കർഷക സമരത്തെ കേന്ദ്രസർക്കാറും ഡൽഹി പൊലീസും നേരിട്ട രീതി ഇന്ത്യൻ ജനാധിപത്യത്തിന് വലിയ തോതിലുള്ള മുറിവുകളാണുണ്ടാക്കിയത്. ഇൻറർനെറ്റ്, വൈദ്യുതി, ജലവിതരണം എന്നിവ വിച്ഛേദിച്ചു സമാധാനപരമായ സമരങ്ങളെപ്പോലും അടിച്ചമർത്തുന്ന ഭരണകൂടനടപടിയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളും ഒട്ടും പിന്നിലല്ല. ഇതോടൊപ്പം മാധ്യമപ്രവർത്തകർക്കും കർഷക നേതാക്കൾക്കും എതിരെ വ്യാപക രീതിയിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യദ്രോഹക്കുറ്റം മുതൽ ഭീകരപ്രവർത്തനവിരുദ്ധ നിയമത്തിലെ വകുപ്പുകൾ വരെ രാഷ്ട്രീയ എതിരാളികൾക്കും ചില മാധ്യമപ്രവർത്തകർക്കും എതിരെ പ്രയോഗിക്കപ്പെട്ടിരിക്കുന്നു.
വിചിത്രമെന്നു പറയട്ടെ, മാധ്യമ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത സർക്കാർ നടപടിയെ എതിർക്കാൻ ചില വൻകിട മാധ്യമങ്ങൾ ഒന്നും ചെയ്തില്ല. മാധ്യമപ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധമറിയിച്ചുവെങ്കിലും പൊതുവെ വൻകിട മാധ്യമങ്ങൾ ഇക്കാര്യത്തിൽ കാണിച്ച നിസ്സംഗത നടുക്കമുളവാക്കുന്നു. ഭയം, വടക്കേ ഇന്ത്യയിലെ മഞ്ഞുപോലെ, പലരെയും മൂടിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ നിശ്ശബ്ദരായ ലക്ഷക്കണക്കിന് ആളുകളുണ്ട്; സ്ഥാപനങ്ങളുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കരിനിയമങ്ങൾ പ്രയോഗിക്കപ്പെടുേമ്പാൾ, വൻകിടമാധ്യമങ്ങൾ മിണ്ടാതിരിക്കുന്നതു പക്ഷേ, ഭീതികൊണ്ടു മാത്രമല്ല; താൽപര്യങ്ങൾ കൊണ്ടുകൂടിയാണ്. കർഷകർ എതിർക്കുന്ന വൻകിട കോർപറേറ്റുകൾക്ക് വൻ മൂലധനനിക്ഷേപമുള്ള മാധ്യമങ്ങൾ കർഷകസമരത്തെ അനുകൂലിക്കുമോ? അതിെൻറ പേരിൽ മാധ്യമപ്രവർത്തകർ പീഡിപ്പിക്കപ്പെടുേമ്പാൾ വൻകിട സ്ഥാപനങ്ങൾ 'ലാഭകരമായ മൗന'ത്തിൽ താഴ്ന്നുപോകുന്നതിലും അത്ഭുതമില്ല. പല ദേശീയ ടെലിവിഷൻ ചാനലുകളും നിർലജ്ജം ഭരണകൂടസേവ നടത്തുകയാണ്. ഭരണഘടനയുടെ 19ാം അനുഛേദത്തിൽ വിവരിച്ച അഭിപ്രായപ്രകടനത്തിനും തൊഴിലിനും സമാധാനപരമായ സംഘടന പ്രവർത്തനങ്ങൾക്കുമുള്ള സ്വാതന്ത്ര്യം പരസ്യമായിത്തന്നെ വെല്ലുവിളിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ദേശീയതലത്തിൽ നോക്കിയാൽ, ഫോർത്ത് എസ്റ്റേറ്റ് എന്നത് ഏറക്കുറെ ഒരു കെട്ടുകഥയായി മാറി. വളരെക്കുറച്ച് ചില അച്ചടിമാധ്യമങ്ങൾ മാത്രമാണ് പ്രതിപക്ഷ ധർമം നിർവഹിക്കാനുള്ള തേൻറടം കാണിക്കുന്നത്.
