ഒരു പെൺകുട്ടിയുടെ ജീവിതം തുടങ്ങുന്നതി നുമുമ്പേ പൊലിഞ്ഞുപോകുന്ന മരണവലയായി വിവാഹം മാറുന്നു എങ്കിൽ അത്തരം വിവാഹത്തെക്കുറിച്ച് കുടുംബവും സമൂഹവും സർക്കാറുകളും അടിയന്തര പ്രാധാന്യത്തോടുകൂടി ചില കൂട്ടായ ആലോചനകൾ, തീരുമാനങ്ങൾ, മാറ്റങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്.
ഉത്ര എന്ന പെൺകുട്ടിയെ ഭർത്താവ് െകാലപ്പെടുത്തിയതിനെക്കുറിച്ചുള്ള വാർത്തകളുടെ നടുക്കത്തിൽനിന്ന് ഇനിയും പലരും മോചിതരായിട്ടില്ല. ഇപ്പോൾ വിസ്മയ എന്ന പെൺകുട്ടിയും പ്രത്യക്ഷത്തിൽത്തന്നെ സ്ത്രീധന കൊലപാതകത്തിെൻറ ഇരയായി കേരള സമൂഹത്തിനു മുന്നിൽ ജീവനറ്റ് തൂങ്ങിനിൽക്കുന്നത് കാണുകയാണ്. ഇനിയെങ്കിലും ഇവ ആവർത്തിക്കപ്പെടാതിരിക്കാൻ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും പ്രധാന ഉത്തരവാദിത്തമുണ്ട്.
പെൺകുട്ടികളെ സ്വതന്ത്ര വ്യക്തികളായി വളർത്തണം. സ്വന്തമായി ജോലിചെയ്ത് വരുമാനമുണ്ടാക്കാനും സ്വാശ്രയത്വത്തോടെ ജീവിക്കാനുമുള്ള തേൻറടം ഉണ്ടാക്കിക്കൊടുക്കാൻ കുടുംബങ്ങൾ പ്രധാന ഉത്തരവാദിത്തം വഹിക്കണം. അതോടെ, വിവാഹം കഴിച്ചയക്കാൻ സ്ത്രീധനമുണ്ടാക്കാനായി ജീവിതം ഹോമിക്കുന്ന മാതാപിതാക്കൾക്കും കിട്ടും വലിയ ആശ്വാസവും ആരോഗ്യത്തോടും സന്തോഷത്തോടുംകൂടിയുള്ള ജീവിതവും.
സ്ത്രീധന നിരോധന നിയമം നടപ്പാക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് പ്രതിരോധപ്രവർത്തനങ്ങളുടേതായ അനുകൂലമായ എല്ലാ അന്തരീക്ഷവും ബോധപൂർവമായ പിന്തുണയും സൃഷ്ടിക്കണം. യഥാർഥത്തിൽ വിവാഹധനസഹായം എന്ന ഏർപ്പാട് സർക്കാർ പിൻവലിക്കണം. അത്രയും ധനസഹായംകൂടി പെൺകുട്ടിക്ക് വിദ്യാഭ്യാസത്തിനും തൊഴിൽപരിശീലനത്തിനും തൊഴിൽ നൽകുന്നതിനുമായി ഉപയോഗിക്കണം. പരമാവധി ഇരുപത്-നൂറു പേരുണ്ടെങ്കിലും വിവാഹം നടത്താം എന്നു നമ്മൾ കോവിഡ്കാലത്തു കണ്ടതാണ്. ആ സംസ്കാരം നമ്മുടെ സമൂഹത്തിെൻറ ഭാഗമാക്കി മാറ്റണം. സ്ത്രീധനമില്ലാതെ വിവാഹം കഴിക്കുന്നവർക്ക് ഉദ്യോഗം ലഭിക്കുന്നതിനും പ്രമോഷനും മറ്റും ലഭിക്കുന്നതിനും ചില മുൻഗണനകളും പരിഗണനകളും നൽകുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്.
