ലോകാരോഗ്യ സംഘടന കോവിഡ് 19 ഒരു മഹാമാരിയായി പ്രഖ്യാപിക്കുന്നത് 2020 മാർച്ച് 11നായിരുന്നു. വർഗ-വർണ ഭേദങ്ങള്‍ ഇല്ലാതെ പടർന്നുപിടിച്ച മഹാമാരിയുടെ തുടക്കത്തിൽത്തന്നെ ഇതു വ്യത്യസ്ത ജനവിഭാഗങ്ങളെ ബാധിക്കുക വ്യത്യസ്ത രീതിയില്‍ ആയിരിക്കുമെന്നത് വ്യക്തമായിരുന്നു. മരുന്നിന്റെയും ചികിത്സയുടെയും ലഭ്യതയില്‍ തുടങ്ങി ഇതിെൻറ ഭാഗമായുണ്ടാകുന്ന ആഘാതങ്ങള്‍ വ്യത്യസ്തമായ അധികാര-സാമ്പത്തിക-സാമൂഹിക ശ്രേണികളില്‍ ഉള്ളവർക്ക് ഒരുപോലെയാവില്ല അനുഭവിക്കേണ്ടിവരുക എന്നത് അപ്രതീക്ഷിതമായ കാര്യമായിരുന്നില്ല. മഹാമാരി അനിയന്ത്രിതമായതോടെ ആ വസ്തുത പകല്‍പോലെ വ്യക്തമായിത്തീർന്നു. ആദിവാസി ജനവിഭാഗങ്ങള്‍, ദലിത് തൊഴിലാളികള്‍, ദേശാന്തര തൊഴിലാളികള്‍, ട്രാൻസ്ജെൻറര്‍ സമൂഹങ്ങള്‍, വികസന നിഷ്കാസിതര്‍ തുടങ്ങി വലിയൊരു കൂട്ടമാളുകള്‍ അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥയിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിടപ്പെടുന്നതാണ് ലോകമെമ്പാടുംതന്നെ തുടർന്നു കാണുവാന്‍ കഴിഞ്ഞത്.
കേവലം ആരോഗ്യവുമായി ബന്ധപ്പെട്ടത് മാത്രമായിരുന്നില്ല ഇതിനുള്ള കാരണം. ഭരണകൂടങ്ങള്‍ പൊതുവില്‍ സ്വീകരിച്ച നിലപാടുകളിലെ വലിയ പാളിച്ചകള്‍, നിരുത്തരവാദിത്തം, നിസ്സംഗത, നയവൈകല്യം, ദീർഘവീക്ഷണരാഹിത്യം എന്നിവ ഇതില്‍ വഹിച്ച പങ്കു നിസ്സാരമല്ല. മഹാമാരിയുടെ ആക്കം കുറക്കാനുള്ള സാർവലൗകിക പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ലോക്ഡൗണ്‍ സൃഷ്ടിക്കാന്‍ പോകുന്ന അസമമായ പ്രത്യാഘാതങ്ങളെ മുൻകൂട്ടി കാണുന്നതോ യുക്തമായ പരിഹാരങ്ങള്‍ നിർദേശിക്കുന്നതോ ആയിരുന്നില്ല ഭരണകൂടങ്ങളില്‍ പലതും കൈക്കൊണ്ട സമീപനം. ആഗോളതലത്തിൽത്തന്നെ, വികസിത രാഷ്ട്രങ്ങളിലടക്കം, പാർശ്വവത്കൃതര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും അനിശ്ചിതാവസ്ഥയിലേക്കും നീങ്ങിയത് ലോക്ഡൗണ്‍ എന്ന സംവിധാനത്തിെൻറ അപരിചിതമായ ജീവിതപരിസരത്തിലായിരുന്നു. ലോക്ഡൗണ്‍ നടപ്പിലാക്കിയ രീതികള്‍ പലയിടത്തും സമാനമായിരുന്നു. ജനാധിപത്യപരമല്ലാത്ത പൊലീസ് രാജ് അഴിച്ചുവിട്ടാണ് ഭരണകൂടങ്ങള്‍ പൊതുവേ ലോകാരോഗ്യ സംഘടനയുടെ ചില നിർദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി മൂന്നു കാര്യങ്ങളാണ് രാഷ്ട്രീയചിന്തകൻ ക്രിസ്റ്റോഫ് ജഫ്രിലറ്റ് ഹേമല്‍ തക്കറുമായിച്ചേർന്ന് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന്, അമിതാധികാര