മാധ്യമങ്ങൾ മാത്രമല്ല, സമൂഹമാധ്യമങ്ങളും കടുത്തരീതിയിൽ ഭരണകൂട നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുന്നു. അനുരാധ ബാസിൻ കേസിൽ (2020) ഇൻറർനെറ്റ് വിച്ഛേദം മൗലികാവകാശ ധ്വംസനമാണെന്ന് സംശയലേശെമന്യേ പ്രഖ്യാപിക്കാൻ സുപ്രീംകോടതി തയാറായില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ഏറെപ്പറഞ്ഞ സുപ്രീംകോടതി പക്ഷേ, ഇൻറർനെറ്റ് വിച്ഛേദവും മറ്റും നടത്തുേമ്പാൾ മുൻകൂട്ടി ഉത്തരവിടണമെന്നും നിയന്ത്രണങ്ങൾ ആവശ്യമെന്നു കണ്ടാൽ ആകാമെന്നും മറ്റു വഴികൾ ഉണ്ടോ എന്നു പരിശോധിക്കണമെന്നും മറ്റും 'സൗമ്യ'മായി പറഞ്ഞുവെക്കുകയാണ് ചെയ്തത്. ഒരു സാഹചര്യത്തിലും ഭരണകൂടത്തിന് ലംഘിക്കാൻ കഴിയാത്ത മൗലികാവകാശമെന്ന നിലയിൽ ഇൻറർനെറ്റിനുള്ള അവകാശത്തെ വീക്ഷിക്കാൻ നമ്മുടെ സുപ്രീംകോടതി ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടിവരും. അതിനുള്ള രാഷ്ട്രീയപരിസ്ഥിതി രാജ്യത്തുണ്ടാക്കാൻ പക്ഷേ, ജനങ്ങൾതന്നെ മനസ്സുവെക്കണം.
നമ്മുടെ സ്വാതന്ത്ര്യം വലിയ വെല്ലുവിളികളെത്തന്നെയാണ് അഭിമുഖീകരിക്കുന്നത്. ട്രംപ് അമേരിക്കയിൽനിന്ന് അധികാരഭ്രഷ്ടനാക്കപ്പെട്ടുവെങ്കിലും ട്രംപിസം ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ ആഞ്ഞടിക്കുകയാണ്. കർഷകസമരത്തിനെതിരായ സർക്കാർസമീപനത്തിൽ കോർപറേറ്റുകളോടുള്ള അധികാരികളുടെ അപാരമായ വിധേയത്വമാണ് പ്രകടിപ്പിക്കപ്പെടുന്നത്. ഭരണഘടനയുടെ ഏഴാം പട്ടികയിൽ വ്യക്തമായ അധികാരവിഭജനം കാണാം. കൃഷിയും മാർക്കറ്റും അനുബന്ധ വിഷയങ്ങളും സംസ്ഥാന വിഷയങ്ങളായിട്ടും മൂന്നു കാർഷിക നിയമങ്ങൾ പാസാക്കാൻ കേന്ദ്രം തീരുമാനിച്ചത് ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതകൊണ്ടല്ല; കോർപറേറ്റുകൾക്കുവേണ്ടി അടിസ്ഥാന നിയമത്തെത്തന്നെ ലംഘിക്കാൻ മടിയില്ലാത്തതുകൊണ്ടു മാത്രമാണ്. ലോകത്തെവിടെയും കോർപറേറ്റ്വത്കരണത്തിലൂടെ സാധാരണകർഷകർ രക്ഷപ്പെട്ടിട്ടില്ലെന്ന് അറിയാത്തതുകൊണ്ടുമല്ല ഈ 'പരിഷ്കാരം' നടപ്പാക്കണമെന്ന് കേന്ദ്രത്തിന് തോന്നിയത്.
ഓരോ നിയമവും ഓരോ പ്രത്യയശാസ്ത്രം കൂടിയാണ്. മുത്തലാഖ് വിരുദ്ധ നിയമത്തിലും പൗരത്വ നിയമത്തിലുമെല്ലാം സങ്കുചിത വർഗീയ രാഷ്ട്രീയത്തിെൻറ പ്രത്യയശാസ്ത്രം കാണാം. അതുപോലെ കാർഷിക നിയമങ്ങളിൽ കോർപറേറ്റുകളോടുള്ള വിധേയത്വത്തിെൻറ പ്രത്യയശാസ്ത്രം കാണാം. ഭരണകൂടത്തിെൻറ ഔപചാരികസ്തംഭങ്ങൾ പരാജയപ്പെട്ട ഒരു ചരിത്രഘട്ടത്തിൽ, 'നാലാംതൂണി'ൽ കോപറേറ്റ് സാമ്പത്തിക- രാഷ്ട്രീയതാൽപര്യത്തിെൻറ അധിനിവേശം ആളിപ്പടരുേമ്പാൾ, ഞാൻ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുന്നില്ല. മറിച്ച്, ഭരണഘടനയെന്തെന്ന് പഠിക്കാൻ ശ്രമിക്കുകയാണ്-സമരം ചെയ്യുന്ന കർഷകരിൽനിന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.