ഇടിമിന്നലുകൾ ഉണ്ടാകുന്നതെങ്ങനെ?


 ചില കാരണങ്ങളാൽ മേഘങ്ങളിലും ഭൗമോപരിതലത്തിലും വൻതോതിൽ വൈദ്യുതചാർജ് സംഭരിക്കപ്പെടാറുണ്ട്. ഇങ്ങനെ മേഘങ്ങളിൽ സംഭരിക്കപ്പെടുന്ന പോസിറ്റിവ്, നെഗറ്റിവ്​ ചാർജുകൾ തമ്മിലും മേഘങ്ങളിലും ഭൗമോപരിതലത്തിലും സംഭരിക്കപ്പെടുന്ന ചാർജുകൾ തമ്മിലും ആകർഷിക്കപ്പെട്ട് അന്തരീക്ഷത്തിലൂടെ അത്യധികമായ വൈദ്യുതി പ്രവാഹമുണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രവാഹം വായുവിനെ ചുട്ടുപഴുപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന അഗ്​നിസ്​ഫുലിംഗങ്ങളാണ്​ മിന്നലുകൾ. തൻമൂലം ഉണ്ടാകുന്ന ശബ്​ദമാണ് ഇടി.
എങ്ങനെയാണ്​ മേഘങ്ങളിൽ വൈദ്യുത ചാർജുണ്ടാകുന്നത്? ഇതറിയാൻ ഈ പരീക്ഷണം ചെയ്തുനോക്കാം. ഒരു പ്ലാസ്​റ്റിക് ചീർപ്പെടുത്ത് അൽപനേരം എണ്ണമയമില്ലാത്ത മുടിയിൽ ഉരച്ചശേഷം അത്​ ചെറിയ പേപ്പർ തുണ്ടുകൾക്കടുത്തേക്ക് കൊണ്ടുവരുക. പേപ്പർ തുണ്ടുകൾ ചീർപ്പിലേക്ക്​ ചാടിപ്പിടിക്കുന്നതു കാണാം. ഉരച്ചതിെൻറ ഫലമായി ചീർപ്പിന് നേരിയ വൈദ്യുത ചാർജ് ​ലഭിച്ചതുകൊണ്ടാണിത്. ഉരക്കുമ്പോൾ പ്രതലങ്ങൾക്കിടയിലുണ്ടാകുന്ന ഇലക്​ട്രോൺ കൈമാറ്റമാണ് ഇങ്ങനെ ചാർജ് ​ലഭിക്കാൻ കാരണം. ഈ ചാർജിന് സ്​ഥിതവൈദ്യുതി എന്നുപറയും. ഇതേ സ്​ഥിതവൈദ്യുതി തന്നെയാണ്​ ഇടിമിന്നൽ ഉണ്ടാകാനും കാരണം. ​െബഞ്ചമിൻ ഫ്രാംഗ്ലിൻ എന്ന ശാസ്​ത്രജ്ഞനാണ്​ ഇടിമിന്നൽ ഒരു വൈദ്യുത പ്രതിഭാസമാണെന്ന് കണ്ടെത്തിയത്.
ശക്തമായ വായുപ്രവാഹം മേഘപാളികളെ അതിവേഗം ചലിപ്പിക്കുന്നു. ഇത്​ മേഘങ്ങളിലെ ഐസ്​ പരലുകൾ ജലകണികകളുമായി  ഉരസാൻ ഇടയാക്കും. ഉരസൽമൂലം ഇലക്േട്രാണുകൾ നഷ്​ടപ്പെടുന്ന ഐസ്​ പരലുകൾക്ക് പോസിറ്റിവ്​ ചാർജും നേടുന്ന ജലകണികകൾക്ക് നെഗറ്റിവ്​ ചാർജും ലഭിക്കുന്നു. ഐസിന് വെള്ളത്തെക്കാൾ സാന്ദ്രത കുറവാണല്ലോ. അതിനാൽ ഐസ് ​പരലുകൾ മേഘത്തിെൻറ ഉയർന്ന ഭാഗത്തുംജലകണികകൾ അടിഭാഗത്തും കേന്ദ്രീകരിക്കപ്പെടുന്നു. 10 കോടിമുതൽ 100 കോടിവരെ വോൾട്ടത വ്യത്യാസം ഇങ്ങനെ മേഘത്തിെൻറ മുകൾ–താഴ് ഭാഗങ്ങളിൽ രൂപപ്പെടാം. ഇക്കാരണത്താൽ വിരുദ്ധ ചാർജുകളുടെ ആകർഷണംമൂലം വളരെ വലിയ ഒരു വൈദ്യുത പ്രവാഹം ഇവക്കിടയിൽ ഉണ്ടാകുന്നു. തത്ഫലമായി വായുവിെൻറ താപനില 30,000 ഡിഗ്രി സെൽഷ്യസ്​വരെ ഉയരാൻ ഇടയാകുന്നു. ഇതുമൂലമുണ്ടാകുന്ന അഗ്​നിസ്​ഫുലിംഗങ്ങളാണ്​ മിന്നലായി നാം കാണുന്നത്. ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസംകാരണം ഇടയിലുള്ള വായു അയണീകരിക്കപ്പെടുന്നതാണ്​ വൈദ്യുതചാലകമല്ലാത്ത വായുവിന് വൈദ്യുതിയെ കടത്തിവിടാൻ കഴിവുനൽകുന്നത്.
