മുട്ടു മടക്കി -അക്ഷരാർഥത്തിൽ അതാണ് സംഭവിച്ചത്. കർഷകരുടെ നിശ്ചയദാർഢ്യത്തിനും സമരവീര്യത്തിനും മുന്നിൽ 56 ഇഞ്ച് നെഞ്ചളവിെൻറ ദുരഭിമാനം പേറുന്ന ഭരണകൂടം തോറ്റമ്പി. സമരം അവഗണിക്കാൻ നോക്കി. പൊളിക്കാൻ നോക്കി. എന്നാൽ ഒന്നാം വാർഷികത്തിലേക്ക് ചുവടുവെക്കുന്ന പ്രക്ഷോഭം കാൽച്ചുവട്ടിലെ മണ്ണൊലിപ്പിക്കുന്ന വിധമാണ് ഇരമ്പി വരുന്നതെന്ന് ഒടുവിൽ ഭരണകൂടം തിരിച്ചറിഞ്ഞു. കർഷക പ്രേമമല്ല, ആ നിർബന്ധിതാവസ്ഥയാണ് മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നിൽ.
കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുേമ്പാൾ രാജ്യത്തെ കർഷകർ ഏതു രാഷ്ട്രീയ പാർട്ടിയേക്കാൾ ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത്, സമർപ്പിത സമരം നടത്തിയ പഞ്ചാബിലെയും പടിഞ്ഞാറൻ യു.പിയിലെയും ഹരിയാനയിലെയും കർഷകരോടാണ്. കൊടും തണുപ്പിനും കടുത്ത വേനലിനും കോവിഡ് മഹാമാരിക്കും ഇടയിലൂടെ ഒരു വർഷമായിട്ടും പതറാതെ സമരം നയിച്ചത് അവരാണ്. വിഭാഗീയത മുതൽ വിഘടനവാദ ആരോപണം വരെയുള്ള കുതന്ത്രകുന്തമുനകളൊന്നും ഏശിയില്ല. ജനാധിപത്യവിരുദ്ധവും സ്വേച്ഛാപരവുമായ ഭരണനീക്കങ്ങെള ട്വീറ്റുകൾക്കപ്പുറം എങ്ങനെ നേരിടണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കുക കൂടിയാണ് അവർ.
ഓർക്കണം. ഡൽഹിയുടെ അതിർത്തി പുറേമ്പാക്കുകളിൽ കർഷകർ കെട്ടിക്കിടന്ന ഒരു വർഷക്കാലമത്രയും അനങ്ങാപ്പാറ നയമാണ് സർക്കാർ സ്വീകരിച്ചത്. 11 വട്ടം ചർച്ച നടത്തിയപ്പോഴും, നിയമം പിൻവലിക്കില്ലെന്നാണ് ആവർത്തിച്ചു കൊണ്ടിരുന്നത്. നിയമം സുപ്രീംകോടതി കയറി രണ്ടു വർഷത്തേക്ക് മരവിപ്പിച്ചു നിർത്തേണ്ടിവന്നിട്ടും തിരുത്തണമെന്ന് തോന്നിയില്ല. കാനഡയുടേതുൾപ്പെടെ വിദേശ ഭരണകർത്താക്കൾ വിമർശിച്ചപ്പോൾ അവരോട് കയർക്കുകയാണ് ചെയ്തത്. എന്നിട്ട് എന്തുകൊണ്ടാണ് ഇപ്പോൾ മനം മാറ്റം? നിയമത്തിെൻറ പ്രയോജനം എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് മോദി വിശദീകരിച്ചത്. യു.പിയിലും പഞ്ചാബിലും അടക്കം, മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിയെയും മോദിസർക്കാറിനെയും അലട്ടുന്നത് അതിനപ്പുറത്തെ പച്ചയായ യാഥാർഥ്യം.
നിയമത്തിെൻറ യഥാർഥ ഗുണഭോക്താക്കളായ കോർപറേറ്റുകളുടെ സ്നേഹവായ്പ് എത്ര വലുതായാലും, പച്ചച്ച പാടങ്ങളിൽ കർഷക രോഷത്തിെൻറ അലയൊലി ഉച്ചത്തിലായി വരുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ അത് പ്രയോജനപ്പെടുത്തിയാൽ, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും കളം കൈവിട്ടു പോകുമെന്ന കടുത്ത ആശങ്കയാണ് മുട്ടുമടക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെയും ഗ്രാമങ്ങളുടെയും ചിന്ത എതിരായാൽ പതിവു നമ്പറുകൾകൊണ്ട് പിടിച്ചു നിൽക്കാനാവില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് മോദി, അമിത്ഷാമാരുടെ ചുവടുമാറ്റം.
