ഇതര മേഖലകളിൽനിന്ന് വ്യത്യസ്തമായി, കോവിഡ് കാലം പതിവിൽ കൂടുതൽ തിരക്കേറിയതായിരുന്നു ശാസ്ത്ര ഗവേഷകലോകം. അതുകൊണ്ടുതന്നെ, അവിടെ ഒരുതരത്തിലുള്ള നിർബന്ധിത ഇടവേളകൾ കോവിഡും ലോക്ഡൗണുമൊന്നും സൃഷ്ടിച്ചില്ല. മഹാമാരിയുടെ രണ്ട് വർഷത്തിലും അനുസ്യൂതം തുടർന്ന അന്വേഷണങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ പലതും ലോകത്തിന് വലിയ അത്ഭുതങ്ങൾ സമ്മാനിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജെയിംസ് വെബ് ടെലിസ്കോപിന്റെ വിജയ വിക്ഷേപണമായിരുന്നു. 2021 ഡിസംബർ 25നായിരുന്നു ഈ ആകാശദൂരദർശിനിയുടെ വിക്ഷേപണം; ജൂലൈയിൽ അത് പകർത്തിയ ഏതാനും ചിത്രങ്ങൾ ഭൂമിയിലെത്തിയതോടെ പ്രപഞ്ച വിജ്ഞാനീയത്തിൽ അതൊരു നാഴികക്കല്ലായി മാറി.
ഹബ്ളിന്റെ പിൻഗാമി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബഹിരാകാശ ദൂരദർശിനിയാണ് ജെയിംസ് വെബ് ടെലിസ്കോപ്. പ്രപഞ്ചവിജ്ഞാനീയത്തെ പുതിയതലങ്ങളിലേക്ക് വികസിപ്പിക്കാൻ ജെയിംസ് വെബ് ടെലിസ്കോപിന് സാധ്യമാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. പകർത്തിയയച്ച ആദ്യചിത്രങ്ങൾ നൽകിയ സൂചനകൾ അതായിരുന്നു. ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ പ്രപഞ്ചത്തെ വീക്ഷിച്ച് പകർത്തിയയച്ച അഞ്ച് ചിത്രങ്ങൾ ശാസ്ത്രലോകത്തിന് പ്രപഞ്ചത്തെക്കുറിച്ച് ഉൾക്കാഴ്ച സമ്മാനിക്കുന്നതായിരുന്നു. ദക്ഷിണാർധഗോളത്തിലുള്ള വോലൻസ് എന്ന നക്ഷത്രരാശിയിലെ ‘എസ്.എം.എ.സി.എസ് ജെ 0723’ എന്ന ഗാലക്സിക്കൂട്ടത്തെയാണ് ജെയിംസ് വെബ് ആദ്യം പകർത്തിയത്. ഭൂമിയിൽനിന്ന് 512 കോടി പ്രകാശവർഷം അകലെയാണീ ക്ലസ്റ്റർ. അഥവാ, പ്രപഞ്ചോൽപത്തിക്കുശേഷം, ഗാലക്സി രൂപവത്കരണകാല സമയത്ത് പുറപ്പെട്ട പ്രകാശ തരംഗങ്ങളെയാണ് ടെലിസ്കോപ് പകർത്തിയിരിക്കുന്നത്. എന്നുവെച്ചാൽ, ഉൽപത്തിയുടെ ചില നേർക്കാഴ്ചകൾതന്നെയാണ് നാം ആ ചിത്രങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. അതുവഴി, ബിഗ് ബാങ്ങിനെക്കുറിച്ചുള്ള പുതിയ അറിവുകൾ ലഭിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഇതോടൊപ്പം, പ്രപഞ്ച വികാസ-പരിണാമങ്ങളിലേക്ക് വെളിച്ചംവീശാൻ ഉതകുന്ന മറ്റനേകം ചിത്രങ്ങളും ജെയിംസ് വെബ് പകർത്തി. ജലകണങ്ങളുടെ സാന്നിധ്യമുള്ള ഒരു ഭൗമേതര ഗ്രഹത്തെയും ഈ ദൂരദർശിനി പകർത്തുകയുണ്ടായി. പ്രപഞ്ച വിജ്ഞാനീയത്തിൽ, പുതിയ ചുവടുകൾക്ക് സഹായകമായും ജെയിംസ് വെബ് എന്ന അത്ഭുത ടെലിസ്കോപ്.
