കോവിഡ് മനുഷ്യരെ മുഴുവൻ അടച്ചിടാൻ നോക്കുമ്പോഴും ലോകമെങ്ങും അധികാരരാഷ്ട്രീയ രംഗം അതിരൂക്ഷമായി തിളച്ചു മറിയുക തന്നെയാണ്. തെരഞ്ഞെടുപ്പുകളും സർക്കാർ രൂപവത്കരണങ്ങളും വലിയ സംഘർഷങ്ങൾ സൃഷ്ടിച്ചുകൊണ്ടു നടക്കുന്നു. ഇക്കാലയളവിൽ ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു അമേരിക്കയിലേത്. ലോകമാകെ കോവിഡ് മരണനിരക്ക് ഇനിയും ഉയരാതിരിക്കണേ എന്ന പ്രാർഥനക്കൊപ്പമായിരുന്നു ലോകത്ത് ജനാധിപത്യം തീർത്തും നശിക്കാതിരിക്കാനായി അമേരിക്കയിൽ ട്രംപ് ജയിക്കാതിരിക്കണേ എന്നു കൂടി ജനാധിപത്യമോഹികൾ ആഗ്രഹിച്ചു കൊണ്ടിരുന്നത്. എന്തായാലും അമേരിക്കയിലെ ജനാധിപത്യം ട്രംപിനെ അതിജീവിച്ചു. അവിടത്തെ ജനാധിപത്യവാദികളായ മനുഷ്യർ ട്രംപിനെ പരാജയപ്പെടുത്തിയതാണ് കോവിഡ് രോഗ, മരണ കാലത്ത് കണ്ട ഏറ്റവും ആശ്വാസവും സന്തോഷവുമുള്ള വർത്തമാനം.
അതിലെ ഏറ്റവും വലിയ രാഷ്ട്രീയസൗന്ദര്യമൂല്യമുള്ള പാഠം, ആേഫ്രാ ഏഷ്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതാണ്. അമേരിക്കയിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത്, എന്നാൽ അവസാനമായിട്ടായിരിക്കില്ല എന്ന് കമല ഹാരിസ്, അമേരിക്കക്കാരെ മാത്രമല്ല ലോകമെങ്ങുമുള്ള സ്ത്രീകളെക്കൂടി ഓർമിപ്പിക്കുന്നു. അതിനാൽ, കമലയുടെ വിജയത്തിൽ അമേരിക്കയിലെ ജനാധിപത്യവാദികളായ സ്ത്രീകൾ മാത്രമല്ല, വംശീയതയെയും പുരുഷാധിപത്യത്തേയും എതിർക്കുന്ന ലോകമെങ്ങുമുള്ള സ്ത്രീകൾ ഹർഷാരവം മുഴക്കുന്നു.
അമേരിക്കയിൽ പൂർവാധികം വംശീയ വെറി വളർത്താൻ ഭരണകാലത്തു ശ്രമിച്ച ട്രംപിനു സമാനം നമ്മുടെ രാജ്യത്ത് ഹിന്ദുത്വ വർഗീയതയെ വളർത്തി വലുതാക്കുകയാണ് മോദി ഭരണകൂടം. അതുകൊണ്ടായിരിക്കണമല്ലോ ട്രംപും മോദിയും കൂട്ടുകാരായി മാറിയത്. ഹിന്ദുത്വ ഭരണകൂട വെറിയുടെ ജനാധിപത്യ ധ്വംസനങ്ങൾക്കുള്ളിൽ ശ്വാസം മുട്ടിപ്പിടയുന്ന ജനവിഭാഗങ്ങൾ ഇന്ത്യയിലെ ഭരണഘടനാപരമായ ജനാധിപത്യത്തെ അതിജീവിപ്പിക്കേണ്ടതെങ്ങനെ എന്ന ആലോചനകളിലും പ്രവർത്തനങ്ങളിലും മുഴുകാൻ സമയം അതിക്രമിച്ചെന്നും മനസ്സിലാക്കുന്നുണ്ട്. എന്നാൽ, ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്നവരെപ്പോലും അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ച് ജയിലിലടക്കുന്ന മോദിയുടെ ഭരണകൂട ഫാഷിസത്തെ എങ്ങനെയാണ് ചെറുക്കേണ്ടതും പരാജയപ്പെടുത്തേണ്ടതും എന്ന് ഇന്ത്യയിലെ പ്രതിപക്ഷപാർട്ടികൾക്ക് ഇനിയും വ്യക്തത വന്നിട്ടില്ല എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിലുള്ള ഉത്തരവാദിത്തം കോൺഗ്രസ് വഹിക്കും എന്ന പ്രതീക്ഷ ബിഹാറിലെ നിയമസഭ തെരഞ്ഞടുപ്പിലുണ്ടായ പ്രതിപക്ഷ പരാജയത്തോടെ തകരുകയാണ്. ഇന്ത്യയിൽ ഹിന്ദുത്വഫാഷിസത്തെ തോൽപിക്കാൻ എളുപ്പവഴികളൊന്നുമിെല്ലന്ന യാഥാർഥ്യം പ്രതിപക്ഷപാർട്ടികളും ജനാധിപത്യ പുനഃസ്ഥാപനത്തിന് കാത്തിരിക്കുന്ന ജനങ്ങളും തിരിച്ചറിയാൻ വൈകുന്തോറും ഇന്ത്യയിലെ ജനങ്ങളുടെ വിധി കൂടുതൽ ദുരിതത്തിലേക്കും അസ്വാതന്ത്ര്യത്തിലേക്കുമാണ് നീങ്ങുന്നത്. ഇന്ത്യയിൽ പ്രതിപക്ഷപാർട്ടികൾ എങ്ങനെയാണ് ഇനി ഒന്നിച്ച് മുന്നോട്ടു പോകാൻ തീരുമാനിക്കുന്നത് എന്ന് ജനങ്ങൾ നോക്കിയിരിക്കുന്നുണ്ട്.
