ഒറ്റ നോട്ടത്തിൽ ബി.ജെ.പി ഉത്തർപ്രദേശിൽ വീണ്ടും ജയിക്കേണ്ടതാണ്. അങ്ങനെ ചിന്തിക്കുന്നവർക്ക് മുന്നിൽ പല കാരണങ്ങളുണ്ട്. അയോധ്യയിൽ ശ്രീരാമനും മഥുരയിൽ ശ്രീകൃഷ്ണനും കാശിയിൽ പരമശിവനും ബി.ജെ.പിയുടെ രാഷ്ട്രീയ തടവറയിൽ തന്നെ. ബി.ജെ.പി നേതാക്കൾ വിചാരിച്ചാൽ അയോധ്യയും മഥുരയും കാശിയും വോട്ടർമാരുടെ വൈകാരിക വിഷയങ്ങളായി ആളിക്കത്താൻ ക്ഷണനേരം മതി. രണ്ടാമതായി, കേന്ദ്രം മോദിയും സംസ്ഥാനം യോഗിയും അടക്കി ഭരിക്കുന്നു. പരസ്പരം പോരടിച്ച് നേടുന്ന തോൽവിക്കിടയിലും പ്രതിപക്ഷ പാർട്ടികൾ ചിതറിനിൽക്കുന്നത് ബി.ജെ.പിക്ക് അനുകൂലമായ ഏറ്റവും പ്രധാനമായ ഘടകം. പുറമെ, നിർലോഭമായി പണം; സന്നാഹങ്ങൾ. ഇതെല്ലാം വെച്ചു നോക്കിയാൽ ബി.ജെ.പിക്ക് വീണ്ടും അധികാരം പിടിക്കാൻ പ്രയാസമില്ല. അഥവാ, ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായ യോഗിയേക്കാൾ, മോദിക്കും അമിത് ഷാക്കും യു.പിയിൽ ജയിച്ചേ തീരൂ. യു.പിയിൽ തോറ്റാൽ, 2024ൽ കേന്ദ്രത്തിലെ അധികാരവും കൈവിട്ടു പോകും. ബി.ജെ.പി കെട്ടിപ്പൊക്കിയ അധികാരക്കോട്ട എട്ടുനിലയിൽ പൊട്ടും. ബി.ജെ.പിക്കു മാത്രമല്ല, ആർ.എസ്.എസിനും ഇതര സംഘ്പരിവാർ വിഭാഗങ്ങൾക്കും ഇന്നുള്ള അജയ്യത അടിയറവു പറയേണ്ടി വരുന്ന അഭിമാന പ്രശ്നമാണത്.
അതിനിടയിലാണ് ബി.ജെ.പിക്കുള്ളിൽതന്നെ ഉരുൾപൊട്ടിയത്. മൂന്നു മന്ത്രിമാർ അടക്കം ഭരണപക്ഷത്തെ ഡസനോളം എം.എൽ.എമാർ പാർട്ടി വിട്ടത് നേതാക്കളുടെയും അണികളുടെയും വീറും ആത്മവിശ്വാസവും ചോർത്തുന്നതായി. സീറ്റെണ്ണം കുറഞ്ഞേക്കുമെങ്കിലും ബി.ജെ.പിതന്നെ വീണ്ടും അധികാരം പിടിക്കുമെന്ന കാഴ്ചപ്പാട് നിലനിൽക്കുമ്പോൾതന്നെ അവർ ഇത്തരമൊരു കലാപത്തിന് തീരുമാനിച്ചത് പരാതികളും ചർച്ചകളും കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകാത്തതു കൊണ്ടാണ്. സംസ്ഥാനത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന തോന്നലും ഉണ്ടായിരിക്കണം. കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ മൂന്നിലൊന്ന് എം.എൽ.എമാർക്കും സീറ്റ് നൽകാതെ പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നതെന്നിരിക്കേ, തഴയപ്പെടാമെന്ന പ്രശ്നം പുറമെ. ഒതുങ്ങിക്കഴിയുമെന്ന് പ്രതീക്ഷിച്ചവരുടെ ഇറങ്ങിപ്പോക്ക് ബി.ജെ.പിക്ക് പക്ഷേ, തികച്ചും അപ്രതീക്ഷിതമായി. എരിതീയിൽ എണ്ണപകർന്ന സ്ഥിതി. ബ്രാഹ്മണർ ബി.ജെ.പിക്കു നേരെ നെറ്റിചുളിച്ചു നിൽക്കുമ്പോൾതന്നെയാണ്, പിന്നാക്ക വിഭാഗക്കാരായ പ്രമുഖ നേതാക്കളുടെ ഇറങ്ങിപ്പോക്ക്.
