ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു പേർ പിടിയിൽ

നേമം: കുപ്രസിദ്ധ ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ നരുവാമൂട് പൊലീസ് പിടികൂടി. പള്ളിച്ചൽ കുളങ്ങരകോണം ലീല ഭവനിൽ അനൂപ് (28), കുളങ്ങര കോണം സന്ദീപ് ഭവനിൽ സന്ദീപ് (25), പള്ളിച്ചൽ കുളങ്ങരകോണം പൂവണംകുഴി മേലെ പുത്തൻവീട്ടിൽ അരുൺ (24), കുളങ്ങരകോണം വട്ടവിള പുലരിയോട് മേലെ പുത്തൻവീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന രജിത്ത് (25), പള്ളിച്ചൽ മാറഞ്ചൽകോണം വരിക്കപ്ലാവിള വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെ‍യായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മൂന്നുതവണ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമായ മച്ചേൽ കുളങ്ങരക്കോണം ആയക്കോട് മേലേ പുത്തൻവീട്ടിൽ മോഹനന്‍റെ മകൻ കാക്ക എന്നുവിളിക്കുന്ന അനീഷ് (28) ആണ് വെട്ടേറ്റു മരിച്ചത്. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം മുളച്ചൽ പാലത്തിനു സമീപം നിഷാന്തിന്‍റെ ഉടമസ്ഥതയിലുള്ള അമൽ ഹോളോബ്രിക്സ് കമ്പനിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന അനീഷ് കുറേനാളായി പ്രതികളെ ഭീഷണിപ്പെടുത്തി വന്നിരുന്നു. നിരന്തരം പണം ആവശ്യപ്പെടുന്നതും അതു ലഭിക്കാതെ വരുമ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും സ്ഥിരം സംഭവമായി. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷ് പ്രതികളുമായി വാക്കുതർക്കം ഉണ്ടാകുകയും പ്രതികളിൽ ഒരാളുടെ തല അറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂചന.

മാനസിക വിഷമം ഏറി വന്നതോടെയാണ് അനീഷിനെ കൊലപ്പെടുത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കുന്നത്. അതിനിടെയാണ് കുളങ്ങരകോണത്ത് യുവതിയുടെ മാല മോഷണത്തിൽ അനീഷ് ഉൾപ്പെട്ടതായി പ്രതികൾ അറിയുന്നത്. മോഷണം നടത്തിയശേഷം അനീഷ് സ്ഥിരമായി അടഞ്ഞു കിടക്കുന്ന ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ വരുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. പ്രസ്തുത ദിവസം അനീഷ് തന്‍റെ കൂട്ടാളിയായ ബിജുവിനെയും ഒപ്പം കൂട്ടി. എന്നാൽ ഇയാൾ അമിതമായി മദ്യപിച്ച് ബോധരഹിതനായിരുന്നു. ഇതിനിടെയാണ് പ്രതികൾ ബൈക്കുകളിൽ ആയുധങ്ങളുമായി സ്ഥലത്തെത്തിയത്. ഇവർ സംഘം ചേർന്ന് അനീഷിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

മുതുകിന് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൃത്യം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നില്ല. അതേസമയം അനീഷിന് വെട്ടേൽക്കുന്ന സമയത്ത് ബിജു ബോധരഹിതനായി കിടക്കുകയായിരുന്നു. അർധബോധാവസ്ഥയിൽ ഇയാൾ മണിക്കൂറുകൾക്ക് ശേഷം തിരികെ പോകുമ്പോഴും അനീഷിന് വെട്ടേറ്റു എന്നുമാത്രമായിരുന്നു ഇയാൾക്ക് അറിവുണ്ടായിരുന്നത്.

കൊലക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തി. റൂറൽ പൊലീസ് മേധാവി പി.കെ മധുവിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. കാട്ടാക്കട ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ, നരുവാമൂട് സി.ഐ കെ. ധനപാലൻ, റൂറൽ ഷാഡോ ടീം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Five arrested in Kakka Aneesh murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.