ദിശ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡൽഹിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടെ ഉത്തരവ് രാജ്യത്തൊട്ടാകെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. അന്യഥാ കേന്ദ്രഭരണകൂടത്തെ പിന്തുണക്കുന്ന ചിലർപോലും ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ വ്യവസ്ഥയെ കേന്ദ്രസർക്കാർ ഇത്ര ക്രൂരമായും വ്യാപകമായും ദുരുപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഒരു സെഷൻസ് കോടതി യുവതിക്ക് നൽകിയ ജാമ്യത്തെ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ന്യായാധിപന്മാർ മുതൽ ബുദ്ധിജീവികൾ വരെ സഹർഷം ശ്ലാഘിക്കുന്ന ഇത്തരം സന്ദർഭം ഇന്ത്യൻ നിയമചരിത്രത്തിൽ അധികമൊന്നും ഉണ്ടായിക്കാണില്ല.
നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിെൻറ സൂചിക 111ാം സ്ഥാനത്തെത്തി നിൽക്കുന്നുവെന്നാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 162 രാജ്യങ്ങളുടെ പട്ടികയിലാണ് നമുക്ക് 111ാം സ്ഥാനം. 2019ൽ പോലും നമ്മുടെ സ്ഥിതി ഇത്രയും ദയനീയമായിരുന്നില്ല. അന്ന് 94ാം സ്ഥാനത്തായിരുന്നു രാജ്യം. വിയോജിപ്പുകളെ കുറ്റകൃത്യമായി കാണുന്ന രാഷ്ട്രീയ പരിസ്ഥിതിയിൽ, ജയിലുകളിൽ രാഷ്ട്രീയത്തടവുകാർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു സെഷൻസ് ജഡ്ജിയുടെ ജാമ്യ ഉത്തരവ് ഇത്രമേൽ ആഘോഷിക്കപ്പെട്ടതിൽ ഒന്നോർത്താൽ അത്ഭുതപ്പെടേണ്ടതില്ല. അത്രകണ്ട് അപകടത്തിലാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിെൻറ അവസ്ഥ എന്നുകൂടിയാണ് അതിെൻറ അർഥം!
ഈ ഉത്തരവ് നൽകുന്ന പാഠങ്ങൾക്ക് നിയമപരവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. എത്രമേൽ ദുസ്സഹമായ ഒരു കാലഘട്ടത്തിലും വ്യക്തിപരമായ നീതിബോധത്തിനും നിലപാടിനും സത്യസന്ധതക്കും ധീരതക്കും ഒരിടം ബാക്കിയുണ്ടാകും. ഇന്ത്യൻ നീതിന്യായചരിത്രം പറഞ്ഞുതരുന്ന ആവേശകരമായ പാഠങ്ങളിലൊന്നിതാണ്. കേശവാനന്ദ ഭാരതി കേസിൽ (1973) പാർലമെൻറിെൻറ (അതുവഴി പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ) നിയമനിർമാണാധികാരത്തിന് ഭരണഘടനപരമായ പരിധി നിശ്ചയിച്ച മൂന്നു സുപ്രീംകോടതി ന്യായാധിപന്മാർക്ക് -ഷാലറ്റ്, ഗ്രോവർ, ഹെഗ്ഡെ- ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അവരെ ചരിത്രം ആദരിക്കുന്നു.
അടിയന്തരാവസ്ഥയിലെ മൗലികാവകാശ ധ്വംസനത്തിനെതിരെ ന്യൂനപക്ഷവിധിയെഴുതിയ എച്ച്.ആർ. ഖന്നയെ അനശ്വരനാക്കിയതും നിലപാടിലെ ഈ സത്യസന്ധതയാണ്. ന്യായാധിപന്മാർ അവരുടെ വ്യക്തിത്വത്തെ ആത്മീയതയുടെ ഔന്നത്യത്തിലേക്കുയർത്താൻ ബാധ്യതയുള്ളവരാണ്. ഈ ഔന്നത്യമാണ് സത്യസന്ധമായ ഒരു ഉത്തരവിലൂടെ ധർമേന്ദർ റാണക്ക് ലഭിച്ചത്. റിട്ടയർ ചെയ്തയുടനെ ഹൈകോടതി ന്യായാധിപന്മാർ പോലും രാഷ്ട്രീയകക്ഷികളിലും മുന്നണികളിലും ചേക്കേറുന്ന സത്യാനന്തര കാലഘട്ടത്തിൽ നീതിന്യായ രംഗത്തെ നന്മയുടെ ശേഷിപ്പുകൾ ധർമേന്ദർ റാണയെ പോലുള്ള ആളുകളിലാണ് കാണാൻ കഴിയുക. എന്നാൽ, നൂറുകണക്കിന് ആളുകൾ രാജ്യത്തൊട്ടാകെ സ്വന്തം മനഃസാക്ഷിക്കുവേണ്ടി ജയിലിൽ അടക്കപ്പെട്ടപ്പോൾ സമാനമായ ഇടപെടൽ നടത്താൻ രാജ്യത്തെ പല ഹൈകോടതികളിലെയും സുപ്രീംകോടതിയിലെയും ന്യായാധിപർക്കുപോലും കഴിഞ്ഞില്ല എന്ന സത്യം ബാക്കിനിൽക്കുന്നു. അതിനാൽ, ജഡ്ജി റാണയുടെ നടപടി മാതൃകാപരമാണെന്ന് പറയുേമ്പാൾ അതിന് ഏറെ അർഥതലങ്ങളുണ്ട്.
ആഴ്ചയുടെ അവസാനം, സാധാരണ ഗതിയിൽ അധികാരമുള്ള മജിസ്ട്രേറ്റിന് കേസ് സംബന്ധമായ രേഖകൾ വിശദമായി പരിശോധിക്കാൻ അവസരം നൽകാതെ, യാന്ത്രികമായ രീതിയിൽ റിമാൻഡ് ഉത്തരവ് നേടിയെടുക്കുന്ന ഡൽഹി പൊലീസിെൻറ നടപടി ഇതിനകംതന്നെ വ്യാപകമായി വിമർശിക്കപ്പെട്ടിരിക്കുന്നു.
ഒരു പരിഷ്കൃത ജനാധിപത്യരാജ്യത്തിന് ചേരാത്ത നിയമവ്യവസ്ഥകളുടെ ദുരുപയോഗം എത്രമാത്രം നിന്ദ്യമായാണ് നടക്കുന്നതെന്ന് ഈ അറസ്റ്റുകൾ വ്യക്തമാക്കിത്തരും. സമീപകാലത്തും ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം സംബന്ധിച്ച 124 എ വ്യവസ്ഥക്കെതിരെ വന്ന ഹരജികൾ സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകപോലും ചെയ്യാതെ നിരാകരിക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയവിധേയത്വം മുഖമുദ്രയാക്കിയ ഡൽഹി പൊലീസ് നടത്തുന്ന തേർവാഴ്ചകളിൽ ഒരു രാഷ്ട്രത്തിെൻറ ജനാധിപത്യ പൈതൃകം കൂടിയാണ് നിരന്തരം വെല്ലുവിളിക്കപ്പെട്ടത്. ഭരണകൂടം തന്നെയാണ് നമ്മുടെ നാട്ടിൽ രാജ്യദ്രോഹക്കുറ്റം ഏറ്റവുമേറെ ചെയ്തത്. തെരഞ്ഞെടുപ്പുകളിൽ കാണിക്കുന്ന അവിവേകങ്ങൾക്കാണ് ജനങ്ങൾ ശിക്ഷിക്കപ്പെടുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.