കോഴിക്കോട്: നിർത്തിയിട്ട സ്കൂട്ടർ തള്ളിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഡിക്കിയിലെ പണം കവർന്നു. വേങ്ങേരി സ്വദേശി മുന്ന മഹലിൽ അഷ്റഫിന്റെ സുസുക്കി ആക്സസ് സ്കൂട്ടറിൽ നിന്നാണ് 48,000ത്തോളം രൂപ കവർന്നത്. ഞായറാഴ്ച ഉച്ചയോടെ വഞ്ചി, വല പണിക്കാർക്ക് നൽകിയ ശേഷമുള്ള തുക അഷ്റഫ് ഡിക്കിക്കുള്ളിൽ വെച്ച് സ്കൂട്ടർ സഹോദരിയുടെ വെള്ളയിൽ കണ്ണംകടവ് ഭാഗത്തെ വീടിന് മുൻവശത്തുള്ള നടപ്പാതയിൽ നിർത്തിയിടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ആറുവയസ്സുകാരനായ ബന്ധു സ്കൂട്ടറിന് മുകളിൽ ഇരിക്കവെ ഇദ്ദേഹം സഹോദരിയുടെ വീട്ടിലേക്ക് പോയി. സ്കൂട്ടറിനുള്ളിൽ പണമുണ്ടെന്ന് മനസ്സിലാക്കിയ മൂന്ന് യുവാക്കൾ ബൈക്കിൽ സ്കൂട്ടറിനടുത്തെത്തി. സ്കൂട്ടറിനുമുകളിലിരുന്ന കുട്ടിയോട് വീട്ടിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തുവരാൻ പറഞ്ഞയച്ചശേഷമാണ് സ്കൂട്ടർ തള്ളിക്കൊണ്ടുപോയത്. ഒരാൾ സ്കൂട്ടറിൽ കയറുകയും മറ്റുരണ്ടുപേർ വന്ന ബൈക്കിൽ തന്നെ സഞ്ചരിച്ച് കാലുകൊണ്ടാണ് സ്കൂട്ടർ തള്ളിക്കൊണ്ടു പോയത്.
തുടർന്ന് ഗാന്ധിറോഡ് മേൽപാലത്തിനടിയിൽ നിർത്തിയിട്ട വാഹനങ്ങൾക്കരികിലെത്തിച്ച് പൂട്ട് പൊളിച്ച് ഡിക്കിയിൽ നിന്ന് പണം കവരുകയായിരുന്നു. സ്കൂട്ടർ കൊണ്ടുപോയത് കണ്ടതായി പരിസരവാസികൾ പറഞ്ഞതോടെ അഷ്റഫ് തന്നെ നടത്തിയ അന്വേഷണത്തിലാണ് ഡിക്കി പൊളിച്ച് പണം കവർന്ന നിലയിൽ സ്കൂട്ടർ ഉപേക്ഷിച്ചത് കണ്ടെത്തിയത്.
അഷ്റഫിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. പ്രതികളെത്തിയ ബൈക്ക് ചക്കുംകടവ് സ്വദേശിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.