കോഴിക്കോട്: കാറിൽ കടത്തിയ 20 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ മൂന്നുപേർ റിമാൻഡിൽ. ചെമ്പനോട കാപ്പുംചാലിൽ സിദ്ദീഖ് ഇബ്രാഹീം (32), പശുക്കടവ് പൊന്നത്ത് വളപ്പിൽ റംഷാദ് (38), കൂത്താളി പാറമ്മൽ വീട്ടിൽ മുഹമ്മദ് അസ് ലം (28) എന്നിവരാണ് റിമാൻഡിലായത്. മലപ്പറമ്പ് ഫ്ലോറിക്കൽ റോഡിൽനിന്ന് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർകോട് നീലേശ്വരം സ്വദേശിയിൽനിന്ന് വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ വലയിലായത്. നീലേശ്വരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണികളാണിവർ. ജൂലൈയിൽതന്നെ നാലാം തവണയാണ് പ്രതികൾ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ആന്ധ്രപ്രദേശിൽനിന്നാണ് കഞ്ചാവ് കാസർകോട് എത്തിക്കുന്നതെന്നും അവിടെനിന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഞ്ചാവ് എത്തിക്കുകയുമാണ് ചെയ്യുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് അസി. എക്സൈസ് കമീഷണർ കെ.എസ്. സുരേഷ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം. ഹാരിസ്, ടി.കെ. സഹദേവൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺകുമാർ, സി.പി. ഷാജു, എൻ. ജലാലുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രസൂണ് കുമാർ, എ.എം. അഖിൽ, എം.ഒ. രജിൻ, പി.കെ. സതീഷ്, ജിത്തു, എം.എം. ബിബിനീഷ് എന്നിവരടങ്ങളിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.