കാക്കനാട്: കഞ്ചാവ് പിടിക്കാനെത്തിയ പൊലീസുകാരെ അന്തർ സംസ്ഥാന തൊഴിലാളികൾ മർദിച്ചു. കൊച്ചി 'ഡാൻസാഫ്' സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഏഴ് അന്തർസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ കാക്കനാടിന് സമീപം വാഴക്കാലയിലാണ് സംഭവം. മൊറാർജി ഗ്രൗണ്ടിനടുത്തുനിന്ന് ഡാൻസാഫ് സംഘം 2.4 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. അസം സ്വദേശി സമാജുദ്ദീൻ (36) ആണ് പിടിയിലായത്. ഇയാൾ മറ്റ് തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി സമീപത്തെ തൊഴിലാളികളുടെ ക്യാമ്പിലെത്തിച്ചപ്പോഴാണ് മർദനമുണ്ടായത്. മദ്യലഹരിയിലായിരുന്ന തൊഴിലാളികൾ മഫ്തിയിലുള്ള പൊലീസുകാർക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും ഇത് പിടിച്ചുവാങ്ങി വീണ്ടും മർദനം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ തൃക്കാക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. മർദനമേറ്റ ഉദ്യോഗസ്ഥർ തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.