സാധാരണഗതിയിൽ മേഘങ്ങൾക്കകത്താണ് മിന്നലുണ്ടാകുന്നത്. എന്നാൽ, ചിലപ്പോൾ അത് ഭൂമിയിൽ പതിച്ച്​ വലിയ അപകടങ്ങളും വരുത്താറുണ്ട്. അതെങ്ങനെയെന്നു നോക്കാം. നെഗറ്റിവ്​ ചാർജുകൾ മേഘത്തിെൻറ അടിഭാഗത്താണ്​ കേന്ദ്രീകരിക്കുക എന്ന് പറഞ്ഞുവല്ലോ. ഇത് ഭൂമിയിലെ വസ്​തുക്കളെ വിപരീതമായി ചാർജ്​ ചെയ്യിക്കുന്നു. ഇതിന്ചാർജ് ഇൻഡക്​ഷൻ എന്നു പറയുന്നു. ഇതിെൻറ ഫലമായി ഭൗമോപരിതലത്തിൽ തുല്യമായ പോസിറ്റിവ്​ ചാർജും കേന്ദ്രീകരിക്കപ്പെടുന്നു. മേഘത്തിെൻറ നീക്കമനുസരിച്ച് ഈ ചാർജ് ഭൂമിയുമായി ബന്ധമുള്ള എല്ലാവസ്​തുക്കളിലും മുഖാമുഖം പ്രത്യക്ഷപ്പെടുന്നു. മരങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതകാലുകൾ മുതലായവ വഴി അത്​ ഉയർന്നുനിൽക്കുന്നു. മേഘത്തിെൻറയും ഈ വസ്​തുക്കളുടെയും ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം കാരണം ഇടയിലുള്ള വായു അയണീകരിക്കപ്പെടുന്നു. തൽഫലമായി മേഘത്തിൽനിന്ന് ഭൂമിയിലേക്ക്​ ഒരുവൈദ്യുത പാതതുറക്കുന്നു. അത്യധികമായ ഈ വൈദ്യുത പ്രവാഹം വായുവിനെ ചുട്ടു പഴുപ്പിച്ച്​ മിന്നൽപ്പിണരുകൾ സൃഷ്​ടിക്കുന്നു.
1975ൽ സഹോദരങ്ങളായ മൈക്ക്, ഷിൻ എന്നിവർകാലിഫോർണിയയിലെ മോരാറോക്ക് എന്ന ഒരു വൻ ഗ്രാനൈറ്റ്കുന്ന്​ കയറുകയായിരുന്നു. അവരുടെ മുടി പൊങ്ങിവരുന്നത് കണ്ട കൂടെയുണ്ടായിരുന്ന സഹോദരി മേരി അതിെൻറ ഫോട്ടോയെടുത്തു. അടുത്ത നിമിഷം മൂന്നു പേർക്കും മിന്നലേറ്റു. പൊള്ളലേറ്റെങ്കിലുംമൂന്നു പേരുടെയും ജീവൻ രക്ഷപ്പെട്ടു. മേഘത്തിൽരൂപപ്പെട്ട ചാർജിന് വിപരീതമായ ചാർജ്​ ശരീരത്തിൽ സംഭരിക്കപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ മുടി ഉയർന്നു നിന്നത്​ എന്നു വ്യക്തം.
വായുവിെൻറ താപനില അത്യധികമായി മിന്നൽ  ഉയർത്തുമെന്ന്​ മനസ്സിലാക്കിയല്ലോ. ഉയർന്ന ചൂടുകാരണംവായു അത്യധികമായി വികസിച്ച്​ അതിവേഗം ചലിക്കുന്നു. അതിെൻറ അലയാണ്​ ഇടിനാദം. മിന്നലുണ്ടാകുന്ന സ്​ഥലത്തെ വായുവിെൻറ സാന്ദ്രത പെട്ടെന്ന്​ നന്നേ കുറയുന്നു. ഇവിടേക്ക്​ സമീപപ്രദേശങ്ങളിൽനിന്ന്​ വായു അത്യധികം വേഗത്തിൽ ഇടിച്ചുകയറുമ്പോഴുണ്ടാകുന്ന അലകളും ഇടിമുഴക്കം സൃഷ്​ടിക്കുന്നു. ശരാശരി 200 കിലോഗ്രാം ടി.എൻ.ടിയുടെ സ്​ഫോടനത്തിന് സമാനമായ ആഘാതം വായുവിെൻറ ഈ കൂട്ടിയിടി സൃഷ്​ടിക്കുന്നു. ഇതാണ്​ ഇടിശബ്​ദം നമ്മെ ഭയപ്പെടുത്തുമാറ്​ ഉച്ചത്തിലാവാൻ കാരണം. മിന്നലും ഇടിയും ഏതാണ്ട്​ ഒരുമിച്ചാണുണ്ടാകുന്നത്. പ​േക്ഷ,  പ്രകാശവേഗത വളരെ കൂടുതലായതിനാൽ നാം ആദ്യം മിന്നൽ വെളിച്ചം കാണുന്നു, പിന്നെ ഇടിയുടെ ശബ്​ദം കേൾക്കുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓരോ സെക്കൻഡിലും ശരാശരി നൂറ് എന്ന കണക്കിന് മിന്നലുകൾ ഉണ്ടാവുന്നുണ്ട്. അഥവാ ദിവസേന 80 ലക്ഷം മിന്നലുകൾ. കരയിലും കടലിലുമൊക്കെ മിന്നലുകൾ ഉണ്ടാകുന്നു. എന്നാൽ, ഭൂമിയിലേക്കിറങ്ങിവന്ന് നാശംവിതക്കുന്ന ഇടിമിന്നലുകൾ കുറവാണ്. മിന്നൽകൊണ്ട് നമുക്ക് പ്രയോജനവുമുണ്ട്. അന്തരീക്ഷത്തിലെ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ പാകത്തിന് നൈേട്രറ്റുകളായി പരിവർത്തിപ്പിക്കുന്നതിൽ മിന്നലിന് വലിയ പങ്കുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.