ജെയിംസ് വെബ് ഒരാകാശ പരീക്ഷണമായിരുന്നുവെങ്കിൽ, അത്രതന്നെ പ്രാധാന്യമേറിയ മറ്റൊരു പരീക്ഷണം ഇതേ കാലയളവിൽ ഭൂമിയിലും അരങ്ങേറി. ന്യൂക്ലിയർ ഫ്യൂഷൻ (ആണവ സംയോജനം) സാങ്കേതികവിദ്യ ഉപയോഗിച്ച്, ആദായകരമായരീതിയിൽ ഊർജം ഉൽപാദിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ. താരതമ്യേന സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഊർജോൽപാദനത്തിൽ വഴിത്തിരിവായേക്കാവുന്നൊരു പരീക്ഷണംതന്നെയാണിത്. സൂര്യൻ അടക്കമുള്ള നക്ഷത്രങ്ങളിലൊക്കെ നടക്കുന്നത് ഫ്യൂഷൻ പ്രവർത്തനമാണ്. എന്നാൽ, ഇത് അത്ര എളുപ്പമുള്ള ഒന്നല്ല; കാരണം, ഫ്യൂഷൻ വഴി ഊർജം ഉൽപാദിപ്പിക്കണമെങ്കിൽ സൂര്യനിലേതിനു സമാനമായ സാഹചര്യം ലബോറട്ടറികളിൽ അല്ലെങ്കിൽ റിയാക്ടറുകളിൽ സജ്ജമാക്കണം. അസാധ്യമെന്ന് വിചാരിച്ചിരുന്ന ഇക്കാര്യമാണ് ചെറിയ രീതിയിലെങ്കിലും ഗവേഷകർ യാഥാർഥ്യമാക്കിയിരിക്കുന്നത്. കുറച്ചുകൂടി വിപുലമായതോതിൽ ഈ രീതിയിൽ ഊർജോൽപാദനം സാധ്യമായാൽ, അത് ഭൂമിയിലെ ഊർജപ്രതിസന്ധിക്ക് വലിയ അളവിൽ പരിഹാരമാകും. എന്നല്ല, ആഗോളതാപനത്തിന് കാരണമാകുന്ന പരമ്പരാഗത ഊർജസ്രോതസ്സുകൾക്ക് ബദലുമാകും. അതുകൊണ്ടുതന്നെ, ലിവർമോർ നാഷനൽ ലബോറട്ടറിയിലെ വിജയപരീക്ഷണം പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. ജർമനിയിലും ചൈനയിലും ബ്രിട്ടനിലുമെല്ലാം സമാനപരീക്ഷണങ്ങൾ നടക്കുന്നുവെന്നത് ഈ പ്രതീക്ഷക്ക് ആക്കംകൂട്ടുന്നു. അതേസമയം, ഈ പരീക്ഷണം ഭൂമിയിൽ മറ്റൊരു ‘പരീക്ഷണ’ത്തിന് വേദിയാകുമോ എന്ന സന്ദേഹവും നിലനിൽക്കുന്നുണ്ട്. നിലവിലെ ഫ്യൂഷൻ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അതിവിനാശകാരികളായ ആണവായുധങ്ങളും നിർമിക്കാനാകുമെന്നതാണ് അതിലൊന്ന്. അതിനാൽ, സാങ്കേതികവിദ്യയുടെ ക്ഷമതക്കും കൃത്യതക്കുമപ്പുറം അവ നിയന്ത്രിക്കുന്നവരുടെ ധാർമികതകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.
ആകാശയുദ്ധങ്ങൾ (സ്പേസ് റേസ്) മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചതാണ് വിടപറയുന്ന വർഷത്തെ മറ്റൊരു പ്രത്യേകത. അമേരിക്ക-സോവിയറ്റ് ശീത യുദ്ധത്തിന്റെ അനുബന്ധമെന്നോണം നടന്ന സ്പേസ് റേസിന്റെ തുടർച്ചയിലാണ് നാസ ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. ഇന്നിപ്പോൾ സോവിയറ്റ് യൂനിയൻ ഇല്ല. സ്പേസ് റേസ് ഇപ്പോൾ അമേരിക്കയും ചൈനയും തമ്മിലാണെന്ന് പറയാം. ആ മത്സരത്തിൽ ഒരിക്കൽക്കൂടി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അമേരിക്ക. ഇതര ബഹിരാകാശ ഏജൻസികളുടെ സഹായത്തോടെ നാസ അതിനായി ആർട്ടിമിസ് എന്ന ദൗത്യത്തിന് തുടക്കംകുറിച്ചിരിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായ ‘ആർട്ടിമിസ് -1’ നവംബർ അവസാനവാരം വിജയകരമായി വിക്ഷേപിച്ചു. 2025ഓടെ ആർട്ടിമിസ് പദ്ധതിയിലൂടെ മനുഷ്യൻ ഒരിക്കൽക്കൂടി ചന്ദ്രനിലെത്തുമായിരിക്കും. മറുവശത്ത്, ചൈനയും ബഹിരാകാശ പര്യവേക്ഷണത്തിൽ മുന്നേറിയിട്ടുണ്ട്. സ്വന്തമായൊരു ബഹിരാകാശനിലയം സ്ഥാപിച്ച് അവിടെ അവർ മനുഷ്യനെ എത്തിക്കുകയുണ്ടായി. തിയാങ്ഗോങ് എന്നാണ് നിലയത്തിന്റെ പേര്. ചൈനയുടെ ചാന്ദ്രദൗത്യവും പുരോഗമിക്കുന്നുണ്ട്. ഇതിനുപുറമെ, യു.എ.ഇയും ബഹിരാകാശ ഗവേഷണത്തിൽ മുന്നേറുന്ന കാഴ്ചക്കും പോയവർഷം സാക്ഷിയായി.
