ജനാധിപത്യം തെരഞ്ഞെടുപ്പിെൻറ തലത്തിൽ മാത്രം ചര്‍ച്ചചെയ്യാനുള്ളതല്ല. ഭരണഘടനയില്‍ എഴുതിെവച്ച 'പരമാധികാര മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് ഇന്ത്യ' എന്നതിനർഥം ജനാധിപത്യം നടപ്പാക്കുന്നതിനും പരിപാലിക്കുന്നതിനും ആരുടെയെങ്കിലും കേവല ഭൂരിപക്ഷത്തിനുപരിയായ ചില നിയന്ത്രണങ്ങളും മേല്‍നിരീക്ഷണങ്ങളും നിയമപരിരക്ഷയോടെ സ്ഥാപിച്ചിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ അമിതാധികാരം കൈയാളാനോ വിരുദ്ധ നിലപാടുകളുള്ള സമൂഹങ്ങളെയും സമുദായങ്ങളെയും പാര്‍ലമെൻറിനു പുറത്തു സ്വന്തം അവകാശങ്ങൾക്കുവേണ്ടി പോരാടുന്നതില്‍നിന്ന് തടയുന്നതിനോ അവകാശമില്ല. നിയമനിർമാണത്തിനായി പാര്ലമെേൻറാ അസംബ്ലിയോ നിലവിലുണ്ട് എന്നതുകൊണ്ട് നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആ വേദികളിൽ മാത്രം പരിമിതപ്പെടണമെന്ന് അർഥമില്ല. തെരഞ്ഞെടുപ്പ് ഒരു വലിയ പ്രാതിനിധ്യസ്വഭാവമുള്ള രാഷ്ട്രീയപ്രക്രിയ തന്നെ. എന്നാല്‍, പൊതുമണ്ഡലത്തിലെ സംവാദങ്ങളും സമരങ്ങളും തെരഞ്ഞെടുപ്പിനെപ്പോലെ തന്നെ പ്രാധാന്യവും സാംഗത്യവുമുള്ള ജനാധിപത്യപരമായ സാമൂഹികരാഷ്ട്രീയ പ്രക്രിയകള്‍ തന്നെയാണ്. സമരങ്ങള്‍ നിരോധിക്കുന്നതും നേരിട്ടും അല്ലാതെയും വായടക്കാന്‍ പറയുന്നതും ഭരണഘടനയുടെമേല്‍ ലഭിക്കുന്ന പാര്‍ലമെൻററി അധികാരത്തിെൻറ പേരിലാവുമ്പോള്‍പോലും തിരസ്കരിക്കപ്പെടുന്നത് അതുകൊണ്ടാണ്.
വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍-ഈ ജനവിഭാഗങ്ങളില്‍നിന്നാണ് വ്യവസ്ഥാപിത സംഘടനകളുടെ ആഭിമുഖ്യത്തിലായാലും നവസാമൂഹികമേഖലകളില്‍ നിന്നായാലും പലപ്പോഴും ഭരണകൂട നയങ്ങള്‍ക്കെതിരെ ഉജ്ജ്വല സമരങ്ങളുണ്ടാകുന്നത്. വിദ്യാർഥികളും യുവജനങ്ങളും പലപ്പോഴും സമരം ചെയ്യുന്നത് പൊതുവിലുള്ള സാമ്പത്തിക, വിദ്യാഭ്യാസനയങ്ങൾ തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ അപര്യാപ്തമാണെന്നു കാണുമ്പോഴാണ്. എെൻറ ഓർമയില്‍ എണ്‍പതുകളില്‍ത്തന്നെ അത്തരം നിരവധി സമരങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. എഴുപതുകളിലെ വിദ്യാര്‍ഥി പ്രക്ഷോഭം അത്തരമൊരു സാഹചര്യം സൂചിപ്പിച്ചായിരുന്നു. പക്ഷേ, അത് അന്ന് ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിനെക്കാള്‍ വലിയ വലതുപക്ഷ ശക്തികളുടെ നേതൃത്വത്തിലായിരുന്നു. അതിനെ കൈകാര്യം ചെയ്യുന്നതില്‍ കോൺഗ്രസിനു സംഭവിച്ച വലിയ പാളിച്ചയായിരുന്നു അടിയന്തരാവസ്ഥ എന്ന് നമുക്കറിയാം. എന്നാല്‍, അത്തരം ഒളിയജണ്ടകളില്ലാതെ എണ്‍പതുകള്‍ മുതല്‍ സി.