ചെങ്ങന്നൂരിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് പൗരന് വധശിക്ഷ

മാവേലിക്കര: ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ബംഗ്ലാദേശ് പൗരനായ ലബ്ലു ഹസൻ (39) ആണ് മാവേലിക്കര അഡീഷണൽ ജില്ല കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ജൂവൽ ഹസന് (24) ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

2019 നവംബർ 11നാണ് ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവർ കൊലപ്പെടുന്നത്. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണങ്ങളും 17,338 രൂപയുമായി സംസ്ഥാനംവിട്ട പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണമുണ്ടെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

കൊലപാതക ശേഷം വെണ്മണി കോടുകുളഞ്ഞിക്കരോട്ടെ വാടക വീട്ടിലെത്തിയ പ്രതികൾ അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ചെങ്ങന്നൂരിൽ നിന്നും ചെന്നൈയിലെത്തുകയും അവിടെ നിന്ന് ചെന്നൈ-കോറമണ്ഡൽ എക്സ്പ്രസിൽ പശ്ചിമ ബംഗാളിലേക്ക് പോകുവാനും തുടർന്ന് ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പദ്ധതി.

രക്ഷപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതെ കൂടെ യാത്ര ചെയ്തവരുടെ ഫോണിൽ നിന്നാണ് വെണ്മണി കോടുകുളഞ്ഞിക്കരോട്ടെ വാടകവീട്ടിൽ കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. സുഹൃത്തുക്കളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഫോൺ വിളികൾ പിന്തുടരുകയും ചെയ്തപ്പോഴാണ് പ്രതികൾ ട്രെയിനിൽ സഞ്ചരിക്കുന്നതായി പൊലീസ് കണ്ടെത്തിയത്.

പ്രതിഭാഗത്ത് നിന്നും രണ്ട് സാക്ഷികളടക്കം 62 സാക്ഷികളെ വിസ്തരിച്ച കേസിൽ 103 തൊണ്ടിമുതലും 80 രേഖകളും കോടതിയിൽ ഹാജരാക്കി. വിശാഖപട്ടണം ആർ.പി.എഫിലെ അഞ്ചു പേരും ആന്ധ്രപ്രദേശ്, ബംഗാൾ, അസം, പുതുച്ചേരി സ്വദേശികളും സാക്ഷികളായി. 302, 449, 374, 379 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയ കുറ്റങ്ങൾ. ചെങ്ങന്നൂർ ഇൻസ്പെക്ടറായിരുന്ന സുധി ലാൽ ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Tags:    
News Summary - Murder, Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.