പ്രവണതകള്‍ ശക്തിപ്രാപിക്കുന്നു. രണ്ട്, മുസ്ലിംകളെ കളങ്കിതരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു. മൂന്ന്, ദാരിദ്ര്യനിർമാർജന ശ്രമങ്ങള്‍ കടുത്ത തിരിച്ചടി നേരിടുന്നു. അതായത്, കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയില്‍ കാണുന്ന നിഷേധാത്മക പ്രവണതകളെയാണ് മഹാമാരിയുടെ സന്ദർഭം കൂടുതല്‍ ബലവത്താക്കുന്നത് എന്നർഥം. കോവിഡിനു മുമ്പുതന്നെ ഭരണകൂടത്തിെൻറ സാമ്പത്തികനയങ്ങള്‍ ഇന്ത്യൻ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുകയും ദാരിദ്ര്യവർധനവിന് കാരണമായിത്തീരുകയും ചെയ്തിരുന്നു എന്നു പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. സെൻട്രല്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) നടത്തിയ പഠനം തന്നെ വെളിപ്പെടുത്തിയത് ആദ്യത്തെ ലോക്ഡൗണ്‍ തന്നെ (മാർച്ച് 11 മുതല്‍ മേയ് 31 വരെ നീണ്ടുനിന്നത്) ഫാക്ടറികളും ഗതാഗതവും അടക്കം പൂർണമായും നിലച്ചതോടെ അനൗപചാരിക മേഖലയിലെ 121 ദശലക്ഷം തൊഴിലാളികളെ തൊഴിൽരഹിതരാക്കി എന്നായിരുന്നുവെന്നു ജഫ്രിലറ്റ് പറയുന്നുണ്ട്.
ഞാൻ താമസിക്കുന്ന തെലങ്കാനയില്‍ ലോക്ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചത് സാമ്പത്തികമേഖല ആകെ തകർന്നിരിക്കുകയാണ് എന്നും അതിെൻറ പുനര്‍നിർമാണമാണ് മുഖ്യകർത്തവ്യം എന്നുമായിരുന്നു. രോഗനിരക്കും മരണനിരക്കും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പിറകില്‍ നിർത്താന്‍ കഴിഞ്ഞതായി വിലയിരുത്തപ്പെടുന്ന ഒരു സംസ്ഥാനത്തുപോലും ഇതാണ് അവസ്ഥ.
പ്യൂ റിസർച്ച് ഫൗണ്ടേഷന് നടത്തിയ പഠനവും കോവിഡ് ഇന്ത്യയില്‍ സൃഷ്‌ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ചർച്ചചെയ്യുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏഴരക്കോടി ആളുകളാണ് ഇന്ത്യയില്‍ കൂടുതലായി പട്ടിണിക്കാരായി മാറിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു ലോകത്തിലെ പട്ടിണി വർധനവിെൻറ 60 ശതമാനംവരും. മാത്രമല്ല, മധ്യവർഗങ്ങള്‍ അടക്കമുള്ള ഇന്ത്യയിലെ മൊത്തം സാധാരണക്കാരുടെ വരുമാനവും ജോലിസാധ്യതകളും ഈ മഹാമാരിമൂലം ഇടിഞ്ഞിട്ടുണ്ട് എന്നും പഠനം പറയുന്നു. ഇതിെൻറയെല്ലാം ആത്യന്തികഫലം ആഭ്യന്തര ക്രയശേഷി കുറയുന്നതിലേക്കും അതുവഴി ഉൽപാദനമാന്ദ്യത്തിലേക്കും അതുവഴി കൂടുതല്‍ തൊഴിലില്ലായ്മയിലേക്കും സമ്പദ്വ്യവസ്ഥയെ അത് തള്ളിയിടും എന്നതു തന്നെയാണ്.
