ഡൽഹിയിലെയും സമീപനഗരങ്ങളിലെയും വായു മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ അതിഗുരുതരമാണ്. സുപ്രീംകോടതി ഈ വിഷയത്തിൽ പലതവണ ഇടപെട്ടു. 2017ൽ ദീപാവലിക്ക് സാധാരണ പടക്കങ്ങൾ പൊട്ടിക്കുന്നതിനെതിരെ കോടതിയുടെ ഉത്തരവു പോലുമുണ്ടായി. വാഹനങ്ങളുടെ കാര്യത്തിൽ ഒറ്റ-ഇരട്ട നമ്പർ പരീക്ഷിച്ചു. മറ്റൊരവസരത്തിൽ നഗരത്തിൽ, ബീജിങ്ങിലും മറ്റും ഉള്ളതുപോലെ വായുശുദ്ധീകരണികൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം സുപ്രീംകോടതി ആരാഞ്ഞു. പഞ്ചാബ്, ഹരിയാന യു.പി തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലെ കാർഷികാവശിഷ്ടങ്ങൾക്ക് തീകൊടുക്കുേമ്പാഴുണ്ടാകുന്ന മലിനീകരണവിപത്തുകൾ കോടതിയുടെ സവിശേഷ ശ്രദ്ധക്ക് പാത്രമായി.
ഈ വിഷയത്തിൽ കോടതി ജസ്റ്റിസ് മദൻ ബി. ലോകൂർ കമീഷനെ നിയമിച്ചു. എന്നാൽ, കേന്ദ്ര സർക്കാറിെൻറ അറിയപ്പെടുന്ന വിമർശകനായ ജസ്റ്റിസ് ലോകൂറിനെ ഇതുസംബന്ധിച്ച ചുമതലയേൽപിച്ചത് കേന്ദ്രത്തിന് സ്വീകാര്യമായിരുന്നില്ല. സോളിസിറ്റർ ജനറൽ തുഷാർമേത്ത ഇക്കാര്യം കോടതിയിൽ പറയുകയും ചെയ്തു. അതെന്തായാലും മലിനീകരണം നിയന്ത്രിക്കാൻ ഒരു സ്ഥിരം കമീഷനെ നിയമിച്ചു പിന്നീട് കേന്ദ്രം രംഗത്തുവന്നു. ആ നിലയിലുള്ള ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഓർഡിനൻസ് വന്നതോടെ ജസ്റ്റിസ് ലോകൂർ കമീഷന് പ്രസക്തി നഷ്ടപ്പെട്ടു. സുപ്രീംകോടതിതന്നെ നിയമനിർമാണ ശ്രമത്തെ ശ്ലാഘിച്ചു. അത്രത്തോളം, കേന്ദ്രം 'വിജയിക്കുകയും' ചെയ്തു.
അതേസമയം, ഓർഡിനൻസിലൂടെ മലിനീകരണത്തിനെതിരെ വിജയം നേടാൻ കേന്ദ്രസർക്കാറിന് കഴിയുമോ? കോവിഡിനെപ്പോലെ, ചിലപ്പോൾ അതിനേക്കാളേറെ വിനാശകാരിയായ ഡൽഹിയിലെ വായു മലിനീകരണത്തിൽനിന്ന് സാധാരണജനങ്ങളെയും പാവപ്പെട്ടവരെയും രക്ഷിക്കാൻ ഈ നിയമ നിർമാണത്തിലൂടെ കഴിയുമോ?
'ദ ഗ്രേറ്റ് സ്മോഗ് ഓഫ് ഇന്ത്യ' എന്ന സിദ്ധാർഥ് സിങ്ങിെൻറ പുസ്തകം (പെൻഗ്വിൻ-വൈക്കിങ്, 2018) ഇന്ത്യയിലെ വായു മലിനീകരണത്തിെൻറ ഭിന്നവശങ്ങൾ പരിശോധിക്കുന്നുണ്ട്. പുസ്തകത്തിലെ നിഗമനങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ല. പക്ഷേ, മലിനീകരണ തോത് കുറക്കുന്നതിൽ ആസൂത്രണത്തിനും നിയമനിർമാണത്തിനും നിയമ നടത്തിപ്പിനുമുള്ള പ്രാധാന്യം പുസ്തകത്തിെൻറ പലഭാഗങ്ങളിലായി സിദ്ധാർഥ് സിങ് സൂചിപ്പിക്കുന്നുണ്ട്.
1952ൽ ലണ്ടൻ നഗരത്തിലുണ്ടായ പുകമഞ്ഞു മലിനീകരണത്തെ തുടർന്ന് ബ്രിട്ടൻ 1956ൽ ശുദ്ധവായു നിയമം (The clean air act) കൊണ്ടുവന്നതും ബീജിങ്ങിൽ കൽക്കരി മലിനീകരണം രൂക്ഷമായപ്പോൾ ചൈന മലിനീകരണത്തിനെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചതും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. കേവല നിയമനിർമാണമല്ല, നയങ്ങളിലും പദ്ധതികളിലും വികസന രീതികളിലുമുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാവുക. ഈ ചരിത്രപാഠം ഉൾക്കൊള്ളാതെ, ഓർഡിനൻസിെൻറ കാര്യത്തിൽ അമിതമായ ശുഭാപ്തിവിശ്വാസം വെച്ചുപുലർത്തുന്നത് ശരിയല്ല.
