കേരളചരിത്രത്തെ സംബന്ധിച്ചിടത്തോളം അയ്യൻകാളിയെപ്പോലെ സ്വാധീനംചെലുത്തിയ മറ്റൊരു വ്യക്തിത്വം ഇല്ലെന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ കാലഘട്ടവും പ്രവർത്തനങ്ങളും കേരളത്തിന്റെ പിൽക്കാല ജനാധിപത്യരാഷ്ട്രീയത്തെയും സിവിൽസമൂഹ രാഷ്ട്രീയത്തെയും മാറ്റിത്തീർക്കുന്നതിൽ വഹിച്ച പങ്ക് നിർണായകമായിരുന്നു.
നമ്മുടെ സാമൂഹിക ചരിത്രത്തിൽ നിരന്തരം പറയുന്ന പേരുകളാണ് ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യന്‍കാളിയുടേയും. എന്നാൽ, ഗുരുവിന്റെയും സ്വാമികളുടെയും ബാല്യവും യൗവനവും പോലെയായിരുന്നില്ല അയ്യൻകാളിയുേടത്. സവർണ സാമൂഹിക ചുറ്റുപാടുകളിലായിരുന്നു ചട്ടമ്പിസ്വാമികളുടെ പിറവി. ശ്രീനാരായണഗുരു അതിനു പുറത്തായിരുന്നു. പക്ഷേ, ഇരുവർക്കും ഏതാണ്ട് സമാനമായ പ്രിവിലേജുകള്‍ ലഭിച്ചിട്ടുള്ളതായി കാണാം. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കള്‍ പരമ്പരാഗത രീതിയില്‍ ചെറുപ്പത്തില്‍ അദ്ദേഹത്തെ എഴുത്തിനിരുത്തി, തുടർപഠനവും സാധ്യമാക്കി. ബാല്യത്തിലും യൗവനത്തിലും തർക്കവും വ്യാകരണവും ഭാഷയും ജ്യോതിഷവും വൈദ്യവും നാടകമഹാകാവ്യാദി സാഹിത്യങ്ങളും പുരാണങ്ങളും വേദവേദാന്തങ്ങളുമൊക്കെ പ്രഗല്ഭരായ ഗുരുക്കന്മാരിൽനിന്ന് അഭ്യസിക്കാൻ അവസരം ലഭിച്ചു. എട്ടുവീട്ടിൽ മൂത്തപിള്ളയിൽനിന്നുപോലും അദ്ദേഹം വിദ്യാഭ്യാസം കരസ്ഥമാക്കി. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലും ഉന്നതവിദ്യാഭ്യാസം നേടി.
ചട്ടമ്പിസ്വാമികൾക്കും സമാനമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ ലഭ്യമായി. പിൽക്കാലത്ത് സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്ഭമതികൾ പലരും ഇരുവരുടെയും സതീർഥ്യരായിരുന്നു. ഗുരു വിദ്യാഭ്യാസാനന്തരം വിദ്യാലയം സ്ഥാപിക്കുകയും അവിടെ അധ്യാപകനാവുകയും അങ്ങനെ നാണുവാശാൻ എന്നറിയപ്പെടുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ ഹിന്ദുമത സംരക്ഷണം ഏറ്റെടുത്തു. ആദ്യകാലത്ത് ക്രിസ്തുമത നിരൂപണത്തിലേക്കും മിഷനറി വിരുദ്ധ പ്രവർത്തനത്തിലേക്കും തിരിഞ്ഞു. ഇരുവരും തുടർന്ന് സന്യാസജീവിതത്തിലേക്കും പ്രവേശിച്ചു. ഗുരു 1888ൽ തന്റെ 32ാമത്തെ വയസ്സിൽ കേരളചരിത്രത്തിലെ ഏറ്റവും വിഖ്യാതമായ വിഗ്രഹം പ്രതിഷ്ഠിക്കുകയെന്ന വിഗ്രഹധ്വംസനം നിർവഹിക്കുകയും ചെയ്തു.
