറുതെ.
പാർലമെൻറ് റിപ്പോർട്ട് ചെയ്യേണ്ട 'ഭാഗ്യവാനെ'യും മാധ്യമത്തെയും നിശ്ചയിക്കുന്നത് നറുക്കിട്ടാണ്. ലോട്ടറിയടിക്കുന്നവന് പാർലമെൻറിൽ കടക്കാം. അങ്ങനെ ഭാഗ്യവാന്മാരായ അപൂർവം ചില റിപ്പോർട്ടർമാരാണ് അകത്തു കടക്കുന്നത്. പ്രാദേശിക പത്രങ്ങളുടെ കാര്യമെടുത്താൽ, ഒരു മാസത്തെ ശീതകാല സമ്മേളനത്തിനിടയിൽ ലോക്സഭയിൽ നേരിട്ടുപോയി റിപ്പോർട്ട് ചെയ്യാൻ ഒരു മാധ്യമത്തിന് കിട്ടുന്നത് ശരാശരി രണ്ടു ദിവസം. രാജ്യസഭ കുറെക്കൂടി മെച്ചമാണ്. ഒത്താൽ ആഴ്ചയിൽ രണ്ടു ദിവസം. ബാക്കിയുള്ള ദിവസങ്ങളിൽ പാർലമെൻറ് നടപടികളുടെ ലൈവ് കണ്ട് റിപ്പോർട്ട് ചെയ്യാം. അതല്ലെങ്കിൽ എം.പിമാരോട് ചോദിച്ചു മനസ്സിലാക്കാം. എം.പിമാരുമായി സംശയനിവൃത്തിക്ക് ബന്ധപ്പെടാനും മറ്റുമായി മുതിർന്ന മാധ്യമപ്രവർത്തകർക്ക് അനുവദിച്ചിരുന്ന സെൻട്രൽ ഹാൾ പ്രവേശനം അടക്കം നിരോധിച്ചു.
കോവിഡ് വന്നശേഷമുള്ള സ്ഥിതിയാണ്. ആളകലം അടക്കമുള്ള ജാഗ്രതാ പ്രോട്ടോക്കോളിെൻറ ഭാഗമായി തുടങ്ങിയ ഏർപ്പാടാണ്. പോരാത്തതിന് പാർലമെൻറിെൻറ പുതിയ മന്ദിര നിർമാണവും നടക്കുന്നു. ലോക്ഡൗൺ കാലമൊക്കെ കഴിഞ്ഞ് ഒമിക്രോൺ പേടി പോലും വകഞ്ഞുമാറ്റി ലോകം മുന്നോട്ടുപോകുകയാണ്. തെരഞ്ഞെടുപ്പുകൾ പലതു കഴിഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ളവർ പ്രസംഗിച്ച പൊതുസമ്മേളനങ്ങളിൽ ആളകലം നോക്കാതെ എത്ര ആയിരങ്ങൾ ഒന്നിച്ചു പങ്കെടുത്തു. മാർക്കറ്റും സ്ഥാപനങ്ങളും ഒരുപോലെ സജീവമായി. എല്ലാം പഴയപടിയായെന്ന് സർക്കാർതന്നെ അവകാശപ്പെടുന്നു. പക്ഷേ, പാർലമെൻറിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ചിട്ടില്ലെന്നല്ല, ശക്തമായി നടപ്പാക്കിവരുകയാണ്. ഇനിയിപ്പോൾ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നു തന്നെ ഉറപ്പില്ല. പുതിയ മന്ദിരം വരുേമ്പാൾ ക്രമീകരണങ്ങൾ ആകപ്പാടെ മാറ്റുകയാണ്. എങ്ങനെ മാറ്റാൻ പോകുന്നുവെന്ന കാര്യം ആർക്കുമറിയില്ല.
മാധ്യമ നിയന്ത്രണം പാർലമെൻറിൽ മാത്രമല്ല. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്കാണ് സർക്കാർ മന്ദിരങ്ങളിലും സർക്കാറിെൻറ ഔദ്യോഗിക പരിപാടികളിലും പ്രവേശനം. ക്വോട്ട അനുസരിച്ച് മാധ്യമസ്ഥാപനം നിർദേശിക്കുന്ന റിപ്പോർട്ടർക്ക് അത് ഓരോ വർഷവും പുതുക്കി നൽകുന്നതാണ് രീതി. 2021 അവസാനിക്കുേമ്പാഴും അത് പുതുക്കാൻ ഇക്കുറി നടപടി തുടങ്ങിയിട്ടില്ല. അവിടെയും നിയന്ത്രണം കൊണ്ടുവരുകയാണ്. അതു സംബന്ധിച്ച തീരുമാനങ്ങൾ വരുന്നതുവരെ അക്രഡിറ്റേഷൻ പുതുക്കാൻ അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്നാണ് നിശ്ചയം. അതുവരെ നിലവിലുള്ള പാസിെൻറ കാലാവധി നീട്ടുന്നു.
