തെക്കുനിന്ന് വടക്കോട്ടുള്ള സിൽവർ ലൈൻ റെയിൽപാതയെന്ന 'ഭയങ്കര സംഭവ'ത്തിനുവേണ്ടി എങ്ങനെയും പണമുണ്ടാക്കുമെന്ന് ആണയിടുക; കടുത്ത പണഞെരുക്കം നേരിടുന്നതിനാൽ പെട്രോളിനും ഡീസലിനും കേരളം സ്വന്തംനിലക്ക് നയാപൈസ നികുതി കുറക്കുന്ന പ്രശ്നമില്ലെന്നു ശഠിക്കുക. പിണറായി സർക്കാർ കൊണ്ടുനടക്കുന്നത് ഈ വൈരുധ്യാധിഷ്ഠിത ജനകീയ നാട്യമാണ്. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കുമൊപ്പംനിന്ന് ചുമടെടുക്കുമെന്നാണ് തത്ത്വശാസ്ത്രം. കേന്ദ്രം കുറക്കേണ്ട നികുതി കേരളമായിട്ട് എന്തിനു കുറക്കണമെന്നാണ് തർക്കശാസ്ത്രം. എണ്ണ തരുന്ന രാജ്യങ്ങൾ കുറച്ചുതരേണ്ട വില ഞങ്ങളായിട്ട് എന്തിനു കുറക്കണമെന്ന് കേന്ദ്രംകൂടി ചോദിച്ചാൽ വണ്ടിയിൽ എണ്ണയടിക്കുന്നവർക്കും, എണ്ണക്കു കൊടുത്തതിെൻറ കൂടി വില ഉള്ളിക്കും തക്കാളിക്കും മേൽ കൊടുക്കേണ്ടിവരുന്നവർക്കുമൊക്കെ ഇതികർത്തവ്യതാ മൂഢരാകാനേ കഴിയൂ. അല്ലെങ്കിൽ തന്നെ ജനത്തെ മൂഢന്മാരാക്കുന്ന പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നികുതി പിരിക്കുന്നത് വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയാണെന്ന കാര്യം ധനമന്ത്രിമാരായ നിർമല സീതാരാമനും ബാലഗോപാലുമൊക്കെ നാട്ടുകാരെ ബോധ്യപ്പെടുത്തി മടുത്തു. ജനത്തിെൻറ പോക്കറ്റടിക്കാതെ പണമുണ്ടാക്കാൻ മാർഗമില്ല പോൽ. ഭരിക്കാനുള്ള പങ്കപ്പാട് ഭരിക്കുന്നവനേ അറിയൂ. അതുകൊണ്ട് നമ്മൾ കൊടുത്തേ തീരൂ. നടന്നുപോകുന്നവരെ പിടിച്ചുനിർത്തി 'വാക്കിങ് ഫീ' ഈടാക്കുന്ന കാലം ഏറെ അകലെയല്ല എന്നേ ചിന്തിക്കേണ്ടൂ.
കോവിഡിെൻറ നാനാവിധ കെടുതികളിൽനിന്ന് കേരളമോ രാജ്യമോ ഉയിർത്തെഴുന്നേറ്റിട്ടില്ല. അതിനിടയിൽ തന്നെയാണ് പെട്രോളിനും ഡീസലിനും പാചക വാതകത്തിനും മണ്ണെണ്ണക്കുമെല്ലാം തരംപോലെ നികുതി കൂട്ടി ജനത്തെ പിഴിയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം ഒന്നാം പ്രതിയും കേരളസർക്കാർ രണ്ടാം പ്രതിയുമാണെങ്കിൽ, മാപ്പുസാക്ഷിയുടെ പരിവേഷം കെട്ടുക മാത്രമാണ് രണ്ടാം പ്രതി ചെയ്തു കൊണ്ടിരിക്കുന്നത്. ഒന്നാം പ്രതിയാകട്ടെ, നിവൃത്തിയില്ലാതെയാണ് പെട്രോളിന് അഞ്ചും ഡീസലിന് പത്തും ഔദാര്യം പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ കിട്ടിയ തിരിച്ചടി മാത്രമല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ കൂടിയാണ് അതിനു പ്രേരിപ്പിച്ചത്. കേരളത്തിൽ ഉടനടിയൊന്നും തെരഞ്ഞെടുപ്പില്ലാത്തതുകൊണ്ട് കേന്ദ്രത്തെ പഴിചാരി സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് തടിയൂരി സംസ്ഥാന സർക്കാറിന് നിൽക്കാം. മോദിസർക്കാറാകട്ടെ, ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന പോലെ, ഇന്ധനവില കാര്യത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങളുെട കാപട്യം പൊളിച്ചുകാട്ടാൻ ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. ഇന്ധന വിലയുടെ കാര്യത്തിൽ കുറക്കേണ്ടതു കേന്ദ്രം കുറച്ചില്ല. കുറച്ചെന്നു വരുത്തുകയാണ് ചെയ്തത്. എന്നാൽ, പ്രതിപക്ഷ സംസ്ഥാനങ്ങൾ അതുപോലും ചെയ്തില്ലെന്നു സ്ഥാപിക്കാനുള്ള അടവു തന്ത്രത്തിനുമുന്നിൽ സി.പി.എമ്മും കോൺഗ്രസുമെല്ലാം പെട്ടു. അങ്ങനെ ബി.ജെ.പി കൊള്ളേണ്ട അടിയിൽ നല്ലൊരു പങ്ക് പ്രതിപക്ഷ സംസ്ഥാനങ്ങൾക്കു വീതിച്ചുനൽകി.