നിയമം പിൻവലിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഒന്നാം സമര വാർഷികമായ നവംബർ 26 മുതൽ പ്രക്ഷോഭം വിപുലമാക്കാനുള്ള എല്ലാ നീക്കങ്ങളിലുമായിരുന്നു കർഷകർ. നിയമസഭ തെരഞ്ഞെടുപ്പുകൾ വരുന്നത് സർക്കാറിനെ സമ്മർദത്തിലാക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചിരുന്ന കർഷകർ 22ന് യു.പിയുടെ തലസ്ഥാനമായ ലഖ്നോവിൽ വിപുല സമ്മേളനം നടത്താൻ തീരുമാനിച്ചത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ സമരത്തിെൻറ മറ്റൊരു തുടക്കമായിരുന്നു. സമരനായകൻ രാകേശ് ടികായത് പശ്ചിമ യു.പിയിൽ ഇതിനകം നടത്തിയതും നടത്താൻ പോകുന്നതുമായ പ്രതിഷേധങ്ങൾ, ആ കാർഷിക മേഖലയിൽ മാത്രമല്ല, യു.പിയിലാകെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുമെന്ന് വ്യക്തമായിരുന്നു. നാലു കർഷകരെ വണ്ടി കയറ്റി കൊന്ന യു.പിയിലെ ലഖിംപുർ, കർഷകസമരത്തിെൻറ ദുരന്ത പ്രതീകമായി മാറിക്കഴിഞ്ഞിരിക്കേ തന്നെയാണിത്.
ആ കേസിലെ പ്രധാന പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ്. അയാളെ സംരക്ഷിക്കാൻ യു.പി പൊലീസ് പല പണിയും നടത്തുന്നുണ്ടെന്ന് സുപ്രീംകോടതി തന്നെ തെളിച്ചു പറഞ്ഞു. അയാളുടെ തോക്കിൽനിന്ന് വെടി പൊട്ടിയതടക്കം എല്ലാ തെളിവുകളും എതിരായിട്ടും, മകനെ രക്ഷിക്കാൻ ശ്രമിച്ച അജയ് മിശ്രയെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. ഇതെല്ലാം ജനം തിരിച്ചറിഞ്ഞ കാര്യങ്ങളാണ്. കർഷക സമരവും ലഖിംപുർ സംഭവവും നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു മുന്നിൽ വലിയ വെല്ലുവിളികളാണെന്ന് പാർട്ടി എം.പിമാർ വ്യക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. വരുൺ ഗാന്ധിയും മേഘാലയ ഗവർണർ സത്യപാൽ മലികുമൊക്കെ പരസ്യ വിമർശനം തന്നെ നടത്തി. യു.പി കൈവിട്ടാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഗതി എന്താവുമെന്ന് മറ്റാരേക്കാൾ അറിയുന്നത് ബി.ജെ.പിക്കാർക്കു തന്നെ.
ശിരോമണി അകാലിദൾ എൻ.ഡി.എ സഖ്യം വിട്ടിറങ്ങിയിട്ടും വകവെക്കാതിരുന്ന പ്രധാനമന്ത്രിയാണ് ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. സമരത്തിെൻറ തീച്ചൂളയായി മാറിയ പഞ്ചാബിൽ മാത്രമല്ല, ലോകമെങ്ങുമുള്ള സിഖ് സമൂഹം ഇന്ന് മോദിസർക്കാറിനും ബി.ജെ.പിക്കുമെതിരാണ്. ഗുരുനാനാക്ക് ജയന്തി ദിനം തിരുത്തലിെൻറയും ഖേദപ്രകടനത്തിേൻറതുമാക്കി, സിഖ് മനോഭാവം മാറ്റാനും നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള രാഷ്ട്രീയ തന്ത്രമാണ് മോദി പ്രയോഗിച്ചിരിക്കുന്നത്.
കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ അമരീന്ദർ സിങ്ങിന് ഇനി മോദിയെ പിന്തുണച്ച് പഞ്ചാബിൽ പുതിയ രാഷ്ട്രീയം കളിക്കാം. മോദിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അമരീന്ദറിെൻറ സ്വാഗതഗാനം വന്നത് ശ്രദ്ധേയം. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്ഷായെയും മറ്റും കണ്ട അമരീന്ദർ, ബി.ജെ.പിയുമായി ചങ്ങാത്തം കൂടുന്നതിലെ പ്രധാന തടസ്സം കാർഷിക നിയമമാണെന്ന സന്ദേശമാണ് കൈമാറിയിരുന്നത്. പഞ്ചാബിെൻറയും സിഖ് സമൂഹത്തിെൻറയും പിന്തുണ തിരിച്ചു പിടിക്കണമെങ്കിൽ അതു പിൻവലിക്കുക മാത്രമാണ് വഴിയെന്ന് ഉപദേശിക്കുകയും ചെയ്തു. അതു നടപ്പാക്കുേമ്പാൾ അമരീന്ദറിനെ ചേർത്തുനിർത്താമെന്നു മാത്രമല്ല, ഇറങ്ങിപ്പോയ ശിരോമണി അകാലിദളിനെ തിരിച്ചുപിടിക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. കർഷക സംസ്ഥാനമായ ഹരിയാനയിലും ഘടകകക്ഷികളെ ചേർത്തു നിർത്താനുള്ള ശ്രമത്തിൽ ഈ തിരുത്തൽ അനിവാര്യമായി മാറുകയായിരുന്നു. അതുകൊണ്ട് പരിക്ക് കുറയുമോ എന്നത് വേറെ കാര്യം.
ഏറെ വൈകിയെങ്കിലും, തിരുത്തൽ സ്വാഗതം ചെയ്യപ്പെടും. എന്നാൽ ചെയ്ത കുറ്റങ്ങൾ ഇല്ലാതാവുന്നില്ല. ചോദ്യങ്ങൾ പലതും ബാക്കിനിൽക്കുകയുമാണ്. 671 കർഷകരെ മരണത്തിലേക്ക് തള്ളിവിടുന്നതു വരെ മോദിസർക്കാർ കാത്തുനിൽക്കേണ്ടിയിരുന്നോ? കർഷക പുരോഗതിക്കു വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് ഇതുവരെ പറഞ്ഞുനടന്നവർ, കർഷക താൽപര്യം മുൻനിർത്തിയാണ് നിയമം പിൻവലിക്കുന്നതെന്ന് ഇപ്പോൾ പറയുന്നു. അപ്പോൾ നിയമത്തിെൻറ യഥാർഥ ഗുണഭോക്താക്കൾ ആരായിരുന്നു? കോർപറേറ്റുകളല്ലാതെ മറ്റാരാകാൻ? നിയമഭേദഗതി പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉറപ്പു നൽകാൻ, കർഷകപ്രേമം പറയുന്ന പ്രധാനമന്ത്രി ഈ തിരുത്തൽ വേളയിൽപോലും തയാറായിട്ടില്ലെന്നും ഓർക്കണം.
അടിസ്ഥാന ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ വൈകാരിക, വർഗീയ വിഷയങ്ങൾക്ക് മേൽക്കൈ നേടുന്നതിന് പരിമിതികളുണ്ടെന്ന് തിരിച്ചറിയുന്ന ബി.ജെ.പിയുടെ ദുരഭിമാനവും അഹന്തയും ചീർത്തുപൊട്ടിയ ബലഹീന നിമിഷമാണിത്. കോർപറേറ്റുകൾക്കു മുന്നിൽ മോദിസർക്കാറിെൻറ വിശ്വാസ്യത ഉലഞ്ഞ സന്ദർഭം. ദേശീയതയുടെയും ദേശതാൽപര്യത്തിെൻറയും മുദ്ര കുത്തി എന്തും നടപ്പാക്കുന്ന രീതിക്കേറ്റ തിരിച്ചടി. നോട്ട് നിരോധനം, പൗരത്വ നിയമഭേദഗതി, ജി.എസ്.ടി, ജമ്മു-കശ്മീർ വിഭജനം, കോവിഡ് പ്രതിസന്ധി നിവാരണം, ഇന്ധന നികുതി എന്നിങ്ങനെ ജനത്തിെൻറ തലക്കടിച്ച ഭരണ നടപടികളുടെ വൈകല്യം ഒരിക്കൽക്കൂടി വെളിച്ചത്തു കൊണ്ടുവരുന്നതാണ് ഈ തിരുത്തൽ. വൈകല്യം പലതാണെങ്കിലും തിരുത്തിക്കാൻ കഴിഞ്ഞത് കർഷകർക്കാണ്. അവരുടെ വീറിനും വാശിക്കും മുന്നിൽ, പല വഴി പോകുന്ന പ്രതിപക്ഷ പാർട്ടികൾ എത്ര ദുർബലർ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.