വർഗീയലഹരികൊണ്ട് വിശപ്പ് മാറ്റാൻ പറ്റില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ഇന്ന് യഥാർഥ പ്രശ്നങ്ങൾ. പച്ചയായ ഈ സത്യത്തിനു നേരെ പിടിച്ച കണ്ണാടിയിലാണ് യുവാക്കളുടെ തിളക്കുന്ന രോഷം തെളിഞ്ഞു വരുന്നത്. സർക്കാർ വഞ്ചിച്ചു എന്ന വികാരമാണ് ആ രോഷത്തിനു കാരണം. അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമത്തിന് ഒരുമ്പെട്ടിറങ്ങിയ യുവാക്കളെ ഒരു രാഷ്ട്രീയ പാർട്ടിയും തള്ളിവിട്ടതല്ല. അവിവേകത്തിനും മുതിർന്ന്, മോഹഭംഗത്തിന്റെ കലിയടക്കാൻ ശ്രമിക്കുകയാണ് അവർ. കാത്തിരുന്നുമടുത്തവന്റെ നിരാശയും അക്രമവാസനയുമാണ് പുറത്തുവരുന്നത്. ഇവിടെ ഒരു ഫ്ലാഷ് ബാക്ക് ആവശ്യമുണ്ട്.
എട്ടുവർഷം മുമ്പ് മോദിസർക്കാർ അധികാരത്തിൽ വന്ന ഘട്ടം. യുവാക്കളുടെ അഭിലാഷമാണ് ആ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിച്ചതെന്ന് പരക്കെ പറഞ്ഞുകേട്ടു. കൊടിയ അഴിമതിയിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച്, യുവജനങ്ങളുടെ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പിയെ വർഗീയചിന്തകളുടെ അകമ്പടിയോടെ അധികാരത്തിലേക്ക് ആനയിക്കുന്നതിൽ ചെറുപ്പക്കാർ വലിയ പങ്കുവഹിച്ചു. കാതലായ മാറ്റമെന്നു തോന്നിപ്പിക്കുന്ന വിപ്ലവ നീർക്കുമിളകൾ ഉണ്ടാകാതിരുന്നില്ല. മേക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്, മുദ്ര എന്നിങ്ങനെ പല കുപ്പികളിലാക്കിയ പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. കള്ളനോട്ടും ഭീകരതയും ഇല്ലാതാക്കാൻ നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോഴും കോരിത്തരിപ്പോടെയാണ് നല്ലൊരു പങ്ക് യുവാക്കൾ ഏറ്റുവാങ്ങിയത്. ജി.എസ്.ടി നടപ്പാക്കി. തൊഴിൽനിയമങ്ങളിൽ മാറ്റംകൊണ്ടുവന്നു. ഭൂമി ഏറ്റെടുക്കൽ നിയമം, കാർഷിക ഭേദഗതി നിയമം എന്നിവ നടപ്പാക്കുകയും കടുത്ത എതിർപ്പുമൂലം പിൻവലിക്കപ്പെടുകയും ചെയ്തു. ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി, പിൻവലിക്കണോ തിരുത്തിയാൽ മതിയാകുമോ എന്ന ചോദ്യചിഹ്നത്തിനു മുന്നിലാണ് എത്തി നിൽക്കുന്നത്. ഫലത്തിൽ, സർക്കാറിന്റെ ഓരോ പരിഷ്കാരവും സമാശ്വാസങ്ങൾക്കപ്പുറം പുതിയ വേദനകളാണ് ജനത്തിന് സമ്മാനിച്ചത്. ഇതിനെല്ലാമിടയിൽ എട്ടു വർഷം മുമ്പത്തെ അഭിലാഷത്തിന്റെയോ അമിതാഹ്ലാദത്തിന്റെയോ തിളക്കം യുവനിരയുടെ മുഖങ്ങളിൽ ഇല്ല. അഭിലാഷങ്ങൾ മോഹഭംഗങ്ങൾക്കു വഴിമാറി. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിന്റെ പാരമ്യത്തിലാണ്. കോവിഡും റഷ്യയുമൊക്കെ ചേർന്ന് ആഗോള ജീവിത-വ്യവസായ-സാമ്പത്തികക്രമം താളംതെറ്റിച്ചുവെന്നത് ശരി. എന്നാൽ, തങ്ങളുടെ ഭാവി മുരടിപ്പിക്കുന്നതിൽ സർക്കാറിന്റെ നയങ്ങൾക്കും പിഴവുകൾക്കും വലിയ പങ്കുണ്ടെന്ന തിരിച്ചറിവ് വർധിച്ചുവരുന്നു. ഇതിലുള്ള അസഹനീയ വികാരമാണ് അഗ്നിപഥിൽ പുറത്തുചാടിയത്.
