നേമത്തേക്ക് ഉമ്മൻചാണ്ടി, ധർമടത്തേക്ക് ജി. ദേവരാജൻ എന്ന ക്രമത്തിൽ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന 360 ഡിഗ്രി തമാശയാണ് യു.ഡി.എഫിലെ സ്ഥാനാർഥിനിർണയ ചർച്ചകൾ. കേരളത്തിൽ ഒറ്റ സീറ്റ് മാത്രമുള്ള ബി.ജെ.പിയെ മുട്ടുകുത്തിക്കാൻ കോൺഗ്രസ്സിലെ ഏറ്റവും കരുത്തനായ നേതാവ് നേമത്ത് കളത്തിലിറങ്ങുമത്രേ. എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും മാറിമാറിയുള്ള ഭരണം അവസാനിപ്പിച്ച് ഭരണത്തുടർച്ചയുണ്ടാക്കി കോൺഗ്രസിനെ കെട്ടുകെട്ടിക്കാൻ ഒരുങ്ങുന്ന പിണറായി വിജയനെ നേരിടാൻ മുന്നണിയിലെ നാമമാത്ര കക്ഷിയായ ഫോർവേഡ് േബ്ലാക്കിെൻറ നേതാവിെൻറ സമ്മതത്തിന് സമ്മർദം ചെലുത്തും. അതെന്താണ് അങ്ങനെ എന്ന സംശയവുമായി വോട്ടർമാരെക്കൊണ്ട് മൂക്കത്ത് വിരൽ വെപ്പിക്കുകയാണ് കോൺഗ്രസ്.
പിണറായി വിജയനെ നേരിടാൻ ദേവരാജെൻറ പിന്നാലെ നടക്കുന്ന കാര്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സോണിയഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിനുശേഷം ഡൽഹിയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചത്. എൽ.ഡി.എഫിെൻറ ഭരണത്തുടർച്ചക്കും യു.ഡി.എഫിെൻറ തോൽവിത്തുടർച്ചക്കുമായി ശ്രമിക്കുന്ന നേതാവ് എന്നതിലുപരി, പിണറായി വിജയനെതിരെ പ്രതിപക്ഷം ആവർത്തിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ കൂടി കണക്കിലെടുത്താൽ ധർമടത്ത് ശക്തനായൊരു സ്ഥാനാർഥിയെത്തന്നെ കോൺഗ്രസ് മത്സരിപ്പിക്കേണ്ടതുണ്ട്. ദേവരാജൻ ദുർബലനാണ് എന്ന് അതുകൊണ്ട് അർഥമില്ല. പ്രധാന പ്രതിയോഗിക്കു മുന്നിൽ കോൺഗ്രസ് ഉൾവലിഞ്ഞുനിൽക്കുന്നു എന്നുമാത്രമാണ് അർഥം.
യു.ഡി.എഫിനും എൽ.ഡി.എഫിനും കേരളത്തിലെ ജനസാമാന്യത്തിനും മുഖ്യശത്രുവാണ് ബി.ജെ.പി. അവർ കഴിഞ്ഞതവണ നിയമസഭയിലേക്ക് അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. കൂടുതൽ മണ്ഡലങ്ങളിൽ ജയിക്കാൻ ഉന്നമിട്ടാണ് അവരുടെ നീക്കം. കോൺഗ്രസിെൻറ ആരോപണം അനുസരിച്ചാണെങ്കിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവരവരുടെ കാര്യസാധ്യത്തിനുവേണ്ടിയുള്ള അന്തർധാര സജീവമാണ്. ഒ. രാജഗോപാൽ ജയിച്ച നേമത്ത് വി. ശിവൻകുട്ടിതന്നെ മതിയെന്ന് സി.പി.എം തീരുമാനിച്ചതും മുൻനിര പ്രമുഖനെ നിയോഗിക്കാത്തതും അതുകൊണ്ടാണോ എന്ന് വ്യക്തമല്ല. ഏതായാലും ബി.ജെ.പിയോടുള്ള നേമത്തെ പോരാട്ടത്തിന് അനുപാതംവിട്ട പ്രാധാന്യം സി.പി.എം കൽപിച്ചുകൊടുത്തതായി കാണുന്നില്ല.
