പാർലമെൻറ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് അതിർത്തി സംഘർഷത്തിെൻറ കാര്യത്തിൽ ചൈനയും ഇന്ത്യയുമായി വീണ്ടുെമാരു ചർച്ചകൂടി നടത്താൻ കഴിഞ്ഞതിൽ കേന്ദ്രസർക്കാറിന് സമാശ്വസിക്കാം. പാർലമെൻറിൽ പറഞ്ഞുനിൽക്കാൻ അത് ഉപകരിക്കും.
എന്നാൽ, മോസ്കോയിൽ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചക്കപ്പുറം, പ്രശ്നപരിഹാരം ഏറെ അകലെയാണ്. എസ്. ജയ്ശങ്കർ- വാങ് യി ചർച്ച മുന്നോട്ടുവെച്ചത് അഞ്ചിന നിർദേശങ്ങളാണ്. ഒന്ന്, അഭിപ്രായ ഭിന്നത കലഹമാക്കി മാറ്റരുത്.
രണ്ട്, അതിർത്തിയിൽ സേനാതല ചർച്ച നടത്തി പിന്മാറ്റം വേഗത്തിലാക്കി ശരിയായ അകലം പാലിച്ചു സംഘർഷം ലഘൂകരിക്കണം. മൂന്ന്, സംഘർഷം വർധിപ്പിച്ചേക്കാവുന്ന നടപടികൾക്ക് മുതിരാതെ ഉഭയകക്ഷി ധാരണകൾ പാലിക്കണം. നാല്, പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള അതിർത്തികാര്യ ചർച്ച തുടരണം. അഞ്ച്, അതിർത്തി സമാധാനത്തിന് വിശ്വാസവർധക നടപടി വേഗത്തിലാക്കണം.
രണ്ടു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പറയുന്നത് അങ്ങനെയൊക്കെയാണ്. അതാകട്ടെ, മുൻകാല ചർച്ചകളിൽ പറഞ്ഞു കഴിഞ്ഞതുമാണ്. എന്നാൽ സംയുക്ത പ്രസ്താവനയെക്കുറിച്ച് പിന്നീട് ഇരുകൂട്ടരും പ്രത്യേക വിശദീകരണം തന്നെ നടത്തുന്ന കാഴ്ചയാണ് പിന്നാലെ ഉണ്ടായത്. നിലപാടുകളിൽനിന്ന് പിന്നോട്ടില്ല എന്ന് ആവർത്തിച്ചു വ്യക്തമാക്കാനുള്ള മത്സരമായിരുന്നു അത്.
േമയിൽ തുടങ്ങിയതാണ് അതിർത്തി സംഘർഷം. അതിനുശേഷം സൈനിക കമാൻഡർമാരുടെ തലത്തിൽ പലവട്ടം ചർച്ച നടന്നു. ഉഭയകക്ഷി ചർച്ചകൾക്കുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ച ഉണ്ടായി. കഴിഞ്ഞയാഴ്ചയാണ് മോസ്കോയിൽ എത്തിയപ്പോൾ പ്രതിരോധമന്ത്രിമാർ രണ്ടര മണിക്കൂർ നീണ്ട ചർച്ച നടത്തിയത്.
അതിനു പിന്നാലെയാണിപ്പോൾ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച നടന്നത്. അതിർത്തിയിലെ സംഘർഷത്തിന് കനം വെക്കുേമ്പാഴും ചർച്ചകൾ നടക്കുന്നു എന്നത് ആശ്വാസകരമാണ്. ഇന്ത്യയും ചൈനയും ചർച്ച നടത്തണമെന്ന് അമേരിക്കയും റഷ്യയും മറ്റും ആഗ്രഹിക്കുന്നത് അതിന് പ്രേരകമായി മാറുന്നു. യുദ്ധം ആരും കൊതിക്കുന്നില്ല, താങ്ങാനാവില്ല എന്നതും യാഥാർഥ്യം. എന്നാൽ, ചൈനയെ വിശ്വാസത്തിലെടുക്കാൻ പറ്റിയതൊന്നും വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണങ്ങളിൽ പ്രതിഫലിച്ചില്ല.