ആ നിയന്ത്രണവും കോവിഡ് പേടികൊണ്ടാണോ എന്ന് വ്യക്തമല്ല. ഏഴര വർഷമായി ഇന്ത്യയുടെ പ്രധാനമന്ത്രി ഒരൊറ്റ വാർത്തസമ്മേളനം പോലും നടത്തിയിട്ടില്ല, വിദേശയാത്രയിൽ മാധ്യമങ്ങൾക്കുള്ള പ്രാതിനിധ്യം നിരോധിച്ചു, സ്തുതിഗായകർക്ക് മാത്രമാണ് സർക്കാർ പരസ്യം എന്നെല്ലാമായിരുന്നു ഇതുവരെയുള്ള കുറ്റംപറച്ചിൽ. ഇപ്പോൾ ഭരണഘടന സ്ഥാപനങ്ങളിലേക്കും സർക്കാറിെൻറ പ്രവർത്തന കേന്ദ്രങ്ങളിലേക്കും കയറിച്ചെല്ലാനുള്ള പാസ് എന്ന ദയാദാക്ഷിണ്യത്തിന് പ്രതീക്ഷപൂർവം നാലാം തൂണും ചാരി കാത്തിരിപ്പാണ് മാധ്യമങ്ങൾ; മാധ്യമ പ്രവർത്തകർ. എന്നിട്ടെന്താ വിവരങ്ങളൊന്നും നാട്ടുകാർ അറിയുന്നില്ലേ, മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടണം, സ്വാതന്ത്ര്യം കുറെ കൂടിപ്പോയി എന്നിങ്ങനെയുള്ള പശ്ചാത്തല സംഗീതം കൂടിയായാൽ സംഗതി ഗംഭീരം. സർക്കാർ വിളമ്പുന്നതല്ലാതെ, സർക്കാറിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് ജനം കൂടുതലെന്ത് അറിയണം? മാധ്യമങ്ങൾ 'കടക്കു പുറത്ത്' എന്നാണ് മലയാളത്തൽ അതിെൻറ മൊഴിമാറ്റം.
ഇനി ഒന്നാം തൂണിനെക്കുറിച്ചു പറയാം. വർഷത്തിൽ മൂന്നു വട്ടം സമ്മേളിക്കുന്ന നിയമനിർമാണ സഭയുടെ ഒരു മാസത്തെ ശീതകാല സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. തുടങ്ങിയ ദിവസം തന്നെ രാജ്യസഭയിൽ 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ സഭാ സമ്മേളനത്തിൽ സഭാനടപടി അലങ്കോലപ്പെടുത്തിയതിനുള്ള ശിക്ഷയാണ്. പാർലമെൻറിലെ അച്ചടക്കത്തിന് പുകൾപെറ്റ പാർട്ടി ഭരിക്കുേമ്പാൾ പ്രതിപക്ഷാംഗങ്ങൾ അച്ചടക്കരാഹിത്യം കാണിച്ചാൽ പുറത്താക്കി കാര്യങ്ങൾക്കൊരു ചിട്ട വരുത്തണം. അതിനേക്കാൾ, പ്രതിപക്ഷത്തെ എങ്ങോട്ടു വഴിതിരിച്ചുവിടണമെന്ന് ഭരണപക്ഷം തീരുമാനിച്ചുവെന്ന് പറയുന്നതാണ് കൃത്യം. അതിലെ അനീതിക്കെതിരെ പ്രതിഷേധിക്കാതിരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് ഭരണപക്ഷത്തിന് അറിയാം. പ്രതിഷേധം സഭ നടക്കുന്ന എല്ലാ ദിവസവും തുടരുന്നു; പാർലമെൻറ് തുടർച്ചയായി സ്തംഭിക്കുന്നു. പുറത്താക്കപ്പെട്ട എം.പിമാർ ഗാന്ധിപ്രതിമക്കു മുന്നിൽ ദിവസവും സത്യഗ്രഹമിരിക്കുന്നു. പ്രതിപക്ഷത്തെ ഇങ്ങനെ സഭക്കു വെളിയിലാക്കിയാൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. കൊണ്ടുവരാൻ ഉദ്ദേശിച്ച ബില്ലുകൾ സർക്കാർ കൊണ്ടുവരുന്നു; മിനിറ്റുകൾക്കുള്ളിൽ ചർച്ച കൂടാതെ പാസാക്കുന്നു.
