കൊല്ലം: ട്രെയിനിൽ കടത്തിയ 10 ലക്ഷം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങൾ ആർ.പി.എഫും എക്സൈസും കൂടി നടത്തിയ സംയുക്ത പരിശോധനയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടി. ബംഗളൂരു കൊച്ചുവേളി എക്സ്പ്രസിൽ വ്യാഴാഴ്ച പുലർച്ചെ എത്തിയതാണ് പിടികൂടിയ പുകയില ഉൽപന്നങ്ങൾ. 150 കിലോ വീതം തൂക്കം വരുന്ന അഞ്ച് പാക്കറ്റുകളിൽ ആകെ 750 കിലോ പാൻമസാലയാണ് കണ്ടെടുത്തത്. ബംഗളൂരുവിരിൽ നിന്നും ആലപ്പുഴയിൽ ഇറക്കുന്നതിലേക്കായി ബുക്ക് ചെയ്തിരുന്നവയായിരുന്നു ഇവ. ആലപ്പുഴയിലെ പരിശോധന ഭയന്ന് ഇവ കൊല്ലത്ത് ഇറക്കിയതാണെന്ന് എക്സൈസ് സംശയിക്കുന്നു.
ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ട പാക്കറ്റുകൾ ആർ.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവുമാണ് പരിശോധിച്ചത്. പരിശോധനയിൽ ഇവ നിരോധിത പാൻമസാല വിഭാഗത്തിൽപെടുന്നവയാണെന്ന് ബോധ്യപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം എക്സൈസ് അധികൃതർ പുകയില ഉൽപന്നങ്ങൾ ഏറ്റുവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് എക്സൈസ്, ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ പിടികൂടിയ ഉൽപന്നങ്ങൾ കൊല്ലം ആർ.പി.എഫിന്റെ നിയന്ത്രണത്തിൽ റെയിൽവേ പാർസൽ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു.
പരിശോധനയിൽ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ടിനെ കൂടാതെ ആർ.പി.എഫ് സി.ഐ എം.എ. ഗണേശൻ, എക്സൈസ് ഇൻസ്പെക്ടർ ടി. രാജു, ആർ.പി.എഫ് എസ്.ഐ വി.വി രാജു, അസി. എക്സൈസ് ഇൻസ്പെക്ടർ രാജീവ്, അബ്ദുൽ വഹാബ്, ആർ.പി.എഫ് എ.എസ്.ഐ ജി. സുരേഷ്, ആർ.പി.എഫ് എച്ച്.സി അബ്ദുൽ സലാം, പ്രിവന്റിവ് ഓഫിസർ എം. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ ബി.എൽ. ബിജോയ്, എക്സൈസ് ഡ്രൈവർ ജി. ജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.