ആറ്റിങ്ങൽ: നഗരമധ്യത്തിൽ മത്സ്യക്കച്ചവടം നടത്തിവന്ന സ്ത്രീയെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിന് പിറകുവശം സൗപർണികയിൽ വാടകക്ക് താമസിച്ചുവരുന്ന രഞ്ജു(32), പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ മനു (29) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് മത്സ്യക്കച്ചവടം നടത്തിവന്ന അഞ്ചുതെങ്ങ് കായിക്കര പുത്തൻമണ്ണ് വാടയിൽ വീട്ടിൽ ബിയാട്രിസി(50)നെ ആക്രമിച്ച് പണം കവർന്ന കേസിൽ ആണ് അറസ്റ്റ്. ഒന്നാം പ്രതി രഞ്ജു പാറക്കഷണം ഉപയോഗിച്ച് ബിയാട്രിസിന്റെ നെറ്റിയിൽ ഇടിച്ച് മുറിവേൽപ്പിച്ചശേഷം പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് കവരാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ബിയാട്രിസിനെ പ്രതികൾ അസഭ്യം പറയുകയും രണ്ടാംപ്രതി മനു ഇവരെ ചവിട്ടി താഴെ തള്ളിയിടുകയും വീണ്ടും ദേഹോദ്രപമേൽപ്പിക്കുകയും ചെയ്തശേഷം പണമടങ്ങിയ ബക്കറ്റുമായി കടക്കാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് പ്രതികളെ പിന്തുടർന്ന് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ വിരലടയാള വിദഗ്ധരും സയന്റിഫിക് വിഭാഗവും ചേർന്ന് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതികൾ മുമ്പും സമാന കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.