അത് കഥയുടെ ഒരു വശം. ഇന്ധന നികുതി കുറച്ചതുവഴി വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, അതു തിരിച്ചെടുക്കാനും മോദിസർക്കാറിന് അറിയാം. തീരുമാനങ്ങൾ നടപ്പാക്കിത്തുടങ്ങി. അടുത്ത മാസം മുതൽ സൗജന്യ റേഷൻ ഇല്ല. കോവിഡ്കാല പ്രയാസങ്ങളെക്കുറിച്ച ആവലാതികൊണ്ട് ഇരിക്കപ്പൊറുതി മുട്ടിയപ്പോഴാണ് ഒരു കുടുംബത്തിന് പ്രതിമാസം അഞ്ചു കിലോഗ്രാം അരിയും ഒരു കിലോഗ്രാം കടലയും സൗജന്യമായി നൽകിത്തുടങ്ങിയത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയെന്ന ഈ പദ്ധതിക്കു കീഴിൽ 80 കോടി കുടുംബങ്ങൾക്ക് അന്നം കൊടുക്കുന്നുവെന്നാണ് കണക്ക്. അത് നിർത്തലാക്കുന്നു. ഒരുവർഷത്തേക്ക് ഈ സൗജന്യം നൽകാൻ ഒന്നേകാൽ ലക്ഷം കോടി വേണ്ടിവരുന്നുവെന്നാണ് കണക്ക്. അങ്ങനെ ഇന്ധന വില കുറച്ചതിൽ ഒരുപങ്ക് ദരിദ്ര ക്ഷേമപദ്ധതിയിൽ കൈയിട്ട് തിരിച്ചെടുക്കുന്നു. കോവിഡ് കുറഞ്ഞെന്നല്ലാതെ, കോവിഡ് ഉണ്ടാക്കിവെച്ച കെടുതികളിൽനിന്ന് ജനം പക്ഷേ, പിടിച്ചെഴുന്നേറ്റോ? അതിന് സമയം വേണ്ടിവരും. അനൗപചാരിക മേഖല അങ്ങേയറ്റം തകർന്നുനിൽക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും കാണിക്കുന്നത്. എന്നാൽ, കോവിഡ് സാഹചര്യങ്ങൾ മാറി, സാധാരണ പോലെ രാജ്യം വീണ്ടും പുരോഗതിയിലേക്ക് ചലിച്ചുതുടങ്ങി എന്നെല്ലാമാണ് കേന്ദ്രത്തിെൻറ വിശദീകരണം. അരിയും കടലയും കൊടുത്തു തുടങ്ങിയത് അടിയന്തര സാഹചര്യത്തിലാണ്. അത് ഇനി കൊടുക്കേണ്ട കാര്യമില്ല.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിെൻറ വാദം ഇതാണെങ്കിൽ യു.പി ഭരിക്കുന്ന ബി.ജെ.പി സർക്കാർ നേർവിപരീതമാണ് പറയുന്നത്. കോവിഡിെൻറ പ്രയാസങ്ങെളല്ലാം തുടരുകയാണ്. അതുകൊണ്ട് കേന്ദ്രം നിർത്തിയാലും ഹോളി വരെയുള്ള അടുത്ത നാലഞ്ചു മാസത്തേക്ക് യു.പിയിൽ പദ്ധതി തുടരുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രഖ്യാപനം. അതുകൊണ്ട് യു.പിയിലെ 15 കോടി ജനങ്ങൾക്ക് സൗജന്യം തുടർന്നും കിട്ടും. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് അരിക്കും കടലക്കും പുറമെ ഒാരോ കിലോ ഉപ്പ്, പഞ്ചസാര, ഒരു ലിറ്റർ മണ്ണെണ്ണ എന്നിവയും നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി. സംഗതി ലളിതം. നിയമസഭ തെരഞ്ഞെടുപ്പു വരാൻപോകുന്നു. സൗജന്യം തുടർന്നു കിട്ടിയില്ലെങ്കിൽ ജനം വിവരമറിയിക്കും. റേഷൻകട വഴി വിളമ്പിയ സൗജന്യ കിറ്റും പെൻഷനുമൊക്കെ കേരളത്തിൽ ഇടതുവിജയത്തിെൻറ അന്തർധാരയായി മാറിയെങ്കിൽ, യോഗിയും അതേ വഴിക്ക്. മാർച്ചിനപ്പുറം സൗജന്യ കിറ്റ് ഉണ്ടാകുമോ എന്ന് കേരള സർക്കാറിനോടോ, ഹോളിക്കപ്പുറം ഉണ്ടാകുമോ എന്ന് യോഗി സർക്കാറിനോടോ ചോദിക്കരുത്. കൃത്യമായ മറുപടി കിട്ടിയെന്നു വരില്ല. സൗജന്യ കിറ്റിെൻറ ഗുണനിലവാരത്തെക്കുറിച്ച് ചോദിച്ചാൽ ജനം കൃത്യമായ മറുപടി ഏതായാലും പറയാതിരിക്കില്ല.
റേഷൻ സൗജന്യം മാത്രമല്ല കേന്ദ്രം അവസാനിപ്പിക്കുന്നത്. പാവപ്പെട്ടവർക്ക് വരുമാനം ഉറപ്പാക്കാൻ നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതിയും അവതാളത്തിലാക്കിക്കഴിഞ്ഞു. ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് പ്രതിവർഷം 100 തൊഴിൽ ദിനങ്ങളും മിനിമം കൂലിയും ഉറപ്പുനൽകുന്നതാണ് തൊഴിലുറപ്പു പദ്ധതി. നടപ്പു സാമ്പത്തിക വർഷം തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം സർക്കാർ വെട്ടിക്കുറച്ചത് 34 ശതമാനമാണ്. മൂന്നിലൊന്നു വെട്ടിക്കുറച്ചതിനുശേഷമുള്ള തുകയിൽ 17,000 കോടി കഴിഞ്ഞ വർഷത്തെ കുടിശ്ശിക ഇനത്തിൽ കൊടുത്തു. അതും കൂടി ചേർത്ത് പദ്ധതി വിഹിതത്തിെൻറ 90 ശതമാനവും ആദ്യത്തെ ആറുമാസം കൊണ്ട് തീർന്നിരിക്കുന്നു. അഥവാ മാർച്ച് വരെയുള്ള അടുത്ത ആറുമാസത്തേക്ക് ഒരു കുടുംബത്തിന് ആകെ 13 ദിവസത്തെ തൊഴിൽ നൽകാനുള്ള പണം മാത്രമാണ് പദ്ധതിയിൽ അവശേഷിക്കുന്നത്. അതായത്, ഇനി മാസത്തിൽ രണ്ടു പണി. കോവിഡ് സാഹചര്യങ്ങൾക്കിടയിൽ പ്രതിവർഷ തൊഴിൽദിനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന മുറവിളി തുടരുേമ്പാൾ തന്നെയാണ് ഈ ദുഃസ്ഥിതി. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് ഇപ്പോൾ 'പാടത്ത് പണി, വരമ്പത്തു കൂലി'യല്ല. വേതനം കിട്ടുന്നത് രണ്ടും മൂന്നും മാസം വൈകിയാണ്. അതുതന്നെ ജാതിതിരിച്ച് വിതരണം ചെയ്യാനൊരു സർക്കുലറും ഇറക്കിയിരുന്നു. വിവാദമായപ്പോൾ പിൻവലിക്കേണ്ടിവന്നു. സർക്കുലർ പ്രകാരം പട്ടികജാതി, പട്ടികവർഗം, മറ്റു