മഹാമാരി വ്യാപനത്തിെൻറ കാര്യത്തില്‍ ഇനിയൊരു മൂന്നാംതരംഗംകൂടി രൂപപ്പെടും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിെൻറകൂടി പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ പോലെയുള്ള കടുത്ത രോഗനിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ നാം ചർച്ചചെയ്യേണ്ടി വരുന്നത്. ഇത്തരം അടച്ചുപൂട്ടലുകൾ ആവശ്യമായി വന്നാല്‍ അത് പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കാത്ത രീതിയില്‍ നടപ്പിലാക്കുവാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍, അതിെൻറ ആഘാതങ്ങള്‍ ഇത്ര തീക്ഷ്ണമായി ബാധിക്കാത്ത തരത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ വലിയ ക്ഷാമത്തിെൻറയും വിവരണാതീതമായ സാമൂഹിക ദുരന്തത്തിലേക്കുമാണ് നീങ്ങുക എന്നത് അവഗണിക്കാന്‍ കഴിയുന്ന കാര്യമല്ല.
ഇന്ത്യന്‍ ഭരണകൂടത്തിന് ഇപ്പോള്‍ ഈ സാധ്യതയെ മുന്നിൽക്കണ്ടുകൊണ്ടുള്ള സമഗ്രമായ പദ്ധതികള്‍ ഒന്നും മുന്നോട്ടുെവക്കാനുള്ളതായി കാണുന്നില്ല. കോവിഡിെൻറ രണ്ടാംതരംഗവുമായി ബന്ധപ്പെട്ടും അല്ലാതെയും പ്രാദേശിക ലോക്ഡൗണ്‍ എന്ന പ്രതിഭാസം മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായി എന്ന് നമുക്കറിയാം. അതാവട്ടെ, നിലവിലുള്ള അവസ്ഥയെ കൂടുതല്‍ അപകടകരമാക്കുകയാണുണ്ടായത്.
പല സംസ്ഥാനങ്ങൾക്കും ജോലിയും വരുമാനവും നഷ്ടപ്പെടുന്നവർക്കുപകരം ഭക്ഷണം നൽകാനുള്ള സംവിധാനങ്ങള്‍ പരിമിതമായെങ്കിലും ഏർപ്പെടുത്താന്‍ കഴിഞ്ഞു എന്നത് ശരിയാണ്. എന്നാല്‍, ഒരുവിധ വരുമാനമാർഗങ്ങളും ഇല്ലാതെ ഇടത്തരക്കാര്‍പോലും നട്ടംതിരിയുകയാണ്. മൂന്നാംതരംഗം ഉണ്ടായാല്‍ സ്ഥിതിവിശേഷം ഇനിയും മോശമാവുമെന്നു എടുത്തുപറയേണ്ട കാര്യമില്ല.
ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് ലോകം കരകയറുമ്പോള്‍ ഇന്ത്യ പിന്നിലാവുമെന്ന ആശങ്കക്ക് ഒട്ടേറെ അടിസ്ഥാനങ്ങളുണ്ട്. അതിെൻറ പ്രധാന കാരണം യഥാർഥ പ്രതിരോധപദ്ധതി ക്രിയാത്മകമായ സാമൂഹിക-സാമ്പത്തിക ഭരണകൂട ഇടപെടലാണ് എന്നത് മനസ്സിലാക്കാതെപോകുന്നു എന്നതാണ്. അതിനുപകരം ജനദ്രോഹകരമായ പൊലീസ് രാജും അമിതാധികാര കേന്ദ്രീകരണവും ഉണ്ടായാല്‍ അതു സാമ്പത്തിക സംവിധാനത്തിെൻറ നട്ടെല്ലൊടിക്കും എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
സിവില്‍സമൂഹത്തെ വിശ്വാസത്തിലെടുക്കാത്ത, മേല്‍നിരീക്ഷണ- മർദക സംവിധാനങ്ങളില്‍ ഊന്നുന്ന ഒരു ഭരണയുക്തി ഈ സന്ദർഭത്തില്‍ തീർത്തും വിനാശകരമായിരിക്കും. മഹാമാരിക്കും ദാരിദ്ര്യത്തിനും ഇടയില്‍ ജീവിതം വഴിമുട്ടിനിൽക്കുന്ന കോടിക്കണക്കായ ഇന്ത്യക്കാരെ മുന്നില്‍കണ്ടുകൊണ്ടുള്ള ഒരു നയസമീപനത്തിനു കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ മുൻകൈ എടുക്കുന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ അതിഭീകരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.