കേരള പൊലീസ് നിയമത്തിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്തു സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയതും പിന്നീട് ജനകീയ പ്രതിഷേധത്തെത്തുടർന്ന് അത് പിൻവലിക്കാൻ തീരുമാനിച്ചതും വലിയ വാർത്തയായതിൽ അത്ഭുതമില്ല. വൈകിയെങ്കിലും തെറ്റുതിരുത്താൻ സർക്കാർ തയാറായി എന്നത് സന്തോഷകരവും ആശ്വാസകരവുമാണ്. അധികാരത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റമാക്കി വ്യാഖ്യാനിച്ച് നടപടിയെടുക്കാൻ പൊലീസിന് സർവാധികാരം നൽകുന്ന നിയമത്തെ ചെറുത്തുതോൽപിക്കാനായി പൊതുവേ മാധ്യമങ്ങളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമടക്കം മുന്നോട്ടുവന്നതും കണ്ടു. പ്രതിപക്ഷ സമരമെന്നതിലുപരി, സിവിൽ സമൂഹത്തിെൻറതന്നെ പ്രതിഷേധമായിരുന്നു ഓർഡിനൻസിനെതിരെ അലയടിച്ചത്.
സംസ്ഥാനത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തിെൻറ പ്രശ്നം അർഹിക്കുന്ന ഗൗരവത്തോടെ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു എന്നത് മലയാളിക്ക് അഭിമാനിക്കാൻ വകതരുന്നുണ്ട്. സമൂഹത്തിെൻറ പൊതുവായ പ്രശ്നത്തിൽ കാണിക്കുന്ന ഈ ഐക്യദാർഢ്യം പക്ഷേ, കേരളീയർ ഒറ്റപ്പെട്ട സ്വാതന്ത്ര്യനിഷേധങ്ങളുടെ കാര്യത്തിൽ കാണിക്കുന്നുണ്ടോ? വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും സംബന്ധിച്ച് സംസ്ഥാനസർക്കാർ ഇതിനുമുമ്പ് പ്രതിലോമകരമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ 'വിജയംവരെ സമരം ചെയ്യാൻ' മലയാളിക്ക് കഴിഞ്ഞിട്ടുണ്ടോ? അതോ, കുറച്ചു ദിവസത്തെ പ്രതിഷേധങ്ങൾക്കു ശേഷം സ്വാതന്ത്ര്യനിഷേധത്തിെൻറയും വെടിവെപ്പുകളുടെയും ദുരനുഭവങ്ങളെ ഇരകൾക്ക് മാത്രമായി വിട്ടുകൊടുത്ത്, മറവിയുടെ സ്വാസ്ഥ്യങ്ങളിലേക്ക് തിരിച്ചുപോവുകയാണോ മലയാളി ചെയ്തത്?
കോഴിക്കോടുനിന്ന് രണ്ട് യുവാക്കളെ മാവോവാദികൾ എന്നാരോപിച്ച് ഒരു വർഷത്തോളം ജയിലിൽ കിടത്തിയത് ഈ സംസ്ഥാനത്തായിരുന്നു. 2016 നു ശേഷം എട്ടു മനുഷ്യരെ മാവോവാദികൾ എന്ന് മുദ്രകുത്തി വെടിവെച്ചുകൊന്നതും ഇതേ സംസ്ഥാനത്തായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചും ചർച്ചകളുണ്ടായി എന്നതു നേരാണ്. ചില പ്രതിഷേധങ്ങളും ഉണ്ടായി. പക്ഷേ, അവയൊന്നും ഏറെ നാൾ നീണ്ടുനിന്നില്ല. പൊലീസ് നിയമഭേദഗതിക്കെതിരായി ഉയർന്നതുപോലുള്ള പൊതുവികാരങ്ങൾ ഒറ്റപ്പെട്ട ഇരകളുടെ കാര്യത്തിൽ ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? വിയോജിപ്പുകളുടെയും പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും കാര്യങ്ങളിൽ പോലും മലയാളി സവിശേഷമായൊരു ഹിപ്പോക്രസി വെച്ചുപുലർത്തുന്നുണ്ടോ?
അർഥശങ്കക്കിടയില്ലാത്തവിധം ഒരു കാര്യം വ്യക്തമാക്കട്ടെ, മതത്തിെൻറ പേരിലായാലും രാഷ്ട്രീയത്തിെൻറ പേരിലായാലും ഹിംസ നടത്താൻ ആർക്കും അവകാശമില്ല. അക്രമവും കൊലപാതകവും ആരു നടത്തിയാലും അത് ജനാധിപത്യവിരുദ്ധമാണ്. മാവോവാദം ഹിംസാധിഷ്ഠിതമാണ്. അതിനാൽതന്നെ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. അപകടകരവും അനാശാസ്യവുമായ ഈ പ്രത്യയശാസ്ത്രം ഇന്ത്യക്ക് മഹാദുരന്തങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ.