പി.ഐയും സി.പി.എമ്മും മുതല്‍ സി.പി.ഐ (എം.എല്‍) വിഭാഗങ്ങള്‍ വരെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോടും അപ്പോഴേക്ക് പല സംസ്ഥാനങ്ങളിലും ശക്തമായിക്കഴിഞ്ഞിരുന്ന പുതിയ പ്രാദേശിക (ഉപദേശീയ) പാർട്ടികളോടും ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യയിലെ വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളും തൊഴിൽ, വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കാൻ രാജ്യവ്യാപകമായ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനുമുമ്പും ഈ രാഷ്ട്രീയശക്തികള്‍ സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, എണ്‍പതുകളില്‍ ഇന്ത്യന്‍ ഭരണകൂടം പൂർണമായും നിയോ ലിബറല്‍ സാമ്പത്തിക മേൽക്കോയ്മക്ക് കീഴ്പ്പെട്ടതോടെയാണ് ഈ സമരങ്ങള്‍ ശക്തമായ ജയില്‍നിറക്കല്‍ സമരങ്ങൾ കൂടിയായി മാറിയത്. ഭരണകൂട കാര്‍മികത്വത്തില്‍ നെഹ്റുവിെൻറയോ ഇന്ദിരയുടെ പോലുമോ നേതൃകാലത്ത് ഉണ്ടായതുപോലെയുള്ള പരിമിതമായ ക്ഷേമരാഷ്ട്രനയങ്ങള്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല എന്ന വസ്തുത ഈ സമരങ്ങളെ ആളിക്കത്തിച്ച രാഷ്ട്രീയധാരണയായിരുന്നു. സമരമല്ലാതെ ആരുടെയും മുന്നില്‍ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.
എണ്‍പതുകളില്‍ ഇന്ത്യയിലുണ്ടായ കര്‍ഷക, പാരിസ്ഥിതിക, വിദ്യാര്‍ഥി-യുവജന സമരങ്ങളും വ്യവസായമേഖലയിലെ സമരങ്ങളും വലിയ വിജയമായിരുന്നു എന്ന് അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ, നിയോലിബറല്‍ സാമ്പത്തികയുക്തിയിലേക്ക് അതിവേഗം കുതിച്ചുപോവുകയും തൊണ്ണൂറുകളില്‍ അതിനെ പൂര്‍ണമായും പിന്‍പറ്റുകയുംചെയ്ത ഭരണകൂടത്തിെൻറ അന്താരാഷ്ട്ര നിലപാടുകളെയെങ്കിലും സ്വാധീനിക്കുന്നതിന് ഈ സമരങ്ങള്‍ക്ക് കഴിഞ്ഞു. ഗാട്ട് കരാറിനെതിരെ ആഗോളതലത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകൾക്കുപിന്നില്‍- ഒടുവില്‍ അവയ്ക്ക് വഴങ്ങിക്കൊടുത്തു എങ്കില്‍പോലും- ഈ സമരങ്ങളുടെ ധാർമികോർജമായിരുന്നു ഉണ്ടായിരുന്നത്. സിവില്‍സമൂഹ സംഘടനകളും കര്‍ഷകസംഘടനകളും ട്രേഡ് യൂനിയനുകളും അക്കാലത്തു നടത്തിയ ഗൃഹപാഠങ്ങളും പ്രചാരണങ്ങളും ഇന്ത്യന്‍ ഭരണകൂടത്തിനും മറ്റു മൂന്നാംലോകരാജ്യങ്ങള്‍ക്കും ഗാട്ട്കരാര്‍ ചര്‍ച്ചയില്‍ യൂറോ-അമേരിക്കന്‍-ജാപ്പനീസ് മുതലാളിത്തത്തിെൻറ വാദങ്ങളെ പൊളിച്ചുകാട്ടുന്നതിന്എങ്ങനെ സഹായകരമായിത്തീര്‍ന്നു എന്ന് നേരിട്ട് അനുഭവമുള്ള ഒരാളാണ് ഞാന്‍.
തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിനുശേഷവും ഇത്തരം നിരവധി സമരങ്ങള്‍ സംഘടിത-അസംഘടിത മേഖലകളിലെ സാമൂഹികശക്തികള്‍ നയിച്ചിട്ടുണ്ട്. ആ സമരങ്ങളിലൊന്നും നേരിട്ട് ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും അതിെൻറ ഗുണഭോക്താവായി മാറിയ രാഷ്ട്രീയശക്തിയാണ് ബി.ജെ.പി. രാമക്ഷേത്രം എന്ന സങ്കുചിത മത അജണ്ട മാത്രം മുന്‍നിര്‍ത്തിയ പ്രക്ഷോഭമല്ലാതെ കര്‍ഷകരുടെയോ തൊഴിലാളികളുടെയോ സ്ത്രീകളുടെയോ മറ്റേതെങ്കിലും വിഭാഗങ്ങളുടെയോ അതിജീവനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ ബി.ജെ.പി പ്രത്യക്ഷപ്പെട്ടിട്ടില്ല. തങ്ങളുടെതന്നെ കടുത്ത നിയോലിബറല്‍ പക്ഷപാതിത്വങ്ങള്‍ മറച്ചുെവച്ചു രാഷ്ട്രീയ മുതലെടുപ്പിനു പെട്രോള്‍ വില കൂടുന്നതിനെക്കുറിച്ചും പാചകവാതക വില കൂടുന്നതിനെക്കുറിച്ചുമൊക്കെ നടത്തിയിട്ടുള്ള ചില പ്രഹസന സമരങ്ങളാവട്ടെ, ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കുള്ള സാമാന്യവിഭവങ്ങള്‍ മാത്രമാണ്. സ്വന്തം മതസങ്കുചിത അജണ്ടക്കപ്പുറം കാണാന്‍ കഴിയാത്ത ഒരു ഭരണകൂടം നിയോലിബറല്‍ സാമ്പത്തികതാൽപര്യങ്ങളുമായി ചേര്ന്നുനില്ക്കുേമ്പാള് ഉണ്ടാകുന്ന ഭീകരമായ ദുരന്തമാണ് 2014 മുതല്‍ ഇന്ത്യയില്‍ കാണുന്നത്.
ദുരുപദിഷ്ടമായ സാമ്പത്തിക ഇടപെടലുകളായിരുന്നു ഈ ഭരണത്തിെൻറ തുടക്കം മുതല്‍. ഇതിനെതിരെ പലഘട്ടങ്ങളിലും ശക്തമായ മുന്നറിയിപ്പുകള്‍ ജനാധിപത്യശക്തികള്‍ നൽകിപ്പോന്നു. എന്നാല്‍, മത ഭൂരിപക്ഷ രാഷ്ട്രീയത്തിലൂടെ കൈവശപ്പെടുത്തിയ അധികാരത്തിലുള്ള അമിതവിശ്വാസംമൂലം ഇവയെല്ലാം തള്ളിക്കളയുകയാണ് ഭരണകൂടം ചെയ്തത്. ഇതിപ്പോള്‍ നിയോലിബറല്‍ വക്താക്കള്‍ക്കുപോലും താങ്ങാന്‍ കഴിയാത്തവിധം രാഷ്ട്ര താൽപര്യവിരുദ്ധമായിരിക്കുന്നു. കഴിഞ്ഞദിവസം പ്രശസ്ത അന്താരാഷ്ട്ര പത്രപ്രവര്‍ത്തകന്‍ ആന്‍ഡി മുഖര്‍ജി Why I'm Losing Hope in India എന്ന ബ്ലൂംബെര്‍ഗ് ലേഖനത്തില്‍ (28 നവംബര്‍ 2020) മോദി ഭരണത്തില്‍ തകരുന്ന ഇന്ത്യയെക്കുറിച്ചുള്ള വലിയ സൂചനകളാണ് നല്‍കുന്നത് എന്നത് ആഗോളതലത്തില്‍തന്നെ ഇന്ത്യക്കുണ്ടായിട്ടുള്ള സാമ്പത്തിക തിരിച്ചടികള്‍ തിരിച്ചറിയപ്പെടുന്നതിെൻറ തെളിവാണ്. നോട്ട് റദ്ദാക്കല്‍ മുതല്‍ പാളിപ്പോയ സാമ്പത്തികനയങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതിെൻറ പാളിച്ചകളെക്കാള്‍ പ്രധാനം രാഷ്ട്രത്തിനുവേണ്ടി ജനങ്ങളോട് ത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന ഒരു 'വലിയ' നേതാവിെൻറ ചിത്രം അത് വരച്ചുകാട്ടിയെന്നും രാഷ്ട്രത്തിെൻറ അബോധത്തെ അത് സ്വാധീനിക്കുകയും ഭരണകൂട-പൗരബന്ധത്തില്‍ മോദിയുടെ ഈ പുതിയ ത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന ത്യാഗിവര്യന്‍ എന്ന പ്രതിച്ഛായ ശക്തമായി സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നും ആന്‍ഡി മുഖര്‍ജി പറയുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും ഇത് ശരിയാവാമെങ്കിലും 'ത്യാഗിവര്യനായ ജനനേതാവി'െൻറ പ്രതിച്ഛായ രണ്ടാം വരവിനുശേഷം ഓരോ ഘട്ടങ്ങളിലായി തകരുന്നതാണ് കാണുന്നത്. പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിെൻറ സമയത്തുതന്നെ അത് ദൃശ്യമായി. വലിയൊരു ദേശീയസമരമായി അത് വ്യാപിച്ചു. എന്നാല്‍, നാലുമണിക്കൂര്‍ സമയം നല്‍കി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആ സമരത്തിന് താല്‍ക്കാലികവിരാമമുണ്ടായി. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. തൊഴില്‍മേഖലയില്‍ ജോലി നഷ്ടപ്പെട്ടവര്‍ ദിവസക്കൂലിയെങ്കിലും മതി എന്ന നിലയില്‍ പരക്കംപായുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ ആകെ ദുരന്തഭീതിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ അത്തരം വലിയ സമരങ്ങള്‍ ഇനി ഉണ്ടാവില്ലെന്ന ധാരണയില്‍ ഭരണകൂടം മുന്നോട്ടുപോവുന്ന സന്ദര്‍ഭത്തിലാണ് കര്‍ഷകവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നിയമങ്ങള്‍ പാര്‍ലമെൻറിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണകൂടം പാസാക്കിയെടുക്കുന്നത്.
ഇപ്പോഴുണ്ടായ ദേശീയ പണിമുടക്കും കര്‍ഷകസമരവും ആ അർഥത്തില്‍ തെറ്റായ നിയമനിർമാണങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മാത്രമല്ല, അത് മതഭൂരിപക്ഷത്തിെൻറ മറവില്‍ സൃഷ്‌ടിച്ച ഭരണകൂടത്തിെൻറ നിർമിത പ്രതിച്ഛായ തകരുന്നു എന്നതിെൻറ ശക്തമായ സൂചന കൂടിയാണ്. അതിനാൽ, ഈ സമരങ്ങളെ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള സംഘടിത-അസംഘടിത മേഖലകളിലെ ജനവിഭാഗങ്ങളുടെ അവിശ്വാസപ്രഖ്യാപനമായി ഏറ്റെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാവേണ്ടതാണ്. പ്രതിപക്ഷം ഇവിടെ കാഴ്ചക്കാരോ ഗാലറിയിലെ ചിയര്‍ലീഡര്‍മാരോ അല്ല. ഈ സമരത്തില്‍ ഇഴുകിച്ചേരാന്‍ ഉത്തരവാദിത്തമുള്ളവരാണ്. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് രൂപംകൊള്ളേണ്ട അഭിപ്രയസമന്വയത്തിന് അടിത്തറപാകാന്‍ കഴിയുന്ന പ്രചാരണത്തിന് ഈ സമരങ്ങളുമായി സക്രിയമായി ഇടപെടേണ്ടവരാണ്. ആ കടമ അവര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത് രാഷ്ട്രത്തിനുണ്ടാക്കുന്ന നഷ്ടം അടുത്ത കാലത്തൊന്നും തിരിച്ചു പിടിക്കാന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.