കൊൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പറഗാന ജില്ലയിൽ ബി.ജെ.പി പ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. പറഗാനയിലെ പാർട്ടി ഓഫിസിലാണ് ബി.ജെ.പി പ്രവർത്തകൻ പൃഥിരാജ് നാസ്കറുടെ മൃതദേഹം കണ്ടെത്തിയത്. ജില്ലയിൽ ബി.ജെ.പിയുടെ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ നേതൃത്വം പൃഥിരാജിന് ആയിരുന്നു.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നാലെ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ കൊലപാതകമല്ല ഇതെന്ന് തെളിഞ്ഞു. ഇതോടെ ബി.ജെ.പിയുടെ വ്യാജ ആരോപണം പൊളിഞ്ഞുവെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തു.
സ്ത്രീയുമായുള്ള പൃഥിരാജിന്റെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഇയാളെ കൊന്നുവെന്നാണ് യുവതിയുടെ മൊഴി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് പാർട്ടി ഓഫിസിൽ പൃഥിരാജിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബർ അഞ്ചുമുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
കൃത്യം നടത്തിയശേഷം പ്രതി രക്ഷപ്പെട്ടിരുന്നു.മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ യുവതി കുറ്റം ഏറ്റുപറഞ്ഞു. കൊലപാതകം നടത്താൻ യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.