അതിർത്തിയിൽ പരസ്പരം തുറിച്ചുനോക്കുന്ന, വിശ്വസിക്കാത്ത അയൽക്കാരുടെ ചർച്ചകളാണ് അരങ്ങേറുന്നത്. ചർച്ച ഒരു വശത്ത് നടക്കുേമ്പാൾ, അതിർത്തിയിൽ സംഘർഷം വർധിപ്പിച്ചുകൊണ്ടുവരുകയാണ് ചൈന.
ഗൽവാനിലെ രക്തച്ചൊരിച്ചിലിനു പിന്നാലെ നയതന്ത്ര, സൈനിക തലത്തിൽ നടന്ന ചർച്ചകളിൽ സൈനിക പിന്മാറ്റത്തിന് ധാരണയായെന്ന വാർത്തകളാണ് വന്നത്. എന്നാൽ അതിർത്തിയിൽ സേനയുടെയും പടക്കോപ്പുകളുടെയും എണ്ണം കൂട്ടുകയാണ് ചൈന ചെയ്തത്. പ്രതിരോധത്തിെൻറ വഴിയിൽ ഇന്ത്യക്കും അതല്ലാതെ മാർഗമില്ലെന്നുവന്നു.
അതിർത്തിത്തർക്കവും മറ്റു വിഷയങ്ങളിലെ പരസ്പര ബന്ധവും കൂട്ടിക്കലർത്തരുതെന്നാണ് ചൈനയുടെ നിലപാട്. അതിർത്തിയിൽ തള്ളിക്കയറുേമ്പാഴും, ഇന്ത്യയെന്ന വലിയ വിപണിയിലെ വാണിജ്യം തടസ്സം കൂടാതെ നടക്കുകയാണ് അവർക്കു വേണ്ടത്. ഉൽപന്ന ബഹിഷ്കരണവും ആപ് നിരോധനവുമൊക്കെയായി ഇന്ത്യ പ്രതിരോധം തീർക്കുന്നതാണ് അവർക്ക് അസഹനീയമായി മാറുന്നത്. മറ്റു രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടാകാതിരിക്കാൻ ചർച്ചക്ക് തയാറാവുകയും അത് പിന്നീട് പ്രഹസനമാക്കി മാറ്റുകയും ചെയ്യുന്നു.
അതിർത്തിയിലെ കാര്യങ്ങൾ ആഭ്യന്തരമായി വിശദീകരിക്കാനാവാത്ത സംഭവമായി മോദിസർക്കാറിന് മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഒരു തരി മണ്ണ് വിട്ടുകൊടുക്കുകയോ കാലു കുത്താൻ ഇടം നൽകുകയോ ചെയ്തിട്ടില്ലെന്നാണ് ചൈന സംഘർഷം ചർച്ചചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. അത് തെറ്റാണെന്ന് തെളിഞ്ഞു. സംഘർഷം വളരുക മാത്രമാണ് പിന്നീടും സംഭവിച്ചത്.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറ്സമ്മേളനത്തിൽ പ്രതിപക്ഷത്തിെൻറ ആവനാഴിയിലെ ആയുധങ്ങളിലൊന്ന് അതാണ്. സംഘർഷം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാൽ അത് പാർലമെൻറ് സമ്മേളനത്തിൽ എത്രത്തോളം ഫലപ്രദമായി ഉയർത്താൻ പ്രതിപക്ഷത്തിന് കഴിയുമെന്ന് സംശയം. പല ഹാളുകളിലായി ആളകലം പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ സംഘടിത പ്രതിപക്ഷ ശബ്ദമുയർത്താൻ പരിമിതിയുണ്ട്. ചോദ്യങ്ങൾക്ക് അവസരം കുറവ്.