അന്നേരമാണ് കോൺഗ്രസിലെ പട്ടികച്ചർച്ചയിൽ നേമം അസാധാരണമായ പ്രാധാന്യം നേടിയത്. തന്നെ അഞ്ചു പതിറ്റാണ്ട് തെരഞ്ഞെടുത്തുവിട്ട പുതുപ്പള്ളി വിട്ട്, വയ്യാതായ ഈ കാലത്ത് മറ്റെവിടേക്കുമില്ലെന്ന് പലവട്ടം ആവർത്തിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പിടിയിൽ നിൽക്കുന്നില്ല വാർത്തകൾ. ഉമ്മൻചാണ്ടിയെ മാത്രമല്ല, വിശകലന വിദഗ്ധർ നേമത്തേക്ക് തള്ളിവിട്ടിരിക്കുന്നത്. ഉമ്മൻചാണ്ടിയല്ലെങ്കിൽ കെ. മുരളീധരൻ. അതുമല്ലെങ്കിൽ രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, ശശി തരൂർ. ഒന്നുമല്ലെങ്കിൽ മേജർ രവി. നേതാക്കൾ നിഷേധിച്ചിട്ടും ജനത്തെ അപ്പാടെ അമ്പരപ്പിക്കുകയാണ് മാധ്യമങ്ങളിൽ നിറയുന്ന ബഹുവർണ ഊഹാപോഹം. അതിന് ആക്കം പകർന്ന് നേമം സീറ്റിൽ തീരുമാനമെടുക്കാതെയാണ് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പുസമിതി പിരിഞ്ഞത്. നേമത്തെ സ്ഥാനാർഥി ദുർബലനായിരിക്കില്ലെന്നാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞുനിർത്തിയിരിക്കുന്നത്.
ഇതിനെല്ലാമിടയിലാണ് ഒരു ചോദ്യം പ്രസക്തമാകുന്നത്. കോൺഗ്രസിെൻറ സീറ്റു ചർച്ച വാർത്തകളിൽ നേമം ഒന്നാം നമ്പർ മണ്ഡലമാക്കി മാറ്റിയത് ആരുടെ അജണ്ടയാണ്? കോൺഗ്രസിെൻറ സമുന്നതനായ ഒരു നേതാവിനെ നേമത്ത് എത്തിച്ച് തെരഞ്ഞെടുപ്പിെൻറ പ്രധാന ശ്രദ്ധാകേന്ദ്രമായി ബി.ജെ.പിയെ മാറ്റാനുള്ള ആസൂത്രിത നീക്കം അതിലുണ്ടോ? മുഖ്യമന്ത്രി സ്ഥാനാർഥിയായി മാറിയേക്കാവുന്ന നേതാവിനെ നേമത്തെ കെണിയിൽപെടുത്താൻ കോൺഗ്രസിനുള്ളിൽതന്നെ നീക്കമുണ്ടോ? ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്ന് പറഞ്ഞുവെക്കാൻ സി.പി.എമ്മിനുള്ളിൽനിന്ന് പുറത്തുവന്ന പ്രചാരവേലയാണോ അത്? ഏതായാലും നേമത്തേത് വെറുമൊരു സ്ഥാനാർഥി ചർച്ചയല്ല. അതിനുപിന്നിൽ ഒരു അജണ്ട പതിയിരിക്കുന്നു. അതിൽ കോൺഗ്രസ് വീണുപോകുമോ ഇല്ലയോ എന്ന് ഞായറാഴ്ച സമ്പൂർണ സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങുേമ്പാൾ അറിയാം.