അത്തരം വിദ്യാഭ്യാസനേട്ടങ്ങൾ സാധ്യമാവുന്ന സാമൂഹിക പശ്ചാത്തലത്തിൽനിന്നല്ല അയ്യന്‍കാളി വന്നത്. എങ്കിലും ചുറ്റുപാടുംകണ്ട കടുത്ത അനീതികളെ, അസമത്വങ്ങളെ, ഉച്ചനീചത്വങ്ങളെ മനനം ചെയ്തുകൊണ്ട് അതിനെതിരെ പ്രതികരിക്കാൻ ദൃഢനിശ്ചയത്തോടെ അദ്ദേഹം സാമൂഹികരംഗത്തേക്ക് കടന്നുവരുകയാണ് ചെയ്യുന്നത്. 32ാമത്തെ വയസ്സിൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്ന ഗുരുവിൽനിന്നു വിഭിന്നമാണ് 1893ൽ മുപ്പതാമത്തെ വയസ്സിൽ വില്ലുവണ്ടി യാത്രനടത്തുന്ന അയ്യന്‍കാളിയുടെ ബാല്യവും യൗവനവും എന്നർഥം.
വില്ലുവണ്ടിയും വിപ്ലവ ദർശനവും
1886ലാണ് തിരുവനന്തപുരത്തെ രാജപാത എല്ലാ ജാതിമതസ്ഥർക്കുമായി തുറന്നുകൊടുക്കുന്നത്. നിയമപരമായി സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ അന്നത്തെ സാമൂഹികഘടനയാണ് അധഃസ്ഥിതരെ വഴിനടത്താൻ അനുവദിക്കാഞ്ഞത്. വില്ലുവണ്ടിയാത്രയിലൂടെ അയ്യൻകാളി വെല്ലുവിളിക്കുന്നത് ആ സാമൂഹികഘടനയെയാണ്. ഹിന്ദുമതത്തിന്റെ രണ്ടു സങ്കുചിതത്വങ്ങളെ ഗുരുവിന്റെ പ്രതിഷ്ഠയും ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണവും വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍, ഭരണകൂടം നാമമാത്രമായെങ്കിലും അനുവദിച്ച സ്വാതന്ത്ര്യങ്ങളെ ഉപയോഗിക്കുന്നതിനുള്ള അവകാശം സവർണ സാമൂഹികഘടന നിഷേധിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു അയ്യൻകാളിയുടെ വില്ലുവണ്ടിയാത്ര. അതിനെത്തുടർന്ന് മാടമ്പിസംഘങ്ങൾ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോള്‍ കായികമായിത്തന്നെ പ്രതിരോധിക്കാൻ അദ്ദേഹം തീരുമാനിച്ചതില്‍ പ്രവർത്തനംതന്നെ ദർശനമാക്കിയ ഒരു അവധൂതസ്പർശമുണ്ട്. അദ്ദേഹത്തിന്റെ പ്രബുദ്ധദർശനത്തിന്റെ ഏറ്റവും ശക്തമായ വശം പോരാട്ടമില്ലാതെ നിലനിൽക്കാൻ സാധിക്കുകയില്ല എന്ന ഈ ബോധ്യമാണ്. അത് ഒരു സമൂഹത്തിനു നൽകിയ സന്ദേശമാണ്. പൊരുതി നേടേണ്ടതും സംരക്ഷിക്കേണ്ടതുമാണ് സ്വാതന്ത്ര്യവും സാമൂഹികാവകാശങ്ങളുമെന്നത് ഒരു ജനതയെ ഒന്നാകെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.