ഒക്ടോബർ 28 െൻറ ഓർഡിനൻസിൽ ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും വായുമലിനീകരണ വിഷയത്തിെൻറ ഗൗരവവും ഇക്കാര്യത്തിൽ സുപ്രീംകോടതി നടത്തിയ പരിശ്രമങ്ങളും ഹ്രസ്വമായി വിവരിക്കപ്പെട്ടിരിക്കുന്നു. ഏതായാലും ഇക്കാര്യത്തിൽ ഒരു സ്ഥിരം കമീഷൻ ഉണ്ടാകുന്നത് നല്ലതുതന്നെ. എന്നാൽ, സർക്കാറിനെ അന്ധമായി പിന്തുണക്കുന്ന കുറേയാളുകൾക്കുള്ള തൊഴിൽദാന പദ്ധതി മാത്രമായി പുതിയ സംവിധാനം മാറാതിരിക്കണമെങ്കിൽ അതിജാഗ്രത ആവശ്യമാണ്. മലിനീകരണം ചെറുക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകീകരണവും പദ്ധതികളുടെ നടത്തിപ്പും ശുദ്ധവായു പദ്ധതികളുമെല്ലാം ഓർഡിനൻസിെൻറ 12ാം വകുപ്പിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യവസായങ്ങളുടെയും വ്യവസായ മേഖലകളുടെയും കാര്യത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് നിയമത്തിെൻറ 12ാം വകുപ്പ് വാചാലമാകുന്നു. വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണത്തെ ഈ ഓർഡിനൻസും കമീഷനും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. 13ാം വകുപ്പുപ്രകാരം കമീഷൻ പുറത്തിറക്കുന്ന വാർഷിക റിപ്പോർട്ട് ജനങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിമർശന-നിർദേശങ്ങൾക്ക് വിധേയമാക്കപ്പെടണം. 17ാം വകുപ്പനുസരിച്ച് കമീഷെൻറ ഉത്തരവുകളെ ഗ്രീൻ ട്രൈബ്യൂണൽ മുമ്പാകെ ചോദ്യംചെയ്യാം. നിയമ വ്യവസ്ഥകൾ ലംഘിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് അഞ്ചുവർഷംവരെ തടവോ ഒരു കോടി രൂപവരെ പിഴയോ, രണ്ടുംകൂടിയുള്ള ശിക്ഷയോ വിധിക്കാമെന്ന് 14ാം വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, സുപ്രീംകോടതിക്കും ഗ്രീൻ ട്രൈബ്യൂണലിനും ഡൽഹി ഹൈകോടതിക്കും നിലവിലെ നിയമങ്ങളനുസരിച്ച് വലുതായൊന്നും ചെയ്യാൻ കഴിയാത്ത മേഖലയിൽ പുതിയ കമീഷന് എന്തെങ്കിലും ഗുണകരമായി ചെയ്യാൻ കഴിയണമെങ്കിൽ ആ നിലയിലുള്ള ഒരു പാരിസ്ഥിതിക-രാഷ്ട്രീയ നയം കേന്ദ്ര സർക്കാറിനുണ്ടാകണം. 'സ്വച്ഛ് ഭാരത് അഭിയാൻ' എന്ന പദ്ധതിയെപ്പോലും ഒരു സാനിറ്റേഷൻ പദ്ധതിയെന്നതിനപ്പുറം മലിനീകരണവിരുദ്ധ പദ്ധതിയായി ഉയർത്താൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. ഉത്തരേന്ത്യയിലെ പ്രധാന നദികളിലെ മലിനീകരണവും ഒരു ജീവൽപ്രതിസന്ധിയായിത്തുടർന്നു.
ഡൽഹിയിലും ചുറ്റു പ്രദേശങ്ങളിലുമുള്ള താപനിലയങ്ങളെയും രാസവ്യവസായങ്ങളെയും സ്പർശിക്കാൻ ആരെങ്കിലും ധൈര്യം കാണിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. മലിനീകരണത്തിെൻറ മുഖ്യസ്രോതസ്സായ ഈ വ്യവസായ ശാലകൾ പൂട്ടിയിടാനും തൊഴിലാളികൾക്കാവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനും വലിയ രാഷ്ട്രീയ ഇച്ഛാശക്തി വേണം. സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തി പൊതുഗതാഗതം മെച്ചപ്പെടുത്തണം. വൈദ്യുതിയടക്കം മലിനീകരണമില്ലാത്ത ഇന്ധനങ്ങളെ പൊതു-സ്വകാര്യ ഗതാഗതങ്ങളുടെ അടിസ്ഥാനമാക്കിത്തീർക്കണം.
മലിനീകരണ നിയന്ത്രണം കേവലം സാങ്കേതിക ക്രിയയല്ല, രാഷ്ട്രീയ ഇച്ഛാശക്തിയും പദ്ധതിയും ആവശ്യമായ പരിപാടിയാണെന്ന ബോധം ഉണ്ടാകണം. മലിനീകരണത്തിെൻറ ആത്യന്തിക ഇരകൾ പാവപ്പെട്ടവരും സ്ത്രീകളും തൊഴിലാളികളും മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുമാണെന്ന് മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയത്തിനു മാത്രമേ മാലിന്യരഹിതമായ രാഷ്ട്രത്തെ സൃഷ്ടിക്കാൻ കഴിയൂ. ഓർഡിനൻസ് തലങ്ങനെയും വിലങ്ങനെയും വായിച്ച ശേഷവും അത്തരമൊരു പ്രത്യയശാസ്ത്രത്തിെൻറ അടയാളങ്ങൾ കണ്ടെത്താനായില്ല എന്ന് ഖേദപൂർവം പറയട്ടെ.
(സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ് ലേഖകൻ. ട്വിറ്റർ: @kaleeswaramR)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.