രാഷ്ട്രീയം അടിമുടി വിപ്ലവകരമായി നവീകരിക്കപ്പെടേണ്ട അധികാരവ്യവഹാരമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കാൻ എന്നെന്നും മുന്നിൽ കാണുന്ന ജീവിതങ്ങളും വിശേഷിച്ച്, ഒാരോ തെരഞ്ഞെടുപ്പുകാലവും വോട്ടർമാർക്കു മുന്നിൽ വഴികൾ കൃത്യമായ കാഴ്ചകൾ തുറന്നുതരുന്നുണ്ട്. ഇപ്പോഴും ഓരോ ദിവസവും അതു സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പുവേളയിൽ പല രാഷ്ട്രീയ നേതാക്കളുടെയും വായിൽനിന്നു ഓരോ ദിവസവും പൊട്ടിത്തെറിച്ചുവീഴുന്ന അക്രമാസക്തമായ പ്രസ്താവനകൾ കാണുമ്പോൾ ഇവർക്ക് രാഷ്ട്രീയത്തെക്കുറിച്ച് എന്തറിയാം എന്നും രാഷ്ട്രീയ നേതാക്കളായിരിക്കാൻ എന്തു യോഗ്യത എന്നും ജനങ്ങൾ ചിന്തിക്കുകയും നിശിതമായി തുറന്നു ചോദിക്കുകയും ചെയ്യുന്നുണ്ട്.
കെ. സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അത്തരത്തിൽ വലിയ എതിർപ്പുകളുയർത്തി. സുധാകരെൻറ പാർട്ടിയിലെ സംസ്ഥാന നേതാക്കൾ ആരെങ്കിലും സുധാകരൻ ആ പ്രസ്താവന പിൻവലിക്കണമെന്നോ തിരുത്തണമെന്നോ പറഞ്ഞതായി കണ്ടില്ല. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെങ്കിലും അതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
പ്രസ്താവന ഇതാണ്. സ്ത്രീകളെ വേഗം കൈയിലെടുക്കാനാവും. എളുപ്പത്തിൽ ഭീഷണിപ്പെടുത്തി നിർത്താം. ഭീഷണിപ്പെടുത്തിയാൽ വേഗം വശംവദരാകും. പുരുഷന്മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകൾ. സ്ത്രീ സ്ത്രീ തന്നെ. ഒന്ന് ശബ്ദമുയർത്തിയാൽ അവർ നിശ്ശബ്ദരാകും.
തെരഞ്ഞെടുപ്പുജോലി സ്ത്രീകളെ ഏൽപിക്കരുതെന്ന് സമർഥിക്കാനുള്ള വാദങ്ങളാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായും സ്വന്തം പാർട്ടിയുടെ അധ്യക്ഷയായും നേതാക്കളായും പ്രഗത്ഭരായ സ്ത്രീകളിരുന്ന പാർട്ടിയുടെ നേതാവാണ് സുധാകരൻ. എല്ലാ സ്ത്രീകളുടേയും മുഴുവൻ കഴിവുകളേയും നേതൃത്വത്തേയുമാണ് തൊഴിൽ വൈദഗ്ധ്യങ്ങെളയുമാണ് സുധാകരൻ ഒറ്റയടിക്ക് റദ്ദാക്കിക്കളഞ്ഞത്. പുരുഷനാണ് സർവാധികാരി എന്ന അഹന്തയും ചിന്തയും സ്ഥാപിച്ചെടുക്കുന്ന ഇത്തരം നേതാക്കൾക്കെതിരെ സ്ത്രീകളുടെ പൊതുതാൽപര്യാർഥം കോടതിതന്നെ സ്വമേധയാ കേസെടുക്കുകയാണ് യഥാർഥത്തിൽ വേണ്ടത്. ഇത്തരം പ്രസ്താവനകൾ ഇനി മേലിൽ രാഷ്ട്രീയ നേതാക്കളിൽനിന്ന്, ലോക്സഭ, നിയമസഭ അംഗങ്ങളായിരിക്കുന്നവരിൽനിന്ന് ഇനിയൊരിക്കലും പുറത്തുവരാൻ സമ്മതിക്കരുത്. ഉള്ളിൽ അവർ ഒരു കാലത്തും മാറുകയില്ലെങ്കിലും പൊതുസമൂഹത്തിൽ സ്ത്രീകളുടെ അഭിമാനം മുറിപ്പെടുത്താൻ, അപമാനിക്കാൻ പാടില്ലെന്നറിയണം.
