കർഷകരാണ് എന്നും എെൻറ കൺകണ്ട ദൈവങ്ങൾ. അമ്മ സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നത് കണ്ടിട്ടാണ് ഞാൻ വളർന്നത്. അമ്മയോടൊപ്പം കൃഷി ചെയ്ത് പഠിച്ചു വളർന്നുവന്ന കുട്ടിക്കാലം എനിക്ക് മറ്റേതു കാലത്തേക്കാളും വിലപ്പെട്ടതാണ്. കൃഷിയോടും കൃഷിക്കാരോടുമുള്ള ആത്മീയബന്ധവും ആദരവും അങ്ങനെയുണ്ടായതാണ്. അതുകൊണ്ടു കൂടിയാവണം കോവിഡിെൻറ മാരക പകർച്ചഭീഷണിക്കുള്ളിലും അതിശൈത്യത്തിലും സ്വന്തം വീടുകളും കൃഷിയിടങ്ങളും വിട്ട് ഡൽഹിയിലേക്ക് പുറപ്പെട്ടുവന്ന കർഷകരുടെ സഹനത്തിെൻറ കാഴ്ചകൾ ചുറ്റുമുള്ള കോവിഡിനേക്കാളുംഗുരുതരമായി എന്നെ തീർത്തും അസ്വസ്ഥമാക്കിയിട്ടുള്ളത്. ഈ സഹനം അവർ അർഹിക്കുന്നതല്ല. കർഷകരുടെ ആവശ്യങ്ങളും അവകാശങ്ങളും മനസ്സിലാക്കി അവരെ ബഹുമാനിക്കാനും പിന്തുണക്കാനും അറിയാത്ത ഭരണാധികാരികളുള്ള നാട് മുടിഞ്ഞുപോകും. തങ്ങൾക്ക് വേണ്ട എന്നു കർഷകർ പറയുന്ന ഒരു നിയമത്തെ അവർക്കുമേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ ഈ രാജ്യത്തെ സമ്പൂർണമായും നശിപ്പിക്കുകയാണ്.
പഞ്ചാബിൽനിന്നു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇനിയും കർഷകർ ഡൽഹി അതിർത്തികളിലേക്ക് പുറപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആറു മാസത്തേക്കെങ്കിലും റോഡരികുകളിലും മറ്റും താമസിക്കാനുള്ള തയാറെടുപ്പിലാണ് അവർ. കർഷകരെ തുറന്ന ജയിലിലടക്കാൻ തയാറെടുത്ത കേന്ദ്ര സർക്കാറിെൻറ ഹിംസാധികാരത്തിനു മുന്നിൽ ഇന്ത്യയിലെ കർഷകർ തെല്ലും ഭയക്കുകയില്ല എന്ന കാഴ്ച ഈ ഭരണകൂട ദുഷ്ടതയുടെ കാലത്ത് വലിയ ആശ്വാസവുമാണ്. സർക്കാർ കർഷകസംഘടനകളുമായി ചർച്ചക്ക് തയാറാണെന്ന് ഗത്യന്തരമില്ലാതെ പറയുമ്പോഴും കാർഷികനിയമത്തെ പിന്തുണച്ച് പ്രധാനമന്ത്രി പലയിടങ്ങളിലും ഇപ്പോഴും പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ മോദി സർക്കാറിനു നേരെ ഇന്ത്യയിലെ കർഷകർ തീർത്തും അസംതൃപ്തരും ക്ഷുഭിതരും പ്രതീക്ഷയില്ലാത്തവരുമാണ്.
കൃഷിഭൂമിയിലുള്ള അവകാശത്തിെൻറയും വിളവുൽപാദന കൃഷിരീതികളുടെ തെരഞ്ഞെടുപ്പിെൻറയും മേലുള്ള നിയന്ത്രണം കർഷകർക്ക് ജീവൻപോലെ പ്രധാനമാണ്. അവരുടെ കൃഷിയിടത്തിലേക്ക് വിപണിരൂപത്തിൽ കോർപറേറ്റുകൾ കടന്നുകയറുേമ്പാൾ കർഷകരുടെ ഈ സ്വാതന്ത്ര്യെത്തയും നിലനിൽപിനെയും അത് തകർക്കും.
