സൂര്യെൻറ നിറം മഞ്ഞയെന്നും വെളുപ്പെന്നും പല പുസ്തകങ്ങളിലും പ്രതിപാദിച്ചുകാണുന്നു. ഇതിൽ ഏതാണുശരി?
നാം കാണുന്ന സൂര്യെൻറ ചിത്രങ്ങളിൽ അധികവും ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ളവയാണ്. നാസ പുറത്തുവിടുന്ന സൂര്യെൻറ ചിത്രങ്ങളിൽ ഇവയ്ക്കു പുറമെ നീല, പച്ച, ചാരം, തവിട്ട് തുടങ്ങിയ നിറങ്ങളും കാണുന്നു. ഈ ചിത്രങ്ങളെല്ലാം സൂര്യെൻറ നിറത്തെക്കുറിച്ച് നമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ഒരുകാര്യം ആദ്യമേ പറയാം. നാസ പുറത്തുവിടുന്ന സൂര്യെൻറ ചിത്രങ്ങളിലെ വൈവിധ്യമാർന്ന നിറങ്ങളെല്ലാം കമ്പ്യൂട്ടറുകൾ നൽകുന്നവയാണ്. സൂര്യെൻറ അന്തർ^ബഹിർ ഭാഗങ്ങളിലെ വിവിധ കാര്യങ്ങൾ പഠനവിധേയമാക്കാനാണ് ഇങ്ങനെ വ്യത്യസ്ത നിറമുള്ള ചിത്രങ്ങൾ തയാറാക്കുന്നത്. ചിത്രകാരന്മാർ അവരുടെ സൂര്യവരകൾക്ക് പൊതുവെ ചുവപ്പ്, ഓറഞ്ച് നിറങ്ങളാണ് നൽകുന്നത്. ചുട്ടുപഴുത്ത ഗോളം എന്ന് തോന്നിപ്പിക്കാനാവണം അവർ ഈ നിറങ്ങൾ ഉപയോഗിക്കുന്നത്. ഉദയാസ്തമയങ്ങളിൽ നാം കാണുന്ന സൂര്യെൻറ നിറവും ചിത്രകാരന്മാരെ സ്വാധീനിച്ചിരിക്കണം.
സൂര്യെൻറ ശരിക്കുള്ള നിറം എന്താണ്? ഇതറിയാനായി സൂര്യനെ നേരിട്ട് നോക്കാൻ പറ്റില്ലല്ലോ. അതു കണ്ണിനെ അപായപ്പെടുത്തും. സൂര്യഫിൽറ്ററുകൾ ഉപയോഗിച്ച് നോക്കിയാൽ സൂര്യനെ ശരിയായ നിറത്തിലാവില്ല കാണുക എന്നതും പ്രശ്നമാണ്. അതിനാൽ സൂര്യെൻറ നിറമറിയാൻ നല്ല ഒരു കാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കുകയേമാർഗമുള്ളൂ. ഇതുവഴി നമുക്ക് ലഭിക്കുക മഞ്ഞ നിറമുള്ള സൂര്യെൻറ ചിത്രമാണ്.
അപ്പോൾ സൂര്യെൻറ നിറം മഞ്ഞയാണോ? അല്ലെന്ന് ബഹിരാകാശയാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ബഹിരാകാശത്ത് ചെന്നാൽ വെളുത്ത സൂര്യനെയാണ് നമുക്ക് കാണാനാവുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നെടുത്ത എല്ലാ ചിത്രങ്ങളിലും സൂര്യെൻറ നിറം വെളുപ്പാണ്. ഇതിൽനിന്നും സൂര്യെൻറ ശരിയായ നിറം വെളുപ്പാണെന്ന് മനസ്സിലാക്കാം. സൂര്യന് വെളുപ്പ് നിറം ലഭിക്കുന്നത് അത് പുറപ്പെടുവിക്കുന്ന വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് വർണങ്ങളിലുള്ള (തരംഗദൈർഘ്യങ്ങളിലുള്ള) പ്രകാശം കൂടിച്ചേർന്നാണ്. അന്തരീക്ഷത്തിലെ ജലകണികകളിൽ തട്ടി സൂര്യപ്രകാശത്തിലെ ഈ വർണങ്ങൾ വേർപിരിയുന്നതാണ് നാം കാണുന്ന മഴവില്ല്.
സൂര്യൻ വെളുത്തതെങ്കിൽ ഭൂമിയിൽനിന്ന് നോക്കുമ്പോൾ എന്തുകൊണ്ട് അതിനെ മഞ്ഞനിറത്തിൽ കാണുന്നു? ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. അന്തരീക്ഷം സൂര്യപ്രകാശത്തിലെ നീലരശ്മികളെ കൂടുതലായി വിസരണംചെയ്യിക്കുന്നു. ഇത് ആകാശത്തിനു നീല നിറം നൽകുന്നു. നീല ഒഴികെയുള്ള രശ്മികൾ കൂടിച്ചേർന്നാണ് സൂര്യന് മഞ്ഞനിറം ലഭിക്കുന്നത്.
സൂര്യെൻറ വികിരണങ്ങളിൽ ഭൂരിഭാഗവും ദൃശ്യവർണരാജിയിലെ പച്ച, മഞ്ഞ വർണങ്ങൾക്കിടയിലുള്ളവയാണ്. നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗീകരണമനുസരിച്ച് സൂര്യനെ മഞ്ഞനക്ഷത്രങ്ങളുടെ വിഭാഗമായ ‘G’ യിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അർഥത്തിൽ സൂര്യൻ ഒരു മഞ്ഞ നക്ഷത്രമാണ്. ഭൂമിയിൽനിന്നുള്ള കാഴ്ചയിലും ഏറക്കുറെ അങ്ങനെതന്നെ. എന്നാൽ, ബഹിരാകാശത്തുനിന്ന് കാണുന്ന വെളുപ്പാണ് സൂര്യെൻറ യഥാർഥ നിറം.
മഴവിൽ വർണങ്ങൾ കൂടാതെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് തുടങ്ങിയ പ്രകാശരശ്മികളുംസൂര്യനിൽനിന്നും വരുന്നുണ്ട്. ഇവയെ സ്വീകരിക്കാൻ കഴിയുന്ന കോശങ്ങൾ നമ്മുടെ കണ്ണിെൻററെറ്റിനയിലില്ലാത്തതിനാൽ ഇവ നമുക്ക് കാണാനാവില്ല. അല്ലെങ്കിൽ ഇവകൂടി ചേർന്ന് ലഭിക്കുന്ന പുതിയൊരു നിറത്തിലാവും സൂര്യനെ നാം കാണുക. ഈ രശ്മികളെ കാണാനും ഇവയെ ഉപയോഗപ്പെടുത്തി സൂര്യെൻറ ചിത്രമെടുക്കാനും കഴിയുന്ന ഉപകരണങ്ങൾ ഭൂമിയിലും ബഹിരാകാശത്തുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.