തീയിൽ കുരുത്ത തിരിച്ചറിവുകൾ
പഠനം പൂർത്തിയാക്കിവന്ന ഗുരുവിന്സ്കൂള് തുടങ്ങാനും അവിടെ അധ്യാപകനാവാനും നാണുവാശാനായി അറിയപ്പെടാനും സാധിക്കുമായിരുന്നെങ്കില്‍, അയ്യൻകാളി സ്ഥാപിച്ച സ്കൂള്‍ സവർണമാടമ്പിമാര്‍ രാത്രിക്കുരാത്രി കത്തിച്ചുകളയുകയാണുണ്ടായത്. അദ്ദേഹം വെറുതെയിരുന്നില്ല, സമരപരിപാടികളിലേക്കു കടന്നു. അടിമത്തം നിരോധിച്ചിരുന്നെങ്കിലും യഥാർഥത്തില്‍ അടിമത്തബോധം സാമൂഹികമണ്ഡലത്തിൽനിന്നു പൂർണമായും ഉടച്ചുകളഞ്ഞത് വിദ്യാഭ്യാസ സ്വാതന്ത്ര്യം നൽകിയില്ലെങ്കില്‍ പാടത്ത് പണിയെടുക്കില്ല എന്ന തീരുമാനമായിരുന്നു. ഒരേസമയം അത് രണ്ടു വലിയ ആശയങ്ങള്‍ മുന്നോട്ടുെവച്ചു. ഒന്ന്, സ്വന്തം അധ്വാനശക്തിക്ക് മേല്‍ തങ്ങൾക്കാണ് അവകാശം എന്ന സാമ്പത്തികബോധം. രണ്ട്, ഭരണകൂടത്തെ നോക്കുകുത്തിയാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന രാഷ്ട്രീയബോധം. ആ സമരം സംഘടിപ്പിക്കുമ്പോൾ, അദ്ദേഹം പറഞ്ഞ ഒരു വാചകമുണ്ട് 'പാടങ്ങളിൽ നമ്മൾ മുട്ടിപ്പുല്ല് കുരുപ്പിക്കും' എന്നാണത്. അതിന് വലിയൊരർഥമുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്, ഒരുപക്ഷേ അതിവായന ആയിരിക്കാം. പാടങ്ങള്‍ തരിശിടും എന്നദ്ദേഹത്തിന് പറയാമായിരുന്നു. താളും തകരയും മറ്റു കാട്ടുകിഴങ്ങുകളുമൊക്കെ ഭക്ഷിച്ച് ജീവിക്കേണ്ട ഒരു ഗതികേടാണ് ഈ സമരം സൃഷ്ടിക്കുന്നത്. വിശപ്പിലേക്കാണ് നീങ്ങുന്നത് എന്നറിഞ്ഞുകൊണ്ടാണ് അദ്ദേഹം സമരമാർഗത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍ പാടത്ത് പണിമുടക്കിയാല്‍ നെല്ല് മാത്രമല്ല ഇല്ലാതാവുന്നത്. കന്നുകാലികൾക്കുള്ള വയ്ക്കോലും ഇല്ലാതാകും. അതുകൊണ്ടാവാം പണിമുടക്കുമ്പോഴും പാടം തരിശിടാതെ പാടത്ത് മുട്ടിപ്പുല്ല് "കുരുപ്പിക്കും" എന്ന് എടുത്തുപറഞ്ഞത്. നാൽക്കാലികള് ഉഴുതാണ് പാടത്ത് വിത്തിടുന്നത്. അവയെ പോറ്റുന്ന കർഷകന്റെ ഒരു മനസ്സാവാം അത്. സമരംമൂലം തങ്ങൾക്കു ജോലിയും കൂലിയും ഇല്ലാതെ പട്ടിണിയിലായാലും നാട്ടിലെ നാൽക്കാലികൾക്ക് വിശപ്പറിയാതിരിക്കാനുള്ള കരുതല്‍. പിന്നെ പാടത്തിന്റെ നനവ് വറ്റാതെ, പോഷകംപോവാതെ കിടക്കാനും. ചിലതൊക്കെ മനസ്സിലാക്കാന്‍ കാലങ്ങള്‍ എടുക്കും. കാലങ്ങള്‍ കഴിഞ്ഞാലും അർഥങ്ങള്‍ ഊറിവരും. ഈ വായനയിലെ തെറ്റുപോലും എന്നെ സംബന്ധിച്ചിടത്തോളം ഒരു മഹാജ്ഞാനിയെ അറിയാനുള്ള ശ്രമത്തില്‍ വരുന്ന പിഴവുമാത്രമാണ്.
