ബരുയിപൂർ: ഡൽഹിയിൽ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയതിന് സമാനമായ ക്രൂരത പശ്ചിമ ബംഗാളിലും. മുൻ നാവികനെ കൊലപ്പെടുത്തിയ മകൻ മാതാവിന്റെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂരിലാണ് സംഭവം. 2000ൽ നാവികസേനയിൽനിന്ന് വിരമിച്ച ഉജ്ജ്വൽ ചക്രബർത്തിയാണ് (55) കണ്ണില്ലാത്ത ക്രൂരതക്കിരയായത്. സംഭവത്തിൽ ഉജ്ജ്വൽ ചക്രബർത്തിയുടെ ഭാര്യ ശ്യാമലി ചക്രബർത്തി (50), മകൻ ജോയി ചക്രബർത്തി (25) എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 12നാണ് സംഭവം. സ്ഥിരം മദ്യപാനിയായിരുന്നു ഉജ്ജ്വൽ ചക്രബർത്തിയെന്ന് പൊലീസ് പറയുന്നു. പോളിടെക്നിക് കാർപെന്ററി വിദ്യാർഥിയായ മകൻ 3,000 രൂപ ഫീസ് ചോദിച്ചെങ്കിലും നൽകാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഈ സമയവും മദ്യലഹരിയിലായിരുന്ന ഉജ്ജ്വൽ ചക്രബർത്തി മകനെ തല്ലി. ഇതോടെ ദേഷ്യത്തിൽ മകൻ പിതാവിനെ തള്ളിയിട്ടു. കസേരയിൽ തലയിടിച്ച് ബോധരഹിതനായി വീണ പിതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാര്യയും മകനും മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. ക്ലാസ് കിറ്റ് ബാഗിൽനിന്ന് ഹാക്സോ എടുത്ത് മകൻ മൃതദേഹം ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ചാക്കിലാക്കി സൈക്കിളിൽ പലതവണയായി കൊണ്ടുപോയി 500 മീ. അകലെയുള്ള പ്രദേശങ്ങളിൽ തള്ളിയതായി ബരുയിപൂർ പൊലീസ് പറഞ്ഞു. രണ്ട് കാലുകൾ മാലിന്യക്കൂമ്പാരത്തിനടിയിലും തലയും വയറും ദെഹിമേദൻ മല്ലയിലെ കുളത്തിൽനിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൈകൾക്കായി തിരച്ചിൽ തുടരുകയാണ്.
15ന് മാതാവും മകനും ചക്രബർത്തിയെ കാണാതായെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയിരുന്നു. ഇവരുടെ മൊഴികളിൽ പൊലീസിന് സംശയംതോന്നി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.