ജോയ്സ് ജോർജ് എന്ന രാഷ്ട്രീയ നേതാവിേൻറതാണ് മറ്റൊരു അശ്ലീല പ്രസ്താവന കേരളം കേട്ടത്. രാഹുൽ ഗാന്ധി പെണ്ണുങ്ങളുടെ കോളജിൽ മാത്രമേ പോകൂ. പെണ്ണുങ്ങളെ കുനിയാനും നിവരാനും പഠിപ്പിക്കലാണ് രാഹുലിെൻറ ജോലി. പൊന്നുമക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ കുനിഞ്ഞു നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല.
എൽ.ഡി.എഫ് മുന്നണിയും സി.പി.എം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും വൃന്ദ കാരാട്ടും ജോയ്സ് ജോർജിെൻറ അശ്ലീല പരാമർശത്തെ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നത് മാതൃകാപരമാണ്. ജോയ്സ്ജോർജിന് രാഹുൽ ഗാന്ധി പരാമർശത്തിൽ മാപ്പുപറയേണ്ടി വന്നതും അതുകൊണ്ടാണ്. ഈ വിധം തൽക്ഷണം തിരുത്തിക്കാൻ ബോധമുള്ളവരുണ്ടാകുന്നത് ആശ്വാസകരമാണ്. ജോയ്സ് ജോർജ് പെണ്ണുങ്ങളോടുള്ള കരുതൽ കൊണ്ടാണ്, സ്നേഹംകൊണ്ടാണ് ഉപദേശിക്കുന്നതെന്നു കരുതുന്ന മുതിർന്ന പെണ്ണുങ്ങളും ചെറിയ പെൺകുട്ടികളും ഇവിടെയുണ്ടെന്നു കരുതരുത്. രാഷ്ട്രീയ എതിരാളികളെ വിമർശിക്കാൻ ഇത്തരം പരസ്യമായ പ്രസംഗം നടത്തുന്നത് അന്തസ്സില്ലായ്മ മാത്രമല്ല, അശ്ലീലം കൂടിയാണ്. രാഷ്ട്രീയം പറഞ്ഞുകൊണ്ടു വേണം എതിരാളികളെ നേരിടേണ്ടത്. പരസ്യമായി അശ്ലീല ഗോസിപ് പറഞ്ഞുകൊണ്ടല്ല. ഇത്ര നിരുത്തരവാദിത്തത്തോടെ രാഷ്ട്രീയവേദിയിൽ നിന്നുകൊണ്ട് പരസ്യമായി തനിക്കുനേരെ അശ്ലീല പ്രചാരണം നടത്തിയ ജോയ്സ് ജോർജിനെതിരെ രാഹുൽ ഗാന്ധി മാനനഷ്ടത്തിന് കേസു കൊടുക്കുകയാണ് വേണ്ടത്. അനേകം ജോയ്സ് ജോർജുമാർ ഇനിയെങ്കിലും മൊത്തം സ്ത്രീസമൂഹത്തിനു വേണ്ടി സദാചാര പൊലീസിങ് നടത്താതിരിക്കട്ടെ.
റിപ്പോർട്ടർ ചാനൽ എഡിറ്റർ നികേഷ് കുമാർ, തൃശൂരിലെ തെരഞ്ഞെടുപ്പു മണ്ഡലത്തിലെത്തി സുരേഷ് ഗോപിയുമായി നടത്തിയ അഭിമുഖത്തിനിടയിൽ കേട്ട ചിലസംഭാഷണങ്ങൾകൂടി ഇവിടെ ഉദ്ധരിക്കട്ടെ. സുരേഷ് ഗോപിയുടെ മുഴുവൻ വാചകങ്ങളും ഇവിടെ എടുത്തെഴുതാനാവുകയില്ല. കാരണം സ്ത്രീകൾക്കു നേരെയുള്ള ചില വാക്പ്രയോഗങ്ങൾ അദ്ദേഹം പകുതി കടിച്ചമർത്തിപ്പിടിച്ചാണ് സംസാരിച്ചത്: 'സുപ്രീംകോടതി പറഞ്ഞോ ഈ കൊണ്ടുവന്നു വലിച്ചു കേറ്റാൻ? സുപ്രീംകോടതി പറഞ്ഞു, ഈ പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്നു കേറ്റാൻ.. അപ്പോൾ എെൻറ അവകാശങ്ങൾ?' ഒടുവിൽ താൻ അസ്സൽ തന്തക്കു പിറന്നവനാണെന്നുകൂടി നികേഷ്കുമാറിനോട് ഇൗ ബി.ജെ.പി രാഷ്ട്രീയനേതാവ് കണ്ണുരുട്ടി കൈചൂണ്ടി ക്ഷോഭത്താൽ വിറച്ചു പ്രസ്താവിക്കുന്നുണ്ട്.