കേരളത്തിെൻറ നവോത്ഥാന ധാരകളിൽ സ്ത്രീകളുടെ നേതൃത്വത്തിലുണ്ടായിരുന്ന പ്രവർത്തനങ്ങളിൽ 1940കളിൽ ഏറ്റവും ശക്തമായി എതിർക്കപ്പെട്ട സാമൂഹികവിപത്താണ് സ്ത്രീധന വിവാഹം. 1948ൽ എഴുതി അവതരിപ്പിക്കപ്പെട്ട തൊഴിൽകേന്ദ്രത്തിലേക്ക് എന്ന നാടകം ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്. േപ്രമമായിരിക്കണം വിവാഹത്തിെൻറ അടിസ്ഥാനം എന്നതും നവോത്ഥാന കാലത്ത് ഉയർന്നുകേട്ട മറ്റൊരു മഹത്തായ ചിന്തയായിരുന്നു. അന്തർജന സമാജവും സഹോദരൻ അയ്യപ്പനും പാർവതി അയ്യപ്പനും വിപ്ലവകരമായി ഉയർത്തിയ ഈ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും കേരളത്തിൽ ഇനിയെങ്കിലും വലിയതോതിലുള്ള മുന്നേറ്റവും കാലാനുസൃതവും വിപ്ലവകരമായ തുടർച്ചയുമുണ്ടാകണം. അന്ന് തികച്ചും വേറിട്ടും മുന്നിട്ടും നിന്ന ഈ നവോത്ഥാന ചിന്തയുടെ ഗുണഫലങ്ങൾ ദുർബലമായിട്ടെങ്കിലും തലമുറകളിലൂടെ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
എണ്ണത്തിൽ കുറവാണെങ്കിലും സ്ത്രീധനവിവാഹത്തെ എതിർക്കുന്ന, ഉപേക്ഷിക്കുന്ന സ്ത്രീപുരുഷന്മാർ നമുക്കിടയിലുണ്ട്. ഞാനടക്കം പല സ്ത്രീകളും സാമ്പ്രദായിക സ്ത്രീധനവിവാഹത്തെ ഭയന്ന് ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ച് കുടുംബത്തിെൻറ സമ്മർദങ്ങളെ അതിജീവിക്കാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട്. ഞങ്ങളുടെ പെൺമക്കൾ സ്ത്രീധനവിവാഹത്തെക്കുറിച്ചുള്ള ഭയമില്ലാതെ, കൂസലില്ലാതെ, ആത്മവിശ്വാസത്തോടെയാണ് വളരുന്നത്. ഇഷ്ടമുള്ള കാര്യങ്ങൾ പഠിക്കാനും പ്രവർത്തിക്കാനും അതിനിടയിൽ സമാനമായി ചിന്തിക്കുന്ന ഇണയെ കണ്ടെത്തിയാൽ േപ്രമത്തിലധിഷ്ഠിതമായ കുടുംബജീവിതം തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും സന്തോഷവും അവരുടെ ജന്മാവകാശമാണ്. വിവാഹം കഴിക്കാതെ അഭിമാനകരമായി ജീവിക്കാനും അവർക്ക് സ്വാതന്ത്ര്യവും അവകാശവുമുണ്ട്.
തങ്ങളുടെ പെൺമക്കൾ സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ഈ ലോകത്ത് ജീവിച്ചിരിക്കണം എന്നാഗ്രഹിക്കുന്ന കുടുംബങ്ങൾ, മാതാപിതാക്കൾ സ്ത്രീധന നിരോധന നിയമം ലംഘിക്കുകയില്ലെന്ന് തീരുമാനമെടുക്കണം. രാജ്യത്ത് ഒരു സ്ത്രീനിയമമുണ്ടായത് വെറുതെയാവരുത്. സ്ത്രീധനത്തിെൻറ പേരിൽ അനേകം പെൺകുട്ടികൾ കൊല്ലപ്പെടുന്നതിൽ വേദനിച്ചും പ്രതിഷേധിച്ചും പ്രതികരിച്ചുകൊണ്ട് പുറത്തിറങ്ങിയ വിപ്ലവകാരികളായ സ്ത്രീകളും സ്ത്രീസംഘടനകളും രാജ്യവ്യാപകമായി വളർത്തിക്കൊണ്ടുവന്ന വലിയ പ്രക്ഷോഭങ്ങളുടെയും നിയമപരമായ ആവശ്യങ്ങളുടെയും ഫലമായി ഉണ്ടായതാണ് ഈ നിയമം. ഇത് ലംഘിക്കാനായി പുരുഷാധിപത്യ താൽപര്യങ്ങളുടെ വലിയ സാമൂഹിക സമ്മർദം നിലനിൽക്കുമ്പോൾ അതിനെ ചെറുത്തുനിൽക്കാൻ വലിയ മനഃശക്തി വേണം.
പൊതുസമൂഹത്തിെൻറ താൽപര്യമാണോ സ്നേഹിച്ചുവളർത്തി വലുതാക്കിയെടുത്ത സ്വന്തം മകളുടെ ജീവനാണോ വലുത് എന്ന ഒരൊറ്റ ചോദ്യത്തിനു മുന്നിൽ മകളുടെ ജീവനാണ് വലുത് എന്ന ഒരൊറ്റ ഉത്തരം പറയാൻ ആർജവമുണ്ടായാൽ മാത്രം മതിയാകും. രണ്ടും വേണം എന്ന ഗത്യന്തരമില്ലാത്ത വിചാരങ്ങളിൽ കുരുങ്ങിയാൽ ഉത്രയും വിസ്മയയും മറ്റു പേരുകളിൽ നമ്മുടെ മുന്നിൽ ഇനിയും പ്രത്യക്ഷപ്പെടും. പെൺകുട്ടികൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് സ്ത്രീധനവിവാഹത്തിെൻറ അപകടങ്ങൾക്ക് പൊതുദൃശ്യതപോലും കിട്ടുന്നത്. എന്നാൽ, ഈ മരണവലയിൽ കുടുങ്ങിക്കിടക്കുന്ന അനേകായിരം പെൺകുട്ടികൾ നമുക്കിടയിലുണ്ട്. സ്ത്രീധനം പോരാത്തതിെൻറ പേരിൽ മർദനങ്ങളും ചീത്തവിളികളും അപമാനങ്ങളും സഹിച്ചുകൊണ്ട് പുറംലോകത്തെ അറിയിക്കാതെ വിധിയെന്നു കരുതി മരണസമാനമായി ജീവിതം തള്ളിനീക്കുന്നവർ.