കർഷക സമരത്തെ തുടർന്ന സാഹചര്യങ്ങൾ പ്രധാനമായും പടിഞ്ഞാറൻ യു.പിയിലാണ് ബി.ജെ.പിയുടെ സാധ്യതകൾ കെടുത്തുന്നതെങ്കിൽ, മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ഒരുപോലെ ഉയർന്നിരിക്കുന്ന അതൃപ്തി കിഴക്കൻ യു.പിയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പിൽ അമിത് ഷായും മോദിയും ചേർന്ന് പ്രാദേശികമായി വിജയിപ്പിച്ചെടുത്ത സോഷ്യൽ എൻജിനീയറിങ്ങിനാണ് പരിക്കേറ്റിരിക്കുന്നത്. ജാതികളും ഉപജാതികളും കൂടിക്കുഴഞ്ഞ യു.പിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഈ പരിക്ക് മാറ്റാൻ ചില പുതിയ സാമുദായിക സമവാക്യങ്ങൾക്കായി ഈ പതിനൊന്നാം മണിക്കൂറിൽ ബി.ജെ.പി പണിപ്പെടേണ്ടിവന്നിരിക്കുന്നു. യാദവ-മുസ്ലിം സഖ്യത്തിനു നേരെ വിരൽ ചൂണ്ടി ഹൈന്ദവ വികാരമുണർത്തി സവർണ, പിന്നാക്ക വോട്ടുകൾ ഹിന്ദുത്വത്തിന്റെ കുടക്കീഴിലേക്ക് ആവാഹിക്കുന്ന സൂത്രവിദ്യയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിപ്പിച്ചു പോന്നത്. അത് അതേപടി നടത്തിയെടുക്കാൻ ഇത്തവണ കഴിയില്ല.
സീറ്റെണ്ണം കുറഞ്ഞാലും, കഷ്ടിച്ചെങ്കിലും ജയിക്കാതിരിക്കില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പിക്കാർപോലും മുന്നിൽക്കാണുന്ന വെല്ലുവിളികൾ പലതാണ്. യു.പിയുടെ ഭരണം ആർക്കെന്ന് നിശ്ചയിക്കുന്നതിൽ പശ്ചിമ യു.പിയുടെ മനോഗതി നിർണായകമാണ്. മുസഫർനഗർ കലാപാനന്തരം പരസ്പര ശത്രുതയിലായ ജാട്ടുകളും മുസ്ലിംകളും കർഷക സമരത്തോടെ വീണ്ടും ഐക്യപ്പെട്ടതും, സമാജ്വാദി പാർട്ടിയും ആർ.എൽ.ഡിയും സഖ്യമുണ്ടാക്കിയതും മൂലം പശ്ചിമ യു.പിയിൽനിന്ന് കാര്യമായ സീറ്റ് കിട്ടില്ല. ഠാകുറായ യോഗിയുടെ അടക്കിവാഴ്ചയോടെ യാദവ, ജാട്ടവ വോട്ടുകളിൽ നല്ല പങ്ക് കൈയടക്കിയ മുൻകാലത്തെ അനുകൂല സാഹചര്യമല്ല ഇപ്പോൾ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും, ലഖിംപുരിൽ കർഷകരെ വാഹനം കയറ്റി കൊന്ന സംഭവം കർഷകർക്കിടയിൽ ഉണ്ടാക്കിയ രോഷവും ബി.ജെ.പിയോടുള്ള അവിശ്വാസവും ബാക്കി നിൽക്കുന്നു. അതിലെ മുഖ്യപ്രതിയുടെ പിതാവ് അജയ് മിശ്രയെ ആഭ്യന്തര സഹമന്ത്രി സ്ഥാനത്തു നിലനിർത്തുന്നത് ബ്രാഹ്മണ പ്രീതിക്ക് വേണ്ടിയാണെങ്കിലും, ബ്രാഹ്മണർ യോഗിയോട് കടുത്ത അമർഷത്തിൽതന്നെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകപോലും ചെയ്യാതെ മുഖ്യമന്ത്രിയായ യോഗിയുടെ സ്വേച്ഛാ ഭരണവും തുടർച്ചയായ പിഴവുകളും മൂലം സാധാരണക്കാരായ വോട്ടർമാർക്ക് സർക്കാറിനോട് കമ്പമില്ല. യോഗിയെ മാറ്റാൻ ബി.