ഇനിയുള്ള ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശദ ചർച്ച ആവശ്യമുള്ള വിവാദ ബില്ലുകൾ കൂടി സഭയിൽ വരും. പ്രതിപക്ഷ ബഹിഷ്കരണത്തിനിടയിൽ തങ്ങൾ വിയർക്കേണ്ടിവരുന്ന വിഷയങ്ങളിൽനിന്നെല്ലാം സർക്കാർ പാർലമെൻറിൽ രക്ഷപ്പെട്ടുനിൽക്കുകയാണ്. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചത്, മിനിമം താങ്ങുവില പ്രശ്നം, ലഖിംപുർ ഖേരിയിൽ കർഷകരെ വണ്ടി കയറ്റി കൊന്നത്, അതിൽ മുഖ്യപ്രതിയുടെ പിതാവായ അജയ് മിശ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തു തുടരുന്നത്, വിലക്കയറ്റം, പെഗസസ് ചാരവൃത്തി, ഇന്ധന വിലയിലെ തോന്ന്യാസം, സ്വകാര്യവത്കരണ പരിഷ്കാരങ്ങൾ, കോവിഡ്കാല സാമ്പത്തിക തകർച്ച, വാക്സിനേഷൻ എന്നിങ്ങനെ നീളുന്ന ഒരുകൂട്ടം പ്രശ്നങ്ങൾക്ക് ഒറ്റ വാക്കിലൊരു വിശദീകരണം പോലും സർക്കാറിന് പാർലമെൻറിൽ നൽകേണ്ടി വന്നിട്ടില്ല.
അടിയന്തര പ്രമേയങ്ങൾക്ക് അനുമതിയില്ല. ജനകീയ വിഷയങ്ങൾ പാർലമെൻറിൽ നേരിടേണ്ടി വന്നില്ലെന്നു മാത്രമല്ല, പ്രധാന പ്രതിപക്ഷമായ കോൺഗ്രസും രണ്ടാമത്തെ പ്രധാനികളായ തൃണമൂൽ കോൺഗ്രസും തമ്മിൽ പ്രതിഷേധ കാര്യത്തിൽ കിടമത്സരാവേശത്തോടെ തർക്കവുമായി. കോവിഡ് കാലം മുതൽ വിളിച്ച ഒറ്റ സമ്മേളനംപോലും പ്രതിഷേധങ്ങൾ മൂലം നിശ്ചയിച്ച തീയതിവരെ നീണ്ടില്ല. അതേപോലെ, ഇത്തവണ സഭാസേമ്മളനം നേരേത്ത സർക്കാർ അവസാനിപ്പിക്കാൻ ഇടയില്ല. പ്രതിപക്ഷം തൊണ്ട കീറി പ്രതിഷേധിക്കട്ടെ, വകവെക്കേണ്ടതില്ലെന്ന മട്ട്. നിയമനിർമാണങ്ങളിൽ ജനപ്രതിനിധികൾക്കുള്ള പങ്കാളിത്തത്തിെൻറ, ജനകീയ വിഷയങ്ങൾ ഉയർത്താൻ പാർലമെൻറിൽ ജനപ്രതിനിധിക്ക് കിട്ടുന്ന അവസരത്തിെൻറ ചിത്രമാണ് ഇന്ന് പാർലമെൻറ് നൽകുന്നത്.
ഭരണനിർവഹണത്തിലെ ജനാധിപത്യത്തെക്കുറിച്ച് എന്തിനധികം പറയണം? പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കരണ ചർച്ചയിലേക്ക് ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പു കമീഷൻ നയിക്കുന്നവരെ വിളിപ്പിക്കുന്ന കാലമാണ്. രണ്ടു പേർ ചേർന്നെടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിച്ച് നടപ്പാക്കുകയെന്ന മേൽത്തരം ഗുമസ്തന്മാരുടെ ഉത്തരവാദിത്തമല്ലാതെ മന്ത്രിമാർക്കില്ല. നിലപാടുകൾക്ക് തിരുവായ്ക്ക് എതിർവായില്ലാതെ ഭാഷ്യം ചമക്കുകയല്ലാതെ, ഉദ്യോഗസ്ഥർ സംശയിച്ചുനിൽക്കാൻ പോലും പാടില്ല. നോട്ടുനിരോധനം, ജി.എസ്.ടി നടപ്പാക്കൽ, ജമ്മു-കശ്മീർ വിഭജനം എന്നിങ്ങനെ ഓരോന്നും അങ്ങനെയാണ് നടപ്പായത്. അങ്ങനെയാണ് കാർഷിക നിയമങ്ങൾ വിവാദവും സമരവുമായത്. കുനിയാൻ പറഞ്ഞാൽ അർഥം മുട്ടിലിഴയണമെന്നാണെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. അതിൽ പിന്നാക്കംപോയ പലർക്കുമാണ് മന്ത്രിസഭയിൽനിന്നും പ്രധാന കസേരകളിൽനിന്നും ഒഴിയേണ്ടിവന്നത്. അത് തിരിച്ചറിഞ്ഞുള്ള ഓച്ചാനമാണ് ഇന്ന് ഭരണനിർവഹണത്തിെൻറ മുഖമുദ്ര.