അത് രാജ്യത്തിനകത്തെ വിഷയമാണ്. സർക്കാറിെൻറ പിടിപ്പുകേടുകൾക്കപ്പുറം, ചൈനയുടെ സമീപനങ്ങളോട് ഇന്ത്യക്കുള്ള പൊതുവികാരം അമർഷവും പ്രതിഷേധവുമാണ്. പരസ്പര ധാരണ തെറ്റിക്കാൻ ബോധപൂർവം ശ്രമിക്കുന്ന മുൻകാല അനുഭവങ്ങൾക്കിടയിൽ ശാശ്വത സമാധാനം ഏറെ അകലെയാണെന്ന യാഥാർഥ്യമാണ് ഇന്ത്യക്കു മുന്നിൽ. അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കണമെന്നു പറയുേമ്പാൾതന്നെ രക്തച്ചൊരിച്ചിലും വെടിപ്പുകയും അതിർത്തിയിൽ ഉയർന്നത് സാഹചര്യങ്ങളുടെ ഗൗരവമാണ് എടുത്തുകാട്ടുന്നത്.
ചർച്ചകളിൽ രമ്യതക്കു വേണ്ടിയുള്ള വാക്കുകൾ മുഴങ്ങുന്നത് സ്വാഗതം ചെയ്യപ്പെടണം. എന്നാൽ അതിർത്തിയുടെ കാര്യത്തിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങൾ അതേപടി തുടരുന്നത് വിപുലമായ സൈനിക ആശയ വിനിമയവും സൈനികപിന്മാറ്റവും ദുഷ്കരമാക്കുന്നു. വിശ്വാസം പുനഃസൃഷ്ടിക്കാതെ കാര്യങ്ങൾ പഴയപടിയാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതുവഴി, അതിർത്തിയിൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനാണ് ഇന്ത്യ ഊന്നൽ നൽകുന്നതെങ്കിൽ, ചൈന ഈ ലക്ഷ്യത്തെക്കുറിച്ച് ഒരു പരാമർശവും ഒടുവിലത്തെ ചർച്ചകളിൽ നടത്തിയിട്ടില്ല. അത് അവർ കാര്യമായി എടുക്കുന്നില്ല.
അതിർത്തി വിഷയം പുതിയ കാര്യമല്ലെന്നാണ് അവരുടെ കാഴ്ചപ്പാട്. അതിർത്തിത്തർക്കത്തിൽ തൽസ്ഥിതി നിലനിർത്തി മുന്നോട്ടു പോവുക എന്ന അടിസ്ഥാന പ്രമാണം ലംഘിച്ച് കൈയേറ്റങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ചാണ് ഇന്ത്യയുടെ ആശങ്കയെങ്കിൽ, ആ വിഷയത്തെ ചൈന അഭിസംബോധന ചെയ്യുന്നില്ല. അതിർത്തിയിൽ കൂടുതൽ സൈന്യത്തെയും സന്നാഹങ്ങളും എന്തിനു വിന്യസിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല. കൈയേറ്റങ്ങളിലൂടെ പ്രകോപനം ഉണ്ടാക്കുന്നതിെൻറ കാരണം എന്താണെന്ന് വിശദീകരിക്കുന്നില്ല.
ഇന്ത്യയുടെ താൽപര്യങ്ങൾ ഒട്ടും മാനിക്കാതെ പ്രകോപനപരമായി മുന്നോട്ടു നീങ്ങുന്ന രീതിയാണ് ൈചന കാണിക്കുന്നത്. അതുകൊണ്ടുതന്നെ മോസ്കോയിലെ ചർച്ചയും ധാരണയും എന്തായാലും, ഇന്ത്യ ജാഗ്രതയും ആശങ്കയും ഒരുപോലെ ഇനിയും കൊണ്ടുനടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.