ബി.ജെ.പി അക്കൗണ്ടുതുറന്ന നേമം തീർച്ചയായും കേരളം ഉറ്റുനോക്കുന്ന മണ്ഡലം തന്നെ. സി.പി.എമ്മിനും കോൺഗ്രസിനും മാത്രമല്ല, ബി.ജെ.പിക്കും അവിടെ ദുർബലസ്ഥാനാർഥിയെ നിർത്താൻ പറ്റില്ല. എന്നാൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും സംബന്ധിച്ചിടത്തോളം അനുപാതംവിട്ട പരിഗണന സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകാനും പാടില്ല. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കാനുള്ള ആർജവം, രാഷ്ട്രീയ ചതുരംഗപ്പലകയിലെ രാജാവിനെത്തന്നെ മുന്നോട്ടു നീക്കിത്തന്നെയാകണമെന്നില്ല. ഒരേയൊരു മണ്ഡലം മാത്രം കേരളത്തിൽ കൈവശമുള്ള ഒരു പാർട്ടിയോട് എതിരാളിക്കുള്ള ഉൾഭയത്തിെൻറ തെളിവായി അത് ചിത്രീകരിക്കപ്പെടും. ഇതിനെല്ലാമിടയിൽ തന്നെയാണ് നേമത്തെ സാധ്യതപ്പട്ടികയിൽ ഉമ്മൻചാണ്ടിയെ ഒന്നാമനാക്കി വാർത്തകൾ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ, അതിനു പിന്നിൽ ആരോ മുൻകൂട്ടി തയാറാക്കിയ ഒരു അജണ്ടയുണ്ട്.
യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പി നേടിയത്. ബി.ജെ.പി 47ഉം സി.പി.എം 41ഉം ശതമാനത്തിലേറെ വോട്ടുനേടിയപ്പോൾ ജനതാദളിെൻറ വി. സുരേന്ദ്രൻപിള്ള 10 ശതമാനം പോലും വോട്ടു പിടിച്ചില്ല. അവിടെനിന്ന് സംഘടനപരമായി ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കോൺഗ്രസിന് സാധിച്ചിട്ടില്ല. പാർട്ടി ദുർബലം. ഘടകകക്ഷികളുടെ നിലയും പരുങ്ങലിൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂർ പിന്നാക്കം പോയ ഏക മണ്ഡലമാണ് നേമം. ഇതൊക്കെ കുമ്മനത്തെ കളത്തിലിറക്കുേമ്പാൾ ബി.ജെ.പിക്കുള്ള കൈമുതൽ കൂടിയാണ്. സംഘ്പരിവാറിെൻറ സമ്പൂർണമായ സംഘാടനശേഷി അവിടെ പ്രതിഫലിക്കാതിരിക്കില്ല. അങ്ങനെ കോൺഗ്രസ് ക്ഷീണിച്ചുനിൽക്കുന്ന, ജയം പിടിച്ചുവാങ്ങാൻ കഴിയുമോ എന്ന് ഉറപ്പിക്കാനാവാത്ത ത്രികോണ മത്സരത്തിലേക്ക് നിലാക്കോഴി എന്ന പോലെ കോൺഗ്രസിെൻറ ഒന്നാംനിര നേതാവ് ഇറങ്ങുന്നുവെന്ന പ്രതീതിയാണ് പട്ടിക വരാനിരിെക്ക ഉണ്ടായിത്തീർന്നിരിക്കുന്നത്. അത് കോദൺഗ്രസിലെ നേതാക്കൾ പരസ്പരം ഒരുക്കുന്ന കെണിയാണോ, എതിരാളികളുടെ കെണിയിൽ കോൺഗ്രസ് വീഴുമോ എന്നറിയാൻ ഇനി ഏറെ നേരം കാത്തിരിക്കേണ്ടിവരില്ല. പ്രമുഖനെ നിർത്തിയാലും ഇല്ലെങ്കിലും നേമം ഇനി എതിരാളികൾക്ക് കോൺഗ്രസിനു നേരെയുള്ള ആയുധമാണ്.
നിലനിൽപുതെന്ന ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന വിധം നിർണായകമായൊരു തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേതൃനിര എത്രത്തോളം ഗൗരവത്തോടെ സമീപിക്കുന്നു, അഥവാ ആത്മാർഥത ബാക്കിയുള്ള നേതാക്കൾ എത്ര നിസ്സഹായരാണ് എന്നു കൂടി വെളിവാക്കിയ സ്ഥാനാർഥിനിർണയ മാരത്തൺ ചർച്ചകളാണ് ഡൽഹിയിൽ അരങ്ങേറിയത്. ഞൊടിയിടക്കുള്ളിൽ പട്ടികയിറക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹിക്ക് വണ്ടി കയറിയ നേതാക്കൾ ഒരാഴ്ച വിശ്രമമില്ലാതെ കീറിമുറിച്ചിട്ടും അന്തിമപട്ടിക ഇറക്കാനായില്ല. ഹൈകമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കേരളത്തിൽ നീണ്ട ചർച്ച നടത്തി തയാറാക്കിയ കരടു പട്ടിക ഉണ്ടായിട്ടുകൂടി ഇതായിരുന്നു ഗതിയെന്നോർക്കണം. നേമം അടക്കം 10 സീറ്റിലെ തർക്കം ബാക്കിവെച്ചാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനെ ഡൽഹിയിൽ നിർത്തി നാട്ടിലേക്ക് മടങ്ങിയത്. 81 സീറ്റിലെ സ്ഥാനാർഥികളെ തീരുമാനിച്ചുവെന്ന് പറഞ്ഞ നേതാക്കൾ, ആ പട്ടികകൂടി പരസ്യമാക്കാത്തത് അതിലെ അനിശ്ചിതത്വം കൂടിയാണ് വെളിവാക്കിയത്.