2014 മുതൽ ഭരണത്തിലേറിയ മോദി സർക്കാറിന് ഭരണഘടനപരമായി ജനങ്ങളുടെ അവകാശസംരക്ഷണത്തിലോ ക്ഷേമത്തിലോ രാജ്യത്തിെൻറ സുസ്ഥിരമായ സാമ്പത്തിക, സാമൂഹിക, ഭൗതിക, പാരിസ്ഥിതിക, സാംസ്കാരിക, മാനവശേഷി വികസനത്തിലോ അശേഷം താൽപര്യമില്ലെന്നു തുറന്നുകാണിക്കുന്ന സംഭവങ്ങളാണ് മുന്നിലുള്ളത്. അതിെൻറ ഫലമായി ഇന്ത്യ ഇന്ന് വർധിച്ച അസമാധാനത്തിെൻറയും അസന്തുഷ്ടിയുടെയും ദാരിദ്യ്രത്തിെൻറയും പട്ടികയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡിനെ പഴിചാരി കേന്ദ്ര സർക്കാറിന് ഈ യാഥാർഥ്യത്തിൽനിന്ന് എളുപ്പം രക്ഷപ്പെടാനാവുകയില്ല.
നോട്ടുനിരോധനവും പൗരത്വഭേദഗതി നിയമവും മാത്രമല്ല, പൊതുമേഖല ആസ്തികളും വിഭവങ്ങളും ഒന്നൊന്നായി അദാനി, അംബാനി തുടങ്ങിയ വൻകിട കോർപറേറ്റുകൾക്ക് ദീർഘകാലത്തേക്ക് എഴുതിക്കൊടുക്കുകയോ ഫലത്തിൽ വിറ്റഴിക്കുകയോ ചെയ്ത് ഭരണഘടനവിരുദ്ധവും ജനവിരുദ്ധവുമായ ഫാഷിസ്റ്റ്–നിയോലിബറൽ സാമ്പത്തിക, ചങ്ങാത്തമുതലാളിത്ത രാഷ്ട്രീയാധികാര ചേരുവകളുടെ നിക്ഷിപ്ത താൽപര്യങ്ങളിലാണ് ബി.ജെ.പി സർക്കാർ അഭിരമിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകെൻറ മാത്രമല്ല, ബി.ജെ.പി എന്ന പാർട്ടിയുടെയും മറ്റു വൻകിട നേതാക്കളുടെയും ഈ കാലയളവിലുണ്ടായ ആസ്തിവർധന ഈ ഘട്ടത്തിൽ സാമൂഹിക ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. അവകാശ ലംഘനങ്ങൾക്കെതിരെ ജനരോഷമുയരുമ്പോൾ ജാതിഹിന്ദുത്വത്തിെൻറ അക്രമാസക്തിപൂണ്ട നുണപ്രചാരണങ്ങളും ഇതര മതങ്ങളുടെ, വിശേഷിച്ച് മുസ്ലിംകളുടെ നേർക്കുള്ള വെറുപ്പുൽപാദനവും രാമക്ഷേത്ര, കൃഷ്ണക്ഷേത്ര നിർമാണം പോലുള്ള ഭക്തജന വൈകാരിക പ്രീണനപരിപാടികളുമാണ് ബി.ജെ.പി സർക്കാർ നിർത്താതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മതാത്മകമായ അധികാരാന്ധതയുള്ള ഒരു സർക്കാറിന് രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിലോ അവകാശങ്ങളിലോ ഭരണഘടനയിൽതന്നെയോ താൽപര്യമുണ്ടാവില്ല എന്നതുകൊണ്ടാണ് ബി.ജെ.പിയെ അധികാരത്തിൽ കയറ്റാനും നിലനിർത്താനും കോർപറേറ്റുകമ്പനികൾക്ക് അത്യുത്സാഹം. തന്നെയുമല്ല, ജനവിരുദ്ധവും ഭരണഘടനവിരുദ്ധവുമായി പ്രവർത്തിക്കാൻ അവർ മുന്നിട്ടിറങ്ങുകയും ചെയ്യും എന്നതുകൊണ്ടുമാണ്.