കാവിയും കോർപറേറ്റുമാണ് ഭരണനിർവഹണത്തിെൻറ പ്രമേയം. എല്ലാ മതവിഭാഗങ്ങളോടും തുല്യദൂരം പാലിച്ച് ഭരണഘടനാപദവിയുടെ അന്തസ്സ് കാത്തു സൂക്ഷിക്കേണ്ട പ്രധാനമന്ത്രി കാവിപുതച്ച പൂജാരിയാകാമോ, പൊളിച്ച മസ്ജിദിെൻറ സ്ഥാനത്തെ ക്ഷേത്രത്തിന് കല്ലിടാമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നും യുക്തിഭദ്രമല്ല . സ്വതന്ത്ര സർക്കാർ മാധ്യമമെന്നു രേഖകളിൽപറയുന്ന പ്രസാർ ഭാരതി സർവവിധ സന്നാഹങ്ങളുമായി അത് ലൈവായി ജനങ്ങളിലെത്തിക്കേണ്ടതാണോ, സർക്കാർ ഖജനാവിൽനിന്ന് ഇതിനൊക്കെ പണം മുടക്കാമോ തുടങ്ങിയ ചോദ്യങ്ങളും അനാവശ്യമാണ്.
നെടുംതൂണുകളിൽ സുപ്രധാനമായ നീതിപീഠത്തിൽ നിന്നുള്ള ചിത്രങ്ങളോ? തനിക്ക് തോന്നുേമ്പാൾ രാജ്യസഭയിൽ പോകും, വരും എന്ന ജനാധിപത്യബോധം മറയില്ലാതെ വിളമ്പിയ രഞ്ജൻ ഗൊഗോയിയെന്ന സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസിനെ പാർലമെൻറ് അംഗമാക്കിയത് ആരാണ്, എങ്ങനെയാണ്? കാടൻ നിയമമായി ജനങ്ങൾക്ക് അനുഭവപ്പെടുന്ന സേനാ പ്രത്യേകാധികാര നിയമമായ അഫ്സ്പ പോലുള്ളവ ആവശ്യമാണെന്ന് പറഞ്ഞതടക്കം സർക്കാർ വിധേയത്വം അടിക്കടി ആവർത്തിക്കുന്ന റിട്ട. ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനാക്കിയത് ആരാണ്, എങ്ങനെയാണ്? ജമ്മു-കശ്മീർ വിഭജനം, പൗരത്വ നിയമഭേദഗതി തുടങ്ങിയ ഗൗരവ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇത്രകാലമായും പരിഗണിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്?
ഇതിനെല്ലാമിടയിൽ ഭരിക്കുന്ന ബി.ജെ.പിക്കും എതിർക്കുന്ന പ്രധാന പ്രതിപക്ഷത്തിനും മുന്നിലുള്ള ഇന്നത്തെ പ്രധാന ക്രമപ്രശ്നം ഹിന്ദുരാഷ്ട്ര നിർമാണമാണ്. യു.പി തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് താൻ ഹിന്ദു ബിംബമായി ജനങ്ങൾക്ക് അനുഭവപ്പെടണമെന്ന് രാജ്യത്തിെൻറ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. കുളിച്ച് കാവിയുടുത്ത് ഗംഗാസ്നാനവും ആരതിയും ക്ഷേത്രദർശനവും നടത്തുന്നത് ലൈവായി ജനങ്ങൾ കാണുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
ഹിന്ദുത്വവാദികളിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിെൻറ വഴികളെക്കുറിച്ചാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജയ്പുരിൽ പ്രസംഗിക്കുേമ്പാൾ തല പുകച്ചത്. ഹിന്ദു വോട്ടുകളിൽ പിടിമുറുക്കുന്നതിനും, അത് തിരിച്ചുപിടിക്കുന്നതിനുമായുള്ള ഈ വടംവലിക്കിടയിൽ ഇന്ത്യ എന്ന ആശയം എവിടെയാണ്? ഹിന്ദുവിനും ഹിന്ദുത്വവാദികൾക്കുമപ്പുറം, ഈ മതേതര, ജനാധിപത്യ രാജ്യത്തെയും ഭരണഘടനയെയും താലോലിക്കുന്ന മനുഷ്യരെക്കുറിച്ചും മനുഷ്യപ്പറ്റിനെക്കുറിച്ചും പറയാൻ, എല്ലാവർക്കും അവകാശപ്പെട്ട ഇൗ നാടിനെക്കുറിച്ചും പറയാൻ ആരുണ്ട്? സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷിക വേളയിൽനിന്ന് ആക്രമണോത്സുക രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ വഴിതെളിക്കുന്നത് എങ്ങോട്ടാണ്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.