കോഴിക്കോട്: വിവാഹപരസ്യം നൽകുന്ന വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയിൽനിന്ന് വിവാഹവാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് നംഷീറിനെയാണ് (32) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയെ ദുബൈയിൽ എൻജിനീയറാണെന്ന് ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് വിദേശ മൊബൈൽ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ ബന്ധപ്പെട്ട് ചില കേസിൽപെട്ടെന്നും അതൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പല തവണയായി യുവതി 13 ലക്ഷം രൂപ കൈമാറി. രണ്ടാം വിവാഹത്തിന് മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ പ്രതി നേരത്തെയും കബളിപ്പിച്ചെന്നും ഇത്തരത്തിലുള്ള രണ്ടുപേരെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. പരിചയപ്പെടുന്ന യുവതികളുടെ വിഡിയോ വാട്സ് ആപ് വഴി ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയിൽനിന്ന് കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തു.
സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്തും സംഘവും പരാതിക്കടിസ്ഥാനമായ മാട്രിമോണിയൽ സൈറ്റിൽനിന്നുള്ള വിവരങ്ങളും ഫോൺ കാളുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്ന് തിരിച്ചെത്തി ബംഗളൂരുവിൽ വ്യാജ വിലാസത്തിൽ താമസിക്കുമ്പോഴാണ് അറസ്റ്റ്. എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ് ചാലിക്കര, കെ.ആർ. ഫെബിൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.