ഇന്ത്യയിലെ ചങ്ങാത്തമുതലാളിത്തത്തിെൻറ ഈ വസന്തകാലത്ത് കോർപറേറ്റ് കുത്തകകൾക്ക് ഇന്ത്യയെ കൊള്ളയടിച്ച് ആസ്തികൾ പൂർവാധികം വർധിപ്പിക്കാൻ ബി.ജെ.പിയുടെ ഭരണത്തിനു കീഴിൽ വളരെ എളുപ്പമാണ്. അംബാനിയും അദാനിയും പോലുള്ള കോർപറേറ്റ് ഭീമന്മാർ ആവശ്യപ്പെടുന്നതെന്തും അവർ വിരിച്ച പരവതാനിയിലൂടെ മുട്ടിലിഴഞ്ഞു ചെന്ന് കാഴ്ചവെക്കുന്ന മതരാഷ്ട്രീയ ഭീകരഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളത്. എല്ലാവർക്കും അവകാശപ്പെട്ട രാജ്യത്തിെൻറ പൊതുസമ്പത്ത് മുഴുവൻ ഏതാനും കോർപറേറ്റ് കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ സമർപ്പിക്കുന്ന, വിറ്റഴിക്കുന്ന സർക്കാറിനെ ചോദ്യംചെയ്യാൻ പാർലമെൻറിൽ ശക്തമായ പ്രതിപക്ഷം ഇല്ലാതായിപ്പോയി എന്നതാണ് ഏകപക്ഷീയമായ ഈ കൈമാറ്റ നിയമനിർമാണങ്ങളുടെ ദുരന്ത പശ്ചാത്തലം. അതുകൊണ്ടാണ് ഇന്ത്യയിലെ കർഷകർ കോവിഡ് മഹാമാരിയുടെയും അതിശൈത്യത്തിെൻറയും കഷ്ടതരമായ സമയത്ത് തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മലയോര ആദിവാസിഗ്രാമത്തിലേക്ക് ഒരു മീറ്റിങ്ങിനു പോയിരുന്നു. കോവിഡ് കാലം ആദിവാസിജീവിതത്തിൽ പ്രഹരമേൽപ്പിക്കുന്നത് എങ്ങനെയായിരിക്കും എന്ന ആകുലത എെൻറ ഉള്ളിലുണ്ട്. പക്ഷേ, കേരളത്തിൽ റേഷൻവഴി അവർക്കു കിട്ടുന്ന ഭക്ഷ്യധാന്യങ്ങൾ ഇപ്പോൾ ആവശ്യം കഴിഞ്ഞും ബാക്കിയുണ്ട് എന്നാണ് അവർ നേരിട്ട് പറഞ്ഞത്.
ഈ കോവിഡ്കാലത്ത് ജനങ്ങളെ പട്ടിണിയിൽ നിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നതിന് സഹായകമായത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ നിയമമാണ്. ഇന്ത്യയിലെ ആകെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യസുരക്ഷ നിയമം പോലും ഭാവിയിൽ നിലകൊള്ളുക കർഷകരുടെ ഉൽപാദന, വിപണി സ്വാതന്ത്ര്യത്തേയും നിലനിൽപിനേയും ആശ്രയിച്ചാണ്. ഭക്ഷ്യസുരക്ഷ നിയമം ഇല്ലെങ്കിൽ കൃഷിഭൂമിയും ഉൽപാദനവും തീരെ കുറവുള്ള കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന് എങ്ങനെയാണ് തുടർന്ന് നിലനിൽക്കാനാവുക!
കേന്ദ്രത്തിെൻറ കർഷകവിരുദ്ധ നിയമത്തിനെതിരെ സ്വന്തം ജീവനോപാധികളായ കൃഷിഭൂമിയും വിളവുകളും കൈവിട്ടുപോകാതിരിക്കാൻ വേണ്ടി മാത്രമുള്ളതല്ല ഈ കർഷക പ്രക്ഷോഭം എന്ന് ഇന്ത്യയിലെ കർഷകരല്ലാത്ത ജനങ്ങൾക്ക് തിരിച്ചറിയാനാവണം. അങ്ങനെ തിരിച്ചറിഞ്ഞാൽ കർഷകസമരത്തിനൊപ്പം വരും ദിവസങ്ങളിൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വലിയ തോതിലുള്ള ഐക്യദാർഢ്യ പ്രക്ഷോഭമുയരും. കോവിഡിനെ അതിജീവിച്ചാൽ പട്ടിണികിടന്ന് മരിക്കേണ്ടി വരും എന്നതാണ് മുന്നിലുള്ള യാഥാർഥ്യമെങ്കിൽ ആരാണ് കോവിഡിനെ ഭയന്ന് അവകാശ പ്രക്ഷോഭത്തിൽനിന്ന് പിന്തിരിഞ്ഞു പോവുക! മണ്ണിൽ പണിയെടുത്ത് സ്വന്തം കുടുംബത്തെ മാത്രമല്ല, രാജ്യത്തെ മുഴുവൻ പോറ്റുന്ന കർഷകരുടെ എതിർപ്പിനെ നിസ്സാരമായി കാണാൻ ശ്രമിച്ച കേന്ദ്രസർക്കാർ കർഷകസംഘടനകളുമായി ഒന്നാം വട്ടം ചർച്ചക്ക് തയാറായത് ഈ സമരം തുടർന്നാൽ ഡൽഹിയിലേക്ക് ഭക്ഷണമെത്തില്ല എന്ന് ഭയമുള്ളതുകൊണ്ടാണ്.
യഥാർഥത്തിൽ കർഷകരുടെ രക്ഷക്കു വേണ്ടത്, കഴിഞ്ഞവർഷം കർഷകർ നടത്തിയ ലോങ് മാർച്ചിൽ ഉന്നയിച്ച ആവശ്യങ്ങളും മുദ്രാവാക്യങ്ങളും മനസ്സിലാക്കുകയും അംഗീകരിക്കുകയും അവ നടപ്പാക്കാനാവശ്യമായ നടപടികളെടുക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.