ഏറ്റവുമൊടുവിൽ നടന്ന യു.പി തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ പ്രശ്നം നുരഞ്ഞുപൊന്തിയിരുന്നു. എന്നാൽ, സാമുദായിക ധ്രുവീകരണത്തിലൂടെ അതു മറികടക്കാൻ സർക്കാറിനു കഴിഞ്ഞു. എത്രയൊക്കെ വിശദീകരിച്ചാലും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്തിയെന്ന തോന്നൽ സൃഷ്ടിച്ചില്ലെങ്കിൽ പണി പാളുമെന്ന തിരിച്ചറിവിലാണ് എട്ടുവർഷം പിന്നിട്ട മോദിസർക്കാർ. ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറക്കാൻ നിർബന്ധിതമായി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് 10 ലക്ഷം തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും സേനയിലെ അഗ്നിപഥ് പദ്ധതിയും അതിന്റെ തുടർച്ചയാണ്. സർക്കാർ തസ്തികകളിലും സേനയിലും നിയമനം നടക്കാത്തതുവഴി ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ തീർക്കേണ്ട സാഹചര്യവുമുണ്ട്. സേനയിൽ ലക്ഷത്തോളം ഒഴിവുകളാണ് നിലവിലുള്ളത്. ഇതിൽ 46,000 പേരെ ഉടനടി കരാർ അടിസ്ഥാനത്തിൽ നാലു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. കരാർ നിയമനമെന്ന തൊഴിൽ അസ്ഥിരതയിലേക്ക് യുവാക്കളെ കൂട്ടിക്കൊണ്ടുപോകാത്ത ഏക മേഖലയായിരുന്നു ഇതുവരെ സൈനികസേവനം. കേന്ദ്രസർക്കാറിന്റെ ഓരോ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലുമെല്ലാം സ്ഥിരനിയമനങ്ങളേക്കാൾ കരാർ, കൺസൽട്ടൻസി നിയമനങ്ങളാണ് ചെറുപ്പക്കാർക്ക് ഇപ്പോൾ കൂടുതലായി കിട്ടുന്നത്. ഫലത്തിൽ, സർക്കാർ ജോലിയുടെ പകിട്ടും സുരക്ഷിതത്വവും ചോർന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം തീറെഴുതിവരുന്നു. തൊഴിൽസുരക്ഷയും തൊഴിലവകാശവും ചോർത്തിക്കളഞ്ഞ തൊഴിൽനിയമങ്ങളാണ് സർക്കാറിലും സ്വകാര്യ മേഖലയിലുമുള്ളത്. ഈ അരക്ഷിതാവസ്ഥകൾക്കിടയിൽ ജീവത്യാഗംതന്നെ വേണ്ടിവരാമെങ്കിൽപോലും അന്തസ്സും വേതനവും പെൻഷനും മറ്റു സംരക്ഷണങ്ങളും ഒരുപോലെ ഉറപ്പുനൽകുന്നുണ്ട് സൈനികസേവനം. അതും കരാർ നിയമനമാക്കി മാറ്റി ഭാവി അവതാളത്തിലാക്കുന്നതിന്റെ യുവരോഷമാണ് രാജ്യമെമ്പാടും ആളുന്നത്. സർക്കാറിനോട് മറ്റൊരു വിധത്തിൽ ഉണ്ടായിരുന്ന മമത ചോർന്നുപോകുന്നതിന്റെകൂടി തെളിവാണത്. ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തെ പോറ്റുന്ന ബിഹാർ, യു.പി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് അതു പൊട്ടിപ്പുറപ്പെട്ടതെന്ന യാഥാർഥ്യം ബി.ജെ.പിയുടെ ഉറക്കംകെടുത്തുന്നുണ്ട്. പ്രതിപക്ഷപാർട്ടികളുടെ ഗൂഢമായ നീക്കം അതിൽ ആരോപിക്കാൻ പ്രയാസവുമുണ്ട്. യുവാക്കളെ അനുനയിപ്പിക്കുകയും അവരുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യേണ്ടത് അത്രമേൽ പ്രധാനമായതുകൊണ്ടാണ് പൊടുന്നനെ വ്യവസ്ഥകളിൽ ചില്ലറ ഇളവുകളും പുതിയ ചില വാഗ്ദാനങ്ങളും സർക്കാർ മുന്നോട്ടുവെച്ചത്. അതിലും കാര്യങ്ങൾ നിൽക്കാത്തതിനാൽ അഗ്നിപഥ് പദ്ധതിയെ പുതിയ തിരുത്തലുകളോ മരവിപ്പിക്കൽതന്നെയോ ആണ് കാത്തിരിക്കുന്നത്.