ജെ.പി എം.പി-എം.എൽ.എമാർ നേരത്തെ കലാപം ഉയർത്തിയതാണ്. എന്നാൽ, ആർ.എസ്.എസിന്റെ കാവി അജണ്ടയുടെ പച്ചയിലാണ് യോഗി രക്ഷപ്പെട്ടത്. ഇതിനെല്ലാം പിന്നാലെയാണ് യോഗിയുടെ മന്ത്രിസഭയിൽനിന്ന് മൂന്നു മന്ത്രിമാർ രാജിവെച്ച് സമാജ്വാദി പാർട്ടിയിൽ എത്തിയത്.
ഫലത്തിൽ സാഹചര്യങ്ങളെല്ലാം ബി.ജെ.പിക്ക് എതിരാണ്. ബി.ജെ.പി ഭരണത്തിനൊടുവിൽ വയറ്റത്തടിയേറ്റ വികാരമാണ് വോട്ടർമാർക്ക്. അതിനെ അതിജീവിക്കാൻ ബി.ജെ.പിയുടെ പക്കൽ കാവിയജണ്ടയുടെ വൈകാരിക വീര്യവും പണക്കൊഴുപ്പും സംഘ്പരിവാർ സംഘബലവുമല്ലാതെ ഭരണനേട്ടമൊന്നും കൈമുതലായി ഇല്ല. പലവിധ കെടുതികളിലേക്ക് എടുത്തെറിയപ്പെട്ട ദുഃസ്ഥിതി ഒരു വശത്തും ഹിന്ദുത്വ വികാരം മറുവശത്തുമായി മാറ്റുരക്കുന്ന തെരഞ്ഞെടുപ്പാണ് യു.പിയിൽ നടക്കുന്നത്. ഹിന്ദുത്വ വികാരത്തെയും കടത്തിവെട്ടുന്ന ജനരോഷം എവിടെയും ഉയർന്നുനിൽക്കുന്നു. അതിനിടയിലും വിജയിക്കാമെന്ന അതിരുവിട്ട ആത്മവിശ്വാസം ബി.ജെ.പി കൊണ്ടുനടക്കാൻ കാരണം രണ്ടാണ്. ഒന്ന്, പ്രതിപക്ഷ പാർട്ടികളിലുള്ള വിശ്വാസം. രണ്ട്; കാവിയജണ്ടയിലുള്ള വിശ്വാസം. പ്രതിപക്ഷ ചേരിതന്നെ ചതുഷ്കോണ മത്സരം കാഴ്ചവെക്കുന്ന ഒന്നാണ് യു.പി തെരഞ്ഞെടുപ്പ്. സമാജ്വാദി പാർട്ടി ആർ.എൽ.ഡി അടക്കം ചെറുപാർട്ടികളുമായി സഖ്യമുണ്ടാക്കി മുന്നോട്ടുനീങ്ങുന്നു. അണികളിൽ നല്ലൊരു പങ്കിനെ ബി.ജെ.പി കൊണ്ടുപോയതോടെ ശോഷിച്ചു പോയ ബി.എസ്.പിയെ നയിക്കുന്ന മായാവതി ഒറ്റക്ക്. നാലാം സ്ഥാനക്കാരായ കോൺഗ്രസും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാനക്കയറ്റത്തിന് ഒറ്റക്കുള്ള പോരാട്ടത്തിൽ. അതിനു പുറമെ ആരുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് സ്വന്തം പിന്തുണ അളക്കാൻ ന്യൂനപക്ഷ മുഖമായ അസദുദ്ദീൻ ഉവൈസിയും ദലിത് പോരാളിയായ ചന്ദ്രശേഖർ ആസാദും ഒറ്റക്കൊറ്റക്ക് കളത്തിൽ. പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടി തന്ത്രപൂർവമാണ് കരുക്കൾ നീക്കുന്നതെങ്കിലും, സ്വന്തം പാർട്ടിക്കാരെ പ്രകോപിപ്പിക്കാതെ സഖ്യകക്ഷികളുമായും ബി.ജെ.പി വിട്ടെത്തിയവരുമായും സീറ്റു പങ്കിടൽ ധാരണ രൂപപ്പെടുത്തുക വെല്ലുവിളിതന്നെ.
