മോഡലുകളുടെ മരണം: ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊച്ചി: മോഡലുകൾ അടക്കം മൂന്നുപേരുടെ മരണത്തിന് വഴിയൊരുക്കിയ വാഹനാപകട ക്കേസിൽ അന്വേഷണ സംഘം ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (26), സുഹൃത്ത് തൃശൂർ വെമ്പല്ലൂ‍ർ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കേസിലെ രണ്ടാം പ്രതിയായ കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചൻ (41) മറ്റ് പ്രതികളുടെ പ്രേരണയാൽ മോഡലുകളെ അമിത വേഗത്തിൽ പിന്തുടർന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കൊല്ലപ്പെട്ടവരുടെ സുഹൃത്തും അപകടത്തിൽ അകപ്പെട്ട വാഹനത്തിന്‍റെ ഡ്രൈവറുമായിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനാണ് പ്രഥമ വിവര റിപ്പോർട്ടിൽ ഒന്നാം പ്രതി. ഇയാളെ മാപ്പുസാക്ഷിയാക്കി മറ്റുപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാൻ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. സൈജു എം. തങ്കച്ചന് പുറമെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റും ഹോട്ടൽ ജീവനക്കാരായ അഞ്ചുപേരും കേസിലെ പ്രതിപ്പട്ടികയിലുണ്ട്. അബ്ദുറഹ്മാനെ മാപ്പുസാക്ഷിയാക്കിയില്ലെങ്കിൽ ഇയാളടക്കം കുറ്റപത്രത്തിൽ എട്ട് പ്രതികളുണ്ടാകും.

കേസ് അന്വേഷണത്തിനിടയിലാണ് മൂന്നും രണ്ടും പ്രതികളായ റോയിക്കും സൈജുവിനും എതിരായ പോക്സോ കേസിന്‍റെ വിവരങ്ങൾ പുറത്തുവന്നതും പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതും. സുഹൃത്തുക്കളായ അബ്ദുൽ റഹ്മാനും കൊല്ലപ്പെട്ട ആഷിഖിനും ബോധപൂർവം അമിത അളവിൽ മദ്യം നൽകിയ ശേഷം മോഡലുകളെ ഉപദ്രവിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതു മനസ്സിലാക്കിയ മോഡലുകളും സുഹൃത്തുക്കളും പാർട്ടി അവസാനിക്കാൻ കാത്തുനിൽക്കാതെ ഹോട്ടൽ വിട്ടിറങ്ങിയതിന്റെ ദേഷ്യത്തിലാണ് സൈജു മറ്റൊരു കാറിൽ അമിതവേഗത്തിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ഇവരെ പ്രതിയുടെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കേസ്. കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലാണ്.

Tags:    
News Summary - Death of models: Charge sheet to be filed today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.