സ്ത്രീധനം കൊടുത്ത് പെൺകുട്ടികളെ വിവാഹംചെയ്തയച്ചാൽ ഭാരമൊഴിഞ്ഞു എന്നു കരുതുന്ന കുടുംബങ്ങളും വിവാഹത്തോടെ സ്വന്തം വീട്ടിൽ അതുവരെയും തനിക്കുണ്ടായിരുന്ന സ്ഥാനവും ഇടവും നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കുന്ന പെൺകുട്ടികളും ഒരു സാമൂഹിക ദുരന്ത യാഥാർഥ്യമാണ്. ഭർത്താവിെൻറ വീട്ടിൽ ദുരിതമനുഭവിക്കുന്ന പെൺകുട്ടികൾ സ്വന്തം വീട്ടിലേക്കു വരുമ്പോൾ അവരെ ഉൾക്കൊള്ളാൻ കുടുംബത്തിന് കഴിയാതിരിക്കുന്നത് വേദനജനകമാണ്. ഭർതൃകുടുംബത്തിൽ ഗത്യന്തരമില്ലാതെ രക്ഷപ്പെട്ടുവരുന്ന പെൺകുട്ടികൾക്ക് എവിടെയാണ് അഭയം? ഒറ്റക്ക് ഇറങ്ങിവരുന്ന, വിവാഹമോചനത്തിന് ആഗ്രഹിക്കുന്ന പെൺകുട്ടികളെ നമ്മുടെ സമൂഹവും ഉൾക്കൊള്ളുകയില്ല. ഈ പെൺകുട്ടികൾ എന്തു ചെയ്യണം? സ്വന്തമായി ജോലിയും വരുമാനവുമുണ്ടെങ്കിലും ഒറ്റക്ക് ജീവിക്കാൻ തീരുമാനിക്കുന്ന പെൺകുട്ടികൾക്ക്, സ്ത്രീകൾക്ക് വാടകക്ക് വീടുകൾപോലും നൽകാൻ തയാറാവാത്ത സമൂഹമാണ് നമ്മുടേത്. ഒറ്റക്കു ജീവിക്കുന്ന സ്ത്രീയും കുടുംബം എന്ന നിർവചനത്തിനുള്ളിൽ ഉണ്ടാവണം. അതിജീവനശ്രമത്തിനിടയിൽ ഒറ്റക്കായിപ്പോകുന്ന സ്ത്രീകൾക്ക് സുരക്ഷിതമായും അഭിമാനകരമായും ജോലി ചെയ്തു ജീവിക്കാൻ ഓരോ നഗരത്തിലും പഞ്ചായത്തിലും ഫ്ലാറ്റ്/താമസ സമുച്ചയങ്ങൾ ആവശ്യമുണ്ട്.
മാത്രമല്ല, ഇന്ന് എമ്പാടും നിലവിലുള്ള ഫ്ലാറ്റുകളിൽ ഒരു നിശ്ചിത ശതമാനം ഏകരായ സ്ത്രീകൾക്ക് നൽകണമെന്ന് സർക്കാറിന് വ്യവസ്ഥചെയ്യുകയും വേണം. സ്വന്തം കുടുംബം സ്വീകരിക്കാൻ മടികാണിക്കുമ്പോൾ സർക്കാറുണ്ട് കൂടെ എന്ന ആത്മവിശ്വാസം സ്ത്രീകൾക്കുണ്ടാവണം. സ്ത്രീധന പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം, സ്ത്രീധന നിരോധന നിയമം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷ നൽകുക എന്നതും നടപ്പാക്കപ്പെടണം. സ്വത്തവകാശ നിയമപ്രകാരം പെൺമക്കൾക്കുള്ള ഭാഗം ഭൂമിയായോ പണമായോ വീടായോ മറ്റോ അവളുടെ മാത്രം ഉടമസ്ഥതയിൽ നൽകണം എന്ന വ്യവസ്ഥ പാലിക്കപ്പെടണം. സ്ത്രീധനത്തിനെതിരെ വലിയ ബോധവത്കരണവും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെതന്നെയുള്ള അവകാശ അവബോധ നിർമാണവും കാര്യക്ഷമമായി നടപ്പിൽ വരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.