അതേസമയം, മാവോവാദത്തിെൻറ മറവിൽ സംസ്ഥാനത്ത് ആരെയും അറസ്റ്റ് ചെയ്യാമെന്നും ആരെ വേണമെങ്കിലും വെടിവെച്ചു കൊല്ലാമെന്നും സർക്കാർ കരുതുന്നുവെങ്കിൽ ആ നിലപാടും ഭരണഘടനവിരുദ്ധമാണ്. നേരത്തേ പറഞ്ഞ യുവാക്കളുടെ നേരെ സ്വീകരിച്ച കിരാതനടപടിയെ സംസ്ഥാന മുഖ്യമന്ത്രി പലതവണ ന്യായീകരിച്ചു. വെടിവെപ്പുകളെയും അദ്ദേഹം തള്ളിപ്പറഞ്ഞില്ല. യുവാക്കൾക്ക് ജാമ്യം നൽകി പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നീതിബോധം ഇടതുപക്ഷ സർക്കാറിെൻറ സാരഥി കാണിച്ചില്ല. വെടിവെപ്പുകൾ ആവർത്തിക്കപ്പെട്ടപ്പോഴും ഭരണകൂടം ക്രൂരമായ നിസ്സംഗത വെച്ചുപുലർത്തി. സൂക്ഷ്മതലങ്ങളിൽ വെച്ചുപുലർത്തിയ ഈ സ്വാതന്ത്ര്യവിരുദ്ധ നിലപാടിെൻറ സ്ഥൂലരൂപമായിരുന്നില്ലേ, പൊലീസ് നിയമഭേദഗതിക്കു പിറകിൽ ഉണ്ടായിരുന്നത്?
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി ഗൗരവപൂർവം ഇടപെട്ടിട്ടുണ്ട്. ഒരു കൊടുംക്രിമിനലിനെപ്പോലും വെടിവെച്ചുകൊല്ലാൻ പൊലീസിന് അധികാരമില്ലെന്ന് ഓം പ്രകാശിെൻറ കേസിൽ (2012) സുപ്രീംകോടതി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളുടെ ഭരണഘടന നിഷേധസ്വഭാവം വ്യക്തമാക്കിയ സുപ്രീംകോടതി അവ സംഭവിച്ചാൽ അവശ്യം പാലിക്കേണ്ട നടപടിക്രമങ്ങൾ എണ്ണിപ്പറഞ്ഞത് പി.യു.സി.എൽ കേസിൽ (2014) ആയിരുന്നു. കേവലമായ വിശ്വാസങ്ങൾ കുറ്റകരമല്ലെന്നും സുപ്രീംകോടതി പറഞ്ഞു-അക്രമത്തിന് അവ കാരണമാകാത്തിടത്തോളം. അരൂപ് ഭുയാൻ കേസ് (2011), ശ്രീ ഇന്ദ്രദാസ് കേസ് (2011) എന്നിവയിലൂടെ ഉരുത്തിരിഞ്ഞ നിയമതത്ത്വം അതായിരുന്നു. ഹിംസയുടെ സ്പർശമില്ലാത്ത പ്രത്യയശാസ്ത്ര വിചാരങ്ങളെ ക്രിമിനൽ കുറ്റമായി കാണരുത് എന്ന് സുപ്രീംകോടതി ആവർത്തിച്ചു പറഞ്ഞു. എന്നാൽ, ഈ അടിസ്ഥാന നിയമത്തിെൻറ പ്രയോജനം ലഭിക്കാൻ കോഴിക്കോടുനിന്നുള്ള യുവാക്കൾക്ക് മാസങ്ങളോളം ജയിലിൽ കിടക്കേണ്ടിവന്നു.
സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നീതിയെയും സംബന്ധിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഭരണനിർവഹണത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരേസമയം യു.എ.പി.എ പോലുള്ള കരിനിയമത്തെ എതിർക്കുകയും അതേസമയം, ദുർബലരും ഒറ്റപ്പെട്ടവരുമായ വ്യക്തികൾക്കെതിരെ അത് പ്രയോഗിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ സമീപനമല്ല. പാർശ്വവത്കൃതരും അസംഘടിതരും പിന്തുണക്കാൻ ഏറെപ്പേർ ഇല്ലാത്തവരുമായ ആളുകളുടെ സ്വാതന്ത്ര്യത്തെയും ജീവനെയും സംരക്ഷിക്കാൻ കഴിയുേമ്പാൾ മാത്രമാണ് ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരണഘടനപരമായ അർഥത്തിൽ വിജയിക്കുന്നത്. അതേ, തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരും ചരിത്രത്തിെൻറ വിചാരണയിൽ പരാജയപ്പെടാറുണ്ട്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.