ജീവശാസ്ത്രമേഖലയിലെ ഗഷേണങൾ കോവിഡാനന്തര ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. ആ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായി എന്നുതന്നെ പറയാം. കൂടുതൽ മികവുറ്റ കോവിഡ് വാക്സിനുകൾ നിർമിച്ചതാണ് അതിലൊന്ന്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകൾ ഈ മേഖലയിൽ ഉപയോഗിച്ചതാണ് അതിൽ എടുത്തുപറയേണ്ടത്. ആന്റി ബയോട്ടിക് പ്രതിരോധംമൂലം ലോകത്ത് പ്രതിവർഷം 50 ലക്ഷം പേരെങ്കിലും മരിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനെതിരെ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ മരുന്നുകൾ വികസിപ്പിച്ചതായി ഈയടുത്ത് ലാൻസെറ്റ് മാസിക റിപ്പോർട്ട് ചെയ്യുകയുണ്ടായി. സമാനമായ രീതിയിൽ, അരിവാൾ രോഗത്തിനും ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചു.
മാനവരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായ ഒട്ടേറെ വാർത്തകൾ ശാസ്ത്രലോകത്തുനിന്നുണ്ടായെന്നത് നേരുതന്നെ. പക്ഷേ, മാനവകുലത്തിന് ഇവിടെ നിലനിൽക്കാൻ ഇവിടെയൊരു ആവാസവ്യവസ്ഥ ഇതുപോലെ തുടരുമോ എന്നചോദ്യം ഈ പ്രതീക്ഷാനിർഭരമായ വാർത്തകൾക്കിടയിലും ബാക്കിയാവുകയാണ്. മാനവരാശിയുടെ കരങ്ങൾമൂലം നമ്മുടെ ഭൂമി ഒരർഥത്തിൽ അസ്തമിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഈജിപ്തിൽ നവംബറിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ വർത്തമാനങ്ങൾ ഈ ആശങ്കക്ക് അടിവരയിടുന്നു. അതിതീവ്രവും അസാധാരണവുമായ കാലാവസ്ഥാപ്രതിഭാസങ്ങൾ നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ മാത്രം, ഈ ‘പ്രതിഭാസ’ത്തിൽ മൂവായിരത്തോളം പേർ ഈ വർഷം മരിച്ചു; 18 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. യൂറോപ്പിൽ മാത്രം, അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങളിൽ 22,000 പേർ മരിച്ചുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിന് പുതിയ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു; പക്ഷേ, അത്തരമൊരു പെരുമാറ്റച്ചട്ടം നിർമിക്കുന്നതിൽ 2022ലെ ഉച്ചകോടിയും പരാജയപ്പെട്ടു. കാലാവസ്ഥാപ്രവചനങ്ങൾക്ക് നമ്മുടെ ‘മികവുറ്റ’ സാങ്കേതികവിദ്യകൾപോലും മതിയാകുന്നില്ല എന്നുകൂടി ഈ ദുരന്തങ്ങൾ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ശാസ്ത്രഗവേഷണങ്ങളുടെ പരിമിയാണിത് ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ ശാസ്ത്രപ്രതിഭകൾ വിടപറഞ്ഞ വർഷം കൂടിയായിരുന്നു 2022. ഈ ഭൂമിക്കപ്പുറം ജീവജാലങ്ങൾ ഉണ്ടാകുമോ എന്ന് ശാസ്ത്രലോകത്ത് നിരന്തരം ചോദ്യമുന്നയിച്ച ഫ്രാങ്ക് ഡ്രക്കേയാണ് അതിലൊരാൾ; യൂജിൻ പാർക്കർ, റേ ഫ്രീമാൻ തുടങ്ങി മറ്റു പ്രതിഭകൾ വേറെയും.
മാനവരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായ ഒട്ടേറെ വാർത്തകൾ ശാസ്ത്രലോകത്തുനിന്നുണ്ടായി. എന്നാൽ മാനവകുലത്തിന് ഇവിടെ നിലനിൽക്കാൻ ഇവിടെയൊരു ആവാസവ്യവസ്ഥ ഇതുപോലെ തുടരുമോ എന്നചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.