പട്ടാമ്പി: മാരക ലഹരി മരുന്നായ എം.ഡി.എം.എ ഉപയോഗം വ്യാപകമാവുന്നു. കഞ്ചാവും മദ്യവും വിട്ട് പുതുതലമുറ എം.ഡി.എം.എ വലയത്തിലേക്ക് ഒഴുകുന്നതായാണ് റിപ്പോർട്ട്. കൈകാര്യം ചെയ്യാനും ഉപയോഗിക്കാനുമുള്ള സൗകര്യമാണ് വിദ്യാർഥികളെയും യുവാക്കളെയും മാരക ലഹരിയുടെ അടിമകളാക്കുന്നത്. ശനിയാഴ്ച നടന്ന താലൂക്ക് വികസനസമിതി യോഗത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ എം.ഡി.എം.എ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എം.ഡി.എം.എ ഉപയോഗമോ കൈമാറ്റമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ യോഗത്തിൽ അഭ്യർഥിച്ചിരുന്നു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 59.835 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മാർച്ച് 28ന് കൊപ്പത്തുനിന്ന് പിടികൂടിയത് 49 ഗ്രാം എം.ഡി.എം.എയാണ്. ഇതിന് വിപണിയിൽ എട്ടുലക്ഷം രൂപ വിലവരും. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ പിടിത്തമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരുവിൽനിന്നെത്തിച്ച് കൊപ്പം, പുലാമന്തോൾ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്താനാണ് മയക്കുമരുന്നെത്തിച്ചതെന്ന് സംഭവത്തിൽ അറസ്റ്റിലായ തെക്കുംമല തിരുത്തി അഷ്റഫലി മൊഴി നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഓങ്ങല്ലൂർ കൊണ്ടൂർക്കരയിൽ തദ്ദേശീയനായ മാച്ചാംപുള്ളി മുസ്തഫ സ്കൂട്ടറിൽ കടത്തുകയായിരുന്ന 3.233 ഗ്രാം പിടികൂടിയതാണ് അവസാന സംഭവം. ബംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നും എം.ഡി.എം.എ പട്ടാമ്പിയിലെത്തുന്നുണ്ട്. സ്കൂൾ-കോളജ് കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ലഹരിമാഫിയ പ്രവർത്തിക്കുന്നത്. സൗജന്യമായി നൽകി ലഹരിക്കടിമകളാക്കുന്നതാണ് ലഹരി വ്യാപാരതന്ത്രം.
പരീക്ഷണാർഥം ഉപയോഗിച്ച് തുടങ്ങുന്നവർ പിന്നീട് സ്ഥിരം ഉപഭോക്താക്കളായി മാറും. 'പാർട്ടി ഡ്രഗ്' എന്ന പേരിലറിയപ്പെടുന്ന സിന്തറ്റിക് ഇനം മയക്കുമരുന്നായ എം.ഡി.എം.എ ഡി.ജെ പാർട്ടികളിലും മറ്റും സ്ഥിരസാന്നിധ്യമാണ്. ബംഗളൂരുവിൽനിന്ന് ട്രെയിനിലും ഇരുചക്രവാഹനങ്ങളിലുമാണ് ലഹരി കടത്ത് നടക്കുന്നത്. ചെറിയ അളവിലും ശ്രദ്ധയിൽപെടാതെയും കൊണ്ടുവരാമെന്നതാണ് കടത്തുകാർക്ക് തുണയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.