തെരഞ്ഞെടുപ്പിനു മുമ്പത്തെ പ്രതിപക്ഷ സഖ്യങ്ങൾ പ്രായോഗികതലത്തിൽ വിജയിക്കാത്ത മുൻകാല ദുരനുഭവങ്ങൾകൂടി മുൻനിർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ നീങ്ങുന്നത്. സമാജ്വാദി പാർട്ടിയും കോൺഗ്രസും ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ബി.എസ്.പിയും അതേപോലെ സഖ്യമുണ്ടാക്കി മത്സരിച്ചിട്ടുണ്ട്. മുമ്പെല്ലാം പരസ്പരം പോരടിച്ചിരുന്ന ഈ പാർട്ടികളുടെ അണികൾ ഒത്തുപോവുകയോ കൂട്ടായ പ്രവർത്തനത്തിന് തയാറാവുകയോ ചെയ്യാത്തതിനാൽ സഖ്യങ്ങൾ ലക്ഷ്യം കണ്ടില്ല.അവിടം വിട്ട്, അവരവരുടെ ഐഡന്റിറ്റി ഉയർത്തിപ്പിടിച്ചുള്ള പോരാട്ടത്തിലാണ് ഇക്കുറി എല്ലാ പ്രതിപക്ഷ പാർട്ടികളും.
യാദവ വോട്ട് ഭിന്നിക്കാതെ, മുസ്ലിംകളുടെയും ജാട്ടുകളുടെയും ബി.ജെ.പിയോട് ഉടക്കിയ പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാനാണ് സമാജ്വാദി പാർട്ടിയുടെ ജീവന്മരണ പോരാട്ടം. അതേസമയം, ബി.ജെ.പി ശേഷി ചോർത്തിയ ബി.എസ്.പിയെ കൂടുതൽ ദുർബലമാക്കുന്നതാണ് ചന്ദ്രശേഖർ ആസാദിന്റെ ഒറ്റക്കുള്ള മത്സരം. അസദുദ്ദീൻ ഉവൈസി മുസ്ലിം വോട്ടിൽ ഒരു പങ്ക് പിടിക്കുമ്പോൾ ഏറ്റവും പരിക്കേൽക്കുന്നത് കോൺഗ്രസിനായിരിക്കും. ഭരണവിരുദ്ധ വികാരവും ആഭ്യന്തര പ്രശ്നങ്ങളും ബി.ജെ.പിയെ തളർത്തുന്നത് തങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന് സമാജ്വാദി പാർട്ടി കണക്കു കൂട്ടുന്നു. പ്രധാന ശത്രുവായ ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ തെരഞ്ഞെടുപ്പിനു ശേഷം ആരെയും പിന്തുണക്കാമെന്ന നിലപാടിലാണ് കോൺഗ്രസ്. പണി പാളുന്നുവെന്നു കണ്ടാൽ മായാവതിയുടെ ബി.എസ്.പിയെ ബി.ജെ.പി വളഞ്ഞു പിടിച്ചേക്കാമെന്ന സാധ്യതയും ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇതിനെല്ലാമിടയിൽ ഒന്നുറപ്പാണ്: ഭരണം നിലനിർത്താൻ അറ്റകൈ പ്രയോഗത്തിനും മടിക്കാത്ത ബി.ജെ.പി ഹിന്ദുത്വ വികാരം ഉണർത്താൻ എല്ലാ അടവും പയറ്റാൻ പോകുന്ന തെരഞ്ഞെടുപ്പു കളമാണ് വോട്ടർമാർക്കു മുന്നിൽ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.