പലവിധ കാരണങ്ങളാൽ കേരളത്തിലേക്കാണ് ഇപ്പോൾ കേന്ദ്രസർക്കാറും ഹിന്ദുത്വ സംഘടനകളും ഉറ്റു നോക്കുന്നത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാറാണ് ഇന്ന് കേന്ദ്രസർക്കാറിെൻറ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കോവിഡും കേരളത്തിെൻറ കക്ഷിരാഷ്ട്രീയ രംഗവും കേന്ദ്രസർക്കാറിെൻറ ഞെരുക്കലും എല്ലാം ഒന്നിച്ചു ചേർന്നിരിക്കുകയാണ്.
ഇതുവരെ ബി.ജെ.പിക്ക് കേരളത്തിെൻറ ഭരണാധികാരത്തിലെത്താനായിട്ടില്ല എന്നതു മാത്രമാണ് ജനാധിപത്യ, മതേതരവാദികൾക്ക് ഇപ്പോൾ മുമ്പിലുള്ള ഏക ആശ്വാസം. കേരളത്തിൽ നിർഭയമായി രാഷ്ട്രീയ വിമർശനങ്ങളുയർത്താൻ ജനങ്ങൾക്ക് ഇന്നും അതിനാൽ ഇടമുണ്ട്. ഈ നില തുടർന്നാൽ, ഒരു സംസ്ഥാനം എന്ന നിലയിലും സമൂഹം എന്ന നിലയിലും കേരളത്തിന് ഇനിയും വികസിക്കാനും വളരാനും സാധ്യതകളുണ്ട്.
ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ 1993–94ൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എട്ടു ലക്ഷം സ്ത്രീകളാണ് ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്കും പ്രാദേശിക ഭരണ നിർവഹണ രംഗത്തേക്കും വന്നത്. ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തതോടുകൂടിയാണിത്. സാമൂഹികാധികാരത്തിെൻറ നാട്ടുനടപ്പനുസരിച്ച് പഞ്ചായത്തിൽ ഗ്രാമവാസികളുടെ ആവശ്യങ്ങളിലും പ്രശ്നങ്ങളിലും തീർപ്പു കൽപ്പിച്ചിരുന്നത് ഗ്രാമത്തിലെ തലമുതിർന്ന ഉന്നതസ്ഥാനീയരും ഫ്യൂഡൽപ്രഭുത്വത്തിെൻറ പ്രതിനിധികളുമായ അേഞ്ചാ ആറോ ആളുകളായിരുന്നു. അവിടെ സ്ത്രീകളുടേയോ ജാതിേശ്രണി അടിസ്ഥാനത്തിൽ തരംതിരിക്കപ്പെട്ട കീഴ്ജാതിക്കാരുടെയോ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല, അത് അസാധ്യവുമായിരുന്നു. ഇന്ത്യയുടെ കുറെ ഭാഗങ്ങളിൽ പ്രാദേശിക ഭരണനിർവഹണ രംഗത്ത് അനൗപചാരികമായി ഈ അധികാരഘടന ഇപ്പോഴും ശക്തമായി നിലവിലുണ്ട്.
ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിെൻറ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന്2020 ഒക്ടോബർ മാസത്തിൽ വന്ന ഒരു വാർത്തയുണ്ട്. കടലൂർ ജില്ലയിലെ ചിദംബരം ഭുവനഗിരി തെക്കുത്തിട്ട ഗ്രാമപഞ്ചായത്തിൽ മേൽജാതി അംഗങ്ങളുടെ ഭീഷണിയെത്തുടർന്ന് ഗ്രാമപഞ്ചായത്ത് യോഗത്തിൽ ദലിത് വിഭാഗം പ്രസിഡൻറ് രാജേശ്വരിക്ക് തറയിലിരിക്കേണ്ടി വന്നു. മേൽജാതിക്കാരനായ വൈസ് പ്രസിഡൻറ് അധ്യക്ഷസ്ഥാനത്ത് കസേരയിലിരുന്ന് യോഗം നിയന്ത്രിച്ചു. മറ്റംഗങ്ങളും കസേരകളിൽ ഇരുന്നു. ആധുനിക നിയമങ്ങളും കോടതിയും സംവരണാവകാശവുമെല്ലാം ഉള്ള രാജ്യത്താണ് ഇങ്ങനെ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് മുറ്റത്ത് നടന്ന സ്വാതന്ത്ര്യ ദിന – റിപ്പബ്ലിക് ദിന ചടങ്ങുകളിൽ ദേശീയപതാക ഉയർത്തുന്നതിനും രാജേശ്വരിക്ക് വിലക്കുണ്ടായിരുന്നു. ഓഫിസ് ഫയലുകളിൽ നിർബന്ധപൂർവം ഒപ്പിടുവിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിൽ 1955ലാണ് വെളുത്ത വംശക്കാരനായ യാത്രക്കാരന് ഇരിക്കാൻ കറുത്ത വംശക്കാരി റോസാ പാർക്കിനെ ബസിലെ സീറ്റിൽനിന്ന് എഴുന്നേൽപിക്കാൻ കണ്ടക്ടർ ശ്രമിച്ചത്. റോസ എഴുന്നേറ്റില്ല. റോസയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ ഉള്ളടങ്ങിയ അവകാശവും നീതിയും അധികാരവും സംബന്ധിച്ച ചരിത്രവും അതിെൻറ കാലികമായ മുന്നേറ്റവുമാണ് കമലയെ 2020ൽ വൈറ്റ് ഹൗസിലെത്തിക്കുന്നത്.
സ്ത്രീകൾ അർഹിക്കുന്ന അമ്പത് ശതമാനം സംവരണം കേരളത്തിലുണ്ട്. ഇത്തവണ അമ്പതു ശതമാനത്തിലേറെയുണ്ട് സ്ത്രീ സ്ഥാനാർഥികളുടെ പ്രാതിനിധ്യം.ഉത്തരേന്ത്യയിലെയോ തമിഴ്നാട്ടിലെയോപോലെ കേരളത്തിൽ പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡൻറായ ദലിത് സ്ത്രീയെ തറയിലിരുത്താനാവുമെന്ന് തോന്നുന്നില്ല. എന്നാൽ ക്ഷേത്രത്തിനു ചുറ്റും പണിത ജാതിമതിലും ശബരിമല നാമജപ ഘോഷയാത്രയും ഇതിനെല്ലാം വേണ്ടി പ്രവർത്തിക്കുന്ന സവർണാധികാര ഹിന്ദുത്വ ഫാഷിസ്റ്റ് പാർട്ടികളും കേരളത്തിൽ ഇന്ന് ശക്തി പ്രാപിക്കാനായി തക്കം പാർത്തിരിക്കുന്നുണ്ട്. ഇടതുപക്ഷ ചിന്തയുള്ള, മതേതര ബോധമുള്ള, ജനാധിപത്യത്തെ മുറുകെപ്പിടിക്കുന്ന കേരളത്തെ ഇല്ലാതാക്കുക മോദി സർക്കാറിെൻറ അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലൊന്നാണ്. അതിനാൽ ഓരോ തെരഞ്ഞെടുപ്പിലും കേരളത്തിന് കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.
പ്രാദേശിക ഭരണനിർവഹണ രംഗത്ത് 1996ൽ കേരളത്തിലെ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണം സൃഷ്ടിച്ച സാധ്യതകളെ കണ്ടെടുക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ട കാലം കൂടിയാണ് മുന്നിലുള്ളത്.ഇവിടെ പുരുഷന്മാരോടൊപ്പം സ്ത്രീകളും തുല്യനിലയിൽ സജീവമാണ്. ജനാധിപത്യത്തിെൻറ ഈ കേരളമാതൃക വളർത്താനും വികസനത്തിെൻറ സർവതലങ്ങളിലും കൂടുതൽ സംഭാവനകൾ നൽകാനും വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലും തുല്യ പ്രാതിനിധ്യം ലഭിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. സ്ത്രീകളിൽ തന്നെ പിന്നാക്ക വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ദലിത്, ആദിവാസി സ്ത്രീകൾക്കും തുല്യ നീതിവിഹിതം ലഭിക്കാനും അർഹതയും അവകാശവുമുണ്ട്. ഇതെങ്ങനെ സാധ്യമാക്കും എന്ന ചോദ്യം ഇവിടെ ഉയർന്നുനിൽക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.