നാഗർകോവിൽ: കന്യാകുമാരി ലോഡ്ജിൽ പത്ത് മുറികൾ വാടകക്കെടുത്ത് ഓഫിസിന്റെ പ്രതീതി വരുത്തി സാമ്പത്തികതട്ടിപ്പ് നടത്തിയ 17 അംഗ സംഘത്തെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തതായി കന്യാകുമാരി ജില്ല പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തട്ടിപ്പ്സംഘ നേതാവ് മധുര പേരയൂർ സ്വദേശി സുന്ദരപാണ്ഡ്യൻ (36) ഉൾപ്പെടെയുള്ളവരാണ് പൊലീസിന്റെ വലയിലായത്. ഇവരുടെ പക്കൽനിന്ന് 11 ലക്ഷം രൂപ, മൂന്ന് കാറുകൾ, ലാപ്ടോപ്, ഫോണുകൾ, നിക്ഷേപകരുടെ വിവരങ്ങൾ ഉൾപ്പെടെ നിരവധി രേഖകൾ കണ്ടെടുത്തു.
തിരുപ്പൂർ സ്വദേശി കാളിയപ്പൻ കന്യാകുമാരി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. കാളിയപ്പൻ രണ്ട് ലക്ഷം രൂപയാണ് സംഘത്തിന് നൽകിയിരുന്നത്. 45 ദിവസം കഴിഞ്ഞ് മുടക്കിയതിന്റെ അഞ്ച് മടങ്ങ് നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത് ലഭിക്കാതെ വന്നപ്പോൾ ഇവർ കന്യാകുമാരിയിൽ ഉണ്ടെന്നറിഞ്ഞാണ് കാളിയപ്പൻ എത്തിയതും പൊലീസിൽ പരാതിപ്പെട്ടതും.
തുടർന്ന് ലോഡ്ജിൽ പൊലീസെത്തിയപ്പോൾ ചിതറിയോടിയ സംഘത്തെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സാമൂഹിക മാധ്യമം വഴി സാമ്പത്തിക ഇരട്ടിപ്പിനെക്കുറിച്ച് പരസ്യപ്പെടുത്തി വലയിൽ വീഴുന്നവരെ ആർ.ബി.ഐയുടെ വ്യാജ മുദ്ര ഉൾപ്പെടെയുള്ളവ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി.
രൂപ വിദേശത്ത് നിക്ഷേപം നടത്തിയാണ് ബിസിനസ് നടത്തുന്നതെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് പണം കൈക്കലാക്കുന്നത്. ഇതിനായി വ്യാജ ഓഫിസിൽ സെക്യൂരിറ്റി, രണ്ട് ജീവനക്കാർ തുടങ്ങിയവരെയൊക്കെ നിയോഗിച്ചാണ് ആളുകളെ പറ്റിക്കുന്നതെന്ന് എസ്.പി പറഞ്ഞു.
കന്യാകുമാരി ജില്ലയിൽ ഇത്തരത്തിലുള്ള ബ്ലേഡ് കമ്പനി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചാൽ പൊലീസിനെ അറിയിക്കാൻ എസ്.പി അഭ്യർഥിച്ചു.
സംഘത്തെ പിടികൂടിയ കന്യാകുമാരി ഡി.എസ്.പി രാജ, ഇൻസ്പെക്ടർ ശാന്തകുമാരി ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ എസ്.പി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.