എന്താണ് തീരാത്ത തർക്കം? അത് ജയസാധ്യത, സ്ഥാനാർഥി മേന്മ എന്നിവയേക്കാൾ ഗ്രൂപ്പ് വീതം വെപ്പിേൻറതാണ്. സ്വന്തക്കാർക്ക് സീറ്റ് ഉറപ്പിക്കാനുള്ള വീറും പോരും ശീതസമരവുമാണ് തുടർന്നത്. സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ചുതീർത്ത പി.സി. ചാക്കോ പാർട്ടിവിട്ടതിൽ കോൺഗ്രസുകാർക്ക് ദുഃഖമുണ്ടാകില്ല. ഗ്രൂപ്പിെൻറ പിടിയിലമർന്ന പാർട്ടിയുടെ ദുഃസ്ഥിതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതൊക്കെയും ശരിയാണെന്ന് പി.ജെ. കുര്യനും കെ.വി തോമസും മാത്രമല്ല, എല്ലാവരും തലകുലുക്കി സമ്മതിക്കാതിരിക്കില്ല. സ്ഥാനാർഥികളെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട തങ്ങളോട് ഒരു കൂടിയാലോചനയും നടത്താത്തതിെൻറ രോഷമാണ് എം.പിമാർക്കിടയിൽനിന്ന് ഉയർന്നത്. പ്രചാരണത്തിൽ മുൻനിരയിൽ ഉണ്ടാകേണ്ട കെ. മുരളീധരനാണ് കൂടിയാലോചനകളിലൊന്നും പങ്കെടുക്കാതെ മുറിയടച്ച് ഇരുന്നത്. ഗ്രൂപ്പു നേതാക്കളുടെ താൽപര്യങ്ങൾക്ക് തടസ്സംനിന്നാൽ പാർട്ടി സ്തംഭിക്കും. ആ ദുരവസ്ഥയാണ് മുമ്പ് വി.എം സുധീരനും ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രനും നേരിടുന്നത്. ഹൈകമാൻഡ് പ്രതിനിധിയെന്ന ദുഃസ്വാധീനമാണ് കെ.സി. വേണുഗോപാൽ അടിച്ചേൽപിക്കുന്നത്. അതിനെല്ലാം മുന്നിൽ എ.കെ. ആൻറണി മൗനിയാകുന്നു. താരിഖ് അൻവർ മുതൽ രാഹുൽ ഗാന്ധിവരെയുള്ളവർ കഥയറിയാതെ ആട്ടം കാണുന്നു. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെ തന്നെയും മുന്നൊരുക്കങ്ങൾക്കിടയിൽ, കേന്ദ്ര- സംസ്ഥാനസർക്കാറുകളുടെ വഴിവിട്ട പോക്ക് ചോദ്യം ചെയ്യാനും വോട്ടാക്കാനും സ്വന്തം അവകാശവാദങ്ങൾ ജനത്തെ ബോധ്യപ്പെടുത്താനും അണികളെ തെരഞ്ഞെടുപ്പിൽ സജ്ജമാക്കാനുമൊക്കെ, ഇതെല്ലാം കഴിഞ്ഞ് കോൺഗ്രസിന് നേരമെവിടെ? പ്രതിപക്ഷത്തിരുന്നിട്ടും സമയം തികയാതെ, കോൺഗ്രസിെൻറ സ്ഥാനാർഥിപ്പട്ടികയാണ് ഏറ്റവും ഒടുവിലായി ഇറങ്ങാൻപോകുന്നത്. ശേഷം സ്ക്രീനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.