തുടർന്നദ്ദേഹം സാധുജന പരിപാലനസംഘം സ്ഥാപിച്ചു. മറ്റനേകം സമരങ്ങൾ നയിച്ചു. 25 വർഷം ശ്രീമൂലം പ്രജാസഭയിൽ അധഃസ്ഥിത വിമോചനത്തിനുവേണ്ടി പോരാടി. അദ്ദേഹത്തിന്റെ കർമദർശനം ഏകപക്ഷീയമായ ഒരു പുരുഷാധിപത്യ വീക്ഷണമായിരുന്നില്ല. സ്വാതന്ത്ര്യ സങ്കൽപത്തിനുള്ളില് സ്ത്രീകളുടെ വിമോചനം വ്യത്യസ്തമായി അടയാളപ്പെടുത്തപ്പെടുന്നു എന്നദ്ദേഹം മനസ്സിലാക്കി. കല്ലുമാല സമരം യഥാർഥത്തിൽ ശരീരങ്ങൾക്കുമേലുള്ള സവർണജന്മിത്തത്തിന്റെ എല്ലാ നിയന്ത്രണങ്ങൾക്കും എതിരെയുള്ള സമരംകൂടിയായിരുന്നു. കല്ലുമാല പൊട്ടിച്ചെറിയുക എന്നത് യഥാർഥത്തിൽ നിയന്ത്രണങ്ങൾ പൊട്ടിച്ചെറിയുന്നതിന്റെ പ്രതീകമാണ്. ശരീരത്തിനുമേല്‍, വിശേഷിച്ച് പാർശ്വവൽകൃതരുടെ ശരീരത്തിനുമേൽ ജന്മിത്തം തങ്ങൾക്കുണ്ടെന്ന് കരുതിയ അധികാരത്തെ പൊട്ടിച്ചെറിയുകയാണ് ചെയ്യുന്നത്. അത്തരം സമരങ്ങൾ സാമൂഹിക ചരിത്രത്തിൽ പ്രായോഗിക പ്രാധാന്യമുള്ളതായിരിക്കുമ്പോൾപോലും അവയ്ക്കുള്ള പ്രതീകാത്മകമൂല്യങ്ങൾ സമൂഹത്തിന്റെ ഭാവിയിലേക്കുള്ള സാമൂഹിക മൂലധനമാവുന്നു. ഒരേസമയം സമകാലികമായ പ്രായോഗികമൂല്യവും അതോടൊപ്പം കാലാതീതമായ പ്രതീകമൂല്യവും അദ്ദേഹത്തിന്റെ കർമദർശനത്തിൽ ഉൾച്ചേർന്നിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും ദർശനവും അങ്ങനെയാണ് നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ അടിത്തറതന്നെ മാറ്റിമറിച്ചത്. ഓരോ കാൽവെപ്പിലും അദ്ദേഹം മലയാളിസമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. അതുവരെയുള്ള കേരളത്തിന്റെ സാംസ്കാരിക, പ്രത്യയശാസ്ത്ര ധാരണകളെ പൊളിച്ചെഴുതുന്ന നീക്കങ്ങളാണ് ഓരോഘട്ടത്തിലും നടത്തിയിട്ടുള്ളത്. അദ്ദേഹം എഴുതിയില്ല.
എന്നാൽ, സ്വന്തം ജീവിതം ഒരു മഹാഗ്രന്ഥമായി നമ്മുടെ തലമുറകൾക്കായി തന്നിട്ടാണ് അദ്ദേഹം കടന്നുപോയത്. മനുഷ്യാവകാശത്തിന്റെ, പരിസ്ഥിതിയുടെ, സ്ത്രീവിമോചനത്തിന്റെ, വിദ്യാഭ്യാസ അവകാശത്തിന്റെ, ആരോഗ്യപരിപാലനത്തിന്റെ, സവർണരാഷ്ട്രീയ പ്രതിരോധത്തിന്റെ ഏതു ജനാധിപത്യധാര നോക്കുകയാണെങ്കിലും അവിടെ അയ്യൻകാളിയുടെ ശക്തമായ പാദമുദ്ര പതിഞ്ഞിട്ടുണ്ട് എന്ന് കാണുവാന്‍ കഴിയും. അതുകൊണ്ടുതന്നെ, കേരളചരിത്രത്തിലെ അതുല്യവ്യക്തിത്വമായി അദ്ദേഹം എക്കാലവും ആദരിക്കപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.