ഈ മൂന്നു പേരും പ്രതിനിധാനംചെയ്യുന്ന അധികാര രാഷ്ട്രീയമണ്ഡലത്തിെൻറ പൊതു ആൺമേധാവിത്വത്തെ മാത്രമല്ല, ഗുണ്ടായിസത്തിെൻറയും മതവർഗീയതയുടേയും അശ്ലീല ലൈംഗികതയുടേയും കൂടി പ്രത്യേകതരം സംസ്കാരം കൂടിയാണ് ഇവരിലൂടെ പ്രകടമാകുന്നത്. എപ്പോഴും കളം നിറഞ്ഞാടുന്ന പി.സി. ജോർജിനെപ്പോലുള്ളവർ വേറെയുമുണ്ട് ഇവരുടെ കൂട്ടത്തിൽ.
ഇതിനിടയിൽ കേട്ട ഒരു അപ്രതീക്ഷിത നടുക്കമായിരുന്നു ജോസ് കെ. മാണി നടത്തിയ 'ലവ് ജിഹാദ്' പ്രസ്താവന. ഭാഗ്യവശാൽ മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും എൽ.ഡി.എഫും തൽക്ഷണം അത് തള്ളിക്കളയുകയും എതിർക്കുകയും ചെയ്തതിനാൽ ജോസ് കെ. മാണി അഭിപ്രായം പിൻവലിച്ചു. എങ്കിലും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ധ്രുവീകരണവുമുണ്ടാക്കാനിടയാക്കുന്ന ഇത്തരംഅഭിപ്രായങ്ങൾ ഈ തെരഞ്ഞെടുപ്പ്കാലത്തുപോലും പരസ്യമായി പറയാനുള്ള രാഷ്ട്രീയബുദ്ധിയില്ലായ്മ കാണിച്ച ജോസ് കെ. മാണി ഇനിയുമത് തുടരില്ലെന്ന് എൽ.ഡി.എഫ് ജാഗ്രതയോടെ ഉറപ്പാക്കണം. ബി.ജെ.പി മുസ്ലിം വിരുദ്ധ പ്രചാരണത്തിനായി നിർമിച്ചെടുത്ത 'ലവ് ജിഹാദ്' ഇന്ത്യയിലില്ലെന്ന് സുപ്രീംകോടതിയടക്കം തള്ളിക്കളഞ്ഞതാകയാൽ അതിന്മേൽ കേരളത്തിൽ ഇനി അനാവശ്യചർച്ചയുണ്ടാകരുത്. ശബരിമലപോലെ 'ലവ് ജിഹാദും' കേരളത്തിൽ മത-ജാതി-സ്ത്രീ-പുരുഷ ധ്രുവീകരണത്തിനായി സജീവമായി നിലനിർത്തേണ്ടത് ബി.ജെ.പിയുടെ മാത്രം ആവശ്യമാണ്. ആ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചു മുന്നോട്ടുപോകാൻ കേരളത്തിെൻറ മതേതരസമൂഹത്തിന് കഴിയണം. ജാതീയതക്കെതിരെയും പുരുഷാധിപത്യത്തിനെതിരെയും ശക്തമായ നിലപാടുകളുള്ള സമൂഹമായി കേരളസമൂഹത്തെ സൂക്ഷ്മതയോടെ വളർത്തിയെടുത്താൽ അത് ബി.ജെ.പിയുടെ അധികാരമോഹത്തിനുള്ള വലിയ പ്രഹരം കൂടിയായി മാറും.
എന്തായാലും, സ്ത്രീവിരുദ്ധത ഉള്ളിൽ പത്തിവിരിച്ചാടുന്ന രാഷ്ട്രീയനേതാക്കളുടെ നിലവിട്ട അശ്ലീല പ്രസ്താവനകൾ ഇനിയും തുടരും. പക്ഷേ, കാലം മാറുകയാണെന്നും ഇവരുടെ ലിംഗബോധത്തെ ഓഡിറ്റു ചെയ്യാൻ സൂക്ഷ്മമായി ശ്രദ്ധിച്ചിരിക്കുന്ന ഒരു സ്ത്രീസമൂഹം ഇവിടെ വളർന്നുവന്നിട്ടുണ്ടെന്നും ഇവർ അറിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.