വിഭാഗങ്ങൾ എന്നിങ്ങനെ വെവ്വേറെ ഗുണഭോക്തൃ പട്ടികയുണ്ടാക്കണം. കേന്ദ്രം അതനുസരിച്ച് മൂന്ന് അക്കൗണ്ടുകളിലേക്കാണ് സംസ്ഥാനങ്ങൾക്കു നൽകുക. ഒരേ ദിവസം ഒരേ പണിയെടുത്തവർക്ക് ഒരേ ദിവസം വേതനം കിട്ടാത്ത സ്ഥിതിയായി. തൊഴിലാളികൾക്കിടയിൽ തർക്കമായി. അതിനൊടുവിലാണ് തീരുമാനം തിരുത്തിയത്. പക്ഷേ, സംസ്ഥാനങ്ങൾ അക്കൗണ്ട് മൂന്നായി തന്നെ വേർതിരിച്ച് കേന്ദ്രത്തിന് കണക്ക് നൽകണം. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിെൻറ മുന്നൊരുക്കമാണ് ഇതെന്ന് ആശങ്കപ്പെടണം.
ആനുകൂല്യങ്ങളിലെ ഈ തട്ടിപ്പും വെട്ടിച്ചുരുക്കലുമൊന്നും കോർപറേറ്റുകളുടെ കാര്യത്തിലില്ല. കോവിഡ് സാഹചര്യം മുൻനിർത്തി ഉൽപാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പ്രത്യേക ബോണസ് പ്രഖ്യാപിച്ച് കൂടുതൽ മേഖലകളിൽ നടപ്പാക്കിവരുകയാണ്. സർക്കാറിലുള്ളവരുടെ ഇഷ്ട കമ്പനികൾ ഇതുവഴി വലിയ തുകയുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു. കോവിഡ് പ്രതിസന്ധിക്കാലം മാറി, ഇനി ആനുകൂല്യമില്ല എന്ന് റേഷൻ വാങ്ങുന്നവരോട് പറയുേമ്പാലെ ഇവരോട് പറഞ്ഞതായി അറിവില്ല. വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം നേരെചൊവ്വേ എല്ലാവർക്കും എല്ലാ സ്വകാര്യ ബാങ്കുകളും നൽകിയിട്ടില്ല. അതേക്കുറിച്ച് ഏതെങ്കിലും ബാങ്കിനോട് വിവരം തേടിയതായും അറിവില്ല. അതൊക്കെയും, കണ്ടറിഞ്ഞ് കണ്ണടച്ചുവിളമ്പുന്നതാണ്. ഗുണഭോക്താവ് വി.ഐ.പിയാവുേമ്പാൾ റേഷൻ പോലെയല്ല, ഇടപെടൽ മാന്യമാവുന്നു. എയർ ഇന്ത്യ വിറ്റുതുലക്കുേമ്പാൾ സർക്കാർ ഏറ്റെടുത്ത കടം എങ്ങനെയാണ് എഴുതിത്തള്ളുന്നതെന്ന് റേഷൻ വാങ്ങുന്നവൻ അറിയേണ്ട കാര്യമില്ലതന്നെ. പണമില്ലാക്കാലത്ത് സെൻട്രൽ വിസ്തക്കും പ്രധാനമന്ത്രിയുടെ വസതിക്കുമൊക്കെയായി കോടികൾ ചെലവിട്ടുകൊണ്ടിരിക്കുന്നു. മുൻഗണന ഏതിനാകണമെന്ന ചോദ്യമില്ല. കോർപറേറ്റുകൾ മേൽത്തരം പൗരന്മാരും സാധാരണക്കാർ രണ്ടാംതരം പൗരന്മാരുമായി മാറിപ്പോയ കാലം. പുതിയ ഇന്ത്യ അങ്ങനെയൊക്കെയാണ്. ഹിന്ദിക്കാരിൽ ചിലർ അടക്കം പറയും: കമൽ ഹെ, കമാൽ ഹെ! അതെ: താമരക്കാലമാണ്, വിചിത്രമായ കാലം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.