കൊപ്പാൾ: പശു പറമ്പിൽ കയറിയതിന് ഭൂവുടമ ദലിത് യുവതിയെ കെട്ടിയിട്ട് മർദിച്ചു. കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലാണ് സംഭവം. സ്ത്രീയെ പ്രതിയുടെ വീടിന് മുന്നിലെ തൂണിൽ കെട്ടിയിട്ട് ആക്രമിക്കുകയും ചെരിപ്പു കൊണ്ട് അടിക്കുകയും ജാതിപരമായ അധിക്ഷേപം നടത്തിയെന്നുമാണ് പരാതി.
ഫെബ്രുവരി മൂന്നിന് രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഭൂവുടമയായ അമരേഷ് കുമ്പാറിനെതിരെ ദലിത് നിയമപ്രകാരം കനകഗിരി പൊലീസ് കേസെടുത്തതായി ദലിത് വോയിസ് എന്ന സംഘടന അറിയിച്ചു. കുമ്പാര്‍ വര്‍ഷങ്ങളായി തുടരുന്ന പതിവ് രീതിയാണിതെന്ന് ഇരയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
കർണാടകയിൽ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം, ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ നിന്നും ഒരു ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെത്തുടർന്ന് ടാങ്ക് വൃത്തിയാക്കിയിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായ വിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും പ്രശ്‌നം ഉയർത്തിക്കാട്ടി ദലിത് യുവാക്കൾ ഗ്രാമത്തിലെ എല്ലാ വാട്ടർ ടാങ്കുകളിൽ നിന്നും വെള്ളം കുടിച്ച് പ്രതിഷേധിച്ചിരുന്നു.കൂടാതെ, ടാങ്ക് പൊതു ഉപയോഗത്തിനുള്ളതാണെന്നും ആർക്കും ഇതിൽ നിന്ന് വെള്ളം കുടിക്കാമെന്നും വ്യക്തമാക്കുന്ന ഒരു സന്ദേശവും ഉള്‍ക്കൊള്ളുന്ന ചിത്രവും വരച്ചു. അതുപോലെ, ഡിസംബറിൽ, ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ദലിത് സ്ത്രീയെ ഒരു പുരോഹിതൻ നിഷ്കരുണം ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ബംഗളൂരുവിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.