സൈനികരോടുള്ള അത്യാദരവിനെക്കുറിച്ചും പരിഗണനയെക്കുറിച്ചും ഭരണനായകർ മൈക്ക് കെട്ടി പ്രസംഗിക്കുമ്പോൾതന്നെ, സൈനികർ അതൃപ്തരാണെന്ന യാഥാർഥ്യമാണ് ബാക്കിനിൽക്കുന്നത്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി വികലമായി നടപ്പാക്കിയത് വലിയ സൈനിക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവാദം കെട്ടടങ്ങാത്ത റഫാൽ വിമാനങ്ങളുടെ പകിട്ട് പറയുന്നതല്ലാതെ, സേനക്ക് യഥാർഥത്തിൽ നടക്കേണ്ട ആധുനീകരണം നടപ്പാവുന്നില്ല. 42 യുദ്ധവിമാന സ്ക്വാഡ്രണുകൾ വേണ്ടിടത്ത് വ്യോമസേനക്കുള്ളത് 30 മാത്രം. 200 പടക്കപ്പലുകളുടെ സ്ഥാനത്ത് ഉള്ളത് 130 മാത്രം. ലക്ഷം സൈനികരുടെ കുറവ് മൂന്നു സേനാവിഭാഗങ്ങൾ നേരിടുന്നു. അയൽപക്കഭീഷണി മുമ്പത്തേക്കാൾ വർധിച്ച ഘട്ടത്തിൽതന്നെയാണിത്. സൈനികരുടെ പെൻഷൻ ബിൽ കുറക്കുംവിധം അഗ്നിവീര കരാർ നിയമങ്ങൾ കൊണ്ടുവന്നാൽ പരിഹരിക്കാവുന്നതല്ല ഈ വിഷയങ്ങൾ. മെച്ചപ്പെട്ട പരിശീലനവും അർപ്പണവും വൈവിധ്യവുമാണ് ഇന്ത്യൻ സേനാവിഭാഗങ്ങളെ വ്യത്യസ്തമാക്കുന്നത്. ആറു മാസ പരിശീലനവും പരമാവധി നാലു വർഷ പ്രവർത്തനപരിചയവുമുള്ള അഗ്നിവീരന്മാരെ തന്ത്രപരമായ നീക്കങ്ങളും വൈദഗ്ധ്യവുമെല്ലാം ആവശ്യമുള്ള സൈന്യത്തിന് അങ്ങേയറ്റം നിർണായക ഘട്ടത്തിൽ എത്രത്തോളം ഫലപ്രദമായി ഉപയോഗപ്പെടുമെന്ന ചോദ്യം ബാക്കിനിൽക്കുന്നു. ഓഫിസർ-ഇതര നിയമനങ്ങളിൽ നാലു വർഷത്തെ റിക്രൂട്ട്മെന്റ് മരവിപ്പിച്ചുകൊണ്ടാണ് അഗ്നിപഥ് പദ്ധതി സർക്കാർ നടപ്പാക്കുന്നത്. വൺ റാങ്ക് വൺ പെൻഷന്റെ മേനിപറഞ്ഞ സർക്കാർ അഗ്നിവീരന്മാർക്ക് വാഗ്ദാനം ചെയ്യുന്നത് നോ റാങ്ക് നോ പെൻഷനാണ്. കോവിഡിന്റെ തുടക്കം മുതൽ നിയമനം നടന്നിട്ടില്ല. അന്നു മുതൽ കാത്തിരുന്നവർക്കു മുന്നിൽ, അടുത്ത നാലു വർഷത്തേക്ക് മറ്റു റിക്രൂട്ട്മെന്റുകൾ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. സുപ്രധാനമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ച് പാർലമെന്റ്, സംസ്ഥാന സർക്കാറുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർക്കിടയിൽ ജനാധിപത്യപരമായ ഒരു കൂടിയാലോചനയും നടന്നില്ല. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരം സമിതിയെയും ഇരുട്ടിൽ നിർത്തി. അഗ്നിപഥിനു പിന്നിൽ സർക്കാറിന്റെ കാവിരാഷ്ട്രീയ അജണ്ടകളും സംശയിക്കപ്പെടുന്നുണ്ട്. പതിനേഴര വയസ്സിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന ഒരാൾക്ക് ലഭിക്കേണ്ട പ്രഫഷനൽ പരിശീലനം രാഷ്ട്രീയ പരിശീലനപദ്ധതികൂടിയായി മാറ്റിയെടുക്കാൻ സ്കൂൾ-കോളജ് സിലബസുകൾ കാവിയജണ്ടക്കൊത്ത് മാറ്റിയെഴുതുന്ന ഒരു സർക്കാറിന് പ്രയാസമില്ല. നാലു വർഷത്തിനുശേഷം കരാർ പൂർത്തിയാക്കി സേനയിൽനിന്ന് അനിശ്ചിതത്വത്തിലേക്ക് പടിയിറങ്ങുന്ന ചെറുപ്പക്കാരനെ കാവിരാഷ്ട്രീയത്തിന്റെ ആശ്രിതനായി മാറ്റിയെടുക്കാനും പ്രയാസമില്ല. പുതിയ തൊഴിൽസാധ്യതകൾ അവർക്ക് നൽകാനും മറ്റുള്ളവരെ പുറന്തള്ളാനോ കഴിയും. നാലു വർഷത്തെ പരിശീലനം കഴിഞ്ഞ് 25 ശതമാനം പേരെ മാത്രമാണ് സേനയിലേക്ക് തുടർന്നും നിയോഗിക്കുകയെന്നിരിക്കെ, യുവസൈനികർക്കിടയിൽ അനാവശ്യവും അനാരോഗ്യകരവുമായ മത്സരം ഉണ്ടാക്കിവെക്കാനും പുതിയ നിയമനരീതി കാരണമാക്കും. യഥാർഥത്തിൽ തീകൊണ്ടു കളിക്കുന്നത് യുവാക്കളല്ല; സർക്കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.